Followers

Tuesday, November 30, 2010

തീർത്ഥം


aaryadu vasudevan
ശാന്തമായ്‌
ഗംഗയോടൊത്തു തുടങ്ങും
യാത്രയിൽ കണ്ടേൻ
മീനുകൾ
ക്ഷുത്തടക്കും
വൃദ്ധസന്യാസിതൻ ജഡം
ഒരായിരംശരങ്ങൾ
ചോദ്യരൂപേണ
വന്നെന്റെ
മനംകീറി മുറിക്കവേ
ക്ഷുഭിതയായ്‌ ഗംഗ
ഉലച്ചെന്നെ
ചുഴിയിൽപെട്ടപോൽ
ഒരുവട്ടം
പലവട്ടം കറങ്ങി
തെളിഞ്ഞുഗംഗ
നേർവഴിതാണ്ടി
അറിഞ്ഞേൻ
ജലസമാധിതൻ പൊരുൾ
ആരുടേയും
കണ്ണിൽപെടാതിരങ്ങിയ
പിഞ്ചോമനകളെ
ഉണരാതുറക്കിയും
പറക്കമുറ്റിയവർക്ക്‌
അപകടത്തിൽ
നിത്യനിദ്രയേകിയും
രോഗികൾക്ക്‌
മരുന്നിനുകൂട്ടിനായെത്തിയും
ധനമോഹികൾക്ക്‌
വ്യവസായികൾക്ക്‌
വിഷവീര്യമുറപ്പിച്ചും
ആളിപ്പടരുമഗ്നിയെ
കുളിർലേപംപുരട്ടിയും
പലപല-
ചിതാഭസ്മമേറ്റുവാങ്ങിയും
നാനാവിധത്തിൽ
നാനാമുഖത്തിൽ
നാനാത്വത്തിൽ
സ്വത്വചിന്തയകറ്റിയും
ഒന്നായിമാറുമീജലം
ഒന്നുമോർക്കാതെ
ഒരുകവിൾകുടിപ്പിച്ചും
കുടംകൈക്കുടന്നയാൽനിറപ്പിച്ചും
അമ്മയ്ക്ക്‌
സഹജീവികൾക്ക്‌
ഭാര്യയ്ക്ക്‌ മക്കൾക്കെന്നുമന്ത്രിച്ചും
അന്ത്യാഭിലാഷത്തിൻ
ഉച്ചശാന്തിയിൽ
നൽകിയ തീർത്ഥം
ഗംഗ.