Followers

Showing posts with label sunil c e. Show all posts
Showing posts with label sunil c e. Show all posts

Wednesday, February 1, 2012

കിനാക്കളില്ലാതെ



സുനിൽ സി.ഇ

കിനാക്കളുടെ വക്രത
ഇരുളിലേക്ക്‌ കുടിയേറുന്നു.
കൂർത്ത നഖങ്ങൾ
കനത്ത നഗ്നതയിലേക്ക്‌
നീളുന്നു.

ഭീരുത്വം ഉരുകിയുരുകി
നേർത്ത വിറകുകൊള്ളിപോലെ

നീ ഒരൊറ്റപ്പെട്ട നക്ഷത്രം
ഞാൻ പാതിയുറങ്ങിയ
ഒരു മേഘപാളി.

ഇന്ന്‌
രുധിരം ചാലിച്ച
നിലവിളികൾ-
എന്നെ പൊതിയുന്നു
കിനാക്കളില്ലാതെ...

Saturday, December 31, 2011

കാശ്മീരിന്റെ ഓർമ്മയ്ക്ക്‌



സുനിൽ സി.ഇ

ഭിത്തിയിലുടക്കിയ
ഭൂപടത്തിൽ
കാശ്മീർ അവിവാഹിത

വായുകരിച്ച്‌
കീറിമുറിച്ചെത്തുന്ന
വെടിയുണ്ടകൾ
ആ കന്യകയെ
മാനഭംഗം ചെയ്യുന്നു.

പാക്‌-നിന്റെ മിഴികൾ
വെറുപ്പിന്റെ തീക്കായുന്നു
നിന്റെ താഴ്‌വരകൾ
ശത്രുതയുടെ
നിണം ത്രസിക്കുന്നു.

നിന്റെ തലച്ചോറിൽ നിന്ന്‌
അശാന്തത്തയുടെ പുക തുപ്പുന്നു

നിനക്ക്‌ സൂര്യൻ
അഗ്നിത്തൊണ്ട്‌
ഇരുൾ പുതപ്പും.

Friday, September 30, 2011

കാഴ്ചയുടെ ഭൂപടത്തിൽ നിന്ന്‌


സുനിൽ.സി.ഇ

മുനമ്പിടിഞ്ഞ നിമിഷങ്ങളിൽ
ജീവരതിയുടെ ഇളംതൂവലുകൾ
പുതച്ചുകിടക്കുന്ന
അനക്കമറ്റ പുഴുവാണു ഞാൻ (നീ)

ഉടലിന്റെ കടലിടുക്കുകളിൽ നിന്ന്‌
വിയർപ്പ്‌ ചുരത്തുന്ന
ജീർണ്ണവസ്ത്രം
നിഴൽ നിവർത്തുന്നു

അടിയുടുപ്പും വലിച്ചെറിഞ്ഞ്‌
ഞാനെന്ന ഇന്റർനെറ്റ്‌
പ്രേതവേഗത്തിൽ
നഗ്നത വെട്ടിപ്പിടിക്കുന്നു.

നെഞ്ച്‌ ചുമച്ചുതുപ്പി
പ്രണയത്തിൻ
ഭ്രമണപഥം തിരയുന്നു.

ഒരു പെൺകുട്ടി
നീണ്ട നഖത്തിന്‌ മൂർച്ച കൂട്ടുന്നു
അവളുടെ പെരുത്തു വന്ന
സ്ത്രീത്വം
പുരുഷ വേശ്യയുടെ
ഇരുണ്ട മുറകൾ
മുറിച്ചുകളയുന്നു

മെരുക്കാനാവാതെ മിഴികളിൽ
രതിയുടെ വിത്തുകൾ


Friday, July 29, 2011

ഉണർച്ചയിൽ


സുനിൽ.സി.ഇ

ഒളിച്ചു വയ്ക്കാനാവില്ല
ഒച്ചപോകാത്ത
ഈ വീട്‌.

ഇത്‌
വെളിച്ചത്തിന്റെ കണ്ണുകൾ
ബലാൽക്കാരം ചെയ്ത
ക്രിസ്തുകോശം.

വെറുതെയാക്കപ്പെടാത്ത വിശ്വാസങ്ങൾ
ബലികൊടുക്കാത്തവരുടെ വിളിക്കായി
ഭാരം ചുമക്കുന്നിടം

മൊഴിപ്പൊരുത്തങ്ങൾ മാത്രം
ഭക്ഷിക്കുന്നവർ
ആത്മീയതയുടെ ഉടുപ്പിലേക്ക്‌
ഉടലെറിയുമ്പോൾ
കറുത്തുപോയ പകലുകൾക്ക്‌
ഞാൻ/നീ
ഒരു പട്ടുകുപ്പായം

സന്യാസത്തിന്റെ ഞരമ്പുകൾ
ജ്വലിച്ചു തുടങ്ങുമ്പോൾ
വിരിയാറുണ്ട്‌
പല ജന്മങ്ങളിൽ
ഒറ്റയൊറ്റ നക്ഷത്രങ്ങളായി-
ഇരുൾ പറയുന്ന വഴിയേ (വിളക്കായ്‌)
പതുക്കെ നടക്കുന്നു,
കണ്ണിനും കണ്ണീരിനുമിടയിൽ
കത്തിത്തീരാത്ത വിളക്ക്‌.

മാറ്റങ്ങളുടെ കുലത്തിലേക്ക്‌
ഉണരാനിഷ്ടപ്പെടുന്ന
റാന്തലിനെപ്പോലെ
ഈ വീടെപ്പോഴും ഉണർച്ചയിൽ...

Sunday, January 2, 2011

ഇ-മെയിലുകൾക്കിടയിൽ


sunil c e
ഇ-മെയിൽ ലിപികൾ
ഒറ്റുകാരാകുമ്പോഴും
നിന്റെ കൈലിപികൾ
എന്റെ നെഞ്ചിൽ കൂടുകൂട്ടും
അതിനിടയിൽ
നാം നഷ്ടപ്പെടാതിരിക്കാൻ
ഓർമ്മയെ താഴിട്ടു
പൂട്ടുക
ഇളകിയാടത്ത വിധം
ഒട്ടിച്ചുവെയ്ക്കുക-നിന്റെ
പ്രണയക്കുഴമ്പിനാൽ....

Saturday, August 7, 2010

. ഇനി നിന്നെ ഞാൻ പ്രണ യി ക്കാൻ തുട ങ്ങു മ്പോൾ


sunil c e



ഉടുപ്പിടാത്ത നിഴലുകൾ

മറകളില്ലാത്ത

ഇടുക്കുകളിലേക്ക്‌

ഓടിയൊളിക്കും



ഭൂമിയിലെ വേരുകൾ

ആകാശത്തേക്ക്‌ പടരും



മേഘക്കീറുകൾ

ഭൂമിയിലൂടെ

ചെരിപ്പിടാതെ നടക്കും



ടാറിട്ട റോഡുകൾ

വെള്ളം കുടിക്കാതെ

ആത്മഹത്യ ചെയ്യും.



നമ്മുടെ ഹൃദയങ്ങൾ

പാതിരാവിൽ

സവാരിക്കിറങ്ങും-

ചുംബനങ്ങളുടെ സ്റ്റിക്മറ്റകൾ കൊണ്ട്‌

നാം ട്രാഫിക്‌ ലൈനുകൾ തീർക്കും.



അവ ഒരിക്കലും മായാതിരിക്കാൻ

നാം നമ്മെ തന്നെ

അതിൽ ഒട്ടിച്ചുവെയ്ക്കും.



അങ്ങനെ

പ്രണയത്തിന്റെ

രക്തമഷികൊണ്ട്‌

തിരുത്തിയെഴുതാം നമ്മെ.