സുനിൽ.സി.ഇ
ഒളിച്ചു വയ്ക്കാനാവില്ല
ഒച്ചപോകാത്ത
ഈ വീട്.
ഇത്
വെളിച്ചത്തിന്റെ കണ്ണുകൾ
ബലാൽക്കാരം ചെയ്ത
ക്രിസ്തുകോശം.
വെറുതെയാക്കപ്പെടാത്ത വിശ്വാസങ്ങൾ
ബലികൊടുക്കാത്തവരുടെ വിളിക്കായി
ഭാരം ചുമക്കുന്നിടം
മൊഴിപ്പൊരുത്തങ്ങൾ മാത്രം
ഭക്ഷിക്കുന്നവർ
ആത്മീയതയുടെ ഉടുപ്പിലേക്ക്
ഉടലെറിയുമ്പോൾ
കറുത്തുപോയ പകലുകൾക്ക്
ഞാൻ/നീ
ഒരു പട്ടുകുപ്പായം
സന്യാസത്തിന്റെ ഞരമ്പുകൾ
ജ്വലിച്ചു തുടങ്ങുമ്പോൾ
വിരിയാറുണ്ട്
പല ജന്മങ്ങളിൽ
ഒറ്റയൊറ്റ നക്ഷത്രങ്ങളായി-
ഇരുൾ പറയുന്ന വഴിയേ (വിളക്കായ്)
പതുക്കെ നടക്കുന്നു,
കണ്ണിനും കണ്ണീരിനുമിടയിൽ
കത്തിത്തീരാത്ത വിളക്ക്.
മാറ്റങ്ങളുടെ കുലത്തിലേക്ക്
ഉണരാനിഷ്ടപ്പെടുന്ന
റാന്തലിനെപ്പോലെ
ഈ വീടെപ്പോഴും ഉണർച്ചയിൽ...