Followers

Monday, September 2, 2013

ചൂട്ടെരിയുമ്പോള്‍

സന്തോഷ് പാലാ

ഞാനൊരു ചൂട്ട് ചോദിച്ചാണ്
അവിടെച്ചെന്നത്

ചിലരെന്തൊക്കയോ
ഉറക്കെപ്പറയുന്നുണ്ടായിരുന്നു.
അവാര്‍ഡ് പടത്തിലഭിനയിക്കുന്ന 
മാതിരി
ഗൌരവത്തിലായിരുന്നു
മറ്റുചിലര്‍.

ഞാന്‍ എന്റെ വലം കൈയോട്
പലവട്ടം ചോദിച്ചു
എന്തിനാണ് നീ അവര്‍ക്ക്
ഹസ്തദാനം ചെയ്തത്?
ഞാന്‍ എന്റെ ചൂണ്ടു വിരലിനോട്
പലവട്ടം ചോദിച്ചു
എന്തിനാണ് നീ അവര്‍ക്കു നേരെ
ദൃഷ്ടി ഉയര്‍ത്തിയത്?

ഞാന്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു
എനിക്കെന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു.
എന്റെ കയ്യിലെ ചൂട്ട് 
അവിടെയെവിടെയോ എരിയുന്നുണ്ടായിരുന്നു,
കൈപ്പത്തിയും.