Followers

Monday, September 2, 2013

കണ്ണടച്ച് വിശ്വസിക്കേണ്ടവ

ബൈജു ജോസഫ്

പുലർകാല സൂര്യനെ
ഹരിതത്തളിരുകൾ-
ക്കിടയിലൂടെ നോക്കി
ക്കണ്ണു മഞ്ഞളിക്കുമ്പോൾ
കണ്ടുവോ കദനത്തിൻ
കറുപ്പിറ്റും നെഞ്ചകം;
വെളിച്ചം പൊതിഞ്ഞൊരാ
തമസ്സിന്നഴിമുഖം...

അരുത് നോക്കരുത്
നേർകണ്ണാൽ വെളിച്ചത്തിൻ
തിരുക്കണ്ണുറവയെ...
എരിയുമൊരു തിരി-
ക്കറുപ്പിനെ, സൂര്യനെ,
നീറിടുമോരോ നെഞ്ചും
കടം കൊണ്ടൻപിൻ വീഞ്ഞായ്
കാസയിലിറ്റിപ്പോനെ...

നമ്മുടെ കദനങ്ങൾ
നെഞ്ചേറ്റിയെരിച്ചവർ
പകരും വെളിച്ചത്തെ
നോക്കുക...പകുത്തവർ
പകരും കരുണയിൽ
കണ്ണുനീരലിയിച്ച്
കണ്ണടച്ചവരെ നാം
വിശ്വസിച്ചറിയുക...