Followers

Showing posts with label geetharajan. Show all posts
Showing posts with label geetharajan. Show all posts

Monday, September 2, 2013

കുസൃതികൾ

ഗീതാരാജൻ

ഒഴുക്കിന്റെ കുസൃതിയെ
വിരൽ  തുമ്പിൽ ആവാഹിച്ചു
ക്യാൻവാസിന്റെ  നാൽവരമ്പിൽ  
ചലിച്ചു ചേർക്കുന്ന  കണ്ണ്!

കാലത്തിന്റെ  കുസൃതിയിൽ   
ചുഴിയിൽ പെട്ടുഴലുമ്പോൾ
മനസ്സ് കട്ടെടുത്ത തുരുത്തിലേക്ക്  
വഴുതി പോകുന്ന പെണ്ണ്!

പാടത്തിൽ വിതയുടെ കുസൃതിയെ  
കൊത്തിയെടുത്തു പറന്ന  മാനങ്ങൾ  
ഉയര്ന്നു പൊങ്ങിയ സൌധങ്ങളിൽ  
ഞെരിഞ്ഞു  വിങ്ങുന്ന  മണ്ണ്!

കണക്കെടുപ്പിൻ കുസൃതിയിൽ
മേല്പോട്ട് പെയ്തൊഴിഞ്ഞ 
ലാഭ പെരുമഴ, ബാക്കി വച്ച് പോയ  
വിള്ളലുകൾ, നികത്താനാവാത്ത 
നിസഹായതയിൽ വിതുമ്പുന്ന വിണ്ണ്!

കുസൃതികളുടെ പടിക്കുമപ്പുറം 
പിടക്കുന്ന സ്പന്ദനം  പോലെ 
നിഴൽ വിരിക്കുമീ ജീവിതം!

Thursday, August 2, 2012

എന്നിട്ടും...........!!.


ഗീതാരാജൻ



ദ്രുത  താളമായ് നിറഞ്ഞു 
പെയ്യുകയാണ്   നീയെന്നില്‍ 
നിഴല്‍  വീണ വഴിയില്‍ 
ഒരു ചുംബനത്തിന്റെ ചാരുത 
സിരകളിലൂടെ അരിച്ചിറങ്ങുന്നുണ്ട് 
ആഴങ്ങളോളം തിരയിളക്കുന്നുണ്ട് 
ജീവ സ്പന്ദനം  പോലെ!!

തൊട്ടുണര്‍ത്തുന്നുണ്ടെന്നെ 
കവിതയിലെക്കെന്നപ്പോലെ!
കെട്ടിപിണഞ്ഞു  കിടക്കുന്നുണ്ടു 
നമ്മള്‍ കാട്ടുവള്ളിയായി....
വിരിഞ്ഞുലയുന്നുണ്ട്  
ഇരുട്ടിന്റെ താഴ്ചയില്‍ 
പൂത്തിറങ്ങും  മിന്നാമിന്നികള്‍ 
കോര്‍ത്തിരിപ്പുണ്ട് പരസ്പരം
വേര്തിര്‍ച്ചെടുക്കനകാതെ !
ദൂരമെത്ര താണ്ടി ഞാന്‍ നിന്നില്‍

എന്നിട്ടും ...........
നിന്റെ ചുംബനങ്ങള്‍ നട്ടു വച്ച
ഈ മണ്ണില്‍ ഇനിയുമെത്ര
ദൂരെയാണ് ഒരു പൂക്കാലം!!!

Monday, July 2, 2012

ഹോളിഹില്ലില്‍ ഞാന്‍

ഗീതാരാജൻ

ശിശിരത്തിന്റെ തണുപ്പ് പുതച്ചു
നിശബ്ധത വിഴുങ്ങിയ
പെരുമ്പാമ്പ്‌ പോലെ
മയങ്ങി കിടക്കുന്ന തെരുവ്!

ഒരു കള്ളനെ പോലെ
ഇല തുമ്പിലൂടെ ഊര്ന്നിറങ്ങി
അന്തരീക്ഷതിലെവിടെയോ
പതുങ്ങി കിടക്കുന്ന കാറ്റ്!!

മേഘജാലകത്തിലൂടെ
അരിച്ചിറങ്ങിയ മഴവില്ലിന്റെ
വര്‍ണ്ണ ചായത്തില്‍ ‍കുളിച്ചെത്തി
വെയില്‍ കായനിരിക്കുന്ന
വൃക്ഷങ്ങള്‍!

അനന്തതയിലേക്ക്
ഇറങ്ങി നടന്ന നോട്ടം
വേഷപകര്‍ച്ച്ചകളുടെ
ആഴങ്ങളില്‍ ‍ മുങ്ങി താണ്‌
ശ്വാസം കിട്ടാതെ പിടയുന്നു!!‌

നിശ്ചലതയിലേക്ക്
അടഞ്ഞു പോയ
വാതിലിനപ്പുറം
ഓടി വരുന്ന ഒരു രൂപം
അലിഞ്ഞില്ലാതായ ഒരു
നിലവിളിയൊച്ച...
അദൃശ്യതയിലെവിടെയോ
അടര്‍ന്നു വീഴാന്‍ തുടങ്ങുന്ന
കണ്ണുനീര്‍തുള്ളികള്‍ !!

അറ്റ് പോയൊരു വേരിന്റെ
നീറ്റല്‍ ഉണക്കാനവാത്ത പച്ച
പൊതിഞ്ഞു വച്ചു
തിളച്ചു തൂവുംസ്വപ്നങ്ങളില്‍
ഒറ്റക്കായ മനസ്!!


(*ഹോളി ഹില്‍ അമേരികയില്‍ സൌത്ത്
കരോലിനയിലെ ഒരു കൊച്ചു ടൌണ്‍)

Wednesday, February 1, 2012

കറുപ്പിന്റെ മറവില്‍



ഗീതാരാജൻ

മേഘങ്ങള്‍ ഒഴിഞ്ഞ ആകാശം
കടലിലേക്ക്‌ ഇറങ്ങി ചെന്ന്
ആഴങ്ങളോളം മുങ്ങി തപ്പി
നക്ഷത്ര മത്സ്യങ്ങളെ
സ്വന്തമാക്കി മടങ്ങി ...

ഇണങ്ങിയും പിണങ്ങിയും
സല്ലപിക്കും ഇണകുരുവികളുടെ
സ്വൈരത കവര്‍ന്നെടുത്തു
ആദിത്യനും ആഴങ്ങളിലേക്ക്
മറഞ്ഞു പോയീ....

കറുപ്പിന്റെ മറവില്‍
യഥേഷ്ടം വിഹരിക്കും
കറുത്ത കൈയ്യിലെ
കറകളിലേക്ക്
കണ്ണുതുറന്ന ചന്ദ്രനോ
ഒളിച്ചോടനകാതെ
പകച്ചു നില്‍ക്കുന്നു !!!

ഏകാന്തയുടെ മുനമ്പില്‍
നിന്റെ കണ്ണിന്‍ വാതില്‍ കടന്നു
മനസ്സിലൂടെ സഞ്ചരിച്ചു ഞാന്‍
എത്തിയതോ ഹൃദയത്തില്‍
ഏറ്റവും സജ്ജമാക്കപ്പെട്ട അറയില്‍

സാന്ത്വനത്തിന്‍ നിലാ വെട്ടവും
സ്നേഹ നീരൊഴുകും തടാകവും
വാത്സല്യ പീലി കൊണ്ടൊരു
വെഞ്ജാമരവും
ആശകളുടെ പൂക്കള്‍
വിതറിയ മഞ്ജത്തില്‍
പ്രണയം പുതച്ചങ്ങനെ ഞാനും

**മൊബൈല്‍ റിംഗ്**
കണ്ണുകള്‍ തുറന്നപ്പോള്‍
ഞാനിതാ വീണ്ടും ഇവിടെ
ഈ ഏകാന്തയുടെ മുനമ്പില്‍ !!