Followers

Monday, September 2, 2013

എനിക്കൊരു കവിതയെഴുതണം



എനിക്കൊരു കവിതയെഴുതണം
വാക്കിന്റെ തിരി തെറുത്തു
ഓർമ്മകളുടെ നനവ്‌ ചേർത്ത്
സുഗന്ധവാഹിയായ
ഒരു കൊച്ചു കവിത .

എന്റെ കവിതയിൽ
നിന്റെ ഓർമ്മകൾ ഉണ്ടാകണം .
നിന്റെ പുഞ്ചിരി
പൊടിയുന്ന ചുണ്ടുകൾ
വായനക്കാരന്റെ
ഉറക്കം കെടുത്തണം .

നിന്റെ മിഴികളിൽ
നിറയുന്ന ബാഷ്പം
അവന്റെ നിദ്രകളെ
തുലാമാസപ്പെരുമഴയാക്കണം.

നമ്മളുടെ കലഹങ്ങൾ
കൊച്ചു സന്തോഷങ്ങൾ
ആനന്ദ മൂർച്ചകൾ
വരികൾ നിറയട്ടെ
വായന നമ്മെ കുറിച്ചാകട്ടെ .

ഇനിയുള്ള പകലുകൾ
നമ്മെ വായിക്കുന്നവ
ആയിടുന്നൊരു കാലം
നമ്മൾ നമുക്കന്ന്യരാകുന്ന
വിടവാങ്ങൽ കാലം .

ഇലപൊഴിയും കാലം
ഗുല്മോഹറിന്റെ ചിരി
കഫെ
സിനിമാശാലയുടെ
ഇരുണ്ട വെളിച്ചം
എന്റെ ചിന്തകൾക്ക്
തീപിടിക്കുന്നു .

എനിക്കൊരു കവിത എഴുതണം
നിന്നെ കുറിച്ച്
നിന്റെ നോവുകളെ കുറിച്ച്
നിന്റെ ചിരിയെ
നിന്റെ പരിഭവത്തെ
നിന്റെ സ്നേഹത്തെ
എല്ലാം എനിക്കതിൽ
ഒരു പേടകത്തിലെന്ന പോൽ
നിറയ്ക്കണം .

അതെ
എനിക്കൊരു കവിത എഴുതണം
ഞരമ്പുകൾ പിടയ്ക്കുന്ന
അമാവാസിയുടെ ഭയം
വായനക്കാരിലേക്ക് പകരുന്ന
ഒരു കവിത .
ഒരു കറുത്ത രാവിൽ
നിന്റെ കഴുത്തു ഞെരിക്കുമ്പോൾ
എന്റെ മിഴികളിലെ ഭാവം
വരികളിൽ എനിക്കത് പകരണം .

എന്റെ പേനയിൽ
നിന്റെ രക്തം നിറച്ചു
എനിക്കൊരു കവിത എഴുതണം
നിന്നെ കുറിച്ച്
എന്റെ സ്നെഹത്തെ കുറിച്ച്
എന്നെ കുറിച്ച്
എനിക്കൊരു കവിത എഴുതണം.
--------ബി ജി എൻ വർക്കല -------.