രശ്മി കെ.എം
ഉടലില്‍ മിന്നലിന്‍ പെരുക്കം.
പുലരാറായോ?
ഇരുളിന്‍ മുടിച്ചുരുളിഴഞ്ഞുനില്‍ക്കുന്നു
കുതിര്‍ന്നുപോയ് ദേഹം
വിടുവിച്ചകലുവാന്‍ കുതറുന്ന ശ്വാസം
അരികിലുള്ളവള്‍ പാതിയുറക്കത്തില്‍
വെറുതേ മൂളി, കൈതൊടാനായില്ല.
കഫമായിരപ്പിച്ച വാക്കുകളോരോന്നും
വിഫലം, തൊണ്ടയില്‍ മുള്ളുപോലുറയുന്നു.
വിറയലോടെങ്ങും കണ്‍മിഴിക്കുമ്പോള്‍
ഇരുളില്‍ തിളങ്ങുന്നു കനല്‍ പോലെയമ്മിണി.
കയറിന്‍ കുരുക്കില്‍ കഴുവേറ്റിടും മുന്‍പേ
ഉയിര്‍വിട്ടുപോയവള്‍.
നനവും നഖക്കോറലും, വലിച്ചിഴച്ചപ്പോള്‍
പൊളിഞ്ഞകുപ്പായക്കീറലുമതേപടി.
ഉലഞ്ഞമുടി ചീറ്റി പുലഭ്യം പറയുന്നു
ഉടയും പിഞ്ഞാണംപോല്‍ കിലുങ്ങിച്ചിരിക്കുന്നു.
കരുണ കാട്ടണേയമ്മിണീ--യെന്ന്
കെറുവുകാട്ടുന്ന ശ്വാസങ്ങള്‍ പാളി.
തലയരികത്തു കൈതൊടാദൂരത്തില്‍
പഴയ മൊന്തയില്‍ വെള്ളം ചിരിക്കുന്നു
സുഖമരണപ്പെട്ട നാള്‍മുതല്‍ക്കെത്രയോ
പ്രിയമോടോര്‍ത്തതാണമ്മയെപ്പോലെ
ഉണര്‍വ്വിലല്ലാതെ, നോവാതെതീരുവാന്‍.
ചിതയടുക്കിയ നേരം നിഴല്‍ പോലെ
വെറുതേ കണ്ടപോലോര്‍മ്മ -
വിറകുപോല്‍ കാഞ്ഞ ദേഹം
നീലിച്ച ചുണ്ടുകള്‍.
സമയമേറെയായ്, ഇരുളിലും കൈനീട്ടി
വിരല്‍ തൊടാറുള്ളവള്‍ മാത്രം
ഉണരുന്നില്ലല്ലോ.
പറയുവാനെത്ര ബാക്കി
പതിവുവിട്ടുള്ള കാര്യങ്ങള്‍.
പുലരുന്നില്ലല്ലോ...
അവള്‍മാത്രമുണരുന്നില്ലല്ലോ.