Followers

Saturday, May 4, 2013

ആ, ഋ തുടങ്ങിയ അക്ഷരങ്ങൾ


  വി  ജയദേവ് 

എഴുന്നേറ്റു രാത്രി
ഒരുപ്പോക്കായിരുന്നു.
കിടന്നിടത്ത് ഒരു
മണം പോലും
ബാക്കിവയ്ക്കാതെ.
പോയ വഴിക്കൊന്നും
ഒരു പുല്ലു പോലും
കിളിർപ്പിക്കാതെ.
കത്തിച്ചിട്ടും ചാരമാകാത്ത
ഒന്നുരണ്ടു ഓർമ
മാത്രമുണ്ട് തൊണ്ടിയായി.
പുറപ്പെട്ടുപോയി എന്ന
കുറ്റമെന്നെങ്കിലും
തെളിയിക്കണമെങ്കിൽ.
ഉടുത്തിരുന്ന രാത്രി,
പുതച്ചിരുന്ന ആകാശം,
അണിഞ്ഞിരുന്ന മുഖംമൂടി..
എല്ലാം മുഷിയാതെ
മടക്കിവച്ചിരുന്നു.
വരും വരും എന്നുവച്ച്
അതേപടി വച്ചിരിക്കുകയാണ്.
എന്നാലോ, ചില വഴികളുണ്ട്,
മുന്നോട്ടു മാത്രം
നടക്കുന്നവ.
ഒരു വശത്തേക്ക് മാത്രം
മടക്കാൻ സാധിക്കുന്നവ.