മോഹൻ ചെറായി
സ്വാധീനമില്ലാത്ത കാലിന്നുടമകൾ
സ്വായത്തമാക്കുന്നു ഊന്നുവടികളെ
സ്വാധീനമുള്ളവർ പൊയ്ക്കാലുകൾ തേടി
ആധിയോടെന്തിനു പായുന്നു പാരിതിൽ?
വ്യാധികളേറുമ്പോൾ വൈദ്യനെക്കാണാതെ
വ്യാളീമുഖം വച്ച വാതിലു തേടിയും
നിർമ്മാല്യം തൊഴുതുമടങ്ങൽ മടുക്കിലും
മുഴുക്കാപ്പു ചാർത്തിയ വ്യാധി തുടരവേ
വ്യാളീ മുഖം വിട്ടു സൂക്തങ്ങൾ കേൾക്കയും
സൂത്രത്തിലോരോരോ സ്ത്രോമടിക്കയും
നേർക്കാഴ്ചകൾ കണ്ടു ആധി വർദ്ധിക്കയിൽ
സൂക്തങ്ങളെ വിട്ടു എത്തി ജാറങ്ങളിൽ
ജാറങ്ങളിൽ നേർച്ച കാഴ്ച നടത്തയും
സിദ്ധന്റെ വാഴ്ചയിൽ സംശയം തോന്നയും
പിന്നെയും പിന്നെയും സംശയം മാറാനെ
പിഞ്ഞാണമെഴുതിക്കുടിക്കയും ചെയ്തിനേ
തന്നെയും പിന്നെയും വ്യാധികളേറവേ
ആൾ ദൈവങ്ങളെ കണ്ടു പൂജ നടത്തയായ്
കിട്ടുന്നതെല്ലാം വിഴുങ്ങുന്നു ദൈവങ്ങൾ
തട്ടിപ്പറിച്ചങ്ങെടുക്കുന്നു സർവ്വതും
എന്തു ലഭിച്ചാലും തൃപ്തിയെഴാതെ നാം
എന്തിനോ വേണ്ടിപ്പരതുന്നു പിന്നെയും
കിട്ടാത്ത തോർത്തങ്ങു കേഴുന്നു മാനസം
കിട്ടുന്നതോ മഹാവ്യാധിയാം ആധികൾ
വ്യാധികൾ മാറ്റിടാൻ കണ്ടിടാം വൈദ്യനെ
ആധികൾ മന:പ്രക്ഷാളനത്താലെ മാറ്റിടാം
ഊന്നുവടികൾ വലിച്ചെറിഞ്ഞീടുക
ഊന്നി നടത്തുക സൽകർമ്മ ജീവിതം !