ശ്രീജിത്ത് മൂത്തേടത്ത്
കഴുത്തില്‍
കുരുക്കുകള്‍
വീണിടും
മുമ്പേ ശതം
ശാഖികള്‍
ഛേദംചെയ്തു
നഗ്നനായ്
നിര്‍ത്തീനിന്നെ.
അംഗഛേദ്യത്തിന്‍
മുറി -
വായയില്‍നിന്നും
നിണം
നേര്‍ത്തചാലുകള്‍
തീര്‍ത്തു
ഒഴുകിപ്പരക്കുന്നു.
നീതന്നോരക്ഷരത്താല്‍,
നീ
തന്നോരഗ്നിയാലും
ജഗത്തിന്‍
ഗര്‍വ്വശൈലം
താണ്ടി
രമിപ്പോര്‍ ഞങ്ങള്‍.
കീഴ്ക്കാം
തൂക്കാം ശിലാ -
ഭിത്തിയില്‍
പിടഞ്ഞൊരാ
നിന്‍കരള്‍
കാര്‍ന്നു കാര്‍ന്നു
കഴുകന്‍
ഭുജിച്ചപോല്‍,
പ്രാണപീഡയാല്‍
തളര്‍ -
ന്നാധിയാല്‍
ദൂരെമാറി,
മൃത്യുതന്നഞ്ജിപോലും
അകന്നു
കഴിയുന്ന,
നിന്നുടലനുവാരം
മഴുതന്‍
മൂര്‍ച്ചയാലെ
മടികൂടാതെ
ഞങ്ങള്‍
പിളര്‍ക്കാന്‍
ശ്രമിക്കുന്നു.
ഏകമാം
പ്രഹരത്താല്‍
പ്രാണനും
പറിയുന്ന
മനുഷ്യപ്രാണികള്‍തന്‍
ഭാഗ്യത്തിന്‍
വിഭിന്നമായ്,
ദേവശ്രേഷ്ഠനാം
തവ
പ്രാണനാശം
പോലും
സാവധാനത്തിന്‍
ശപ്ത
പ്രകര്‍ഷണത്താലല്ലോ.
കടയ്ക്കല്‍
ദുര്‍ദര്‍ശന
യന്ത്രത്താല്‍
മുറിപറ്റി
കഴുത്തില്‍
കുരുക്കിട്ട
കയറിന്‍
ദിശനോക്കി
മല്‍ദേഹം നിപതിക്കെ ,
മറ്റാര്‍ക്കും മുറിയാതെ,
ശ്രദ്ധിച്ചു നെടുനീളെ
നിവര്‍ന്നു കിടന്നു നീ.
പ്രപഞ്ച പ്രാണവായു
പൊഴിക്കും നിന്‍പത്രങ്ങള്‍
പൊഴിഞ്ഞുകിടപ്പതിന്‍
പഴിയാരിതുപേറും!
ദാഹാര്‍ത്തി ശമിപ്പിക്കാന്‍
ശീതളസുഖംനല്‍കാന്‍
സ്വച്ഛമാം പാനപാഥം
പരിത്രാണം ചെയ്തനിന്‍
വേരിന്‍ ജടാജാല
പടലങ്ങളെപ്പോലും
യന്ത്രനഖമൂര്‍ച്ചയാല്‍
പിഴുതുകളഞ്ഞല്ലോ!
സ്വദേഹം നാനാജൈവ
ഗേഹമായ് നിര്‍ത്തിയോന്‍ നീ
മന്നിടം മഹാബിലം
നിന്റെ ഔദാര്യം മാത്രം.
നിന്‍ഹത്യ പേറിത്തന്ന
ഭ്രാതൃഹത്യതന്‍ പാപം
ശമിപ്പാനെന്തുവേണം
തുഷാഗ്നിയില്‍ ദഹിക്കാതെ!