Followers

Saturday, May 4, 2013

ചെരുപ്പുകൾ

സനൽ ശശിധരൻ 

മുറ്റത്തു ചെരുപ്പുകളുടെ പ്രളയം.കൃഷ്ണൻ‌കുട്ടി അത്ഭുതാദരങ്ങളോടെ നോക്കി നിന്നു.പ്രൌഡിയിലും സൌന്ദര്യത്തിലും ഒന്നിനൊന്നിനു മത്സരിക്കുന്ന ചെരുപ്പുകൾ.കുമാരീ കുമാരന്മാരായ ചെരുപ്പുകൾ,യുവതീ യുവാക്കളായ ചെരുപ്പുകൾ എന്നുതുടങ്ങി കാരണവന്മാരായ ചെരുപ്പുകൾ വരെ..ചെരുപ്പുകളുടെ ഒരു സ്വപ്നലോകം.

ഗേറ്റിനുവെളിയിൽ വാഹനങ്ങളുടെ തിക്കും തിരക്കും ആൾക്കാർ വരുന്നു പോകുന്നു.അവർ ഓരോരോ ഭാവങ്ങളിൽ ചെരുപ്പുകൾ അഴിക്കുന്നു,ധരിക്കുന്നു. ചെരുപ്പുകളെ നോവിക്കാതെ പൂവിൽ നടക്കുമ്പോലെ നടക്കുന്നു.കൃഷ്ണൻ കുട്ടി കൌതുകത്തോടെ അവിടമാകെ ചുറ്റിനടന്നു.ഇടയ്ക്ക് മിനുത്ത ഒരു കാറിന്റെ കണ്ണാടിയിൽ മുഖം നോക്കി ഒരു പട്ടിയുടെ ഛായകണ്ട് ഞെട്ടി,അതിനുള്ളിൽ പട്ടി തന്നെയാണെന്ന് തിരിച്ചറിഞ്ഞ് ഹൊ പട്ടിയുടെ ഒരു ഭാഗ്യമേ എന്നു നെടുവീർപ്പിട്ടു.

മുതലാളിയുടെ ഷെൽഫിലെ ചെരുപ്പുകളെല്ലാം കൃഷ്ണൻ കുട്ടിയുടെ മുന്നിൽ പരേഡു നടത്തി.അവൻ അവരെ സല്യൂട്ട് ചെയ്തു.അവയെല്ലാം കൃത്യമായി തുടച്ചുവൃത്തിയാക്കുന്ന കൈകൾ തന്റ്റേതാണല്ലോ എന്ന ചിന്ത അയാളെ ഉത്തേജിതനാക്കി.മുതലാളിയെ ചെരുപ്പു ഭ്രാന്തനെന്ന് വിളിക്കുന്ന നാട്ടുകാരെയോർത്ത് കൃഷ്ണൻ‌കുട്ടി നീട്ടിത്തുപ്പി.
തപാലിൽ വിദേശനിർമിതമായ ചെരുപ്പുകൾ വരുമ്പൊൾ ചെന്നു വാങ്ങുന്നതുമുതൽ മുതലാളിയുടെ പഴയ ചെരുപ്പുകൾ ധരിച്ചു ചരിതാർത്ഥനാകുന്നതുവരെയുള്ള മഹനീയ കർമങ്ങൾ നിറവേറ്റുന്ന കൃഷ്ണൻ‌കുട്ടി, ചെരുപ്പുകളുടെ സൌന്ദര്യ മത്സരത്തിൽ വിധികർത്താവായി.മുറ്റത്തെ മുഴുവൻ ചെരുപ്പുകളും നടന്നുകണ്ടിട്ട് കൃഷ്ണൻ കുട്ടി ഒരു തീർപ്പിലെത്തി. ഇല്ല.ഒരൊറ്റ എണ്ണത്തിനുപോലും മുതലാളിയുടെ ഷെൽഫിലെ ഏറ്റവും വിലകുറഞ്ഞ ചെരുപ്പുകളുടെ അയൽക്കാരാകാനുള്ള യോഗ്യതപോലുമില്ല .ഗേറ്റു കവിഞ്ഞ് നിരക്കുന്ന ചെരുപ്പുകളുടെ കാഴ്ചയിൽ കൃഷ്ണൻ‌കുട്ടി സ്വയം മറന്നു നിൽ‌പ്പായി.

ഉള്ളിൽ ചടങ്ങു തുടങ്ങാറായി.വരുന്നവർക്കൊക്കെ ചായകൊടുക്കണം എന്ന വലിയ കർത്തവ്യം പോലും മറന്നു കൃഷ്ണൻ‌കുട്ടി.അപ്പോഴേക്കും പുറത്ത് ചിരപരിചിതമായ രണ്ട് ചെരുപ്പുകൾ ചലിച്ചു.തേഞ്ഞു തേഞ്ഞ് ആത്മാവുപോയ രണ്ട് സ്ലിപ്പറുകൾ.പോസ്റ്റ്മാനാണ്.എന്നും സ്ലിപ്പർ മാത്രം ധരിക്കുന്ന പോസ്റ്റ്മാൻ..കൃഷ്ണൻ കുട്ടി അൽ‌പ്പം പുച്ഛത്തോടെ തന്റെ പഴയ തുകൽ ഷൂസ് തറയിൽ ചവുട്ടി ശബ്ദമുണ്ടാക്കി
“കത്തുണ്ടോ പോസ്റ്റ്മാൻ?“ അയാൾ ചോദിച്ചു
“ഒരു പാഴ്സൽ...നിന്റെ മുതലാളിക്ക്” അയാൾ പറഞ്ഞു
“ചെരുപ്പാണോ” കൃഷ്ണൻ കുട്ടി ആവേശപ്പെട്ടു
“പിന്നല്ലാതെ”
“ഇറ്റലിയിൽ നിന്നാണോ” കൃഷ്ണൻ കുട്ടി ഉത്സാഹപ്പെട്ടു.ഇറ്റലിയിൽ നിന്നും രണ്ട് ജോഡി ചെരുപ്പുകൾ ഓർഡർ ചെയ്തിട്ടുണ്ടെന്ന് മുതലാളി പറഞ്ഞിട്ടുണ്ടായിരുന്നു.ഇറ്റലിയിലെ തുകൽ ഒന്നു വേറെതന്നെയാണത്രേ..
ഉത്തരം പറയാതെ പോസ്റ്റുമാൻ മുഖം കോടിച്ചു...
എങ്കിലും പോസ്റ്റുമാന്റെ കയ്യിലിരിക്കുന്ന ആ വിലപ്പെട്ട പെട്ടി കണ്ട് മുറ്റത്തെ സർവ ചെരുപ്പുകളും ലജ്ജാപൂർവം മുണ്ടിന്റേയോ,പാന്റ്സിന്റേയോ മറപറ്റാൻ വെപ്രാളപ്പെടുന്നത് കൃഷ്ണൻ‌കുട്ടി തിരിച്ചറിഞ്ഞു.
“എന്താണിവിടെ വിശേഷം..?“
തിരക്കുകണ്ട് പോസ്റ്റുമാൻ ചോദിച്ചു
കൃഷ്ണൻ കുട്ടിയുടെ മുഖം മങ്ങി
ചെരുപ്പുകളിലേക്ക് കണ്ണയച്ചുകൊണ്ട് അവൻ മെല്ലെ പറഞ്ഞു
“മുതലാളി വെളുപ്പിനു മരിച്ചുപോയി....“
അതുകേട്ട് ചെരുപ്പുകൾ നിർത്താതെ ചിരിച്ചു..