Followers

Saturday, May 4, 2013

ഇടങ്കയ്യന്‍ കുട്ടികളെ വലങ്കയ്യാക്കല്ലേ


രാം മോഹൻ പാലിയത്ത് 

മനുഷ്യനെ മറ്റു മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന പ്രധാന സംഗതി എന്താണ്? പലരും പല ഉത്തരങ്ങളും പറയും - സാമാന്യബുദ്ധി, ഓര്‍മശക്തി, ചിരിക്കാനുള്ള കഴിവ്, പൗരധര്‍മം... എന്നാല്‍ ഏറ്റവും അടിസ്ഥാനപരമായ വ്യത്യാസം മനുഷ്യന്‍ രണ്ടു കാലില്‍ എഴുന്നേറ്റു നിന്നു എന്നതു തന്നെ. അതോടെ അവന്റെ കൈകള്‍ സ്വതന്ത്രമായി. ഒന്നാലോചിച്ചു നോക്കൂ - നമ്മള്‍ ചെയ്യുന്ന കാര്യങ്ങളുടെ 90%-വും കൈകള്‍ കൊണ്ടല്ലെ? അതുകൊണ്ടുതന്നെയാണ് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സ്വന്തം കൈകളാണ് കണികാണേണ്ടത് എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നത്. കരാഗ്രേ വസതേ ലക്ഷ്മി, കരമധ്യേ സരസ്വതി, കരമൂല സ്ഥിതേ ഗൗരി, പ്രഭാതേ കരദര്‍ശനം എന്നാണ് വിധി. (കറന്‍സിനോട്ടെണ്ണുന്ന വിരല്‍ത്തുമ്പില്‍ മഹാലക്ഷ്മി, പേനയും മൗസുമിരിക്കുന്ന നടുഭാഗം സരസ്വതി, വാളിന്‍ പിടിയിരിക്കുന്ന അടിഭാഗത്ത് ഗൗരിയും എന്ന് തമാശിനു വേണമെങ്കില്‍ ഇതിനെ പരിഭാഷാം). 

രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അന്നന്നത്തെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് മാപ്പു ചോദിക്കണമെന്നും വിശ്വാസമുണ്ട്. കാഴ്ച കൊണ്ടും കേള്‍വികൊണ്ടും ചെയ്യുന്ന പാപങ്ങള്‍ക്കു വരെ മാപ്പിരക്കുന്നുണ്ടെങ്കിലും ആ ലിസ്റ്റിലും ആദ്യത്തേത് കൈകകള്‍ കൊണ്ട് ചെയ്യുന്ന പാപങ്ങള്‍ തന്നെ (കരചരണകൃതം വാ എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന). അടിയന്തരാവസ്ഥയ്ക്കു പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്ന് പാലക്കാട്ടെ കൈപ്പത്തിക്ഷേത്രത്തില്‍ വന്നു പ്രാര്‍ത്ഥിച്ച് ഇന്ദിരാഗാന്ധി കോണ്‍ഗ്രസിന്റെ പുതിയ ചിഹ്നമായി കൈപ്പത്തി സ്വീകരിച്ചതും സത്യത്തില്‍ ഇതിന്റെ തുടര്‍ച്ചയായി വായിക്കേണ്ടതാണ്. അതുംപോരെങ്കില്‍ ബാലചന്ദന്‍ ചുള്ളിക്കാടിന്റെ മനുഷ്യന്റെ കൈകള്‍ എന്ന ഗംഭീരകവിതയും ഉറക്കെച്ചൊല്ലാം.

ഇതിലൊന്നും പക്ഷേ വലതുകൈ എന്നു പറയുന്നില്ല എന്നു ശ്രദ്ധിക്കുക (രാവിലത്തെ കണികാണല്‍ രണ്ടു കൈകളെയും ഒരുമിച്ചാണ്). എന്നാല്‍ ഇംഗ്ലീഷില്‍ റൈറ്റ് ഹാന്‍ഡ് എന്ന പ്രയോഗമുണ്ട്. ഇപ്പോള്‍ അത് മലയാളീകരിച്ചും പ്രചാരത്തില്‍ വന്നിട്ടുണ്ട്. ഒരാള്‍ മറ്റെയാളുടെ വലംകൈയാണ് എന്നു പറഞ്ഞാല്‍ ഏറ്റവും അടുത്ത ആള്‍, ഉറ്റഅനുയായി എന്നെല്ലാം അര്‍ത്ഥം. അല്ലെങ്കിലും പാശ്ചാത്യര്‍ക്ക് പണ്ടേ ഇടത് ഇഷ്ടമല്ലല്ലൊ. 

എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കണം. പാശ്ചാത്യരില്‍ ഒരുപാട് ഇടങ്കയ്യന്‍മാരുണ്ട്. 12 വര്‍ഷം ഗള്‍ഫില്‍ ചെലവിട്ടത് ഓര്‍ക്കുമ്പോള്‍ എനിക്കത്ഭുതം തോന്നാറുണ്ട്. അക്കാലത്തിനിടെ എന്തോരം ഇടങ്കയ്യന്മാരെയാണ് കണ്ടിട്ടുള്ളത്. പാശ്ചാത്യര്‍ മാത്രമല്ല അറബികള്‍, ഫിലിപ്പീനികള്‍... അങ്ങനെ പല നാട്ടുകാരും, കാണുന്നവരില്‍ കാല്‍ഭാഗത്തിലേറെപ്പേരും, പലപ്പോഴും പകുതിയോളം പേരും, ഇടങ്കയ്യന്‍മാരായിരുന്നു. അപ്പോള്‍ ഞാനാലോചിച്ചു കേരളത്തില്‍, ഇന്ത്യയിലും, അധികം ഇടങ്കയ്യേഴ്‌സിനെ കണ്ടിട്ടില്ലല്ലോ എന്ന്. എന്തായിരിക്കും കാരണം? കാരണവും ഗള്‍ഫില്‍ വെച്ചു തന്നെ വെളിപ്പെട്ടു. ഞങ്ങള്‍ താമസിച്ചിരുന്ന ബില്‍ഡിംഗില്‍ ഒരു കോട്ടയം ഫാമിലിയുണ്ടായിരുന്നു. അവരുടെ മകന്‍ സിനാന് ഞങ്ങളുടെ മകളുടെ പ്രായം. പഠിത്തം ഒരേ സ്‌കൂളില്‍. പോക്കും വരവും ഒരേ സ്‌കൂള്‍ബസ്സിലും. അങ്ങനെ ബര്‍ത്തേഡേയ്ക്ക് പാരസ്പരം പെപ്‌സിയും കേയെഫ്‌സിയും തിന്നാന്‍വിളി തുടങ്ങിയ അടുപ്പം. അക്കാലത്താണ് സിനാന്റെ ഉമ്മയുടെ ഒരു പരാതി കേട്ടത്, സിനാന്‍ ഇടങ്കയ്യനാണെന്ന്. അവരാകെ പരിഭ്രമത്തിലും. തീറ്റ, വര എല്ലാം ഇടങ്കൈ കൊണ്ടാണത്രെ. അവരാണെങ്കില്‍ വളരെ പണിപ്പെട്ട് അതു മാറ്റി വലങ്കൈ ആക്കാന്‍ ശ്രമിക്കുന്നു. നല്ല റെസ്‌പോണ്‍സ് ഉണ്ടെന്ന്. അതായത് ശിക്ഷയും ശകാരവും ഭയന്ന് അവന്‍ വലങ്കയ്യന്‍ ആയിക്കൊണ്ടിരിക്കയാണെന്ന്. എനിക്കവനെയോര്‍ത്ത് സങ്കടം തോന്നി. കേരളത്തില്‍, ഇന്ത്യയിലും, വലങ്കയ്യന്മാര്‍ ഇല്ലാതെ പോകുന്നത് എന്തുകൊണ്ടാണെന്നും അക്കാലത്ത് എനിക്ക് മനസ്സിലായി. ദുര്‍ബലമായി ഞാനവരോട് പറഞ്ഞു, അത് നാച്വറലായി വരുന്നതല്ലേ, അത് മാറ്റല്ലേ, അവന്റെ മിടുക്ക് ഇടതുകൈ കൊണ്ട് ചെയ്യുന്നതിലായിരിക്കും എന്നൊക്കെ. അവര് ചിരിച്ചുവെന്നു തോന്നുന്നു. ആയിടക്കു തന്നെ ഞങ്ങള്‍ ആ ബില്‍ഡിംഗില്‍ നിന്നു മാറി.

അക്കാലത്തുതന്നെയാണ് ഇടങ്കയ്യന്‍മാരുടെ ആഗോളദിനമെന്ന് പത്രത്തില്‍ വാര്‍ത്തകള്‍ കണ്ടത്. ഞാന്‍ ഇടങ്കയ്യന്മാരെ നെറ്റില്‍ത്തപ്പി. ഞെട്ടിപ്പിക്കുന്നതായിരുന്നു അവരുടെ ലിസ്റ്റ്. മിക്കവാറും എല്ലാ മഹാന്മാരും മഹതികളും ഇടങ്കയ്യന്മാര്‍. അതീ ബ്രെയിനിന്റെ ഒരു ഇതായിരിക്കും അല്ലേ? അത് മാറ്റാന്‍ നോക്കുന്നത് എന്ത് ശുദ്ധമണ്ടത്തരം. എന്നാലും കേരളത്തില്‍, ഇന്ത്യയിലും, ഇപ്പോഴും അച്ഛനമ്മമാരും അമ്മായിമാരും ചിറ്റമാരും അയല്‍പക്കത്തുകാരുമെല്ലാം ഇടങ്കയ്യന്മാരായി വെളിപ്പെട്ടു തുടങ്ങുന്ന പാവം കുഞ്ഞുങ്ങളെ ഗുണദോഷിച്ച് വലങ്കയ്യന്മാരാക്കുന്നുണ്ടാവും, എനിക്ക് ഷുവറാണ്. 

സായിപ്പിന്റെ നാട്ടില്‍ കൊടുംതണുപ്പുകാരണം തൂറിക്കഴിഞ്ഞാല്‍ ചന്തിയില്‍ വെള്ളം തൊടീപ്പിക്കാന്‍ വയ്യ. അവര് ടിഷ്യു കൊണ്ട് തുടച്ചുകളയും. കണ്ടിട്ടില്ലേ വിദേശ ടോയ്‌ലറ്റുകളില്‍ പാഞ്ചാലിയുടെ സാരിപോലത്തെ ടിഷ്യു റോളുകള്‍? നമ്മള്‍, വിശേഷിച്ചും മലയാളികള്‍, തൂറിക്കഴിഞ്ഞാല്‍ വിശദമായി കഴുകുന്നവരാണ്. പോരാത്തതിന് കാലവര്‍ഷവും സമൃദ്ധമായിരുന്നല്ലൊ. ചാമദിക്കുക, ഊരകഴുകുക... എന്നിങ്ങനെ അതിനെന്തെല്ലാം പേരുകള്‍. അങ്ങനെ തൂറിക്കഴുകാനുള്ളതാണത്രെ ഇടങ്കൈ. തൂറിയതു കഴുകുന്ന കൈ കൊണ്ട് ചോറുണ്ണന്നതെങ്ങനെ എന്നാണ് വലതുപക്ഷ മൂരാച്ചികളുടെ ചോദ്യം. അങ്ങനെയാണ് അവര് ഇടതുകൈ പിരിച്ച് വളച്ചൊടിക്കുന്നത്. വിവരദോഷികള്‍. തൂറിയതു കഴുകുന്ന കൈ കൊണ്ട് പടം വരയ്ക്കാന്‍ പാടില്ല, എഴുതാന്‍ പാടില്ല, പച്ചക്കറികള്‍ നുറുക്കാന്‍ പാടില്ല... അങ്ങനെ എന്തെല്ലാം. വലതുകാല്‍ വെച്ച് കയറുക എന്നൊരു പറച്ചിലുണ്ട്. എന്നാല്‍ വലതുകൈ കൊണ്ട് ചെയ്യുക എന്ന് പറയാറില്ല. അതു പിന്നെ പറയാനുണ്ടോ, പറയാതെ തന്നെ മനസ്സിലാക്കണ്ടേ എന്നാണ്. ടേക്കണ്‍ ഫോര്‍ ഗ്രാന്റഡാണ്. വലതുകൈ കൊണ്ടുവേണം എല്ലാം!

ഭാര്യയുടെ അനിയത്തിയുടെ മകള്‍ ഇടങ്കയ്യാണ്. എട്ടുവയസ്സുകാരി മേഘ (അമ്മു). ഭാഗ്യം, അവളെ ആരും തിരുത്തുന്നില്ല. അവളുടെ അച്ഛമ്മയും ഇടങ്കൈയ്യാണ്. (എന്നു കരുതി ഇത് പാരമ്പര്യമായി മാത്രം വരുന്ന കാര്യമാണെന്നും കരുതേണ്ടാ കെട്ടൊ). ഭാഗ്യം, അവരുടെ കുട്ടിക്കാലത്ത് അവരെ തിരുത്താന്‍ ആരും മെനക്കെട്ടു കാണില്ല. അതുകൊണ്ട് ഇടതുകൈ കൊണ്ട് ചെത്തിപ്പൂളി അവരിന്ന് ലോകത്തിലെ ഏറ്റവും സ്വാദുള്ള പിക്ക്ള്‍സ് ഉണ്ടാക്കുന്നു. അമ്മു ഇടങ്കൈകൊണ്ട് നല്ല ഒന്നാന്തരമായി ഷട്ട്ല്‍ ബാഡ്മിന്റന്‍ കളിക്കുന്നു, പടം വരയ്ക്കുന്നു.

ഞെട്ടാന്‍, ഇതാ പ്രശസ്ത ഇടങ്കയ്യന്മാരുടെ ലിസ്റ്റ്: അലക്‌സാണ്ടര്‍, നെപ്പോളിയന്‍, സീസര്‍, ഗാന്ധി, കാസ്‌ട്രോ, റീഗന്‍, ക്ലിന്റന്‍, അച്ഛന്‍ ബുഷ്, മൈക്കലാഞ്ചലോ, ഡാവിഞ്ചി, പിക്കാസോ, പോള്‍ ക്ലി, ചാപ്ലിന്‍, ബച്ചന്‍, മരിലിന്‍ മണ്രോ, ആഞ്ചലീന ജോളി, ഫോര്‍ഡ്, റോക്ക്‌ഫെല്ലര്‍, ബില്‍ ഗേറ്റ്‌സ്, സ്റ്റീവ് ജോബ്‌സ്, ഷെനെ, മാര്‍ക്ക് ട്വയിന്‍, ജെ കെ റൌളിംഗ്, മക്കാര്‍ട്ട്‌നി, പോള്‍ സൈമണ്‍ (പോളേട്ടന്‍ ഗാര്‍ഫുങ്കലേട്ടനിലെ), സോബേഴ്‌സ്, ബോര്‍ഡര്‍, ഗവര്‍, ഗാംഗുലി, മാര്‍ട്ടിന, മക്കന്‍ റോ, കോണേഴ്‌സ്... 

അതുകൊണ്ട് ഇനിയൊരു ജന്മമുണ്ടെങ്കി ഇടങ്കയ്യനാവാന്‍ പ്രാര്‍ത്ഥിക്കാം, മക്കളോ അയല്പക്കത്തെ കുഞ്ഞുങ്ങളോ  ഇടതുകൈ ഉപയോഗിച്ചാല്‍ നെറ്റിചുളിക്കാതിരിക്കാം; പ്രോത്സാഹിപ്പിക്കാം.