Followers

Saturday, March 2, 2013

രണ്ടു കവിതകള്‍


ശ്രീദേവിനായര്‍


ശൂന്യത



പ്രണയതീരത്തുനിന്ന് ഞാന്‍ മടങ്ങിപ്പോന്നത്

മനസ്സിന്റെ ഉഷ്ണവനത്തിലേയ്ക്കാണ്.

ഒന്നുമില്ലാത്ത ഈ ലോകത്തിന്റെ തനത്

സ്വഭാവംചൂടുമാത്രമാണെന്ന് ഇപ്പോഴറിയുന്നു.



മനസ്സിലുള്ളതെല്ലാം നമ്മുടെ അവകാശങ്ങളുടെ

പട്ടികയില്‍ ഇടം തേടുമെന്ന് നാം വ്യാമോഹിക്കുന്നു!


നമ്മള്‍ ശൂന്യരാണ്.

ആരോടും സ്നേഹമില്ലാത്തവര്‍.

ജനിതകമായും നമ്മള്‍ ശൂന്യരാണ്!


ശരീരത്തിനുള്ളിലെ അവയവങ്ങള്‍ക്ക്

നമ്മെക്കാള്‍ എത്രയോ മാന്യതയുണ്ട്.

വ്യക്തമായ കാരണങ്ങള്‍ ഉള്ളപ്പോഴാണ്

അവ സംവാദത്തിനോ,വിവാദത്തിനോ

ഒരുമ്പെടുന്നത്!


എന്നാല്‍ നമ്മള്‍;

അയുക്തിയുള്ളപ്പോഴെല്ലാം ക്രമം തെറ്റിയ്ക്കും.


(ഓര്‍മ്മയുടെ ദുരന്തങ്ങള്‍ക്ക് മേല്‍

സംഗീതത്തിന്റെയും,പ്രേമത്തിന്റെയും

സുഗന്ധം പുരട്ടി എല്ലാം മറക്കാന്‍

കഴിയുന്ന നമ്മള്‍ എത്ര ശൂന്യര്‍!
മൺകുടിൽ

ഒരഗ്നിസ്ഫുംല്ലിംഗമെന്നധരത്തിൽ വീശി
ചുടുനെടുവീർപ്പുകളെന്നിലെത്തി
അതിനു‍ള്ളിലെന്തോ പദം തെറ്റിനിന്നു
മറ്റൊരു ജ്വാല പോലായി പിന്നെ

നിനക്കാതെ വന്നൊരു നീലവെളിച്ചത്തിൽ
കത്തുന്ന കനലിനു ജ്വാലയായി
താപം നിറച്ചൊരു തപമെന്നു‍ള്ളിലായ്‌
താനെയണയാത്തൊരഗ്നിയായി

രോമകൂപങ്ങളായിരം വട്ടമെൻ
പേർ ചൊല്ലിയുണർത്തിടുമ്പോള്‍
രോമാഞ്ചമില്ലെന്റെയുള്ളിലായോർമ്മകൾ
താപത്തിൽ നീറുമൊരു ഓർമ്മയായി

ദുഃഖത്തിന്നോരത്തു ഞാൻ ചാരിനിന്നൊരു
മൺകുടിലിനും ചോരവാർത്തു
പഴയോല മേഞ്ഞോരാകെട്ടിനകം നിത്യം
കണ്ണീർ മഴയിൽ കുതിർന്നു നിന്നു