Followers

Saturday, March 2, 2013

വിമർശനങ്ങൾ ജയിക്കുമോ?

വെണ്മാറനല്ലൂര്‍ നാരായണന്‍ 
 

യുക്തിവിചാരം സ്വാതന്ത്ര്യ പാതയായി അംഗീകരിക്കപ്പെട്ട നൂറ്റാണ്ടുമുതൽ, വിമർശനം ഉപാധിയായി മാറി. വിമർശിക്കുമ്പോഴും വിമർശനം നേരിടുമ്പോഴും, ചിന്തകൾ പൂർണ്ണതനേടാൻ ശ്രമിക്കുന്നു. പഠന സഹായിയായി മാറുന്നു.

യുക്തിമാത്രമായ വിമർശനം ജയകരമാകില്ല.
...യുക്തി പലർക്കും ഇവിടെ ആവശ്യമില്ല.
ജീവിത ജയം മാത്രമേ ആവശ്യമുള്ളു.
വിമർശന ജയം, ജീവിത ജയമാകണമെന്നുമില്ല.
പലർക്കും ജീവിതം മാത്രമേ ആവശ്യമുള്ളു. ജയമായാലും പരാജയമായാലും അതവർ സർവ്വാത്മനാ സ്വീകരിച്ചുകൊള്ളും.

വീട്ടുകാരെ വിമർശിച്ചുനോക്കൂ! അവർ പരിവർത്തനപ്പെടും.
വീട്ടുകാർ നിങ്ങളെ വിമർശിക്കട്ടെ, നിങ്ങൾ പരിവർത്തനപ്പെടും.
... നേരായ മാർഗ്ഗത്തിലാവും പരിവർത്തനപ്പെടുകയെന്ന് പറയാനാവില്ലെന്ന് മാത്രം.
നേരായ പരിവർത്തനത്തിന്, നമ്മിൽ സഹാനുഭൂതി ഉണ്ടാവണം.

സഹാനുഭൂതി കൂടാതെ സുഹൃത്തിനെ വിമർശിച്ചാലും, ശത്രുവിനെ വിമർശിച്ചാലും, നേരായ ഫലം ലഭിച്ചെന്ന് വരില്ല.
സഹാനുഭൂതി ചീറുകയില്ല, വിഷമത്തിന്റെ സ്വരത്തിലാവും ശബ്ദിക്കുക

സഹാനുഭൂതിയില്ലാത്ത വിമർശനങ്ങൾ സ്വീകരിച്ച് നേരാകുന്നവർ, അബലരുമായിരിക്കും.
അബലന്റെ നേരുകൊണ്ട് പ്രയോജനമില്ലെന്ന് മാത്രമല്ല, അവരുടെ സൗഹൃദം നമ്മോടൊപ്പം (എപ്പോഴും) ഉണ്ടാവുകയുമില്ല.
സൗഹൃദം അവർ പ്രയോജനപ്പെടുത്തുന്ന "one-way traffic" ആയിരിക്കും നിലവിൽ വരുക.

നേതാക്കളോടും നായകരോടും കൂടുന്നവരിൽ ഭൂരിപക്ഷവും അത്തരം അടിമകളായിരിക്കും.
----------------
സഹാനുഭൂതികൂടാതെയുള്ള വിമർശനങ്ങൾ, പ്രതിപക്ഷത്തിന് നൽകുന്ന തന്ത്രപഠന പാഠങ്ങളാവും.
അത്തരം വിമർശനം ഏൽക്കുന്നവരും നൽകുന്നവരും തന്ത്രപരമായി പുരോഗമിക്കും.
തന്ത്രയുക്തിയുടെ പുരോഗമനത്തിന് അവസാനമുണ്ടാകില്ല.
അവ, മൂല്ല്യങ്ങളുടെ നാശമായിരിക്കും സൃഷ്ടിക്കുക.
..... മൂല്ല്യനാശ പുരോഗതിയുടെ പാതകളാവും തെളിയിക്കുക.
വിമർശന ലക്ഷ്യം, വിപരീത ഫലങ്ങളിലേക്ക് പരിവർത്തനപ്പെട്ടുപോകുന്ന
.....വിധിവൈപരീത്യങ്ങളാവും നിലവിൽ വരുക.

വിമർശനം, ... സ്വാതന്ത്ര്യത്തിന്റേയും, യുക്തിയുടേയും പുരോഗമന ഉപാധിയാണ്.
സഹാനുഭൂതിയിൽ, അതിരുകൾ കടന്ന് പ്രവർത്തന നിരതമാകണമെന്നുമാത്രം.