Followers

Saturday, March 2, 2013

തൃണാവർത്തനം



ജനാർദ്ദനൻ വല്ലത്തേരി

വല്ലഭന്‌ ജീവിതം പുല്ലായിരുന്നു.
അതുകൊണ്ട്‌ തന്നെ ജീവനിൽ കൊതിയുള്ളവർ വല്ലഭനെ ഭയപ്പെട്ടു. വല്ലഭന്‌ മേലും
കീഴുമില്ല. വല്ലഭനെ എതിർത്തവരോ വെറുപ്പിച്ചവരോ പിന്നെ വീടു കണ്ടിട്ടില്ല.
സംഭീതികൊണ്ട്‌ ആൾക്കാർ അവനെ പൂജിച്ചു. ശിലാദൈവത്തിന്‌ നിവേദ്യം
അർപ്പിക്കുന്ന ഭയഭക്തിയോടെ വല്ലഭനെ അവർ തീറ്റിപ്പോറ്റി. വല്ലഭന്‌ ഇവിടെ
എതിരില്ല. വല്ലഭന്റെ തിരുവായയ്ക്ക്‌ എതിർവായില്ല. വല്ലഭനെ നേരിടാൻ
ഒരാൾക്കേ കഴിയൂ. വല്ലഭന്‌ മാത്രം. മനുഷ്യജന്മത്തിൽ പെട്ടവരുടെ മനസ്സുകളിൽ
വല്ലഭൻ കാടും മേടുമായി വളർന്നുകേറി പടർന്നു പന്തലിച്ചു.
ജനത്തിന്റെ ഈ തളർച്ചയിൽ വല്ലഭന്‌ വല്ലാത്ത മടുപ്പ്‌ തോന്നി.
എതിർക്കാനും ആക്രമിക്കാനും ആളും തരവുമില്ലാത്ത ഈ ജീവിതം എന്തിന്‌ കൊളാളം.
വല്ലഭന്റെ മുമ്പിൽ തലമുറിഞ്ഞ പുൽകൊടികൾപോലെയാണ്‌ ആൾക്കാർ.
ഒരു ശത്രുവുമില്ല മിത്രവുമില്ല.
ഒരുമാറ്റത്തിനുവേണ്ടി വല്ലഭൻ കൊതിച്ചു. ഒരു ശത്രുവിനെ കണ്ടുമുട്ടാൻ,
എതിർക്കുന്ന ഒരൊച്ചകേൾക്കാൻ. വല്ലഭന്റെ  ആയുധം കഠാരയാണ്‌. എത്രയോ കാലമായി
ആ കത്തി ഒരു തുള്ളി ചോരയ്ക്കുവേണ്ടി ദാഹിക്കുന്നു. രോഷമടങ്ങാതെ കഠാരി
തുരുമ്പെടുത്തു തുടങ്ങിയപ്പോൾ, വല്ലഭൻ സ്വന്തം കൈവിരലുകളിൽ
മുറിവുണ്ടാക്കി. ചോരയുടെ മദം പൊട്ടിയപ്പോൾ വേദനയുടെ ആഹ്ലാദം.
വന്നു വന്ന്‌ വല്ലഭന്‌ തന്നോട്‌ തന്നെ പക തോന്നി. വല്ലഭന്റെ ചിന്തകളിൽ
പുകപടലങ്ങൾ ഉയർന്നു. ഒരിക്കലെങ്കിലും ആരെയെങ്കിലും,
എന്തിനെയെങ്കിലുമൊക്കെ, കീഴടക്കണമെന്ന്‌ വല്ലഭൻ വല്ലാതെ മോഹിച്ചു.
ഇല്ലാത്ത ശത്രുക്കളെ വല്ലഭൻ എപ്പോഴും വെല്ലുവിളിച്ചു. മാറ്റൊലികൾ മാത്രം.
കൊലവിളിയായി വല്ലഭനെതിരെ തിരിഞ്ഞു വന്നു.
അങ്ങനെ അലഞ്ഞു തിരിഞ്ഞാണ്‌ ഒടുവിൽ വല്ലഭൻ ഈ വഴിത്തിരിവിലെത്തിയത്‌.
രാത്രിയിലൂടെ ഒരിടവഴി. മരണം കാത്തിരിക്കുന്ന ശവമഞ്ചം പോലെ ഒരിടവഴി.
ആട്ടും അനക്കവുമില്ല. ഒരൊച്ചപോലും. എങ്കിലും വല്ലഭൻ മുമ്പിലാരെയോ കണ്ടു.
കണ്ണിൽ കുത്തുന്ന കൂരിരുട്ടത്ത്‌ ആരോ ഒളിച്ചിരിപ്പുണ്ട്‌ എന്ന്‌
വല്ലഭനുറപ്പായി.
വല്ലഭൻ, ആ ശത്രുവിനെതിരെ ഗർജ്ജിച്ചു: 'ആരെടാ നീ?'
"ഞാൻ - ഞാനാണെടാ."
എതിർവായ വല്ലഭൻ പ്രതീക്ഷിച്ചിരുന്നേയില്ല. വല്ലഭൻ പിച്ചാത്തി
ഉറയിൽനിന്നൂറി നീർത്തി.
"ആരാ നീ?" വല്ലഭൻ മുന്നോട്ടടുത്തു.
ഇരുട്ടത്തുനിന്നും മറുവായ: "ഞാനാണ്‌ വല്ലഭൻ!"
വല്ലഭൻ പൊട്ടിച്ചിരിച്ചുപോയി. മറ്റൊരു വല്ലഭനോ? മാറ്റൊലികൾ മുഴങ്ങി:
"ഞാനാണ്‌ വല്ലഭൻ"
"ഞാനാണ്‌"
"നീയല്ല."
വല്ലഭന്‌ ആ സത്യം ബോദ്ധ്യപ്പെട്ടില്ല. തന്റെ മുമ്പിൽ മറ്റൊരു വല്ലഭനോ?
തീരെ അവിശ്വാസത്തോടെ വല്ലഭൻ ആ ഇരുട്ടിനോട്‌ ചോദിച്ചു:
"എന്താണ്‌ നിന്റെ ആയുധം?"
"പുല്ല്‌"
പ്രതിധ്വനി പറഞ്ഞു.
"പുല്ലോ!"
"അതെ. വല്ലഭന്‌ പുല്ലും ആയുധമാണ്‌."
ആദ്യമായി വല്ലഭന്‌ താൻ ചെറുതായിപ്പോയതായി തോന്നി. പുല്ലു കൊണ്ടും
ആക്രമിക്കുന്ന ശത്രു. ആ വല്ലഭൻ ഈ വല്ലഭനെ കളിയാക്കുകയാണ്‌.
കൊച്ചാക്കുകയാണ്‌.
വല്ലഭൻ വല്ലഭന്റെ നേരെ കത്തിവീശി. മുന്നോട്ടടുത്തു. ആഞ്ഞാഞ്ഞു കുത്തി.
വീണ്ടും വീണ്ടും കുത്തിക്കീറി.
പക്ഷേ, ചുറ്റിലും മുറിവറ്റ, ചോരയറ്റ, വേദനയറ്റ അശരീരിയായ ഇരുട്ടു മാത്രം.
തന്റെ യുദ്ധം വെറും നിഴൽ യുദ്ധമാണന്നറിയാതെ വല്ലഭൻ പൊരുതി തളർന്നു.
അപ്പോഴും ഇരുട്ട്‌ വല്ലഭനെ പരിഹസിച്ചു: "കത്തികൊണ്ട്‌ നീ പുല്ലരിയുകയാണോ, വല്ലഭാ."
പുല്ലിനെയാണ്‌ തന്റെ കത്തിനേരിടുന്നത്‌. വെറും പുൽക്കൊടിയെ. ഇതുവരെ താൻ
കീഴടക്കുകയായിരുന്നു. ഒരിക്കലും ജയിച്ചിട്ടില്ല എന്നു പോരിൽ തളർന്ന
വല്ലഭനറിഞ്ഞു. വല്ലഭന്റെ ആയുധം പുല്ലു തന്നെയാണ്‌. കത്തിയല്ല. വല്ലഭൻ
തന്റെ ആയുധം വലിച്ചെറിഞ്ഞു. എന്നിട്ടു വെറും കൈയോടെ ശത്രുവിന്‌ നേരെ,
രാത്രി വഴിയിലൂടെ കുതിച്ചു- വഴി, ആ ഇടവഴി അവിടെ അവസാനിച്ചിരുന്നു.
മുമ്പോട്ടു വഴിയില്ല.
രാവിലാണ്ട്‌ കിടന്ന, അഗാധമായ പടുകുഴിയിലെ പുൽക്കൊടികൾ വല്ലഭന്റെ ചോരയിൽ
മുങ്ങി. പ്രാണന്റെ അവസാനത്തെ ചവിട്ടു പടിയിറങ്ങവെ, വല്ലഭൻ ഒരു ചോദ്യം
മാത്രമായി  അവശേഷിച്ചു. "ആരാണവിടുന്ന്‌.... എന്നെ വീഴ്ത്താൻ എന്റെ ജീവിതം
തന്നെ ആയുധമാക്കിയവൻ?"
നഷ്ടബോധത്തിന്റെ തിരശ്ശീല മെല്ലെ താഴുമ്പോൾ, അഭിനയിച്ചു തീർത്തജീവിതം.
അവസാനത്തെ ചോദ്യത്തിനുള്ള ഉത്തരമായി.
"നീ എന്നെത്തേടിയാണ്‌, ജീവിച്ചതു. നിനക്കു വേണ്ടിയാണ്‌, ഞാൻ വന്നതും.
തമ്മിൽ കാണുന്നതിന്‌ തൊട്ടുമുമ്പേ പിരിയുന്ന പരിചയക്കാരാണ്‌ ഞാനും
നീയും".