Followers

Saturday, March 2, 2013

തൊമ്മനും ഞാനും പിന്നെ ഒരു മലവെള്ളപ്പാച്ചിലുംഅച്ചാമ്മ തോമസ്‌

ഞങ്ങൾ അതായത്‌ ഭർത്താവും കുട്ടികളുമൊന്നിച്ചു തൊമ്മൻകുത്ത്‌
വെള്ളച്ചാട്ടം കാണാനായിപ്പോയ ഒരു വൈകുന്നേരമുണ്ടായ കാഴ്ചയാണെന്നെ
ഞെട്ടിച്ചുകൊണ്ട്‌ എന്റെ വിശ്വാസങ്ങളെ മാറ്റിമറിച്ചതു. തൊമ്മൻകുത്ത്‌
കവലയിൽ ചെന്നപ്പോഴേക്കും ഇടിയും മിന്നലും തുടങ്ങി. എന്നാൽ മഴയില്ലതാനും.
'മലമുകളിലെങ്ങോ നല്ല മഴയുണ്ട്‌. മഴ താഴേയ്ക്കുവരാൻ അധികനേരം വേണ്ട'
ഞങ്ങളെ വനഭംഗിയും വെള്ളച്ചാട്ടവും കാണിക്കാമെന്നേറ്റ സുഹൃത്ത്‌
പറയുന്നതുകേട്ടപ്പോഴേയ്ക്കും ഞങ്ങൾക്കു നിരാശയായി. മഴയത്ത്‌
വനത്തിലൂടെയുള്ള നടത്തം ബുദ്ധിമുട്ടാണ്‌.
       ഞങ്ങളവിടെച്ചെല്ലുമ്പോൾ ചെറിയൊരുതോട്ടിലെ വെള്ളമൊഴുക്കുമായി
വെള്ളച്ചാട്ടം തീരെക്ഷീണിച്ചുപോയിരുന്നു. കുത്തിനു താഴെ വെള്ളമില്ല.
മണൽത്തിട്ടയിലെ ആറ്റുവഞ്ചികൾ കാറ്റിലാടി കാഴ്ചക്കാരെ മാടിവിളിയ്ക്കുന്നു.
"നിങ്ങൾ വന്ന ദിവസം അത്ര നന്നായില്ല തീരെ വെള്ളമില്ലാത്ത
വെള്ളച്ചാട്ടത്തിന്റെ ഭംഗി എന്താസ്വദിക്കാനാ" പരിചയക്കാരും
നാട്ടുകാർക്കും പ്രയാസം. പത്തുമുപ്പതുപേർ സന്ദർശകരായി അവിടെയുണ്ട്‌.
ഏതായാലും വന്നതല്ലേ കുറെനേരം ചെലവഴിച്ചിട്ടുപോകാം. കുട്ടികളൊക്കെ
പാറപുറത്ത്‌ ഓടികളിയ്ക്കുന്നു. ഭർത്താവാകട്ടെ പരിചയക്കാരെയോ
കിട്ടിയതുകൊണ്ട്‌ സംസാരിച്ചുകൊണ്ട്‌  കെട്ടിടവരാന്തയിലെ
ബഞ്ചിലിരിപ്പുണ്ട്‌.
       പ്രകൃതിയുടെ ഭംഗി എന്നുമെനിയ്ക്കൊരു ബലഹീനതയാണ്‌.
വെള്ളമൊഴുക്കുതീരെയില്ലാത്ത ആ പാറയുടെ അടുത്തേക്കു ഞാൻ നടന്നു. തെളിഞ്ഞ
വെള്ളത്തിൽ ഓടി കളിയ്ക്കുന്ന മീനുകൾ. തണുത്ത ജലത്തിൽ ചവിട്ടി അടുത്തുള്ള
മരത്തിൽ ചാരിനിന്ന്‌ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിലേയ്ക്കു നോക്കി.
അസാധാരണമായൊരു കാഴ്ച എന്റെ സ്ഥലകാലബോധങ്ങളെ മറച്ചു. വെള്ളം പാറയിൽ തട്ടി
വീഴുമ്പോഴുണ്ടാകുന്ന പുകമറയ്ക്കപ്പുറം നീന്തിതുടിയ്ക്കുന്ന
ഒരുപറ്റമാളുകൾ. ഞാനൊന്നുകൂടി സൂക്ഷിച്ചു നോക്കി. ഭൂമിയിൽ നിന്നും മറ്റൊരു
ലോകത്തേക്ക്‌ സ്ഥാനം മാറി നിൽക്കുംപോലെ. എന്റെ ശരീരപ്രവർത്തനങ്ങളെല്ലാം
ചലനമറ്റു. ഭയന്ന കണ്ണുകളോടെ ഞാനാ കാഴ്ച കണ്ടു. ജലത്തിനുമീതെ
പൊങ്ങികിടക്കുന്ന കുറെ ശരീരങ്ങൾ വെള്ളം കുടിച്ച്‌ ചീർത്ത്‌ ചിലതൊക്കെ
ചുക്കിച്ചുളിഞ്ഞ്‌. നോക്കി നിൽക്കെ അവയൊക്കെ നീന്തിത്തുടിക്കുന്നു.
പിന്നെ പിന്നെ ഒരലർച്ചയോടെ വെള്ളത്തിന്റെ ആഴക്കയങ്ങളിലേയ്ക്ക്‌
ഊളിയിട്ടു. ചലിയ്ക്കുന്ന നിഴലുകൾ ആ പ്രവാഹത്തിൽ മുങ്ങിപൊങ്ങി. അതിലൊരാൾ
മാത്രം എന്റെ അടുത്തേയ്ക്കുവന്നു. വെള്ളത്തിനുമീതെ നടക്കുന്ന ഒരു
വെള്ളത്തിപ്പാറ്റയെപ്പോലെ വളരെ ലാഘവത്തോടെ വരുന്നവരവ്‌ നോക്കി ഞാനെന്റെ
കണ്ണുകൾ അടച്ചുതുറന്നു.
       "ഞാൻ തൊമ്മൻ ഈ സ്ഥലത്തിനു തൊമ്മൻകുത്ത്‌ എന്നുപേരുവരാൻ കാരണമായവൻ
തൊമ്മൻ. അയാളുടെ ശബ്ദത്തിനും ഒരു ഗുളുഗുളു ഒച്ച. ചാരിനിന്ന മരത്തിൽ ഞാൻ
മുറുകെപിടിച്ചു. ഒരുകൈകൊണ്ട്‌ ഞാനെന്റെ മാലയിലെ കുരിശിൽ തലോടി. ചുറ്റിനും
ആരുമില്ല. ഈ പാറയിലും പരിസരത്തും കാഴ്ചകണ്ടു നടന്നവരെവിടെ. നിറയെ
കുമിളകളുമായി താഴേക്കു പതിയ്ക്കുന്ന ജലപാതവും ഇഞ്ചക്കാടുകളും ഞാനും
തൊമ്മനും മാത്രം. തൊട്ടടുത്തുള്ള കാട്ടുപൊന്തകളിൽ തിളങ്ങുന്ന കണ്ണുകൾ
പ്രത്യക്ഷപ്പെട്ടോ? ഇഞ്ചക്കാടുകളിൽ നിന്നും നാഗങ്ങളുടെ സീൽക്കാരങ്ങൾ
കേൾക്കുന്നുണ്ടോ? കുളിർമ്മയുള്ള അന്തരീക്ഷത്തിലും ഞാൻ നിന്നുവിയർത്തു.
ഇളംചൂടുള്ള ജലം എന്റെ കാലുകളിലൂടെ താഴേയ്ക്ക്‌ ഒഴുകുന്നുണ്ടോ?
കൂർത്തുയർന്നും പടർന്നും നിൽക്കുന്ന മരക്കൂട്ടങ്ങളുടെ ഇടയിലൂടെ
ആകാശത്തുനിന്നും കൊള്ളിയാൻ ഒരു ഭയവുമില്ലാതെ
ഭൂമിയിലേയ്ക്കെത്തിപൊട്ടിച്ചിതറുന്നു."നിങ്ങൾ ഭയപ്പെടേണ്ട നിങ്ങൾ
എഴുത്തുകാരിയാണല്ലേ. അതിന്റെ ഒരു സ്നേഹവും ബഹുമാനവുമുണ്ടെനിക്ക്‌. 'ഞാൻ
ഒന്നും ചെയ്യില്ല. ഈ ഒഴുകുന്ന ജലമാണേ സത്യം. എന്റെ കഥപറയാൻ കാത്തിരുന്നു.
പലരും ഇവിടെ വന്നു. വനത്തിന്റെയും വെള്ളച്ചാട്ടത്തിന്റെയും ഭംഗികാണാൻ
വരുന്നവർ ചിലർ മറ്റു ചിലരൊക്കെ തിന്നാനും കുടിക്കാനും ആഹാരം കാണാതെ
കിടന്നവരെപ്പോലെ തിന്നും കുടിച്ചും ലക്കുകെട്ടു. പാറയുടെ വഴുക്കലോ
പാറയിടുക്കളിലോ കയങ്ങളോ ഒന്നും അവരുടെ ലഹരി പിടിച്ച
ചിന്തകളിലില്ലാതെപോയി. വെളിവുകെട്ട്‌ കാലിടറിവീണവരങ്ങനെ. ജീവിതത്തെ
മടുത്ത്‌ ചിലർ, അബന്ധത്തിൽ കയത്തിൽ വീണുപോയവർ. ഇങ്ങനെ കുറെപേർ നിങ്ങളുടെ
വരവുകാത്തിരുന്നു. ഞങ്ങളെല്ലാം കുറെപേർ നിങ്ങളുടെ വരവുകാത്തിരുന്നു.
ഞങ്ങളെല്ലാം സ്നേഹിക്കുന്നവരുടെ കരവലയത്തിൽനിന്നും വഴുതിപോന്നവരാണ്‌!
കളിയും ചിരിയുമായി കൗമാരത്തിന്റെയും അതിർത്തിയിൽ നിന്നും യൗവനത്തിന്റെ
പടിക്കെട്ടിലൂടെ നടന്നുനീങ്ങിയവർ.കയങ്ങളുടെ ആഴങ്ങളെപ്പറ്റി
അറിവില്ലാപൈതങ്ങൾ പാറകളുടെ വഴുക്കലെപ്പറ്റി കേട്ടിട്ടില്ലാത്ത വർ
ഒഴുക്കിലെ ചുഴികളും മലരീകളും കണ്ടിട്ടില്ലാത്തവർ കുളിമുറികളിലെ ഷവറിന്റെ
കീഴിൽമാത്രം കുളി ആസ്വദിച്ചിട്ടുള്ളവർ ഇങ്ങനെ എത്രയോ പേർ ഇവിടെ വന്ന്‌
എന്റെ കൂടെ കൂടി സ്നേഹിക്കുന്നവരെ വേർപാടിന്റെ കയങ്ങളിലേയ്ക്ക്‌
തള്ളിയിട്ടിരിക്കുന്നു. അതും കുടുംബത്തിന്റെ പ്രതീക്ഷകളായിരുന്ന യുവാക്കൾ
ഒറ്റപുത്രന്മാർ മകനെ പഠിപ്പിക്കാൻ അന്യനാടുകളിൽ പോയി ജോലിയെടുക്കുന്നവർ
വിവാഹം കഴിഞ്ഞിട്ടധികനാളാകാത്തവർ. സ്നേഹിച്ചു കൊതിതീരാത്തവർ തൊമ്മൻ
പറഞ്ഞു നിർത്തി എന്നെ നോക്കിച്ചിരിച്ചു. വെറ്റിലക്കറ പുരണ്ട ചിരി. ആ ചിരി
തികച്ചും സൗഹാർദ്ദപരവും വിധേയത്തപരവുമായിരുന്നു. അതെന്റെ ഭയത്തെ
ദൂരയകറ്റി. "നിങ്ങൾ ചക്കയിടാൻ പ്ലാവിൽ കയറിയെന്നും കാൽ വഴുതി ഈ
വെള്ളച്ചാട്ടത്തിൽ പതിച്ചെന്നും അന്നുമുതൽ ഇവിടം തൊമ്മൻകുത്തായി
എന്നുമാണ്‌ ഞാനറിഞ്ഞത്‌. ശരിയാണോ? നിങ്ങളെന്താണ്‌ എന്നെ കാത്തിരുന്നത്‌?
മറ്റുള്ളവരൊക്കെ നിങ്ങളെ കാണില്ലേ? ഇവിടെ കണ്ടവരെല്ലാം ഇവിടെ
അപകടത്തിൽപെട്ടവരാണോ? "ഒറ്റശ്വാസത്തിൽ ഞാൻ ചോദ്യങ്ങൾ ചോദിച്ചുതീർത്തു.
"എന്നെയും എന്റെ കൂട്ടരെയും ആർക്കും കാണാൻ സാധിക്കില്ല. എന്റെ കഥപറയാനും
എന്റെ കൂടെയുള്ളവരുടെ ദുഃഖം നിങ്ങളുമായി പങ്കുവെയ്ക്കാനുമാണ്‌ ഞാൻ
വന്നത്‌. മൃതിദേവത ഭ്രാന്തെടുത്ത്‌ അലറി പാഞ്ഞൊഴുകുന്ന ഈ കുത്തൊഴുക്കിൽ
നഷ്ടപ്പെട്ട ജീവനുകളെത്രയെന്നോ? മക്കളെ വിളിച്ചു തേങ്ങുന്ന
അമ്മയച്ഛന്മാരുടെ നിലവിളി ഭർത്താവിനെ വിളിച്ചുകരയുന്ന ഭാര്യയുടെ സഹോദരനെ
വിളിച്ചു കരയുന്ന സഹോദരിയുടെ ഇങ്ങനെ നിലവിളികളാൽ രാവിന്റെ മൗനങ്ങൾ
ശബ്ദമുഖരിതമായി ഞങ്ങളുടെ ചിന്തകളെ നിശ്ചലമാകും. നിങ്ങളൊരു
എഴുത്തുകാരിയായതുകൊണ്ട്‌ ഞങ്ങളുടെ കഥകേൾക്കാനും എഴുതാനും സൗമനസ്സ്യം
കാണിക്കുമെന്നിനിക്കറിയാം. ജീവിച്ചു കൊതിതീരാത്തവരാണു ഞങ്ങൾ. ആത്മഹത്യയും
കൊലപാതകവും വിഡ്ഢിത്വമാണ്‌. മനുഷ്യനിലൂടെ ദൈവസ്നേഹത്തിന്റെ
വെള്ളമൊഴുകുന്നുണ്ട്‌. അതൊക്കെ അറിയണമെങ്കിൽ ഞങ്ങളുടെ ലോകത്തുവരണം. എന്റെ
കഥ പറയാം. ഈ മലമുകളിലെ പാറക്കെട്ടിലെ ഗുഹയിൽ ജീവിച്ച്‌ അതിരുകളില്ലാതെ
ഉല്ലസിച്ചു നടന്ന കാലത്താണ്‌ ഞാനന്റെ പെണ്ണിനെ കാണുന്നത്‌.

കാട്ടീന്തിന്റെ പഴവും തിന്ന്‌ കൂട്ടുകാരികളൊത്ത്‌ ഉല്ലസിച്ചു
നടന്നപെണ്ണ്‌ കാട്ടുതേനിന്റെ നിറം പുല്ലാന്തിപ്പൂവിന്റെ മണം
വെള്ളാരംകല്ലിന്റെ കണ്ണുകൾ. ഞാനെന്റെ പെണ്ണിന്‌ താഴംപൂവും കാട്ടുതേനും
കാട്ടുപഴങ്ങളും സമ്മാനിക്കും. പുല്ലാന്തിച്ചെടികൾ ഞങ്ങൾക്കായി
പൂത്തുലഞ്ഞ്‌ കുടിലുകൾ തീർത്തു. ഈറ്റയിലകളാൽ കിടക്കയൊരുക്കി.
ആദ്യസമാഗമത്തിന്റെ പുളകത്തിൽ ഈ കാട്ടരുവിപോലും നാണിച്ചൊഴുകി.
രണ്ടുപരൽമീനുകളായി ഈ ജലത്തിൽ ഞങ്ങൾ നീന്തിത്തുടിച്ചു. ലോലമായ അവളുടെ
വയറിന്മേൽ ഞാൻ മുത്തമിടുമ്പോൾ ഇക്കിളിയാൽ അവളെന്റെ ചെവികളിൽ ചുണ്ടുകൾ
ചേർക്കും. പ്രണയത്തിന്റെ ലഹരികൾ.

       ഇവിടത്തെ വനദേവതകൾക്ക്‌ ഞങ്ങളുടെ ലീലകൾ കൊതിപിടിപ്പിച്ചിരിക്കും.
അവളെന്റെ കുഞ്ഞിനെ ഗർഭിണിയായിരിക്കുമ്പോൾ അവൾക്കൊരു വരിക്കച്ചക്കപ്പഴം
തിന്നണം. ആ കുത്തിന്റെ ചരുവിൽ വളർന്നു പടർന്നു നിന്ന വരിക്കപ്ലാവിൽ ഞാൻ
പിടിച്ചുകയറി. ഒരുത്തരും അതിൽ കയറാറില്ല. താഴെ കുത്തിയൊലിച്ചൊഴുകുന്ന
വെള്ളച്ചാട്ടത്തിലേക്ക്‌ ഒന്നേ നോക്കിയൊള്ളു. പ്ലാവിന്റെ ശിഖിരം ഒടിഞ്ഞ്‌
കയത്തിലേക്കു വീണു. ഒരെത്തുംപിടിയും ഇല്ലാത്ത കയം. ഞാനതിന്റെ ഇടുങ്ങിയ
പൊത്തിൽ അകപ്പെട്ടുപോയി. വനദേവതയെപ്പോലെ ജീവിച്ച എന്റെ പെണ്ണ്‌ എന്റെ
കുഞ്ഞ്‌. തൊമ്മൻ വാക്കുകൾ മുഴുമിക്കാതെ തിരിഞ്ഞു നടന്നു പെട്ടെന്ന്‌
എന്തോ ഓർത്ത്‌ തിരിഞ്ഞു നിന്ന്‌ കൈകൂപ്പി മറക്കാതെ എന്റെ കഥ എഴുതണേ.
വനത്തിൽ മഴ തോർന്നുകാണും. മഴവെള്ളം ഇരച്ചെത്തും. വേഗം പൊയ്ക്കോ". എന്റെ
കൺമുമ്പിലെ പുകമറ മാഞ്ഞുപോയി. ഓടിക്കളിച്ചുനടന്ന കുട്ടികളും സന്ദർശകരും
വരാന്തയിലിരുന്നു വിശ്രമിക്കുന്നു. ഞാൻ അങ്ങോട്ടോടിച്ചെന്നു കയറിയതും
ഇരമ്പിപ്പാഞ്ഞുവന്ന ഇരമ്പിപ്പാഞ്ഞുവന്ന മലവെള്ളം പാറക്കെട്ടുകളേയും
വേലിക്കെട്ടിനേയും മൂടി. ഞാൻ ചാരിനിന്ന മരത്തിന്റെ മുകൾഭാഗം വരെ വെള്ളം
പൊങ്ങിയിരിക്കുന്നു. വളരെ പഴക്കം ചെന്ന ദ്രവിച്ചുതുടങ്ങിയ ഒരു മരക്കഷണം
ഒഴുകിവന്ന്‌ ഇരുമ്പുകമ്പിൽ ഉടക്കി. പാവം തൊമ്മനെ വീഴിച്ച പ്ലാവിൻ
കൊമ്പായിരിക്കുമോ? കഥ പറഞ്ഞ ഒഴുക്കിൽ നിന്നും എന്നെ രക്ഷിച്ച തൊമ്മന്‌
സാക്ഷ്യവുമായി വന്നതാണോ ആ ശിഖിരവും?