Followers

Saturday, March 2, 2013

ബലി


സി.വി പി  നമ്പൂതിരി ഹേ ,വാമനാത്മന്‍!
ശിരസ്സു താഴ്ത്തുന്നു ഞാന്‍...
ഇനി,എന്റെയവസാന ലോകവുമളക്കുക..

ഇതിലുണ്ടോരാത്മാവുതന്‍ ജലയാത്രകള്‍
ഇതിലുണ്ട് മറ്റാരുമറിയാത്ത സത്യങ്ങള്‍....
ഇതിലുണ്ട് കനിവും,കിനാവും,വിഷാദവും
ഇതിലുണ്ട് നിലയറ്റ മൌനവും ,മറവിയും,
ഒരു സൂര്യന്‍,ആകാശം,എഴുകടല്‍, കാടുകള്‍
ഇതിലുണ്ട്,സംഗരങ്ങള്‍ , മഹായാനങ്ങള്‍
അവിടുന്നു മൂന്നുലോകങ്ങളുമളന്നിട്ടു -
മറിയാതെ പോയ ചിലദിക്കുകള്‍,ദൂരങ്ങള്‍....

ഇനി,യളന്നോളുക ,ശിരസ്സു താഴ്ത്തുന്നു ഞാന്‍;
അറിയുകില്ലടിയന്റെയപരാധമിതുവരെ...
ചെറുനാഴി,കള്ളപ്പറ,ചതി,പൊളിവചന-
മിവയോന്നുമില്ലാത്ത ലോകം കൊതിച്ചതോ?
ഇവന്‍ ,അസുരനെന്നാര്‍ വിധിച്ചു?സ്വര്‍ഗ്ഗത്തിന്റെ
അധിപതികളവര്‍ മാത്രമെന്നാര്‍ വരം നല്‍കി?
അവരെഴുതിവെയ്ക്കും ചരിത്രങ്ങളില്‍,ചോര-
കിനിയുന്ന സത്യങ്ങള്‍ പാതാളമാര്‍ന്നിടാം;
അവതാരചരിതങ്ങളിനിയുമുണ്ടായ് വരാം
അതിലായിരംമഹാബലിമാരുയിര്‍ത്തി ടാം

ചുവടുവെച്ചോളുക;മിഴിപൂട്ടിടട്ടെ ഞാന്‍...
അതല വിതലങ്ങളോവാതില്‍ തുറക്കുന്നു?
അരുത് പോകരുതെന്ന് കിളികളും പുഴകളും
അരുത് പോകരുതെന്ന് മിഴികളും ,മൊഴികളും....

വരികയാണെന്‍ കൂട്ടിനൊരുകുടന്നപ്പൂക്കള്‍
വരികായാണെന്‍ കൂട്ടിനായിളം തുമ്പികള്‍...
വരികയാണൂഞ്ഞാലിലാടുംകിനാവുകള്‍
ചെറുകറുക ,പൂത്തുമ്പ,നന്തുണിപ്പാട്ടുകള്‍
പുലരിത്തുടിപ്പുകള്‍,സാന്ധ്യ മേഘങ്ങള്‍,പൂ-
മണമുള്ള തെന്നല്‍.പൊന്നമ്പിളിനിലാക്കുളിര്‍...

ഇനി, സമര്‍പ്പിക്കട്ടെ
ബലിയായ് വചസ്സ്
ഇനിയും വരാന്‍
കൊതിക്കൊള്ളും മനസ്സ്....
ഇത് ബലിക്കല്ലിലെ -
ച്ചോരക്കിനാവ്
ഇതില്‍ നിന്നുയിര്‍ക്കട്ടെ
ഒരു കനക സൂര്യന്‍.....
--