ശ്രീപാര്‍വ്വതി
മുറ്റത്തു നില്‍ക്കുന്ന ചാമ്പ നിറയെ
പൂത്തിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ വിഷമം എനിക്കു തന്നെ, കാരണം
മറ്റൊന്നുമല്ല; ദിവസവും അടിച്ചു വാരുന്നതിന്‍റെ വിഷമമോര്‍ത്താല്‍ ആരായാലും
ഒന്നു നെടുവീര്‍പ്പിട്ടു പോകുമല്ലോ. വീടിന്‍റെ മുന്‍വശമായതു കൊണ്ട്
വരുന്നവരൊക്കെ അങ്ങോട്ടേയ്ക്ക് നോക്കാതെയുമിരിക്കില്ല. ആ ചാമ്പ മരം എന്നും
എനിക്കൊരു വിഷമമായി തന്നെ നിലകൊണ്ടു. വര്‍ഷത്തില്‍ മുക്കാല്‍ മാസങ്ങളിലും
പൂത്തു കായുണ്ടാകുന്ന ഒരു ചാമ്പ മരത്തെ കുറിച്ച് ആരെങ്കിലും
കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇത് അതു പോലെ ഒരു അവതാരമാണ്. നല്ല ക്രീം
കളര്‍ പൂത്തു വരുമ്പോള്‍ തന്നെ തുടങ്ങും മുറ്റത്തെ പൂക്കളമിടല്‍ . പിന്നെ
പതുക്കെ നല്ല വെള്ള നിറത്തില്‍ ചെറിയ കുരുക്കള്‍, അതു പിന്നെ വലുതായി ഇളം
റോസ് നിറത്തിലും പിന്നെ നല്ല കടും ചുവപ്പ് നിറത്തിലും അങ്ങനെ പരിലസിച്ചു
നില്‍ക്കുന്നതു കാണുമ്പോള്‍ വയിലൂടെ കപ്പലോടിക്കാമെന്നുള്ളതു കൊണ്ട്
മുറ്റത്തെ പൂക്കളമുണ്ടാക്കുന്ന അസ്വസ്ഥത തല്‍ക്കാലത്തേയ്ക്കു മറക്കാം.
ചാമ്പങ്ങ കൊണ്ട് രണ്ടുണ്ട് കാര്യം എന്നല്ല
പലതുണ്ട് കാര്യം എന്നു തന്നെ പറയണം. ഏറ്റവുമിഷ്ടം വെറുതേ ഉപ്പും
മുളകുപൊടിയും ചാലിച്ച് (എണ്ണയൊഴിച്ചും ആവാം) അതില്‍ ചാമ്പക്കഷ്ണങ്ങള്‍
ഇങ്ങനെ മുക്കി അകത്താക്കാം, നല്ല എരിവും പുളിയും ഉപ്പും. വെറുതേ തിന്നാന്‍
അത്ര താല്‍പ്പര്യമില്ലാത്തതു കൊണ്ട് അങ്ങനെ സാധാരണ കഴിക്കാറില്ല, പക്ഷേ
അയല്‍വക്കത്തെ കുട്ടികള്‍ വന്ന് ഉത്സവമേളം നടത്തി ഒടുവില്‍ പച്ച്യ്ക്ക്
തിന്നുന്നതു കണ്ടാല്‍ ഏറ്റവും രസമാണെന്നു തോന്നും. തെല്ലു പുളിയുള്ളതു
കൊണ്ട് തിന്നുമ്പോള്‍ അവരുടെ മുഖം ആസ്വദിക്കാന്‍ എനിക്ക് വലിയ ഇഷ്ടമാണ്.
സ്വീകരണമുറിയിലെ മാണി മാധവചാക്യാരുടെ നവരസങ്ങള്‍ പലതും അവരുടെ മുഖത്തു
കണ്ടിട്ട് ചിരി വന്ന് പൊട്ടിയിട്ടുണ്ട്.
ചാമ്പങ്ങ കൊണ്ട് ഉണ്ടാക്കാവുന്ന നിരവധി വിഭവങ്ങളുണ്ട്.
അതുപോലെ ഒരു വിഭവത്തിനായുള്ള അന്വേഷണത്തിനിടയിലാണ്, വൈന്‍ എന്ന ആശയം
ചേച്ചിയുടെ മകള്‍ മുന്നോട്ടു വച്ചത്. മരുമകളുടെ മോഹമല്ലേ, എന്നാല്‍
ആയിക്കളയാമെന്ന മട്ടില്‍ ശ്രമം തൂറ്റങ്ങി. നല്ല ചുവന്നു തുടുത്ത ചാമ്പങ്ങ
നിലത്തു വീഴാതെ പറിച്ചെടുക്കാനായിരുന്നു ഏറ്റവും വിഷമം. ഇരു വശം ഷീറ്റ്
രണ്ടു പേര്‍ വലിച്ചു പിടിച്ച് മറ്റൊരാള്‍ നീളന്‍ കമ്പു കൊണ്ട്
തല്ലിക്കൊഴിച്ചിടും. ഷീറ്റില്‍ വീഴുന്നവര്‍ ഭാഗ്യവാന്‍മാര്‍, കാരണം അവര്‍
വൈനിന്, വിധിക്കപ്പെട്ടവരത്രേ. കിട്ടിയതൊക്കെ കൂട്ടി വൃത്തിയായി കഴുകി
ഭരണിയില്‍ ഇട്ടു വച്ചു. വെറുതേ ഇട്ടു വച്ചാല്‍ മാത്രം പോരല്ലോ, അനുബന്ധ
സാധനങ്ങള്‍ ഒരു അച്ചായത്തിക്കുട്ടിയോടു ചോദിച്ചു പഠിച്ചിരുന്നു.(പാലാ
ഭാഗത്ത് നല്ല ഒന്നന്തരമായി വൈനുണ്ടാക്കാനറിയുന്ന ക്രിസ്ത്യന്‍ കുടുംബങ്ങള്‍
ഇഷ്ടം പോലെയുണ്ട്). വൈന്‍ കൂട്ടെന്നു പറഞ്ഞാല്‍ ചില അങ്ങാടിക്കടകളില്‍
അതിനു വേണ്ടുന്ന കൂട്ടുകള്‍ എടുത്തു തരും. അഞ്ചെട്ടു കൂട്ടം മസാലകള്‍
അതിനുള്ളിലുണ്ട്, ചാമ്പ ഇട്ടതിനു ശേഷം ഈ മസാലകൂട്ടും തട്ടി
പഞ്ചസാരയുമൊഴിച്ച് ആവശ്യത്തിനു വെള്ളവുമൊഴിച്ച് വളരെ ഭദ്രമായി ഭരണി അടച്ചു
വച്ചു. ഈ കൂട്ട് എന്നും ഇളക്കി കൊടുക്കണം, ഇരുപത്തി ഒന്ന് ദിവസം
കഴിഞ്ഞപ്പോള്‍ ചാമ്പപ്പാനി നല്ല ബ്രൌണ്‍ നിറത്തിലിരിക്കുന്നു, ചുവന്നു
തുടുത്ത ചാമ്പങ്ങ വെളുത്തു വിളറി ജീവനില്ലാതെ ഭരണിയില്‍ നെടുവീര്‍പ്പിട്ട്
കിടക്കുന്നു. പിഴിഞ്ഞ് വെള്ളം ഊറ്റിയെടുത്ത് വീണ്ടും ഭരണിയില്‍ നിരച്ചു,
പിന്നെ ഈ വൈന്‍ കൂട്ട് ഒരു ധ്യാനത്തിലാണ്. അടുത്ത ഇരുപത്തിയൊന്ന്
ദിവസത്തിനു ശേഷം എടുത്തപ്പോള്‍ നല്ല കൊഴുത്ത ഇരുണ്ട നിറത്തില്‍ അതാ വൈന്‍
തയ്യാറായി ചിരിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ കുടിച്ചു നോക്കിയ മരുമകളുടെ
മുഖത്ത് ആ ചിരി കണ്ടില്ല. മാണി മാധവ ചാക്യാരേ പോലും വെല്ലുന്ന രീതിയില്‍
ബീഭത്സവും കാണിച്ച് അവള്‍ പുറത്തേയ്ക്കോടി. കുടിച്ചു നോക്കിയപ്പോഴാണ്, നല്ല
കയ്പ്പ്, ചാമ്പങ്ങയോടൊപ്പം അതിനു അകത്തെ കുരുവും ഉണ്ടായിരുന്നതു
കൊണ്ടാണെന്ന് പഴയ കൂട്ടുകാരി പറഞ്ഞു തന്നപ്പോള്‍ രണ്ട് കിഴുക്ക്
കൊടുത്തിട്ട് അവളോടു ചോദിച്ചു, നിനക്കിത് ആദ്യമേ
പറഞ്ഞൂടായിരുന്നോ............
ചാമ്പങ്ങാ വിഭവങ്ങളില്‍ ഏറെ സ്വാദിഷ്ടമായത് അച്ചാര്‍
തന്നെ. മുളകുപൊടിയും കായവും ഉലുവയും ഇട്ട് കടുക് താളിച്ച ചാമ്പങ്ങാ
അച്ചാര്‍ . ഒരിക്കല്‍ ഒരു ചടങ്ങിനു പോയപ്പോള്‍ കഴിച്ചതോടെയാണ്,
അങ്ങനെയൊരാശയം തലയിലുദിച്ചത്. വളരെ സ്വാദുള്ളതാണ്, ഈ അച്ചാര്‍ .നല്ല
പുളിയുള്ള ചാമ്പങ്ങാ വേണമെന്നേയുള്ളൂ. പിന്നെ ചാമ്പങ്ങാ തോരന്‍, ഒഴിച്ചു
കറി, എല്ലാം ചെയ്തു നോക്കി, നമ്മളായിട്ട് ഒന്നും വിട്ടു കളയരുതല്ലോ. മോശം
പറയരുതല്ലോ അച്ചാറിന്‍റെ രുചി വേറെ ഒന്നിനും കിട്ടിയില്ല. എന്നാല്‍
വൈനിന്‍റെ അരുചിയും ഒന്നിനുമുണ്ടായില്ല ഭാഗ്യം.
ചാമ്പങ്ങ മുറ്റത്തെ കുടപോലെ നില്‍ക്കുന്ന മരത്തില്‍
പറ്റിപ്പിടിച്ച് നില്‍ക്കുന്നതു കാണുമ്പോള്‍ പണ്ട് പ്രൈമറി സ്കൂളില്‍
പഠിച്ചത് ഓര്‍മ്മ വരും. ഉമ്മറത്തെ ചാരു കസേരയില്‍ നിവര്‍ന്നിരിക്കുന്ന
വൈക്കം മുഹമ്മദ് ബഷീര്‍ . എന്‍റെ പ്രിയപ്പെട്ട ബഷീര്‍ , മുറ്റത്തു
നില്‍ക്കുന്ന ചാമ്പയിലേയ്ക്കു നോക്കി സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍
അതുവഴി കടന്നു പോകുന്നത്. കള്ളക്കണ്ണെറിഞ്ഞ് അവരെ വീക്ഷിക്കുന്ന ബഷീര്‍ ,
ആരാധനയോടെ അതിലേറെ ചാമ്പങ്ങാ കൊതിയോടെ കടന്നു പോകുന്ന കുട്ടികള്‍
.ചാമ്പങ്ങാ കഥയില്‍ ആ രസമുള്ള കഥ ഒരു ഓര്‍മ്മയായി നില്‍ക്കുന്നത് ഒരുപക്ഷേ
വൈക്കം മുഹമ്മദ് ബഷീറെന്ന അനശ്വര എഴുത്തുകാരനോടുള്ള പ്രണയം കൊണ്ടുമാകാം.
എന്തൊക്കെ പറഞ്ഞാലും ഈ ചാമ്പങ്ങ ഒരു താരം തന്നെ. ഇത്
നിറഞ്ഞു നില്‍ക്കുന്ന സമയത്ത് വീട്ടില്‍ ആരു വന്നാലും ഈ മരത്തിന്‍റെ
കീഴിലുണ്ടാവും, ഒരു നീളുമുള്ള കമ്പും കയ്യില്‍ പിടിച്ച്. പലരും മേലേയ്ക്കു
നോക്കി വായില്‍ വെള്ളമൂറുന്നുണ്ടാകും. അതിന്, കുട്ടികളെന്നോ വലിയവരെന്നോ
ഭേദമില്ല. പക്ഷേ എല്ലാവരും പോയിക്കഴിഞ്ഞാല്‍ വീണ്ടും പണിയുടെ കാര്യം
ഓര്‍മ്മ വരും. വന്നു പോയവര്‍ ആവോളം ആവശ്യത്തിനും ഇല്ലാതെയും അടിച്ചിടുന്ന
ചാമ്പങ്ങകളും ഇലകളും ഒരു പ്രളയകാലം ഓര്‍മ്മിപ്പിക്കും. പക്ഷേ
വെട്ടിക്കളയണമെന്ന് പലതവണ പലരും ഓര്‍മ്മിപ്പിച്ചെങ്കിലും അതിനുള്ള മനസ്സ്
വന്നില്ല എന്നുള്ളതാണ്, സത്യം. ഒരു പൂക്കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഈ
ചുവന്ന വസന്തത്തെ എങ്ങനെ ഒഴിവാക്കും, നിങ്ങള്‍ പറയൂ...