Followers

Wednesday, August 5, 2009

പ്രണാമം -എം.കെ.ചന്ദ്രശേഖരൻ


ആദ്യം നിന്നെ കണ്ടുമുട്ടുമ്പോഴുള്ള എന്റെ മനസ്സിൽ കയറിപ്പറ്റിയ ധാരണകൾ-ഇപ്പോഴതൊക്കെ മാറി മറഞ്ഞിരിക്കുന്നു.
നീയൊരു വനകകന്യക. അപരിഷ്കൃതയും അസംസ്കൃത-ചിത്തയുമായവൾ. പുതിയൊരു യുഗത്തിന്റെ പിറവിയിലേയ്ക്കുറ്റുനോക്കുന്ന ഈ സന്ദർഭത്തിൽ-കാലഘട്ടത്തിന്റെ മാറ്റങ്ങളൊന്നും ഉൾക്കൊള്ളാനാവാത്ത ഒരു പ്രകൃത പെൺകുട്ടി. എനിക്ക്‌ തെറ്റിയെന്ന്‌ മനസ്സിലായത്‌ കുറെ വൈകിയാണെങ്കിലും, നീ ആരെന്ന്‌ ഇപ്പോൾ അറിയുന്നു. ഒരു താപസകന്യകയുടെ നിസ്സംഗത, നിർമ്മലത-കൊടുംതപസ്സിന്‌ ശേഷം മാത്രം കൈവരിക്കുന്ന ആദ്ധ്യാത്മിക പരിവേഷം. നീയൊരു വിജ്ഞാനഭണ്ഡാകാരത്തിന്റെ ഉടമയാണെന്ന്‌ മനസ്സിലായത്‌-ദുർഘട സന്ധികൾ തരണം ചെയ്ത്‌ മുന്നോട്ടു പോകാനുള്ള കരുത്തും മനോധൈര്യവും ഏറെ പേർക്ക്‌ പകർന്ന്‌ കൊടുത്തുവേന്ന്‌ മനസ്സിലായപ്പോഴാണ്‌. ഒരു സന്നിഗ്ദ്ധഘട്ടത്തിൽ നീയെനിക്ക്‌ നൽകിയ ഉത്തേജനം. എന്നിലെ ശക്തിയേയും ദേവനേയും-അതോടൊപ്പം എന്നിൽ കുടികൊള്ളുന്ന അസുരനേയും തിരിച്ചറിയാനായപ്പോഴാണ്‌, അപ്പോൾ എന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ വികാരമെന്തായിരുന്നു? ഒരു ഭക്തന്റെ പ്രണാമമായിരുന്നോ? ശക്തിയുടെ മുന്നിൽ അടിയറവ്‌ പറഞ്ഞ ഒരു ശാഷ്ടാംഗപ്രണാമം. നീയൊരു ഗിരിശൃംഖംപോലാണെന്ന്‌ ഞാൻ പിന്നീട്‌ മനസ്സിലാക്കി. ഹിമവാന്റെ ഔന്നത്യം-മഞ്ഞുതുള്ളിയുടെ കുളിർമ, സൗമ്യത, ആശ്രമമൃഗത്തിന്റെ നിഷ്കളങ്കത, ഒരു മഹർഷിവര്യന്റെ നിസ്സംഗത-അതെല്ലാം നിന്നിൽ അന്തർലീനമായിരിക്കുന്നു.
എത്രയോ പേർക്ക്‌ നീ ശാന്തിമന്ത്രം പകർന്ന്‌ കൊടുത്തിരിക്കുന്നു. നീയുരുവിടുന്ന ഓരോ മന്ത്രത്തിനും സൗമ്യതയും ശാന്തിയും ശക്തിയും ഉണ്ടെന്ന്‌ തിരിച്ചറിഞ്ഞവർ എത്ര പേർ? തങ്ങളുടെ ശക്തി ദൗർബല്യങ്ങളെ തിരിച്ചറിഞ്ഞ്‌ പാകചിത്തരായി പോയവർ പുതിയൊരു വഴിത്താരയാണ്‌ കണ്ടെത്തിയത്‌. പക്ഷേ, നീയൊരുക്കിയിരുന്ന വാത്മീകത്തിൽ നിന്ന്‌ പുതിയ വെളിച്ചം തേടി മടങ്ങിയവരിൽ ചിലരെങ്കിലും നിന്നെ മനസ്സിലാക്കാത്തവരായിരുന്നു. എന്നിട്ടും നിസ്സംഗതയോടെ എന്നാൽ ഔന്നത്യത്തോടെ തന്നെ നീ നിലകൊണ്ടു. നീയൊരു മഹാനദിയുടെ ഉത്ഭവമായി മാറിയ മറ്റൊരു കഥയും ഞാനറിഞ്ഞു. പൂർവ്വജന്മത്തിലെ അപചയം ഉൾക്കണ്ണാലെ കണ്ടറിഞ്ഞപ്പോൾ നിന്നിലെ വിഷാദം ഘനീഭവിച്ച്‌ പുകഞ്ഞുയർന്ന്‌, വികാരവിക്ഷുബ്ധയായിത്തീർന്ന ഒരവസരത്തിൽ പൊട്ടിത്തെറിച്ച്‌, അഗ്നിതിളച്ച്‌ മറിയുന്ന ലാവയായി താഴ്‌വാരത്തിലേക്ക്‌ ഒഴുകിയപ്പോൾ-നീയൊരു മഹാനദിയായി മാറിയത്‌ അങ്ങനെയാണ്‌.
താഴ്‌വാരങ്ങളെ ഫലഭൂയിഷ്ടമാക്കി, വരണ്ട പ്രദേശങ്ങളെ തഴുകി, പ്രകൃതിയുടെ വരദാനമായി മാറിയ നീ തന്നെ ചിലപ്പോൾ- ആർത്തട്ടഹസിച്ച്‌ കുലംകുത്തിയൊഴുകി, സർവ്വതും പിഴുതെറിഞ്ഞ്‌, സംഹാരരുദ്രയായി മാറുന്നതും ഞാൻ കണ്ടു. അവിടെ നീ നിന്റെ മുഖംമൂടി അഴിച്ച്‌ വച്ച്‌ നിന്റെ മറ്റൊരു മുഖം നീ പ്രകടിപ്പിക്കുന്നു. അപ്പോൾ ഞാൻ നിന്നെ പ്രണമിച്ചതു ഭയഭക്തി ബഹുമാനങ്ങളോടെ ആയിരുന്നു.
പക്ഷേ, നിന്റെയീ ഭാവമാറ്റങ്ങൾ എത്രപേരറിയുന്നു. നീയാരെന്നറിയുന്നതും എത്രപേർ? കരയാതെയും ചിരിക്കാതെയും ചിലപ്പോൾ കരഞ്ഞും ചിരിച്ചും നിശ്ശബ്ദയായി ഒഴുകുന്ന നിന്റെ ലക്ഷ്യം-?
നീയൊരു സാഗരം ലക്ഷ്യമാക്കി നിന്റെ പ്രയാണം തുടങ്ങുന്നു. ഏത്‌ നദിയുടെയും ലക്ഷ്യം സമുദ്രമാണല്ലോ. നിന്റെ മനസ്സ്‌ തന്നെ സമുദ്രമായി മാറുന്ന അവസരങ്ങളും വന്നുപെടുന്നു. കാമുകന്റെ ദർശനവേളയിലെ ആ ഉത്സവപ്രകർഷം - ആ തിമിർപ്പ്‌ -സംഗമ സമയത്തെ അനിർവചനീയമായ ഭാവവാവാദികൾ-അവിടെ ഞാനും നിന്നെ നമിക്കുന്നു. നീ സമുദ്രമായി മാറിക്കഴിഞ്ഞു.
നീ ശാന്തയായി മാറുന്നു. ഈ പ്രപഞ്ചത്തിലെ കോടാനുകോടി ജീവജാലങ്ങൾ നിന്നെ സ്തുതിക്കുന്നു. പക്ഷേ, ശാന്തയാണെങ്കിലും നിന്നിലെത്രയോ അടിയൊഴുക്കുകൾ-മലരുകൾ-ചുഴികൾ-നീ പേറുന്ന മാനസിക സംഘർഷാവസ്ഥ-എത്ര പേരറിയുന്നു? ചിലരെങ്കിലും നിന്നെ നമിക്കുന്നത്‌ നിന്നിൽ അന്തർലീനമായിരിക്കുന്ന അമൂല്യസമ്പത്തിനെ പ്രതിയാണ്‌. മുത്തുകൾ, ചിപ്പികൾ, പവിഴപ്പുറ്റുകൾ. നീപേറുന്ന ഈ അമൂല്യ സമ്പത്തിനെപ്പറ്റി നീയൊന്നും അറിയുന്നില്ല എന്നതാണ്‌ നിന്റെ ഏറ്റവും വലിയ ദുരന്തവും. ഒരു മഹാസാഗരമായി മാറിയപ്പോൾ നിന്നിൽ വന്നുചേർന്നമാറ്റം-നീയറിയാതെ പോവുന്നു. ഇപ്പോഴും എപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നത്‌ അത്‌ തന്നെയാണ്‌. വീണ്ടും നിനക്കൊരു വിഷാദയോഗം. അത്‌ നിന്റെ മഹത്വത്തിന്റെ-ശക്തിയുടെ മറ്റൊരു വശമാണ്‌. നിന്റെ നിശ്വാസം ഘനീഭവിച്ച്‌ മേലോട്ടുയരുന്നു. നിന്റെ മനസ്സിന്റെ വിഷുബ്ധതപോലെ അത്‌ മേഘക്കൂട്ടമായി മാറുന്നു. ഈ ഭൂഗോളം ആകെ പ്രകമ്പനം കൊള്ളിക്കുന്ന തരംഗങ്ങൾ നീ സൃഷ്ടിക്കുന്നു. നിന്റെ പ്രയാണം ഇപ്പോൾ ആ ദിശയിലേയ്ക്കാണ്‌.
ഓരോ സൃഷ്ടിയുടെയും രഹസ്യമെന്തന്നറിയാൻ സ്രഷ്ടാവ്‌ തന്നെ ചിലപ്പോൾ മുതിരാറുണ്ട്‌. സ്രഷ്ടാവിന്‌ തന്നെ അജ്ഞാതമായൊരു ശക്തി നിയോഗത്താൽ ആപ്രക്രിയ തുടങ്ങിവയ്ക്കുന്നതെപ്പോഴെന്നോ, എന്തിനെന്നോ അറിയുന്നില്ല. ആ ദിശയിലേയ്ക്കുള്ള ഒരു തിരിച്ചുപോക്ക്‌, നീ വീണ്ടും ഗിരിശൃംഖങ്ങളിലേക്ക്‌ മടങ്ങുകയാണ്‌. നിന്നെ ഞാൻ പ്രണമിക്കട്ടെ.
എന്നിലെ സൃഷ്ടി-സ്ഥിതി-സംഹാര ഭാവങ്ങളെ ഉണർത്തിയ ദേവി.
എന്നിലെ മനുഷ്യനേയും അസുരനേയും തിരിച്ചറിയാനെന്നെ പ്രാപ്തനാക്കിയ എന്റെ ദേവീ-എന്നിലെ ശക്തി ദൗർബല്യങ്ങളെ പരീക്ഷിച്ചറിഞ്ഞ്‌ പുതിയൊരു പ്രണവമന്ത്രം ഉപദേശിച്ചു തന്ന എന്റെ ദേവീ- നിനക്കെന്റെ പ്രണാമം-പ്രണാമം.