Followers

Wednesday, August 5, 2009

ആഹ്ലാദത്തോടെ അഭിമാനത്തോടെ-ജി.എൻ.പണിക്കർ



ആഹ്ലാദത്തോടെ അഭിമാനത്തോടെ
ജി.എൻ.പണിക്കർ
മാത്യു നെല്ലിക്കുന്നിന്റെ മൂന്നു നോവലുകൾ വേലിയിറക്കം (1991), പ്രയാണം(1995), പത്മവ്യൂഹം(1996) ഒന്നിച്ച്‌ 'പത്മവ്യൂഹം' എന്ന പേരിൽ പുറത്തുവന്നിരിക്കുകയാണ്‌. ഈ നോവൽത്രയത്തിന്‌ അവതാരികയായി ഒരു കുറിപ്പെഴുതാൻ എനിക്കു ലഭിച്ച ഈ സന്ദർഭം എന്നെ സംബന്ധിച്ചിടത്തോളം പലതുകൊണ്ടും പ്രാധാന്യമാണ്‌; ആഹ്ലാദകരവും.
നമ്മുടെ സാഹിത്യത്തിന്റെ (സാഹിത്യവിമർശനത്തിന്റെയും) ഇന്നത്തെ സ്ഥിതി എന്താണ്‌? അഭിമാനിക്കാൻ വകനൽകുന്ന ണല്ലോരു പാരമ്പര്യമുണ്ട്‌ നമുക്ക്‌, സംശയമില്ല. മിക്കപ്പോഴും ദിശാബോധം നഷ്ടപ്പെട്ടിട്ടില്ലാത്തവരായിരുന്നു നമ്മുടെ മുൻതലമുറക്കാർ, ആത്മാർത്ഥതയും ആർജ്ജവും അവരെ എന്നും അനുഗ്രഹിച്ചിരുന്നു. മൊത്തത്തിൽ പറയുമ്പോൾ, അവർ ചെറിയ മനുഷ്യരാവാം. 'പക്ഷേ ഒരർത്ഥത്തിൽ അവർ 'വലിയ'വരായിരുന്നു. വലിപ്പമുള്ള മനസ്സിന്റെ ഉടമകളായിരുന്നു. ഈ സ്ഥിതി എന്നും തുടരുന്നുണ്ടോ എന്ന ചോദ്യത്തിന്‌ കാര്യങ്ങൾ തുറന്നുപറയാൻ ചങ്കൂറ്റമുള്ള ആരുമില്ല എന്ന മറുപടിയാവും നൽകുക. എന്തുകൊണ്ട്‌, ഈ സ്ഥിതിവിശേഷം സംജാതമായി? ആരാണ്‌ ഇതിനുത്തരവാദികൾ? ഇതിൽനിന്നൊരു മാറ്റം എങ്ങനെ നമുക്കു കൈവരുത്താം?
സാഹിത്യവും സാഹിത്യവിമർശനവും ഏതാനും ചില വ്യക്തികളുടെ, ഗ്രൂപ്പുകളുടെ 'കുടുംബസ്വത്തായി' തീർന്നപോലുണ്ട്‌ ഇന്ന്‌. എത്രയെത്ര ഗ്രൂപ്പുകൾ ! ഓരോ ഗ്രൂപ്പിന്റെയും ഇവ ചിലപ്പോൾ 'മൂവർസംഘങ്ങളാവാം', 'നാൽവർ' സംഘങ്ങളാവാം. മറ്റു ചിലപ്പോൾ ഏതെങ്കിലും സമുദായത്തിന്റെയോ രാഷ്ട്രീയപാർട്ടികളുടെയോ 'കിങ്കരപ്രതിഭ'കളാവാം! സംരക്ഷണവും പ്രോത്സാഹനവും ഏറ്റെടുത്ത ആനുകാലിക പ്രസിദ്ധീകരണങ്ങളും സാഹിത്യത്തെ സാഹിത്യബാഹ്യമായ പരിഗണനയോടെമാത്രം കാണാൻ ശഠിക്കുന്ന സാഹിത്യവിമർശകരും കൂടി ആയപ്പോൾ നമ്മുടെ സമകാലസാഹിത്യത്തിന്റെ ഇരുണ്ട ചിത്രം പൂർണ്ണമായി. (എന്റെ വിശ്വാസ്യത നഷ്ടപ്പെട്ട സാഹിത്യവിമർശനം (1997 ജനുവരി) എന്ന പുസ്തകത്തിൽ നമ്മുടെ സാഹിത്യരംഗത്തെ കള്ളികൾ പലതും ഞാൻ തുറന്നുപറഞ്ഞിട്ടുണ്ട്‌.) 'ചെട്ടിമിടുക്കി'ന്റെ ഇക്കാലത്ത്‌ യഥാർത്ഥ പ്രതിഭകൾ മിക്കപ്പോഴും കാര്യമായി ശ്രദ്ധിക്കപ്പെടാതെപോകുന്നു. ശ്രദ്ധിക്കപ്പെടുന്നവരെല്ലാം കളിമൺദൈവങ്ങളാണെന്നല്ല ഇപ്പറഞ്ഞതിനർത്ഥം. അംഗീകാരം ചുളുവിൽ നേടുന്നവരിൽ അത്‌ തരപ്പെടുത്തി എടുക്കുന്നവർ അനേകമുണ്ട്‌ എന്നേ ഇത്തിർത്ഥമുള്ളു!
'കളരിപ്പയറ്റും"പാരവയ്ക്കലും' ഒക്കെ നന്നായറിയുന്ന പ്രതിഭകൾ കേരളത്തിൽ അരങ്ങുതകർക്കുമ്പോൾ ബഹുസഹസ്രം കിലോമീറ്റർ അകലെ, അന്യഭൂഖണ്ഡങ്ങളിലും നാടുകളിലും കഴിയുന്ന മലയാളികളായ്‌ എഴുത്തുകാരെ, അവർ യഥാർത്ഥത്തിൽ പ്രതിഭാധനരാണെങ്കിൽപ്പോലും ആര്‌ ശ്രദ്ധിക്കാനാണ്‌? രണ്ടോ മൂന്നോ എഴുത്തുകാരുടെ കൃതികൾമാത്രം പേർത്തും ചേർത്തും വായിക്കുകയും അവയെക്കിറിച്ചു മാത്രം നിരങ്കുശ്ശം നിർലജ്ജം എഴുതി സായൂജ്യമടയുകയും ചെയ്യുന്ന നിരൂപകശ്രേഷ്ഠരുടെ ദിവ്യശ്രദ്ധയുണ്ടോ അവരുടെ നേർക്കുതിരിയുന്നു?
ഈ സാഹചര്യത്തിലാണ്‌ മാത്യു നെല്ലിക്കുന്നിനെപ്പോലുള്ള എഴുത്തുകാർ നമ്മുടെ ശ്രദ്ധയിലെത്തുക. മൂവാറ്റുപുഴയ്ക്കടുത്ത്‌ വാഴക്കുളത്ത്‌ 1943-ൽ ജനിച്ച്‌. മൂവാറ്റുപുഴ നിർമ്മലാ കോളേജിൽ നിന്ന്‌ ബി.കോം.ബിരുദം നേടി, കൊച്ചിയിലും ബോംബെയിലും ജോലി നോക്കി, 1947-ൽ അമേരിക്കയിലെത്തിച്ചേർന്നു മാത്യു നെല്ലിക്കുന്ന്‌. കാൽശതാബ്ദത്തോളമാകുന്നു മാത്യു അമേരിക്കയിൽ ചേക്കേറിയിട്ട്‌. ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കിയിട്ടും മാത്യുവിന്റെ മനസ്സിലും ചിന്തയിലും സദാ നിറഞ്ഞുനിൽക്കുന്നത്‌ നമ്മുടെ ഈ കൊച്ചുകേരളമാണ്‌. ഈ കേരളവുമായി ബന്ധപ്പെട്ട ഓർമ്മകളും ഓർമ്മത്തെറ്റുകളുമാണ്‌.
ഏതാനും മാസങ്ങൾക്കുമുമ്പുമാത്രമാണ്‌ മാത്യു നെല്ലിക്കുന്നിനെ ഞാൻ ആദ്യമായി കാണുന്നത്‌. അതിനു കാരണമായിത്തീർന്നത്‌ എന്റെ ചിരകാല സുഹൃത്തും പ്രമുഖ പത്രപ്രവർത്തകനും കഥാകൃത്തുമായ വിതുര ബേബിയാണ്‌. 'വിദേശ മലയാള സാഹിത്യവേദി'യുടെ 1995ലെ അവാർഡ്‌ നിർണ്ണയിക്കുന്നതിനുള്ള കമ്മിറ്റിയിലേക്ക്‌ ബേബി എന്നെ ക്ഷണിച്ചു. അയച്ചുകിട്ടിയതും 'വിദേശ മലയാളസാഹിത്യവേദി' സ്വയം കണ്ടെത്തിയതുമായ ഗ്രന്ഥങ്ങളാണ്‌ കമ്മിറ്റിയുടെ മുമ്പിലെത്തിയത്‌. അക്കൂട്ടത്തിൽ പല സവിശേഷതകളാലും ഞങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റി മാത്യു നെല്ലിക്കുന്നിന്റെ ശ്രദ്ധപിടിച്ചുപറ്റി മാത്യു നെല്ലിക്കുന്നിന്റെ 'പ്രയാണം' എന്ന നോവൽ. ആ അവാർഡ്‌ നൽകുന്ന സമ്മേളനമായിരുന്നു തിരുവനന്തപുരത്ത്‌ കേസരി മെമ്മോറിയൽ ഹാളിൽ നടന്നത്‌. മാത്യു നെല്ലിക്കുന്നുമായി ഞാൻ പരിചയപ്പെട്ടത്‌ അവിടെവച്ചായിരുന്നു. പ്രായം അമ്പത്തിമൂന്നു കഴിഞ്ഞെങ്കിലും സുമുഖനായ മാത്യുവിനെ കണ്ടാൽ മുപ്പതുമുപ്പത്തഞ്ചേ മതിക്കൂ. വളരെയൊന്നും സംസാരിക്കാത്ത പ്രകൃതമാണെന്ന്‌ കാഴ്ചയിൽത്തോന്നി; അതേ സമയം വിനയസമ്പന്നനും. ഏതാനും മണിക്കൂറുകൾക്കുമുമ്പുമാത്രം കേരള നിയമസഭയുടെ സ്പീക്കറായി ഉയർത്തപ്പെട്ട എം.വിജയകുമാറായിരുന്നു അവാർഡ്‌ കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ ഞാൻ പ്രസംഗിക്കുകയും ചെയ്തു. കേസരി മെമ്മോറിയൽഹാൾ നിറഞ്ഞുകവിഞ്ഞിരുന്ന പ്രബുദ്ധരും സൗഹൃദയരുമായ സദസ്യർ മാത്യു നെല്ലിക്കുന്നിന്‌ ആശംസകൾ നേർന്ന ആ മുഹൂർത്തം.
കഥകളും നോവലുകളുമാണ്‌ മാത്യു എഴുതിവരുന്നത്‌. 'വേലിയിറക്കം' പ്രസിദ്ധപ്പെടുത്തിയപ്പോൾ ആമുഖമായി മാത്യു നെല്ലിക്കുന്ന്‌ എഴുതി.
'ഒരു നോവൽകൂടി അവതരിപ്പിക്കട്ടെ. നിങ്ങളുടെ പ്രതികരണം എനിക്ക്‌ ആവേശം പകരുന്നു. ഇതിലെ കഥാപാത്രങ്ങൾ ഭാവനാസൃഷ്ടികളാണ്‌. എങ്കിലും നിങ്ങൾക്കു നന്നായി അറിയാവുന്ന ഏതാനും വ്യക്തികളും സന്ദർഭങ്ങളും ഇതിൽ പ്രതൃക്ഷപ്പെടുന്നുവെന്നത്‌ തീർച്ച. മറക്കാനാഗ്രഹിക്കുന്ന ചില സംഭവങ്ങൾ ഓർമ്മയിൽ നുരയിടുവാൻ ഇത്‌ ഇടയാക്കുന്നുവേങ്കിൽ മാപ്പുതരിക അമേരിക്കൻ മലയാളികളുടെ മൂല്യങ്ങൾ അതുല്യമാണല്ലോ..."
ഹൃസ്വമായ ഈ ആമുഖക്കുറിപ്പുതന്നെ നോവലിസ്റ്റിന്റെ വ്യക്തിത്വത്തെയും സമീപനത്തെയുംകുറിച്ച്‌ നമുക്കു ഗണ്യമായ അറിവുനൽകുന്നു. വ്യാഖ്യാനമോ ഭാഷയോ ആവശ്യമില്ലാത്തവിധം ഋജുവും സുതാര്യവുമാണ്‌ ആ പ്രസ്താവം.
നോവൽ ആരംഭിക്കുന്നത്‌ നോക്കുക.
"അടച്ചിട്ട ജനാലയുടെ ചില്ലുകളിലൂടെ കാറ്റിന്റെ ഇരമ്പൽ കേട്ടുകൊണ്ടാണ്‌ രാജൻ രാവിലെ ഉണർന്നത്‌. ചില്ലുകളിൽവീണ തുഷാരബിന്ദുക്കൾ പളുങ്കുമണികൾപോലെ പൊട്ടിച്ചിതറി".
"മഞ്ഞണിഞ്ഞ വെളുത്ത അൽപിനാനഗരം ജനാലയ്ക്കു വെളിയിൽ ഉറങ്ങിക്കിടന്നു. ഡിസംബറിൽ പതിവിലും നേരത്തെ ആർത്തലച്ചുവരുന്ന കനേഡിയൻ കാറ്റിന്റെ കൊടുംശൈത്യം നഗരത്തെ ത്രസിപ്പിച്ചു. വെളിച്ചവും ചൂടുംകിട്ടാതെ നഗരം ഒരു കന്യകയെപ്പോലെ കുളിർന്നു വിറങ്ങലിച്ചു."
"ആളൊഴിഞ്ഞ തെരുവുകൾ. മഞ്ഞുശകലങ്ങൾ മൂടിയ പൈൻ മരങ്ങൾ..."
അമേരിക്കയിലെത്തിയിട്ട്‌ രണ്ടുമാസംപോലും തികയാത്ത ഇരുപത്തിമൂന്നു വയസ്സുകാരനായ രാജന്റെ ഹൃദ്യമായ അനുഭവങ്ങളുടെ ചുരുൾ ഗ്രന്ഥകാരൻ നിവർത്തിക്കാണിച്ചു തുടങ്ങുന്നത്‌ തികച്ചും നാടകീയമായിത്തന്നെ; കലാചാരുതയോടും.
കാതറൈൻ എന്ന വെള്ളക്കാരിയെ വിവാഹംചെയ്ത്‌ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോക്ടർ കുരുവിള തോമേസ്ന ജേഷ്ഠനുമായാണ്‌ രാജന്റെ താമസം. മിച്ചിഗണിൽ ബൈബിൾ പഠിക്കാൻപോയ നാട്ടുകാരനിലൂടെ ഡോക്ടറുടെ വിവാഹവാർത്ത വീട്ടിലെത്തിയപ്പോൾ സന്ധ്യയ്ക്കുള്ള പതിവുക്വോട്ടാ രണ്ടുകുപ്പി കള്ളുമോന്തിയ തോമ്മാച്ചേട്ടൻ പറഞ്ഞു. "വെളുത്ത തൊലികണ്ട്‌ മണ്ടൻ മയങ്ങിപ്പോയി!" അഞ്ചുവർഷങ്ങൾക്കുശേഷം അമ്മ ആസന്നനിലയിലാണെന്ന കമ്പികിട്ടി പശ്ചാത്താപവിവശനായി നാട്ടിലെത്തിയ ഡോക്ടർ കുരുവിളയാണ്‌ രാജനെ അമേരിക്കയിലേക്ക്‌ കൂട്ടിക്കൊണ്ടുപോന്നത്‌. ചേട്ടനും ചേട്ടത്തിയുമൊത്തു താമസിച്ചുതുടങ്ങിയ രാജൻ. ഡിട്രോയിറ്റ്‌ നഗരത്തിലെ 'സ്മാർട്ടൻ ഓട്ടോ' കമ്പനിയിൽ രാജന്‌ ജോലിവാങ്ങിക്കൊടുത്തു ഡോക്ടർ; തീരെ പഴയതല്ലാതെ ഒരു കാറും. ഏൽപിക്കുന്ന ഏതു ജോലിയും നന്നായി ചെയ്യുന്ന രാജനെ ആൽവിൻ മുതലാളിക്ക്‌ ഇഷ്ടമായി. കമ്മ്യൂണിറ്റി കോളേജിൽചേർന്ന്‌ കാറിന്റെ എൻഞ്ചിനെയും ഗിയർബോക്സിനെയുംകുറിച്ച്‌ പഠിക്കാൻ രാജനെ പ്രേരിപ്പിച്ചതും ആൽവിൻ മുതലാളിതന്നെ. യാദൃശ്ചികമായി കണ്ടെത്തിയ സാൻഡി എന്ന അമേരിക്കൻപെണ്ണിന്റെ കാറിൽ ടയർ മാറ്റിയിട്ടു കൊടുത്തതുമുതൽ രാജന്‌ അവളോട്‌ പരിചയമായി. ആ പരിചയം രൂക്ഷമായ ഗാഢാനുരാഗമായും മാറാൻ അധികസമയം വേണ്ടിവന്നില്ല. രാവിലെ ഹോട്ടൽ റിസപ്ഷനിസ്റ്റായി വേഷമിടുന്ന സാൻഡി രാത്രി പഠിക്കാൻ പോകും. എക്സറേ ടെക്നിഷ്യനാവാനാണ്‌ അവൾക്കുമോഹം. ജ്യേഷ്ഠന്റെ ധനസഹായത്തോടെ രാജൻ സ്പാർട്ടൻ ഓട്ടോ കമ്പനി സ്വന്തമാക്കി. രാജനും സാൻഡിയുമായുള്ള വിവാഹം. അവർക്ക്‌ രണ്ടു കുട്ടികളും പിറന്നു; ഒരാണും ഒരുപെണ്ണും.
സാൻഡി രണ്ടു പട്ടിക്കുട്ടികളെ വാങ്ങിയതോടെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായി. പട്ടികളെ വീട്ടിനുള്ളിൽത്തന്നെ വളർത്തുക, ഉറങ്ങുമ്പോൾ കൂടെക്കിടത്തുക ഇത്‌ മദാമ്മമാരുടെ രീതിയാണ്‌. രാജന്‌ ഇത്‌ അരോചകമായിത്തോന്നി. സാൻഡിക്കു കൂട്ടുകിടന്ന ബ്രൂണോയെ വലിച്ചെറിയുകയും അതു കണ്ട്‌ മുരണ്ട ജൂലി എന്ന പെൺപട്ടിയെ അവൾ സാലിയുടെ കാല്‌ നക്കിക്കൊണ്ടിരിക്കുകയായിരുന്നു മാസികയെടുത്ത്‌ അടിക്കുകയും ചെയ്തപ്പോൾ സാൻഡി 'പെൺപുലിയായി' അവർ തമ്മിലുള്ള അകൽച്ച അങ്ങനെയാരംഭിച്ചു. അമേരിക്കയിൽ ഇൻഷ്വറൻസ്‌ ബിസിനസ്‌ നടത്തുന്ന സോമനും അയാളുടെ ഭാര്യ ഇന്ദിരയുമായി രാജൻ അടുക്കുന്നു. രോഗിയായ അവറാച്ചനെയും ഭാര്യ സാറാക്കുട്ടിയേയും കാണാൻ രാജനെ കൂട്ടിക്കൊണ്ടുപോകുന്നത്‌ സോമനാണ്‌. ആ സന്ദർശനം സോമന്റെ ജീവിതത്തിലെ വഴിത്തിരിവായി. സാറാക്കുട്ടിയുമായി അയാൾ അടുത്തു. സാറാക്കുട്ടിയുടെ ഭർത്താവിന്റെ മരണം. സംശയാധീനയായ സാൻഡി ഏർപ്പെടുത്തിയ സ്വകാര്യ കുറ്റാന്വേഷകൻ കിടപ്പറയിൽ അവർ ഒന്നിച്ചുനിൽക്കുന്ന ഫോട്ടോ എടുത്തതോടുകൂടി രാജൻ അതുവരെ സമ്പാദിച്ചതെല്ലാം സാൻഡിക്കും കുട്ടികൾക്കുമായി അതാണ്‌ അമേരിക്കയിലെ നിയമം. എല്ലാം നഷ്ടപ്പെട്ടെങ്കിലും ഇനിയും ജോലിചെയ്ത്‌ രക്ഷപ്പെടാമെന്ന്‌ ധൈര്യമുള്ള രാജൻ സാറാക്കുട്ടിയെ വിവാഹം ചെയ്യുന്നു. അമേരിക്കയിൽ ഫെല്ലോഷിപ്പ്‌ കിട്ടിയെത്തിയ ആന്റണി എന്ന ചെറുപ്പക്കാരൻ സാറാക്കുട്ടിയുടെ ആങ്ങളയുടെ ഭാര്യാസഹോദരൻ അവരോടൊപ്പം താമസമാക്കുന്നത്‌ സാറാക്കുട്ടിയുടെ നിർബന്ധപ്രകാരംതന്നെ. ആന്റണിയും സാറാക്കുട്ടിയുമായുള്ള കാമകേളികൾ രഹസ്യമായി വീഡിയോയിൽ പകർത്തുന്നു രാജൻ. സാറാക്കുട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ച്‌ ന്യൂയോർക്കിലേക്കു നീങ്ങുന്നു അയാൾ.
വികാരോജ്ജ്വലവും ദയനീയവുമായ ഒരന്ത്യത്തിന്റെ ആരംഭം ഇതുമുതലാണ്‌. 'വേലിയിറക്ക'ത്തിന്റെ അവസാനപുറങ്ങൾവരെ വേദനയുടെ കഥകളാണ്‌.
പഴക്കംചെന്ന നായാട്ടുകാരനായ പാപ്പച്ചായനും പ്രകൃതിയുടെ സൗന്ദര്യത്തിൽ മനസ്സ്‌ നഷ്ടപ്പെട്ടുപോകാറുള്ള ജേക്കബ്ബും നായാട്ടിന്‌ വനത്തിലൂടെ നീങ്ങുന്ന ദൃശ്യവുമായാണ്‌ 'പ്രയാണം' എന്ന രണ്ടാമത്തെ നോവൽ ആരംഭിക്കുന്നത്‌. ജേക്കബ്ബിനെ നായാട്ട്‌ പഠിപ്പിക്കുകയാണ്‌ പാപ്പച്ചായൻ. സീമ എന്ന പെൺകുട്ടിയിൽ അനുരക്തനാവുന്നു ജേക്കബ്ബ്‌. സഹപാഠിയായ എബ്രഹാമുമായി ഊരുചുറ്റിനടന്ന ജേക്കബ്ബ്‌ സീമയുടെ തന്റേടംകണ്ടും കളിയാക്കൽ കേട്ടും ആകെ വിളറുന്നു. (ജേക്കബ്ബ്‌ നായാട്ടിനൊന്നും പോകാറില്ലേ? എന്തിനാണ്‌ പെണ്ണുങ്ങളുടെ കുളിക്കടവിൽ നോക്കിനിൽക്കുന്നത്‌?) ജേക്കബ്ബ്‌ മൗനിയായി. എങ്കിലും അയാൾ സീമയെത്തേടി നടന്നു. ആദ്യാനുരാഗത്തിന്റെ വിസ്മയവും വിധേയത്വവുമായി. കോളേജിൽവച്ച്‌ സീമ ജേക്കബ്ബിനെ ശ്രദ്ധിക്കാതെ കടന്നുപോയി. കോളേജിലെ പ്രശസ്തനാടകനടിയായി ഉയരുന്ന സീമ. അവൾക്ക്‌ 'രാധിക' എന്ന കള്ളപ്പേരുവച്ച്‌ ജേക്കബ്ബ്‌ കത്തെഴുതുന്നു. ആ വിവരം പുറത്തുവന്നതോടുകൂടി സീമയുടെ കോളേജ്‌ വിദ്യാഭ്യാസം അവസാനിപ്പിച്ച്‌ അവളുടെ അപ്പൻ. ജേക്കബ്ബിന്‌ അത്‌ കൂനിന്മേൽക്കുരു എന്നപോലെയായി. മാപ്പുപറഞ്ഞുകൊണ്ട്‌ അയാൾ എഴുതിയ രണ്ടാമത്തെ കത്ത്‌ സ്വന്തം കുടുംബത്തിലും പ്രശ്നമായി. നിൽക്കക്കള്ളിയില്ലാതെ ജോലിതേടി പട്ടണത്തിലേക്ക്‌ പ്രയാണമാരംഭിച്ചു അയാൾ. സാജൻ എന്നൊരാളുടെ കത്ത്‌ അയാൾക്കുകിട്ടി. നോമ്പുകാലത്ത്‌ ഒന്നിച്ച്‌ പള്ളിയിൽ പോകണമെന്നാണ്‌ പറഞ്ഞിരുന്നത്‌. അമേരിക്കയിൽ നഴ്സായി ജോലിചെയ്യുന്ന സാറാമ്മ അവധിക്ക്‌ നാട്ടിലെത്തി. അവളുടെ ഒത്താശയോടുകൂടി ജേക്കബ്ബിന്‌ അമേരിക്കയിലേക്കു പോകാനുള്ള സാധ്യത തെളിഞ്ഞു. സൂസി എന്ന നഴ്സിനെ വിവാഹംചെയ്തപ്പോൾ അത്‌ ഉറപ്പാക്കുകയും ചെയ്തു. തനിക്ക്‌ കല്യാണം വേണ്ടെന്നുപറഞ്ഞ്‌ മാറിനിന്നുകൊണ്ട്‌ അനുജത്തിയുടെ കല്യാണത്തിനുള്ള ക്ഷണക്കത്ത്‌ സീമ ജേക്കബ്ബിന്‌ അയക്കുന്നു. അയാൾ പൊടുന്നനെ മനസ്സിലാക്കി തനിക്ക്‌ നേരത്തെ കത്തെഴുതിയ 'സാജൻ' സീമ തന്നെയാണെന്ന്‌! രണ്ടുകത്തുകളിലും ഒരേ കൈയക്ഷരം! പക്ഷേ വളരെ വൈകിപ്പോയിരുന്നു. ജേക്കബ്ബ്‌ നഷ്ടബോധത്തോടെ അമേരിക്കയിലേക്ക്‌ വിമാനം കയറി.
അമേരിക്കയിലെ ജീവിതം ജേക്കബ്ബിനും സൂസിക്കും രണ്ടുകുട്ടികളുമായി. പാപ്പച്ചായന്‌ സുഖമില്ലെന്നറിഞ്ഞ സമയത്താണ്‌ ജേക്കബ്ബ്‌ സകുടുംബം നാട്ടിലെത്തിയത്‌.സതീർത്ഥ്യനായ എബ്രഹാമിന്റെ ജീവിതത്തിനുണ്ടാവുന്ന പതനവും ജേക്കബ്ബിനെ ദുഃഖിപ്പിക്കുന്നു. വിവാഹം വേണ്ടെന്നുപറഞ്ഞ്‌ സീമ നിൽക്കുകയാണെന്നുള്ള അറിവ്‌ അയാളെ കൂടുതൽ ധർമ്മസങ്കടത്തിലാക്കി. അമേരിക്കയിലേക്ക്‌ അയാളുടെ മടക്കയാത്ര. അമേരിക്കയിലെത്തിയിരുന്ന തന്റെ കുടുംബാംഗങ്ങളുടെ കാര്യത്തിലായി സൂസിക്ക്‌ കൂടുതൽ താൽപ്പര്യം! ഷാജിമോന്‌ പതിനാറുവയസ്സു തികഞ്ഞപ്പോൾ പുതിയ കാറുവേണമെന്നായി. അതയാൾ വാങ്ങിക്കൊടുത്തു, സൂസിയുടെ നിർബന്ധത്തിനുവഴങ്ങി. ആളുകളെ സഹായിക്കുക എന്ന ജേക്കബ്ബിന്റെ രീതിയെ സൂസി ചോദ്യം ചെയ്തു. എതിർത്തും തുടങ്ങി. സ്വന്തം പേരിൽ അയാൾ അക്കൗണ്ടും ആരംഭിച്ചു. കോളേജ്‌ കഴിഞ്ഞ്‌ ഇരുട്ടിയിട്ടുമാത്രം വീട്ടിലെത്തുന്ന ശോഭമോൾ. ജാക്കി എന്ന അമേരിക്കൻ പെണ്ണിന്റെ പിറകെയോടുന്ന ഷാജിമോൻ. തലകറങ്ങിവീണ്‌ ഡിസ്ക്കുകൾതെറ്റി ജേക്കബ്ബ്‌ കിടപ്പിലായി. കോളേജ്‌ കഴിഞ്ഞാൽ ഡാഡിയുടെ അടുത്തെത്തണമെന്ന അമ്മയുടെ നിർദ്ദേശത്തിനു മക്കൾ മറുപടി നൽകി. "ഞങ്ങൾ വീട്ടുകാര്യം നോക്കിയാൽ പഠിത്തം മുടങ്ങും. ഡാഡിക്ക്‌ നാട്ടിൽ പോകാമല്ലോ. ജോലിചെയ്യാൻ പറ്റാത്ത ഡാഡി നാട്ടിൽപോയി വിശ്രമിക്കട്ടെ".
തന്നെ ആർക്കും ആവശ്യമില്ലെന്നുകണ്ട ജേക്കബ്ബ്‌ നാട്ടിലേക്കു മടങ്ങുന്നു. രോഗം മൂർച്ഛിച്ച്‌ മരിക്കാൻ കിടക്കുന്ന പാപ്പച്ചായൻ തന്റെ തോക്ക്‌ ജേക്കബ്ബിനു നൽകി. മരിക്കുന്നതിനുമുമ്പ്‌ തനിക്ക്‌ ഒരിക്കലെങ്കിലും സീമയെ കാണണമെന്ന്‌ ജേക്കബ്ബ്‌ ചിന്തിച്ചു. അയാൾ അവളോടു പറഞ്ഞു: "ഞാനൽപം വൈകിപ്പോയി. എന്നോടു പൊറുക്കണം മനഃപൂർവ്വമായിരുന്നില്ല."
അവളുടെ മറുപടി: "ജീവിതം ഇങ്ങനെയൊക്കെയല്ലേ? ഒന്നും സാരമില്ല...."ജീവിതത്തിൽ ജേക്കബ്ബ്‌ ധീരമായി സംസാരിച്ച അവസരമായി അത്‌. പാപ്പച്ചായൻ നൽകിയ തോക്കുമായി അയാൾ നടന്നുനീങ്ങി...
ആദ്യത്തെ രണ്ടു നോവലുകളുടെയും പ്രധാന പശ്ചാത്തലം അമേരിക്കയാണല്ലോ. എന്നാൽ, മൂന്നാമത്തെ നോവലിലെ 'പത്മവ്യൂഹ'ത്തിലെ കഥ നടക്കുന്നത്‌ കേരളത്തിൽത്തന്നെയാണ്‌. രവീന്ദ്രന്‌ അമ്മാവന്റെ മകൾ ശാരദയെ ജീവിതസഖിയായി സ്വീകരിക്കണമെന്നുണ്ട്‌. അവളുടെ മുടിയിൽ മുല്ലപ്പൂക്കൾ തിരുകിവയ്ക്കുകയും അവളെ ഗാഢംപുണർന്ന്‌ ചുംബിക്കുകയും ചെയ്യുന്ന രവീന്ദ്രൻ ദുസ്വാതന്ത്രം കാട്ടുകയാണ്‌ ചെയ്തത്‌. ശാരദ ചൊടിച്ചു; പരിഭവിച്ചു. അമ്മാവന്റെ രോക്ഷംഭയന്ന്‌ രവീന്ദ്രൻ പട്ടണത്തിലെ ചെറിയമ്മയുടെ വീട്ടിലെത്തുന്നു. മക്കളില്ലാത്ത ചെറിയമ്മയും ഭർത്താവും രവീന്ദ്രനെ ഒപ്പം നിർത്തി പഠിപ്പിച്ച്‌ ഉദ്യേഗസ്ഥനാക്കുന്നു. ശാരദയുടെ പഠനം അമ്മാവൻ അവസാനിപ്പിച്ചതു അയാളറിഞ്ഞു. ഒടുവിൽ അവൾ രോഗബാധിതയായി അകാലചരമമടഞ്ഞു. ആ മരണം രവീന്ദ്രന്‌ താങ്ങാനാവാത്ത ആഘാതമായി. ഉദ്യേഗംകിട്ടി മറ്റൊരിടത്ത്‌ താമസിക്കാനെത്തുന്ന രവീന്ദ്രൻ രാധ എന്ന പാവാടക്കാരിയുമായി പരിചയമാവുന്നു. അടുക്കുന്നു. ഗ്രന്ഥങ്ങളിൽ താൽപര്യമുള്ള രവീന്ദ്രന്‌ അവൾ പുസ്തകങ്ങൾ എത്തിച്ചുകൊടുക്കുന്നു. പുസ്തകങ്ങളോടൊപ്പം അവർ കത്തുകളും കൈമാറുന്നുണ്ട്‌. പക്ഷേ ഉടനെ രാധയെ വിവാഹം ചെയ്യാനോക്കാത്ത അവസ്ഥയിലാണ്‌ രവീന്ദ്രൻ. പ്രായം തികഞ്ഞു നിൽക്കുന്ന മൂന്നു സഹോദരിമാരുടെ കല്യാണം രവീന്ദ്രൻ മുൻകൈയെടുത്തു നടത്തേണ്ടതുണ്ട്‌. ഒരു സഹോദരിയുടെ വിവാഹം നടത്തി. അവധിക്കാലം തീർന്നപ്പോൾ മടങ്ങിയെത്തിയ രവീന്ദ്രനെക്കാത്ത്‌ രാധയുടെ ഏതാനും കത്തുകൾ കിടക്കുന്നു. വടക്കേ ഇന്ത്യയിൽ ജോലിയുള്ള ഒരാളുടെ ഭാര്യയായി അവർ മാറിയിരുന്നു ഇതിനകം. ശാരദയുടെ മരണവും രാധയെ നഷ്ടപ്പെടലും അയാളെ ആകെയുലച്ചു.
ചെറിയമ്മയും ഭർത്താവും പറഞ്ഞതനുസരിച്ച്‌ ഹോട്ടലുടമയുടെ മകൾ ഭാനുമതിയെ രവീന്ദ്രൻ വിവാഹം ചെയ്തു. ബിസിനസ്സിൽ നല്ലകണ്ണുള്ള അയാൾ അടിവച്ചടിവച്ച്‌ കയറി. ഇതിനകം ഗുമസ്തപ്പണി അയാൾ ഉപേക്ഷിച്ചിരുന്നു. രവീന്ദ്രന്റെയും ഭാനുമതിയുടെയും മക്കൾ അകലെയുള്ള പട്ടണത്തിലെ ഹോസ്റ്റലിൽ നിന്നു പഠിച്ചു. പണമുണ്ടായിട്ടും രവീന്ദ്രന്‌ മനുഷ്യത്വം കൈമോശം വന്നില്ല: പഴയ സുഹൃത്തുക്കളെ, അവർ താഴേത്തട്ടിലുള്ളവരായാലും, രവീന്ദ്രൻ മറന്നതുമില്ല. ശ്വാസകോശാർബുദം പിടിപെട്ട ഭാനുമതിയുടെ മരണം രവീന്ദ്രനെ അസ്തവീര്യനാക്കി. മക്കളെ ബിസിനസ്സെല്ലാം ഏൽപിച്ച്‌ ദേശാടനത്തിനിറങ്ങുന്നു അയാൾ. നഗ്നപാദനായി ഊരുചുറ്റുന്ന അയാളുടെ ലക്ഷ്യം ആത്മീയമായ വെളിച്ചം കണ്ടെത്തലാണ്‌. ലൗകികബന്ധങ്ങളിൽ നിന്ന്‌ വിമോചനവും വിരക്തിയും ഇതാണ്‌ രവീന്ദ്രൻ ലക്ഷ്യമാക്കിയത്‌. രാധ ബോംബെയിലാണ്‌. അവളെ കണ്ടുപിടിക്കണമെന്ന മോഹവും ഉള്ളിൽ ബാക്കിനിന്നു. ഭിക്ഷുവായെത്തിയ രവീന്ദ്രനിൽ സമൂഹത്തിലെ സമുന്നതരെ ആഹ്ലാദിപ്പിച്ചു പോന്ന വേശ്യയായ മീര എന്ന യുവതി ആകൃഷ്ടയാവുന്നു. മീരയെ യഥേഷ്ടം കിട്ടാതെവന്നതിൽ കോപിഷ്ഠരായ ഉന്നതർ അധോലോകശക്തികളുമായിച്ചേർന്ന്‌ അവളെ വകവരുത്തുന്നു. ദാഹജലം യാചിക്കുന്ന രവീന്ദ്രന്റെ മുമ്പിൽ പ്രൗഢയായ ഒരു സ്ത്രീ എത്തുന്നു , പഴയ രാധ. പ്രക്ഷുബ്ധമാവുന്ന മനസ്സിനോട്‌ അയാൾ അപേക്ഷിച്ചു. ശാന്തരാവൂ. ഭിക്ഷുവിനെ തിരിച്ചറിഞ്ഞ രാധയുടെ കണ്ണുകൾ നിറഞ്ഞുകഴിഞ്ഞിരുന്നു...
1991-96 കാലഘട്ടത്തിൽ പുറത്തുവന്ന മൂന്നുനോവലുകൾ. അമേരിക്കയും കേരളവും പശ്ചാത്തലം. ജീവിതത്തിന്റെ കുന്നകളും കുഴികളും താഴ്‌വരകളും മുൾക്കാടുകളുമൊക്കെ ഉൾക്കാഴ്ചയോടെ ചിത്രീകരിച്ചിരിക്കുന്നു. ഏറെ വൈവിദ്ധ്യമുള്ള കഥാപാത്രങ്ങളെയാണ്‌ നാം ഈ നോവലുകളിൽ കണ്ടെത്തുന്നത്‌. ആദ്യംതന്നെ നമ്മുടെ ശ്രദ്ധയിൽപ്പെടുന്നത്‌ ഈ നോവലുക‍ാം ഹൃസ്വങ്ങളാണെന്ന സവിശേഷതയാണ്‌. മൂന്നു നോവലുംകൂടി ഇരുന്നൂറിനടുത്തു പുറങ്ങളേയുള്ളു. എണ്ണിയാലൊടുങ്ങാത്ത അനുഭവങ്ങളാണ്‌ ഈ ചെറിയ നോവലുകളിൽ മാത്യു നെല്ലിക്കുന്ന്‌ ഉൾക്കൊള്ളിച്ചിരിക്കുന്നത്‌. ചെറിയ ചെറിയ വാക്യങ്ങളാണെങ്കിലും വിപുലവും അഗാധവുമായ ജീവിതജ്ഞാനം ഈ കൃതികളിൽ ആദ്യന്തം ഓളംവെട്ടി നിൽക്കുന്നു. ചെറുതാണ്‌ സുന്ദരം എന്നു പറയാൻ നമ്മെ പ്രേരിപ്പിക്കും ഈ കൃതികൾ. പദങ്ങളുടെ ഉപയോഗത്തിൽ സൂക്ഷ്മമായ ശ്രദ്ധപതിപ്പിക്കുന്ന നോവലിസ്റ്റ്‌ പദങ്ങൾകൊണ്ട്‌ ചിത്രങ്ങൾ വരയ്ക്കുന്നതിൽ കൃതഹസ്തൻതന്നെ. വെറും യഥാർത്ഥമായ വർണ്ണനമല്ല മാത്യു നടത്തുന്നത്‌. അപൂർവ്വമായ കൽപനകളുടെ ഉപയോഗത്തിലൂടെ വർണ്ണ്യവസ്തുവിന്‌ പുതിയൊരു മാനം നൽകുന്നു അദ്ദേഹം. ജീവിതവുമായി ദൃഢമായൊരു ബന്ധവും.
"വഴിയോരങ്ങളിൽ ധ്യാനിച്ചുനിന്ന ഓക്കുമരങ്ങൾ പുതിയ വായുവിന്റെ കുളിർമ്മയിൽ കണ്ണുതുറന്നു. പച്ചത്തലപ്പുകൾ ഇളംകാറ്റിൽ നാമ്പുകൾനീട്ടി ചിരിച്ചു."
"ശിശിരകാലത്ത്‌ ഡിട്രോയിറ്റിലെ തെരുവുതെണ്ടികളികൾ പഴയ ആളൊഴിഞ്ഞ കെട്ടിടങ്ങൾ തേടിയലഞ്ഞു. അനാഥപ്രേതങ്ങൾപോലെ നഗരമുഖത്ത്‌ വടുക്കളായിനിന്ന ആ കെട്ടിടങ്ങൾക്ക്‌ അവർ കൂട്ടിനെത്തി".(വേലിയിറക്കം)
"അവളുടെ മാസ്മരവിസ്മയങ്ങളിൽ അവൻ അജ്ഞനായ ഒരു തടവുകാരനായിക്കഴിഞ്ഞിരുന്നു. ആ കുരുക്കിൽനിന്നും ജേക്കബിന്‌ മോചനം ആവശ്യമായിരുന്നു. ആദ്യാനുരാഗത്തിന്റെ സുഖദമായ നൊമ്പരത്തിൽ അവന്റെ മനസ്സ്‌ മേഞ്ഞുനടന്നു." (പ്രയാണം)
"വേനലിന്റെ ചൂടിലും ആലസ്യത്തിലും രവീന്ദ്രൻ നാലുമണിക്കാറ്റുതേടി വയൽവരമ്പിലൂടെ നടന്നു. വയൽ പുഴയിലേക്ക്‌ നീണ്ടുകിടന്നു. വരണ്ടുണങ്ങിയ കൈത്തോടിന്റെ അരികുപറ്റി അവൻ പുഴവക്കത്തെത്തി."(പത്മവ്യൂഹം)
അചേതനവസ്തുക്കൾക്കും ചൈതന്യം നൽകുന്ന, അങ്ങനെ വർണ്ണ്യവസ്തുവിന്‌ ഒരപൂർവ്വത നൽകുന്ന രീതിയാണ്‌ മാത്യു നെല്ലിക്കുന്ന്‌ സ്വീകരിച്ചുകാണുന്നത്‌. അദ്ദേഹത്തിന്റെ സർഗ്ഗപരമായ സവിശേഷതയിലേക്ക്‌ ഇത്‌ വിരൽചൂണ്ടുന്നു.
-പൂക്കാത്ത വല്ലികൾ നിഗോ‍ൂഢതയിൽ സൂക്ഷിക്കുന്ന സുഗന്ധം അവളുടെകൂടെ വന്നു.
-വീർപ്പാക്കിനിന്ന അഗ്നിപർവ്വതത്തിന്റെ ശാന്തത്ത അവൻ കടംവാങ്ങി.
-തണുത്തു മരവിച്ച തെരുവുകളിൽ അന്ന്‌ ചൂടിന്റെ വിത്തുകൾ മുളയ്ക്കും...
ഇത്തരം ഉദാഹരണങ്ങൾ അതീവസുലഭമാണ്‌ ഈ നോവലുകളിൽ.
അമേരിക്കയിലായാലും കേരളത്തിന്റെ വർണ്ണങ്ങളും സുഗന്ധങ്ങളും മധുരശബ്ദങ്ങളും മനസ്സിൽ കൊണ്ടുനടക്കുന്ന കഥാപാത്രങ്ങളെയാണ്‌ മാത്യു നെല്ലിക്കുന്ന്‌ സൃഷ്ടിച്ചിരിക്കുന്നത്‌. സംശയമില്ല. നോവലിസ്റ്റിന്റെ വ്യക്തിപരമായ സവിശേഷതത്തന്നെയാണ്‌ അദ്ദേഹം ഇക്കഥാപാത്രങ്ങൾക്ക്‌ നൽകിയിരിക്കുന്നത്‌. ഓർമ്മകളിൽ നിന്നു മോചനമില്ലാതെ മനസ്സിന്റെ ഉടമകളെന്നു പറയാം അവരെപ്പറ്റി. ഒരുപക്ഷേ, ഓർമ്മകളിൽ താവളങ്ങളുറപ്പിക്കാൻ ശ്രമിക്കുന്ന പ്രവാസികളെന്ന വിശേഷണമാവും അവർക്ക്‌ കൂടുതൽ യോജിക്കുക. പത്മവ്യൂഹത്തിലെ ഈ വാക്യങ്ങൾ നോക്കുക.
"ഓർമ്മകൾ മരിക്കുകയില്ല. ഉറങ്ങുകയേയുള്ളു. ഏതു നിമിഷത്തിലും അവ ഉണർന്ന്‌ തന്നെ തലോടിയിരിക്കാമെന്ന്‌ അവനറിയാമായിരുന്നു."
ഓർമ്മകളിലുള്ള ഈ ഊന്നൽ സ്വാഭാവികമായും കഥാപാത്രങ്ങളെ അപഗ്രഥനചിത്തരാക്കുന്നു. അത്തരം കഥാപാത്രങ്ങളുടെ സാന്നിദ്ധ്യം നോവലിനെ മാനസികാപഗ്രഥനകൃതിയാക്കി മാറ്റുകയും ചെയ്യുന്നു. നിരന്തരം ആത്മപരിശോധന നടത്തുന്ന കഥാപാത്രങ്ങൾ അവരുടെ തനിമ അങ്ങനെ വെളിപ്പെടുത്തുന്നു. നമുക്ക്‌ കൂടുതൽ പ്രിയപ്പെട്ടവരായി മാറുകയുംചെയ്യുന്നു. ജീവിതത്തെപ്പറ്റി അവർ നമുക്ക്‌ കൂടുതൽ ഉൾക്കാഴ്ച നൽകുകയും ചെയ്യും.
"വിവാഹബന്ധത്തിൽനിന്നു പിരിയുന്ന അമേരിക്കൻ പുരുഷൻ നിർധനനാണ്‌. ഭാര്യമാരുടെ ചവിട്ടും തുപ്പും സഹിക്കാൻ, അല്ലെങ്കിൽ ആസ്വാദിക്കാൻ സന്നദ്ധതയുള്ളവർ സമൂഹത്തിൽ മാന്യന്മാരായി കഴിഞ്ഞുകൂടുന്നു. തനിക്ക്‌ ഇനിയും അതൊക്കെ പഠിക്കേണ്ടിയിരിക്കുന്നു. താൻ എന്നും ആദർശവാദിയാണ്‌. ജീവിക്കാനറിയാത്ത മണ്ടനാണ്‌. അതാണ്‌ കുഴപ്പം. സാൻഡിയുടെ കാലുപിടിച്ചിരുന്നെങ്കിൽ ഒരുപക്ഷേ അവൾ ക്ഷമിക്കുമായിരുന്നു. എന്തിന്‌ സുന്ദരിയായ സാറാക്കുട്ടിയുടെ ബലഹീനതകൾക്കുനേരെ കണ്ണൊന്നടച്ചിരുന്നുവേങ്കിൽ അവളുടെകൂടെ കഴിയാമായിരുന്നു..."(വേലിയിറക്കം)
ഇത്തരം അപഗ്രഥനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഭൂതവും വർത്തമാനവുമായുള്ള താരതമ്യപ്പെടുത്തൽ; കേരളീയജീവിതവും അമേരിക്കൻജീവിതവുമായുള്ള താരതമ്യപ്പെടുത്തലും.
ഈ മൂന്നു നോവലുകളിലൂടെയും മാത്യു നെല്ലിക്കുന്ന്‌ വ്യക്തമാക്കുന്ന ജീവിതസമീപനം എന്താണ്‌? ജോലിതേടി അമേരിക്കയിലെത്തി, സാൻഡി എന്ന മദാമ്മപ്പെണ്ണിൽ അനുരക്തനായി ബിസിനസ്സ്‌ നടത്തി കോടിശ്വരനായി മാറിയ രാജന്‌ അവളുടെ പട്ടിയോടുള്ള അടുപ്പം സഹിക്കാനാവാതെവരുന്നു. സാറാക്കുട്ടിയുമായുള്ള അടുപ്പം മറ്റൊരുവിധത്തിൽ രാജനെ ഭഗ്നാശനാക്കി. നേരെ ചൊവ്വെ നടന്നിട്ടു കാര്യമില്ലെന്നു കണ്ടിട്ടാണ്‌ അയാൾ അൽപം കപടനാടകം കളിക്കുന്നതും നല്ല ഒത്ത തടിയുള്ള ഇരുപതുകളിലെത്തിയ ബീനമോളെ സ്വന്തമാക്കുന്നതും. മദ്യപാനവും അനാരോഗ്യവും ആ നാൽപത്തഞ്ചുകാരനെ തളർത്തുമ്പോൾ ബീനാമോൾ ചെറുപ്പക്കാരനായ സാജന്റെ വിരിഞ്ഞ മാറിടത്തിൽ അഭയംതേടുകയായി. രാജൻ ഭ്രാന്തനായി മുദ്രകുത്തപ്പെടുകയും ചെയ്തു. മാംസത്തിന്റെ വിളിയാണ്‌ ഇതിൽ ഒറ്റയാന്റെ വിളിപോലെ ആദ്യന്തം വിദൂരതയിലെന്നോണം നാം കേൾക്കുന്നത്‌. രാജൻ സ്വയം ഓർമ്മപ്പെടുത്തുന്നു. പക്ഷേ, സ്ത്രീ എന്നും സ്ത്രീയാണ്‌. സാൻഡിയും സാറാക്കുട്ടിയും ബീനാമോളും എല്ലാം ഒന്നുതന്നെ. എല്ലാം വിശപ്പുള്ള ചെന്നായ്ക്കൾ. പച്ചമാംസത്തിനുവേണ്ടി ഏത്‌ ഇരുമ്പഴിയും അവർ പൊട്ടിക്കും. മറ്റൊരിക്കൽ അയാളോർക്കുന്നു. കടുത്ത ആത്മനിന്ദയോടെ; സാൻഡിയുടെ മൃദുലമായ പട്ടുമേനി, സാറാക്കുട്ടിയുടെ നുണച്ചുഴികളും വലത്തെ കവിളിലെ മറുകും. ബീനമോളുടെ മദിപ്പിക്കുന്ന ശരീരവടിവ്‌. അവാച്യമായ അനുഭൂതികളുണർത്തിയ സ്ത്രീത്വത്തിന്റെ ഭിന്നമുഖങ്ങൾ. എല്ലാം സ്വന്തമാക്കാൻ കാംക്ഷിച്ച ദുർബ്ബലനാണ്‌ താൻ, തന്മയത്വമായി സ്ത്രീ തന്നെ കബളിപ്പിച്ചിരിക്കുന്നു. സാൻഡി, സാറാക്കുട്ടി, ബീനമോൾ മൂന്നുപേരും മൂന്നുരീതിയിലാണ്‌ രാജനെ നിരാശിതനാക്കുന്നത്‌. ഇവരിൽത്തന്നെ കൂടുതൽ സമചിത്തത്ത കാണിക്കുന്നവൾ സാൻഡിയാണ്‌. രാജന്റെ ജേഷ്ഠനായ ഡോക്ടർ കുരുവിള തോമസും അമേരിക്കൻ ഭാര്യയായ കാതറൈനും തികച്ചും സന്തുഷ്ടജീവിതം നയിക്കുന്നുവേന്ന്‌ ധ്വനിപ്പിക്കുന്നുണ്ട്‌ നോവലിസ്റ്റ്‌. സ്ത്രീകളെ മൊത്തത്തിൽ കറുത്ത ചായംതേച്ച്‌ വികൃതമാക്കുന്നില്ല മാത്യു എന്നർത്ഥം.
'പ്രയാണ'ത്തിലെ ജേക്കബ്ബാകട്ടെ, സീമ എന്ന പെൺകുട്ടിയെ സ്നേഹിച്ചു. അയാൾ ഓർക്കുന്നു. "സീമ, അവൾ മഞ്ചാടിപ്പുഴയിലെ ആഴങ്ങളുടെ മുത്തായിരിക്കാം. നാഗകന്യകമാർ സൂക്ഷിക്കുന്ന ആ മുത്ത്‌ സ്വന്തമാക്കാൻ തനിക്കൊരിക്കലും കഴിയുകയില്ല. താൻ ഭീരുവും അശക്തനുമാണ്‌. സീമ എന്നും മനസ്സിന്റെ വാത്സല്യങ്ങളുടെ അനുഗ്രഹമായിരിക്കാം. ആത്മനിന്ദയുടെ ചുഴികളിൽ അവൻ ഒരു നിമിഷം പിടഞ്ഞു. കഴിഞ്ഞതിലേക്കൊന്നും തിരിഞ്ഞു നോക്കരുത്‌. മനസ്സിന്റെ ശാസന അവൻ കേട്ടു..." രാജനിൽ നിന്നു വ്യത്യസ്തനാണ്‌ ജേക്കബ്ബ്‌. ഭാര്യ സൂസിയെന്തു പറഞ്ഞാലും അയാൾ അനുസരിക്കും. അയാൾ പറയും: "എല്ലാം നിന്റെ ഇഷ്ടംപോലെ..." അമേരിക്കയിൽ കുടിയേറിപ്പാർക്കുന്ന സ്വന്തം കുടുംബാംഗങ്ങളോടായിരുന്നു സൂസിക്ക്‌ കൂടുതൽ ആഭിമുഖ്യം. പക്ഷേ, ജേക്കബ്ബിന്റെ വേരുകൾ നാട്ടിലെ മണ്ണിൽ ഉറച്ചുപോയി. അമേരിക്ക അയാൾക്ക്‌ അന്യവും അപരിചിതവുമാണ്‌. പക്ഷേ, ജേക്കബ്ബിനെ ആകെ തളർത്തുന്നത്‌ സ്വന്തം മക്കളായ ഷാജിമോന്റെയും ശോഭമോളുടെയും കൊടുംകൃതഘ്നതയാണ്‌. അയാൾ വ്യാകുലപ്പെടുന്നതുനോക്കുക. "അയാൾ കിടക്കയിൽ വേദന കടിച്ചിറക്കിക്കിടന്നു. വേദനസംഹാരികൾ വേണ്ടത്ര ഫലപ്രദമായിരുന്നില്ല. മരുന്നുകളുടെ ശക്തികൾക്ക്‌ പരിധികളുണ്ടായിരുന്നു. ജീവിതത്തിന്റെ അവഗണനയും ഏകാന്തത്തയും അയാളെ അശരണനാക്കി. മോഹങ്ങൾ നഷ്ടപ്പെട്ട കാലം ചവച്ചുതുപ്പിയ വെറുമൊരു മണ്ടനാണ്‌ താനെന്ന ബോധം അയാളിൽ നിവേശിച്ചു. ആത്മനിന്ദയുടെ ഇരുട്ടിന്റെ ആഴങ്ങളിൽ അയാൾ പതറിവീണപ്പോൾ മനസ്സിന്റെ വെളിച്ചം അയാളെ ശാസിച്ചു..." ഏതാനും പരാമർശങ്ങളിലൂടെ നോവലിസ്റ്റ്‌ അവതരിപ്പിക്കുന്ന സീമ അവൾ അധികമൊന്നും സംസാരിക്കുന്നതുപോലുമില്ല! ഈ നോവലിസ്റ്റ്‌ പരഭാഗ ശോഭ നൽകുന്ന കരുത്തറ്റ കഥാപാത്രമാകുന്നു.
കേരളത്തിനകത്തുതന്നെ ഒതുങ്ങിനിൽക്കുന്ന രവീന്ദ്രനാണ്‌ പത്മവ്യൂഹത്തിലെ കഥാനായകൻ. മുറപ്പെണ്ണായ ശാരദയുടെ മരണം അയാളെ ദുഃഖിപ്പിക്കുന്നു. പക്ഷേ, ഭാനുമതിയെ വിവാഹംചെയ്ത്‌ അവളുടെ അച്ഛന്റെ ഹോട്ടൽ ബിസിനസ്സ്‌ ഏറ്റെടുത്ത്‌ സ്വന്തമായി ഒരു സാമ്രാജ്യംതന്നെ സ്ഥാപിക്കുന്നു അയാൾ. രക്താർബുദം പിടിപെട്ട്‌ ഭാര്യ മരിക്കുമ്പോൾ രവീന്ദ്രന്റെ ചിന്ത ആത്മീയതയിലേക്കു തിരിയുന്നു.കാമുകൻ (ശാരദയുടെ അകാലമരണം അയാളുടെ ജീവിതത്തിൽ വലിയൊരാഘാതമായെങ്കിലും രാധ ആ വിടവ്‌ നികത്തുന്നു. പക്ഷേ, ആ പ്രേമവും സഫലമാകുന്നില്ല.) ഗുമസ്തൻ, ഭർത്താവ്‌, വ്യവസായി എന്നീ നിലകൾ പിന്നിട്ട്‌ രവീന്ദ്രൻ ഭിക്ഷുവായി മാറുന്നു. കുടുംബബന്ധങ്ങളിൽ കുരുങ്ങിക്കഴിയുന്ന ഒന്നാണ്‌ ജീവിതമെന്ന്‌ അയാൾ മനസ്സിലാക്കി. വിധിയും ദൈവങ്ങളും തനിക്കെതിരാണെന്നു ചിന്തിക്കുന്നു രവീന്ദ്രൻ. "ഓരോ വിജയവും മറ്റൊർത്ഥത്തിൽ തോൽവിതന്നെയാണല്ലോ എന്നോർത്ത്‌ അയാൾ വ്യാകുലപ്പെട്ടു. ആ പുതിയ തിരിച്ചറിവ്‌ എങ്ങനെയുണ്ടായെന്നോ ആരാണങ്ങനെ മനസ്സിൽ മന്ത്രിക്കുന്നതെന്നോ അയാൾക്ക്‌ പിടികിട്ടിയില്ല..." മൗനിയായ രവീന്ദ്രന്റെ മനസ്സ്‌ ധ്യാനത്തിലൂടെ സഞ്ചരിക്കുകയാണ്‌. ആത്മാവിനെ സംബന്ധിക്കുന്ന സനാതനസത്യത്തെക്കുറിച്ച്‌ അയാൾ ചിന്തിച്ചു. മണിയൊച്ചകളുടെയും മന്ത്രധ്വനികളുടെയും മുഴക്കം കർണ്ണപുടങ്ങളിലൂടെ കടന്നുവരുന്ന അനുഭവം. സ്വയം പ്രകാശിക്കുന്ന ഈ ആത്മാവ്‌ പരം പൊരുളിന്റെ പരബ്രഹ്മത്തിന്റെ അംശമാണെന്ന ബോധം തെല്ലുനേരത്തേക്ക്‌ ഉള്ളിൽനിറഞ്ഞു. കണ്ണിന്റെ കണ്ണ്‌, കാതിന്റെ കാത്‌, മനസ്സിന്റെ മനസ്‌, മൊഴിയുടെ മൊഴി, സത്യത്തിന്റെ സത്യം, ജീവന്റെ ജീവൻ..." സർപ്പമെന്നു തോന്നുന്ന കയറിൽ നിന്നും കനാൽജലത്തിൽനിന്നും മോചനം നേടണമെന്നായി അയാൾക്ക്‌.
രാജനിൽ നിന്ന്‌ ജേക്കബ്ബിലൂടെ രവീന്ദ്രനിൽ എത്തുമ്പോൾ മാത്യു നെല്ലിക്കുന്നിന്റെ കഥാനായകന്‌ കൂടുതൽ കരുത്തും ആഴവും കൈവരുന്നു. രവീന്ദ്രൻ ഓർക്കുകയാണ്‌..."സൃഷ്ടിയുടെ രഹസ്യം സ്നേഹം തന്നെ. സ്നേഹത്തിന്റെ ബാക്കിയായ വേദന ഉൾക്കൊള്ളാൻ മനുഷ്യമനസ്സ്‌ തയ്യാറാവണം. ആ വേദനയാണ്‌ ജീവിതത്തിന്റെ സ്ഥായിയായ ഭാവവും ഉൾക്കരുത്തും..." സാൻഡി, റോസാക്കുട്ടി, ബീനാമോൾ,സൂസി. ഇവരിൽ നിന്നെല്ലാം പക്വമതിയാണ്‌ രക്താർബുദത്തിനു വിധേയയാവുന്ന കുടുംബിനിയായ ഭാനുമതി. പക്ഷേ ഒന്നുണ്ട്‌; അവൾ സ്വന്തം നാടുവിട്ട്‌ പുറത്തുപോയിട്ടില്ലാത്തവളാണ്‌. രവീന്ദ്രൻ ഭിക്ഷുവായിമാറുന്നതുതന്നെ ഞാനെന്ന ഭാവവും അഹന്തയും തന്നിൽനിന്ന്‌ വേരോടെ പിഴുതെറിയാൻവേണ്ടിയാണ്‌. വേലിയിറക്ക'ത്തിലെ സ്നേഹിക്കുക എന്നതിൽ എല്ലാം ഉൾക്കൊണ്ടിട്ടുണ്ട്‌. അവിടെ സ്വർത്ഥമോഹങ്ങൾക്ക്‌ ഇടമില്ല" എന്ന വാക്യം ഈ നോവലുകളുടെ മുഖവാക്യമായി ഉദ്ധരിക്കാമെന്നു തോന്നുന്നു.
നമ്മുടെ അനുഭവത്തിന്റെ ചക്രവാളം വികസിപ്പിക്കും ഈ നോവലുകൾ. ജീവിതത്തെപ്പറ്റി നമ്മെക്കൊണ്ട്‌ കൂടുതൽ ചിന്തിപ്പിക്കുകയും ചെയ്യും ഇവ. പലപ്പോഴും വീകാരധീനരായിത്തീരും ഇവയിലൂടെ കടന്നുപോകുമ്പോൾ. കലാസൃഷ്ടി എന്ന നിലയിലും ഇവ വേറിട്ടു നിൽക്കുന്നു. ഏതാനും ചില എഴുത്തുകാരുടെ കൃതികളിൽ സ്വന്തം മനസ്സും സംവേദന ശക്തിയും തളച്ചിട്ട്‌ ഒട്ടകപ്പക്ഷികളെപ്പോലെ മണ്ണിൽ തലയും പൂഴ്ത്തിക്കിടക്കുന്ന നമ്മുടെ വിമർശക പ്രതിഭകൾ എന്നാണാവോ തലപൊക്കി ചുറ്റും ഒന്നു നോക്കുക? ഒന്നു തീർച്ച. അവർ അതു ചെയ്യുന്നില്ലെങ്കിൽ നഷ്ടം അവർക്കു തന്നെ!
ആഹ്ലാദത്തോടെ അഭിമാനത്തോടെ മാത്യു നെല്ലിക്കുന്നിന്റെ 'പത്മവ്യൂഹം'എന്ന ഈ നോവൽ ത്രയം ഞാൻ സഹൃദയസമക്ഷം അവതരിപ്പിക്കുന്നു. വായിക്കുക, ആസ്വദിക്കുക, ആശിർവദിക്കുക.


പത്മവ്യൂഹം (നോവലെറ്റുകൾ)
മാത്യൂ നെല്ലിക്കുന്ന്‌