Followers

Wednesday, August 5, 2009

അഭിമുഖം/ഒ.എൻ.വി



ചോദ്യം: 1. ജീവിതാനന്ദം എവിടെയാണുള്ളത്‌?
ആശിക്കുന്നത്‌ കൈവരുമ്പോൾ ആനന്ദമുണ്ടാകുന്നു. കളിക്കോപ്പ്‌ കിട്ടുമ്പോൾ ചെറുപൈതലിന്‌ ആനന്ദം. കുടിലിലെ കുഞ്ഞോമനയ്ക്ക്‌ കുഞ്ഞുവയർ നിറച്ചാഹാരം ആനന്ദം. പ്രണയികൾക്കൊത്തുചേരലിലാനന്ദം. ചിലർക്ക്‌ വിഷുക്കൈനീട്ടമാനന്ദം. ചിലർക്ക്‌ ആണ്ടിലൊരിക്കൽ കിട്ടുന്ന ഓണപ്പുടവയുടെ കോടിമണം പോലുമൊരാനന്ദം. നാക്കിലയിൽ വിളമ്പിയ ആവിപാറുന്ന പുന്നെല്ലരിച്ചോറിന്റെ മണം ഓർക്കുന്നതുപോലുമിന്നെനിക്കാനന്ദം. പതിറ്റടിപ്പൂവിന്‌ സായന്തനദീപ്തിയിലാനന്ദം. ലൗകിക ജീവിതത്തിൽ ഓരോ ആശയും കൈവരിക്കുന്നതാണനന്ദം. എന്നാൽ ആശങ്കകൾക്കെല്ലാമറുതി വരുന്ന പരമമായ നിസ്സംഗത നിർവൃതികരമാവുന്നു. അത്‌ അലൗകികമായ ആനന്ദമാണ്‌-പരമഹർഷം. "ഭാവത്തിൽ പരകോടിയിൽ സ്വയമഭാവത്തിൽ സ്വഭാവം".വരുന്ന അവസ്ഥയാണത്‌. ഭാരതീയ കാവ്യമീമാംസ അത്യുദാത്തമായ കാവ്യാനുഭൂതിയോട്‌ അതിനെ ഏകീകരിക്കുന്നു.
2. നല്ല ജീവിതം, ധന്യജീവിതം എന്നീ വിശേഷണങ്ങളിൽ കഴമ്പുണ്ടോ?
'നല്ലതെ'ന്നത്‌ പലർക്കും പലതാണ്‌. അപ്പോൾ 'നല്ലജീവിത'ത്തെക്കുറിച്ചുള്ള സങ്കൽപത്തിനും വ്യത്യാസം പലതുണ്ടാവും. അപരന്റെ കാര്യത്തിനെന്റേതിനേക്കാളു/മധികമാം കരുതലും കരുണയും" ഉണ്ടാവുക എന്നത്‌ നല്ല ജീവിതത്തിനാധാരമായി ഞാൻ കരുതുന്നു. "അന്യജീവനുതകി സ്വജീവിതം ധന്യമാക്കു മമലേ വിവേകികൾ"-അതു തന്നെയാണ്‌ ധന്യ ജീവിതം.
3. സ്കൂളുകളിൽ നിന്ന്‌ കുട്ടികൾ കൊഴിഞ്ഞു പോകാറുണ്ട്‌. ജീവിതത്തിൽ നിന്നുള്ള കൊഴിഞ്ഞുപോക്കിനെ എങ്ങനെ കാണുന്നു.?
ഒന്നിച്ച്‌ തീവണ്ടിയിൽ സഞ്ചരിച്ചിരുന്ന ഒരാൾ വഴിയിലേതോ സ്റ്റേഷനിലിറങ്ങിപ്പോകുന്നു, പോയിമറയുന്ന അനുഭവമാണനിക്ക്‌ വേണ്ടപ്പെട്ട പലരുടേയും വേർപാട്‌. ഏതു ക്ലാസിൽവച്ച്‌ പഠിത്തം നിർത്തേണ്ടിവരുമെന്നറിയാതെ പഠിച്ചിരുന്ന സതീർത്ഥ്യരെ ഞാനോർക്കുന്നു. ഹൈസ്കൂളിൽ എന്റെ ഉറ്റ സുഹൃത്തായിരുന്ന ഒരു ആന്റണിയുണ്ടായിരുന്നു. നന്നായി പാടുമായിരുന്നു. സൗമ്യനും ശാന്തശീലനുമായിരുന്നു. ഒരു ദിവസം പൊടുന്നനെ അയാളെന്നോടു പറഞ്ഞു. "നാളെ മുതൽ ഞാൻ വരില്ല - എനിക്ക്‌ ഇന്ത്യൻ നേവിയിൽ സെലക്ഷൻ കിട്ടി. നാളെ ബോംബെയ്ക്കു പുറപ്പെടണം. അന്ന്‌ വൈകിട്ട്‌ സ്കൂളിന്റെ കിഴക്കേപ്പാടവരമ്പിലൂടെ അയാൾ നടന്നകലുന്നത്‌ ഞാൻ നോക്കി നിന്നു. ഇടയ്ക്ക്‌ രണ്ടു മൂന്നു തവണ അയാൾ തിരിഞ്ഞു നോക്കി കൈവീശി. ഈയനുഭവം 'പാഥേയ'മെന്ന കവിതയിൽ ചോർന്നുകിടപ്പുണ്ട്‌.
"വേർപിരിയുവാൻ മാത്രമൊന്നിച്ചുകൂടി നാം
വേദനകൾ പങ്കുവയ്ക്കുന്നു.
മായുന്ന സന്ധ്യകൾ മടങ്ങി വരുമോ? പാടി
മറയുന്ന പക്ഷികൾ മടങ്ങി വരുമോ?
എങ്കിലും സന്ധ്യയുടെ കയ്യിലെ സ്വർണ്ണവും,
പൈങ്കിളിക്കൊക്കിൻ കിനിഞ്ഞ തേൻതുള്ളിയും
മാറാപ്പിലുണ്ടെന്റെ മാറാപ്പിലുണ്ടതും
പേറി ഞാൻ യാത്ര തുടരുന്നു..."
അനിവാര്യമായ അത്തരം വിയോഗങ്ങളോട്‌ പൊരുത്തപ്പെടാനുള്ള കഴിവ്‌ മനുഷ്യനെന്ന ഈ ജന്തുവിനുമുണ്ട്‌.
4. നമ്മുടെ കലാസംരഭങ്ങൾ ഈ കാലഘട്ടത്തിലെന്താണ്‌ സംവേദനം ചെയ്യുന്നത്‌?
പലതും അരങ്ങേറുന്നുണ്ട്‌. അന്യം നിന്നു പോകാവുന്ന നാടൻകലകൾ നമ്മുടെ കലാപൈതൃകത്തെപ്പറ്റി ഒരവബോധം നൽകുന്നു. പിന്നെ, നാടകോത്സവങ്ങൾ -ഇന്ത്യൻ തീയേറ്റർ എവിടെ നിൽക്കുന്നു എന്നതിനെപ്പറ്റി നേരിട്ടു ചിലത്‌ സംവേദനം ചെയ്യുന്നു. ചില പരീക്ഷണങ്ങൾ വിരസമായാലും, പരീക്ഷണങ്ങളും അൽപം സാഹസികമായുമല്ലാതെ പുതിയ വഴികൾ കണ്ടെത്താനാവില്ലല്ലോ. ക്ലാസിക്കൽ സംഗീതത്തിന്റെ ശുദ്ധരൂപം അറിഞ്ഞിരിക്കേണ്ടത്‌ ആവശ്യമാണ്‌, പുതിയ 'ഫ്യൂഷൻ മ്യൂസിക്‌' ശരിയായർത്ഥത്തിൽ മനസ്സിലാക്കാൻ.
5. ഇഷ്ടപ്പെട്ട 10 മലയാള ചലച്ചിത്ര ഗാനങ്ങൾ?
1. താമസമെന്തേ വരുവാൻ?
2. ഇന്നലെ ഞാനൊരു സുന്ദരരാഗമായ്‌
3. സൂര്യകാന്തി! -
4. സന്യാസിനി! -
5. അഗ്നിപർവ്വതം പുകഞ്ഞു...
6. കസ്തൂരി മണക്കുന്നല്ലോ, കാറ്റേ...
7. വാൽക്കണ്ണെഴുതി,...
8. കിഴക്കുണരും പക്ഷി! -
9. കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി...
10. ഗംഗേ!...
6. നാടകഗാനങ്ങളിലൂടെ മലയാളത്തനിമയെ കുടിയിരുത്തി എന്നു പറഞ്ഞാലെങ്ങനെ പ്രതികരിക്കും?
അത്‌ ബോധപൂർവ്വമായിരുന്നു എന്നു പറയാൻ വയ്യ. എന്റെ കൗമാരകാലത്ത്‌ ഹിന്ദി സിനിമാ ഗാനങ്ങളാണ്‌ മനസ്സിൽ പതിഞ്ഞിരിക്കുന്നത്‌. സൈഗളിന്റെയും പങ്കജ്മല്ലിക്കിന്റെയും സി.എച്ച്‌. ആദ്മയുടെയും നൂര്ർജഹാന്റെയും ജൂതികാറോയിയുടെയും മറ്റും ഗാനങ്ങളാണ്‌ എന്റെ സംഗീതാഭിരുചിയെ അന്ന്‌ പാലൂട്ടി വളർത്തിയത്‌. പിന്നെ, റാഫിയായി, ലതയായി...മലയാളത്തിലും ഇതുപോലെ എന്നെങ്കിലുമുണ്ടാവുമോ?...അന്നതൊരു വെറും സ്വപ്നമായിരുന്നു. വിദ്യാർത്ഥിക്കാലത്തെ എന്റെ ഉറ്റചങ്ങാതിയായിരുന്ന ദേവരാജൻ ആയിടയ്ക്ക്‌ ചങ്ങമ്പുഴയുടെ ചില കവിതകൾ സ്വരപ്പെടുത്തി എന്നെ പാടികേൾപ്പിച്ചു. അതുവരെ അനുഭവപ്പെട്ടതരത്തിൽ കവിതയുടെയും സംഗീതത്തിന്റെയും ഒരപൂർവ്വപാരസ്പര്യം, അതിന്റെ അപൂർവ്വലയം എന്നെ വല്ലാതെ വശീകരിച്ചു. ദേവരാജൻ എന്റെ ചില നാടൻകവിതകളും സ്വരപ്പെടുത്തി. ചില ചെറിയ കൂട്ടങ്ങളിലവതരിപ്പിച്ചു. ചില ചെറിയ കൂട്ടങ്ങളിലവതരിപ്പിച്ചു. പിന്നെ വലിയ കൂട്ടങ്ങളിലേക്കത്‌ സംക്രമിച്ചു. ഒടുവിൽ, കെ.പി.സി.സി നാടകങ്ങൾ ഒരു പാടുകളരിയിലെത്തിക്കാൻ നിമിത്തമായി. അതങ്ങനെ സംഭവിച്ചു എന്നു മാത്രം. മലയാള കവിതയും, നാടോടിശീലുകളും, ക്ലാസിക്കൽ രാഗങ്ങളും തമ്മിലുള്ള അപൂർവ്വമായൊരു മേളനം-ആകസ്മികമെങ്കിലും അത്‌ തികച്ചും സ്വഭാവികമായിരുന്നു. ഏതാണ്ടതേ കാലത്ത്‌ പി.ഭാസ്കരനും കെ.രാഘവനും സമാനതരംഗദൈർഘ്യത്തിലൂടെ സഞ്ചരിച്ചതും ആകസ്മികമെങ്കിലും ആഹ്ലാദകരമായി.
7.
ഒരു നല്ല കവിതയുണ്ടാവാൻ വേണ്ടതുപലതും ഒരു നല്ല ഗാനത്തിന്റെ പിറവിക്കു പിന്നിലുമുണ്ടെന്നു പറയാം: പദബോധം, സംഗീതബോധം, ഒരു നിശ്ചിതഭാവത്തിന്റെ ഉന്മീലനത്തിനുള്ള നൈപുണ്യം, എല്ലാറ്റിനുപരി സഞ്ചിതസംസ്കാരം -ഇവയെല്ലാം ചേർന്നൊരു ഗാനത്തെ സൃഷ്ടിക്കുന്നത്‌. ഒരു മഞ്ചാടിക്കുരുകൊണ്ട്‌ തീർത്ത അളുക്കിനുള്ളിൽ തേങ്ങുന്ന ദന്തനിർമ്മിതമായ ആനയുടെ കുഞ്ഞുരൂപങ്ങൾ കണ്ടിട്ടില്ലേ? അതിന്റെ പിന്നിലും ശിൽപിയുടെ സൂക്ഷ്മതരമായ ശ്രദ്ധ പ്രവർത്തിച്ചിട്ടുണ്ടെന്ന്‌ എടുത്തുപറയേണ്ടതില്ല. ഒരു പല്ലവിയും അനുപല്ലവിയും രണ്ടോ മൂന്നോ ചരണങ്ങളും ഇണക്കിച്ചേർത്തു ഒരു ഭാവം ഇതളിതളായി വിടർത്തിക്കാട്ടി ഹൃദ്യവും വശ്യവുമായൊരു സൗന്ദര്യാനുഭവമാക്കിത്തീർക്കാനാണിവിടയും ശ്രമം. ഒരു തരത്തിൽ, പാട്ടുകളെ ചിത്രകലയിലെ മിനിയേച്ചറുകളോടുപമിക്കാം.
ഒന്നിനി തിരിതാഴ്ത്തു ശാരദനിലാവേ, നീ.,,
എന്നോമലുറക്കമായ്‌,....ഉണർത്തരുതേ".
എന്ന പാട്ടിൽ രണ്ടു സ്നേഹാത്മക്കളുടെ ഒന്നിച്ചുള്ള ജീവിതയാത്രയുടെ ഒരു കുറിയ ചിത്രമുണ്ട്‌. "ഇനി ഞാനുണർന്നിരിക്കാം, നീയുറങ്ങുക! -" എന്ന്‌ തുടങ്ങുന്ന "ശാർൻങ്ഗ്ഗരപ്പക്ഷികളിൽ അതേ ഭാവം തന്നെ. ഒരു വലിയ ക്യാൻവാസിൽ പകർത്തിയിരിക്കുന്നു.
"ശ്യാമമേഘമേ! നീയെൻ പ്രേമ-
ദൂതുമായ്‌ ദൂരെ പോയ്‌ വരൂ-" എന്ന പാട്ട്‌ 'മേഘസന്ദേശ'കാവ്യത്തിന്റെ ഒരു മിനിയേച്ചറാണ്‌. ഒന്നു പറഞ്ഞോട്ടെ: അടിപൊളിപ്പാട്ടുകളെ ഒഴിച്ചുനിർത്തിയാണിതു പറയുന്നത്‌.
8. 10 മികച്ച സിനിമകൾ ?
1. ടു ഹാഫ്‌ ടൈംസ്‌ ഇൻ ഹെൽ (ഹങ്കേറിയൻ)
2. ദി ബൈസിക്കിൾ തീഫ്‌ (ഇറ്റാലിയൻ)
3. ദി സ്റ്റോൺ ഫ്ലവർ (റഷ്യൻ)
4. നന്നേ മുന്നേ (ഹിന്ദി)
5. ദോ ബിഗാജയീൻ (ഹിന്ദി)
6. സുവർണ്ണ രേഖ (ബംഗാളി)
7. പഥേർ പഞ്ചാലി (ബംഗാളി)
8. എലിപ്പത്തായം (മലയാളം)
9. അഞ്ചു പെണ്ണുങ്ങൾ (മലയാളം)
10. ഉത്തരായനം (മലയാളം)
മലയാളത്തിൽത്തന്നെ 'നിർമ്മാല്യ'വും 'യവനികയും' അന്തരിച്ച ഭരതന്റെയും പത്മരാജന്റെയും ചില ചിത്രങ്ങളും പുതിയ ചില സംവിധായകരുടെ തന്നെ. ചില ചിത്രങ്ങളും എന്റെ മനസ്സിന്റെ വാതിൽക്കൽ വന്നുമുട്ടുന്നു. പത്തെണ്ണമേ ആവശ്യപ്പെട്ടുള്ളു എന്നതുകൊണ്ട്‌ ഇവിടെ നിർത്തുന്നു.
9. ഒരു കവിതയുടെ ജീവിതം എങ്ങനെ മറ്റൊരാൾക്കു പഠിക്കാനാവും?
ഒരർത്ഥത്തിൽ കവിയുടെ ജീവചരിത്രം തന്നെയാണ്‌ അയാളുടെ കവിത. 'ആത്മകഥ'യെന്നു വേണമെങ്കിൽ തിരുത്തിപ്പറയാം; സ്ഥൂലമായ അർത്ഥത്തിലല്ലോ, സൂക്ഷ്മതലത്തിൽ. കവിയ്ക്ക്‌ മറ്റുള്ളവരുടെ മനസ്സിലൊരസ്തിത്വമുണ്ട്‌. അത്‌ പലതരത്തിലാവാം. ഒരു വലിയ കവിയെ അദ്ദേഹത്തിന്റെ കൃതികളിലൂടെ കണ്ടെത്താൻ ഞാൻ നടത്തിയ പരിശ്രമത്തിന്റെ ഫലമാണ്‌ 'ഉജ്ജയിനി' എന്ന കാവ്യം. ഒരു സുഹൃത്ത്‌ ചോദിച്ചു: "കാളിദാസൻ അത്ര നല്ലവനാണോ? ഒരു ചെറിയപാപമെങ്കിലും കാളിദാസനെക്കൊണ്ടും ചെയ്യിക്കാത്തതെന്ത്‌?" 'എന്റെ പ്രശ്നം അതായിരുന്നില്ല' എന്നായിരുന്നു മറുപടി. അധികാരവും കവിയുടെ സ്വാതന്ത്ര്യബോധവും തമ്മിലുള്ള സംഘർഷവും അതിന്റെ ദുരന്തവുമായിരുന്നു എന്റെ വിഷയം. എനിക്കതിൽ കേന്ദ്രീകരിച്ചേ മുന്നോട്ടു പോകുവാനാകുമായിരുന്നുള്ളു.
10. കവിയുടെ ആത്മകഥ എത്രത്തോളം ശരിയാവും ?
ഒരിക്കൽ ഞാനെഴുതി. ഒരു പൂവിരിയാനൊരു മുൾത്തണ്ട്‌ വേണമെങ്കിൽ, കവി ആ മുൾത്തണ്ടു മാത്രമാണ്‌. പൂവെടുത്തോളു -മുൾത്തണ്ടിൽ പിടിച്ച്‌ കൈ നോവിക്കേണ്ട, ചോരപൊടിയാനിടയാക്കേണ്ട - മറ്റൊരുത്തരം പറയാൻ തോന്നുന്നില്ല.




[കടപ്പാട്: ഗോകുലംശ്രീ]