Followers

Wednesday, August 5, 2009

കേരളം വളരുന്നു; പക്ഷേ -മാത്യു നെല്ലിക്കുന്ന്‌


കേരളം വളരുന്നു; പക്ഷേ

മാത്യു നെല്ലിക്കുന്ന്‌
ഒരിക്കൽ കേരളത്തിലെ യുവജനങ്ങളുടെ ഹരമായിരുന്നു മുട്ടത്തുവർക്കി എന്ന ജനകീയ നോവലിസ്റ്റ്‌. കേരളീയ ഗ്രാമങ്ങളുടെ ചടുലതയും ഹരിതഭംഗിയും ആ നോവലുകളുടെ ആവിഷ്കാരചാരുതയ്ക്ക്‌ കൂടുതൽ മിഴിവേകി. സ്വച്ഛശാന്തമായ ഗ്രാമാന്തരങ്ങളുടെ കഥപറഞ്ഞ ആ നോവലിസ്റ്റിന്റെ ആത്മാവ്‌ ഇന്ന്‌ കേരളം കാണാൻ വന്നാൽ എന്തായിരിക്കും അദ്ദേഹത്തിന്‌ എഴുതാനുണ്ടാവുക? കേരളം വളർന്ന്‌ കണ്ടാലറിയായില്ലേ.
വിദേശവാഹനങ്ങളടക്കം വിവിധ ആഡംബരവാഹനങ്ങൾകൊണ്ട്‌ റോഡുകൾ നിറഞ്ഞിരിക്കുന്നു. കുഗ്രാമങ്ങളിലേക്കുപോലും നഗരങ്ങളുടെ നീരാളിക്കൈകൾ പരിഷ്കാരവുമായെത്തിക്കഴിഞ്ഞു. ഹരിതസാന്ദ്രമായിരുന്ന ഗ്രാമീണ കന്യാവനങ്ങൾ കഥകളിൽമാത്രം അവശേഷിക്കുന്നു. മുഖത്തും മനസ്സിലും ചായംതേച്ച ഒരു ജനത പരിഷ്ക്കാരച്ചിരിയുമായി എതിരെ കടന്നുപോകുന്നു.
നാൽപത്തിനാല്‌ പുഴകൾ. അനേകം തോടുകൾ, കായലുകൾ, തോണിയും തുഴക്കാരനും അന്ന്‌ ജീവിതത്തിന്റെ ഭാഗമായിരുന്നു. കോൺക്രീറ്റ്‌ പാലങ്ങളുടെ നിസ്സംഗത പുഴകളെ മൗനമാക്കിക്കളഞ്ഞു. മൂവാറ്റുപുഴയാറിന്റെ ഇരുകരതൊട്ടുള്ള ഒഴുക്ക്‌ എനിക്കോർമ്മയുണ്ട്‌. അവിടവിടെ പഞ്ചാരമണൽത്തിട്ടുകൾ. തീരത്ത്‌ ഷഡ്കാലഗോവിന്ദമാരുടെ പാദപതനമേറ്റ രാമമംഗലം ക്ഷേത്രം. കുറച്ചപ്പുറത്ത്‌ പുഴകളുടെ മൂന്നു കൈവഴികളുടെ സംഗമം. പെരിയാറ്റിലെ ഘനനീലമായ ജലസഞ്ചയം. മലയാറ്റൂർ പള്ളിയുടെ അടിവാരം ചുറ്റിയൊഴുകുന്ന കാലടിയിൽ അദ്വൈതമന്ത്രം ചൊല്ലിയൊഴുകുന്ന, ഋതുപ്പകർച്ചകളിൽ ഒരിക്കലും ശോഷിക്കാത്ത പെരിയാർ. കെട്ടുവള്ളങ്ങൾ, കടത്ത്‌.
വടക്ക്‌, നിളയുടെ ജീവത്തായ പ്രവാഹഗതിയുടെ കുറുകെ കുറ്റിപ്പുറം പാലത്തിന്റെ, മരണംപോലെ തണുത്ത ലോഹക്കൈ കാണുമ്പോൾ ഇടശ്ശേരിയുടെ കവിത ഓരോർമ്മയായി മനസ്സിനെ നീറ്റുന്നു. പുരോഗതിയുടെ പ്രവാഹത്തിൽ ജീർണ്ണിച്ച ചവറ്റിലകൾ മാത്രമല്ല ഒരുപാടു നന്മകളുടെ പച്ചക്കൂമ്പുകളും ഒലിച്ചുപോയിരിക്കുന്നു.
പുതിയകാലത്ത്‌ മനുഷ്യനിൽനിന്ന്‌ മനുഷ്യനിലേക്കുള്ള ദൂരം കുറഞ്ഞുവേന്ന്‌ നമ്മൾ കൊട്ടിഘോഷിക്കുന്നു. ആത്മീയതലത്തിൽ ആ ദൂരം അനേകകാതം കൂടുകയായിരുന്നുവേന്ന്‌ പലപ്പോഴും തിരിച്ചറിയാതെ.
കൊച്ചിയിലെ ദ്വീപുകളിലേക്ക്‌ ഇന്ന്‌ വമ്പൻപാലങ്ങളുണ്ട്‌. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ആവിർഭാവമാകട്ടെ കേരളത്തിന്റെ അഭിമാനം വിദേശരാജ്യങ്ങളിൽപോലും ഉയർത്തിയിരിക്കുന്നു.
ഓലമേഞ്ഞ പഴയ മലയാളം പള്ളിക്കൂടത്തിൽ പഠിച്ചുവളർന്ന തലമുറയൊക്കെ കടന്നുപോയി. ഇന്ന്‌ വിദ്യാഭ്യാസം പഞ്ചനക്ഷത്ര ഇംഗ്ലീഷ്‌ മീഡിയം പബ്ലിക്‌ സ്കൂളുകളാണ്‌. കേരളാ സിലബസൊക്കെ പഴഞ്ചനായിക്കൊണ്ടിരിക്കുന്നു. ഇന്ന്‌ അന്തസ്സിന്‌ സി.ബി.എസ്‌.ഇയും ഐ.സി.എസ്‌.ഇയുമാണ്‌ മുമ്പിൽ. കമ്പ്യൂട്ടർ വിദ്യാഭ്യാസം സാർവ്വത്രികമായിക്കഴിഞ്ഞു. ബാങ്കുകളും വ്യവസായ സ്ഥാപനങ്ങളും കമ്പ്യൂട്ടർവത്കരണത്തിന്റെ പാതയിലാണ്‌. മലയാളിക്കുട്ടികൾ ഉന്നതവിദ്യാഭ്യാസത്തിനും പ്രോഫഷണൽ കോഴ്സുകൾക്കുമായി കേരളത്തിനു വെളിയിൽ പോയിരുന്ന സ്ഥാനത്ത്‌ സ്വാശ്രയ സർക്കാർ എഞ്ചിനിയറിംഗ്‌ കോളേജുകളും മെഡിക്കൽ കോളേജുകളും പുതുതായി ആരംഭിച്ചിരിക്കുന്നു.
എഴുപതുകളിൽ വൈദ്യുതി ഒരു 'അപൂർവ്വ-അലഭ്യ' വി.ഐ.പിയായിരുന്നെങ്കിൽ ഇന്ന്‌ കുടിൽതൊട്ട്‌ കൊട്ടാരംവരെ അതെത്തിക്കഴിഞ്ഞു. പഴയ നാട്ടുമ്പുറത്തിന്റെ അന്തിനേരങ്ങളിൽ വിസ്മയവെളിച്ചം വിതറി നിന്ന ശരറാന്തലുകളും പെട്രോമാക്സുകളും മുനിഞ്ഞു കെട്ടുപോയി. കല്യാണവീടുകളിലും ഉത്സവപ്പറമ്പുകളിലും പെരുന്നാൾ പറമ്പിലും അതിന്റെ വെളിച്ചം നിറഞ്ഞുതൂവിയതോർക്കുമ്പോൾ ഗൃഹാതുരത്വത്തിന്റെ ഹിമാവരണം എന്റെ മനസ്സിന്‌....ഓട്ടുവിളക്കുകളും മണ്ണെണ്ണവിളക്കും ഒക്കെ എന്റെ വീട്ടിലും പരണത്തായിട്ട്‌ കാലം കുറച്ചായി. ഇടുക്കി അണക്കെട്ടിലെ വെള്ളത്തിന്റെ തോതനുസരിച്ച്‌ വെളിച്ചത്തിലും തമസ്സിലും മാറിമാറി ജീവിക്കാൻ മലയാളികളെല്ലാം ശീലിച്ചുകഴിഞ്ഞു.
ആധുനിക വീട്ടുപകരണങ്ങളുടെ വരവോടെ സ്ത്രീജനങ്ങൾക്ക്‌ ജോലിഭാരം ലഘൂകരിക്കാൻ കഴിഞ്ഞിട്ടുണ്ട്‌. അരകല്ലിലരച്ചും നെല്ലുകുത്തിയും കുളത്തിലും തോടുളിലും പുഴയിലുംമറ്റും പോയി തുണികഴുകിയും ജീവിച്ച മലയാളി സ്ത്രീകൾക്ക്‌ മിക്സിയും വാഷിംഗ്‌ മേഷീനും കൂട്ടിനുണ്ട്‌.
കേരളത്തിലെ ഒരു വലിയവിഭാഗം സ്ത്രീകളുടെ കാര്യമാണിത്‌. ടി.വി.കണ്ടും പകലുറങ്ങിയും ചാനലുകളിൽ ഫോൺവിളിച്ച്‌ 'പാറ്റ്‌' ആവശ്യപ്പെട്ടും, ഫാസ്റ്റ്‌ ഫുഡ്‌ കഴിച്ചും ജീവിക്കുന്ന സ്ത്രീകൾ കേരളത്തിലെ ഗ്രാമങ്ങളിൽപ്പോലും സാധാരണയാണിന്ന്‌. 'സാഹിത്യവാരഫല'ത്തിൽ പ്രോഫ.എം.കൃഷ്ണൻനായർ അഭിപ്രായപ്പെട്ടതുപോലെ 'വയറിന്റെ സ്ഥൂലത കണ്ടാലറിയാം മലയാളിസ്ത്രീയാണെന്ന്‌! ഈ സ്ത്രീകളാണ്‌ ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഹൃദ്രോഗം, പ്രമേഹം, സ്താനാർബുദം എന്നിങ്ങനെ മധ്യവയസ്സിൽ സ്ത്രീകൾക്കുണ്ടാകാവുന്ന സകലവിധ രോഗങ്ങളുമായി സ്പേഷ്യാലിറ്റി ഹോസ്പിറ്റലുകൾ കയറിയിറങ്ങുന്നത്‌.
വേറൊരു കൂട്ടർ അമ്മിക്കല്ലെടുത്ത്‌ റോഡിൽ കളഞ്ഞിട്ട്‌ വ്യായാമം ചെയ്യാൻ ഹെൽത്ത്‌ ക്ലബ്ബിലേക്കുപോകും. എല്ലുമുറിയെ പണിയെടുത്ത്‌ ജീവിക്കുന്ന, പാറമടയിലും നിർമ്മാണത്തൊഴിലിലും, കശുവണ്ടിയാപ്പീസിലും മറ്റും തൊഴിലെടുക്കുന്ന...കൊഴുപ്പിന്റെ അസ്കിതയില്ലാത്ത, മെലിഞ്ഞ്‌ കരുവാളിച്ച സ്ത്രീകളും ഇവിടെ ജീവിക്കുന്നുണ്ട്‌. അവർക്ക്‌ പ്രമേഹവും പ്രഷറും തീരെയില്ലെന്നതാണ്‌ വാസ്തവം!
പഴയകാലങ്ങളിൽ കേരളത്തിൽ ആശുപത്രികൾ കുറവായിരുന്നു സൗകര്യങ്ങളും കുറവ്‌. ഇന്ന്‌ മുട്ടിനുമുട്ടിന്‌ സൂപ്പർ സ്പേഷ്യാലിറ്റി ഹോസ്പിറ്റലുകളുണ്ട്‌. കൊല്ലാനും ജനിപ്പിക്കാനും സ്പേഷ്യലിസ്റ്റ്‌ ഡോക്ടർമാരുമുണ്ട്‌. കോടിക്കണക്കിനു രൂപ വിലയ്ക്കുള്ള കീറൽ, മുറിക്കൽ, തുന്നിച്ചേർക്കൽ, കണ്ടുപിടിക്കൽ ഉപകരണങ്ങളുമുണ്ട്‌. എല്ലാത്തിനും നിന്നുപിഴയ്ക്കേണ്ടേ. അതിനു വേണ്ടി ഐ.സി.യു എന്നൊക്കെയുള്ള അത്യാധുനിക സംവിധാനങ്ങളുമുണ്ട്‌. അലോപ്പതി മരുന്നുകളിൽ ജനത്തിന്‌ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. എങ്കിലും 'ഹെർബൽ'എന്നൊരു പരസ്യവാചകം കണ്ടാൽ ചൂടപ്പംപോലെ എന്തും വിറ്റുപോകുമെന്ന അവസ്ഥയാണിന്നു കേരളത്തിൽ.
റോഡുമാർഗ്ഗം യാത്രചെയ്യുമ്പോഴാണ്‌ കേരളത്തിലെ വീടുകളെക്കുറിച്ചോർത്ത്‌ ഞാൻ അത്ഭുതപ്പെടുന്നത്‌. പത്തുമുപ്പതുകൊല്ലം മുമ്പ്‌ ഓടിട്ട ഇരുനിലക്കെട്ടിടങ്ങൾക്ക്‌ എന്തൊരു പ്രൗഢിയായിരുന്നു! കോൺക്രീറ്റ്‌ കെട്ടിടങ്ങൾ അപൂർവ്വം. ഓലമേഞ്ഞ 'എ.സി' വീടുകളാണ്‌ അധികവും. കേരളത്തിന്റെ പരിസ്ഥിതിക്കും ധനസ്ഥിതിക്കും കേടുപറ്റിക്കാതെ ഒതുങ്ങിക്കൂടി എളിമയോടെ അവയങ്ങനെ നിന്നിരുന്നു.
ഏതാനും ദശകങ്ങൾക്കുശേഷം ഇന്നത്തെ സഞ്ചാരികാണുന്നതെന്താണ്‌? എം.സി.റോഡിലൂടെ ഒന്നു കടന്നുപോയാൽ ഇരുഭാഗത്തും അധികാരത്തിന്റെയും പണക്കൊഴുപ്പിന്റെയും മാന്യതയുടെയും അഹങ്കാരത്തിന്റെയും അടയാളങ്ങൾപോലുള്ള കോൺക്രീറ്റ്‌ എടുപ്പുകൾ. വീടുകളല്ല അവ; കൊട്ടാരങ്ങൾ. പുഴയെല്ലാം ഊറ്റി, മലകളെ വെട്ടിനിരത്തി, പർവ്വതശിലകളെ തുരന്നുനുറുക്കി, ഭൂഗർഭദ്രാവകംവരെ ഊറ്റിപ്പണിത രമ്യഹർമ്മ്യങ്ങൾ. അവിടെ ജീവിക്കുന്നവർക്ക്‌ മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവിക ബന്ധത്തെക്കുറിച്ച്‌ അറിയാമെന്നു ധരിക്കുന്നത്‌ അബദ്ധമല്ലേ?
കദളിക്കാട്ടെ എന്റെ വീടിനു സമീപം പണ്ടുണ്ടായിരുന്ന വയലിൽ ഏറെയും ഇന്ന്‌ പുരയിടങ്ങളാണ്‌. കുറെ മുമ്പ്‌ അവിടെ റബ്ബറും ജാതിയും കൊക്കോയും മറ്റുമാണുണ്ടായിരുന്നത്‌. പുതിയ തലമുറ അവയും വെട്ടിമാറ്റി ഇപ്പോൾ വാനിലത്തോട്ടങ്ങളാക്കിയിരിക്കുന്നു. നാളെയൊരുകാലം അവിടെ കൃഷിചെയ്യുക കറുപ്പോ കമ്പ്യൂട്ടറോ മറ്റോ ആവാം. അതിനുമപ്പുറം അവിടെ ആ പുരയിടങ്ങൾ തന്നെ ഉണ്ടാവുമോ?
കൃഷിചെയ്യാനിത്തിരി മണ്ണുതേടി തിരുവിതാംകൂറിലെ കർഷർ മലബാറിലേക്കും ഇടുക്കിയിലെ ഹൈറേഞ്ചിലേക്കും കുടിയേറിയകാലം എനിക്കോർമ്മയുണ്ട്‌. പ്രതികൂലകാലാവസ്ഥയോടും കാടിനോടും കാട്ടുമൃങ്ങളോടും പടവെട്ടി, ഏറുമാടംകെട്ടി വിളനോക്കി അവർ കൃഷിഭൂമികളുണ്ടാക്കി. സർക്കാരുകൾ അവർക്ക്‌ പട്ടയം നൽകി. ആനയ്ക്ക്‌ പിടിമുറ്റാത്ത കാട്ടുമരങ്ങൾ ലോറകളിൽ ചുരമിറങ്ങിവന്ന്‌ സമ്പന്നന്റെ കൊട്ടാരങ്ങൾക്ക്‌ അഴകേകി.
അങ്ങനെ വയനാട്ടിൽ മരുഭൂമികളും മൊട്ടക്കുന്നുകളുമുണ്ടായി. മൂന്നാറിലും മതികെട്ടാൻചോലയിലും ടൂറിസ്റ്റ്‌ റിസോർട്ടുകളുണ്ടായി. അപ്പോഴും ഇക്കാണായ ഭൂമിയുടെ ഏറ്റവും പഴയ അവകാശികൾ-ആദിവാസികൾ-ഒരുതുണ്ടു മണ്ണിനുവേണ്ടി വാപൂട്ടാതെ നിലവിളിച്ചുകൊണ്ടേയിരിക്കുന്നു.
മലയാളിയുടെ പുരോഗതിക്കുമേൽ ആ കറുത്തനിഴലുകൾ ചെളിവീഴ്ത്തുന്നു.
2003 ൽ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലെമെറിഡിയനിൽ നടന്ന ആഗോള നിക്ഷേപക സംഗമം ലോകശ്രദ്ധയാകർഷിച്ചിരുന്നു. വ്യാവസായികരംഗത്തെ കേരളത്തിന്റെ കുതിച്ചുചാട്ടം എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ ആ ആരംഭശൂരത്വംതന്നെ വ്യാജമായിരുന്നുവേന്നും കേരളത്തിന്റെ വ്യാവസായികവികസനം ചുവപ്പുനാടക്കുരുക്കിലാണെന്നും അധികംവൈകാതെ ജനത്തിനു മനസ്സിലായി.
എവിടെയാണ്‌ അപാകം? സർക്കാരുകളുടെ അനങ്ങാപ്പാറ നിലപാടുകളാണോ? ബാങ്കുകളുടെ മർക്കടമുഷ്ടികളാണോ? തൊഴിലാളി സംഘടനകളുടെ വിവേകശൂന്യതയാണോ? അതോ ഇതെല്ലാം ചേർന്നാണോ? അസംസ്കൃതവസ്തുക്കൾ വേണ്ടത്ര ലഭ്യമായിരുന്നിട്ടും മനുഷ്യ വിഭവശേഷി പ്രയോജനപ്പെടുത്താത്ത സംസ്ഥാനം എന്ന അപഖ്യാതി കേരളത്തിനു വന്നു ചേർന്നത്തെന്തുകൊണ്ടാണ്‌?