Followers

Wednesday, August 5, 2009

കവിത- ടി.എ.ശശി


മാധവിക്കുട്ടി തന്റെ കവിതയെ കുറിച്ച് പറയുന്നിടത്ത്,
"കവിത ആത്മാവിന്റെ അടിവസ്ത്രമാണെന്ന‌"
അവര്‍ തന്നെ കടം കൊണ്ട വാചകമാണ്‌ ഓര്‍മ്മയിലെത്തുന്നത്‌.
സങ്കീര്‍ണ്ണമായ കാലമാണു നമ്മുടേതെന്ന് എല്ലാവര്‍ക്കുമറിയാം.
നിസ്സഹായതയും നിലവിളികളും വേണ്ടതിലധികമുള്ള
ഒരു സമൂഹത്തിലേക്കാണ്‌ ഇന്നിന്റെ കവിത കടന്നുചെല്ലേണ്ടത്‌.
അവിടേക്ക്‌ എണ്ണ നിറഞ്ഞ വാക്കുകള്‍ ആവശ്യമില്ല.
എണ്ണയുടെ അമിതോപയോഗം ശരീരത്തെയെന്നപോലെ
അതുള്ള വാക്കുകള്‍ കവിതയേയും ദുഷിപ്പിക്കുന്നു.
ഈ ദുഷിപ്പ് സഹിക്കവയ്യാതെയാവണം
യഥാര്‍ത്ഥവായനക്കാരന്‍ കവിതയെ ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.
വായനക്കാരന്റെ മനസ്സിലേയ്ക്കും അതുവഴി സമൂഹത്തിലേക്കും
കവിത ഇറങ്ങിച്ചെല്ലേണ്ടതെങ്ങനെ എന്നുകൂടി കവി ചിന്തിച്ചേ തീരൂ.
അത്തരമൊരന്വേഷണമൊന്നും എന്റെ കവിതയില്‍ ഇല്ലെങ്കിലും,
ഉള്ളത് ഉള്ളതുപോലെ പറയാനുള്ള ഒരെളിയ ശ്രമം
ഒരുപിടി വാക്കുകളിലൂടെ ഞാന്‍ നടത്തുന്നു എന്നു മാത്രം-ടി.എ.ശശി




ഉറക്കത്തിലെ ആനകള്‍

കൊന്നു കൊമ്പൂരി
കുഴിച്ചിട്ട ആനകളത്രയും
രാത്രിയില്‍ എണീറ്റ്‌
നാലും എട്ടും കൊമ്പുകളോടെ
മദിച്ചെത്തി ചുട്ട കാടിനെ
പറത്തിയും കീറിയും
ഉറക്കത്തില്‍.


ആനക്കറുപ്പിന്‍
ഇരുട്ടിലൂടെ
എവിടേക്കാണുരുളുക.


വായ് തുറന്നമറിയാലും
ചിന്നംവിളികള്‍
എഴുന്നേറ്റു നില്ക്കും
വായുവിന്‍ സ്തൂപങ്ങളെ
തകര്‍ത്ത് എങ്ങിനെയാണ്
ഒരു ചെറിയ അമറല്‍
കടന്നു പോവുക.


വിരലുകള്‍


ഇന്ദ്രിയങ്ങള്‍
ഇല്ലാതാകുന്ന
നിമിഷമാണോ
നിശബ്ദത.
രണ്ടു നിശബ്ദതകള്‍
കൂട്ടിമുട്ടുമ്പോള്‍
രണ്ടു വിരല്‍ത്തുമ്പുകള്‍
തൊട്ടു നില്ക്കും.


വ്യാവസായികാടി-
സ്ഥാനത്തില്‍
നിശബ്ദതകള്‍
ഉല്‍പ്പാദിപ്പിച്ചെടുക്കുമ്പോള്‍
കമ്പോളത്തില്‍
എന്തുമാത്രം
വിരലുകള്‍.


പ്രതിഷ്ഠ


ഉടലും തലയും വേര്‍പെട്ടിട്ടില്ല
വസ്ത്രങ്ങള്‍ എല്ലാം നല്ല പോലെ
ഒരു തുള്ളി ചോരയും പൊടി-
യാത്തൊരു മൃതദേഹപ്രതിഷ്ഠ
കാണ്മു കണ്ണാടിയില്‍; എത്ര സത്യം
നാരായണഗുരുവിന്‍ മൊഴി .

ശവങ്ങള്‍ പറയുന്നത്





കടല്‍ക്കരയില്‍ കാറ്റു-
കൊള്ളും ശവങ്ങളൊക്കെയും
പിന്നോട്ടടിക്കുന്ന
തിരകളെ കണ്ട്
എഴുന്നേറ്റിരുന്നു.
എന്തിനാണ് ഇനിയും കര;
പുതിയ ശവങ്ങള്‍
വന്നിരിക്കില്ലെ.
കടലില്‍ പകുതി
താഴ്ന്ന സൂര്യന്‍
മുഴുവനുമായ്
മുകളിലേക്ക് വന്നു.
എന്തിനാണ് വീണ്ടും
പകല്‍ ; കണ്ണടക്കാതെ
ഉറങ്ങി കിടക്കില്ലെ.


പുലി

സിംഹങ്ങള്‍
പുലികളെ തിന്നു
സിംഹാരാധന
മൂത്ത് മൂത്ത്
ലങ്ക നിറയെ
സിംഹസ്തൂപങ്ങള്‍
നിറയും.

ദഹിക്കാത്ത
പുലികള്‍ ഇനി
സ്തൂപങ്ങള്‍
തുരന്നു
പുറത്തു വരുമൊ.


ഒരു നിശബ്ദരേഖ

ബലമില്ലാത്ത ഉത്തരം വീടിനുള്ളവര്‍
വീടു നിറയെ അംഗങ്ങളുള്ളവര്‍
തൂങ്ങുക മാവിലോ പ്ലാവിലോ
ആയിരിക്കും.

പുലര്‍ച്ചെ കാണുന്ന ശവം
കൈതോലപ്പായയില്‍ പൊതിഞ്ഞ്
ഉന്തുവണ്ടിയിലെടുത്ത്
വലപ്പാട് സര്‍ക്കാരാശുപത്രിമോര്‍ച്ചറി-
യിലേക്കെത്തുമ്പോള്‍
പത്തുപതിനൊന്നു മണി ആകും.

റോഡിലൂടെ നടക്കുന്നവര്‍
വേലിക്കരിലേക്കും
പീടികയ്ക്കു പുറത്ത് നില്‍ക്കുന്നവര്‍
തിണ്ണയിലേക്കും തിണ്ണയിലുള്ളവര്‍
ചുമര്‍ തൊട്ടും
ഒച്ച പൂഴ്ത്തി നില്‍ക്കും.

പൊടിയൊതുങ്ങിയ
ചെങ്കല്‍റോഡിലൂടെ
ഉന്തുവണ്ടിയുടെ വീതിയില്‍
ഒരു നിശബ്ദരേഖ
കടന്നു പോകുന്നു.
ഉച്ച കഴിഞ്ഞ് തിരിച്ചെത്തുന്നു.

ഇരുട്ടുമ്പോഴായിരിക്കും
പൂഴ്ത്തിയ ഒച്ചകളൊക്കെയും
തെക്കേപ്പുറത്തു നിന്നും
തിരിച്ചു പോവുക.


തിങ്ങി തിങ്ങി

ജലം തിങ്ങി തിങ്ങി വരുമ്പോള്‍
പുറത്തേക്കൊഴുകുവാന്‍
കഴിയുന്ന പുഴയേ
നിന്റെ ജന്മം നല്ലത്.

അഗ്നിയേ നീ തിങ്ങി തിങ്ങി
വരുമ്പോള്‍ പൊട്ടിത്തെറിച്ച്
പുറത്തേക്കാളും.
അകവും പുറവും
ഇല്ലാതാകുമ്പോള്‍
ഒഴുക്കുമില്ല
ആളലുമില്ല.

തിങ്ങി തിങ്ങി
ഇടമില്ലാഞ്ഞിട്ടാകും
*ഉടലില്‍ പൂമാല
പറ്റിക്കിടന്നതും
ഉടലോ കയറില്‍
തൂങ്ങിക്കിടന്നതും.


..................................
* ഉടലില്‍ പൂമാലയിട്ട്
തൂങ്ങിയ ഇടപ്പള്ളി.

പാളക്കണ്ണാടി

തീവണ്ടികള്‍
ചവച്ചോടി
ചവച്ചോടി
കിട്ടിയ
പാളത്തിളക്കത്തില്‍
കണ്ണാടി നോക്കാന്‍
കിടന്നതാകുമൊ
കണ്‍ തുറന്നേ
കിടക്കും
ശിരസ്സുകള്‍.

ജഡഹത്യ

ചില ഇരകള്‍
വെടി കൊള്ളുന്നതിനു
മുന്‍പേ
ജഡങ്ങളായിരിക്കും.
ജഡങ്ങളെ
കൊല്ലുകതന്നെ വേണം;
മരിക്കുന്നതുവരെ.
ശവക്കുഴികള്‍ക്കു മേല്‍
നിറയൊഴിക്കുവാന്‍
പിന്നെയെന്തിനു
മെനക്കെടണം.


ധവളപത്രം

അസ്ഥികളെ
ചുറ്റിപ്പറ്റി
ഒട്ടിക്കൂടിയ മാംസം
ഇടിയുകയൊ
അഴിയുകയൊ
അതുമല്ലെങ്കില്‍
ഉണങ്ങി..ഉണങ്ങി..

പ്ലാശിന്‍ കമ്പുകള്‍
കൂട്ടിപ്പിടിച്ച്
ധവളനിറ-
മാര്‍ന്നതൊക്കെയും
പെറുക്കിയെടുക്കുമ്പോള്‍
വെറും നുറുങ്ങുകളെ
എങ്ങിനെയാണ്‌
ധവളപത്ര-
മെന്നു പറയുക.





t.a.sasi
advertising coordinator
advertising dept.
emke group
head office
abu dhabhi
email sasilulu@gmail.com
sasita90@gmail.com
+971503706750