ആസന്നമായ ഒരു വിപത്തിന്റെ നിഴൽ പ്രകടമായിരുന്നു. അനിവാര്യമായ എന്തോ ഒന്നിന്റെ ആഗമനം ഉടനെ ഉണ്ടാവുമെന്നയാൾക്കു തോന്നി. ഇനിയും തിരിച്ചറിയാത്ത ഏതോ ചിന്തകൾ അയാളെ ഗ്രസിച്ചു.
കടൽ ശാന്തവും സ്വച്ഛവുമായിരുന്നു. തിരമാലകൾ ഉറക്കം തൂങ്ങുന്നതുപോലെ. അകലെ ആകാശം കടലിൽ മുട്ടുകയും ആ സ്ഥാനം ലക്ഷ്യമാക്കി കപ്പൽ വേഗത്തിൽ നീങ്ങുകയും ചെയ്തു.
ഡക്കിൽ ധാരാളം യാത്രക്കാർ ഉണ്ടായിരുന്നു. അവരിൽ വൃദ്ധനായ ഒരു മനുഷ്യൻ അയാൾക്കു കൂട്ടിനെത്തി. മുഖവുര കൂടാതെ വൃദ്ധൻ പറഞ്ഞു: 'കണ്ടില്ലേ ആ ഉയരംകൂടിയ തൊപ്പിക്കാരൻ ഒച്ചവെക്കുന്നത്? അയാളിന്നലെ ചീട്ടുകളിയിലെന്നെ ചതിച്ചു തോൽപ്പിച്ചു'.
അയാൾ മിണ്ടുന്നില്ലെന്നു കണ്ടപ്പോൾ വൃദ്ധൻ തുടർന്നു: 'അവന്റെ കൂടെയുള്ള ആ പെണ്ണിന്റെ നിൽപും ഭാവവും കണ്ടോ? അവൾ ലാസ്‌വേഗാസിലെ അറിയപ്പെടുന്ന ഒരു കാൾ ഗേളാണ്. കമ്പനിയുടെ പണംകൊണ്ട് അവൻ അവളുമായി ഉല്ലാസയാത്രയ്ക്കിറങ്ങിയിരിക്കുന്നു! അവന്റെ പണവും പ്രതാപവും ഞാൻ നശിപ്പിക്കും. എന്നോട് മത്സരിച്ചവരൊന്നും രക്ഷപ്പെട്ടിട്ടില്ല'.
ഇത്രയും കേട്ടപ്പോൾ അയാൾ പറഞ്ഞു.'നിങ്ങൾക്കു മറ്റുള്ളവരുടെ ബലഹീനതകൾ ക്ഷമിച്ചുകൂടേ? ഈ വിനോദസഞ്ചാരത്തിന്റെ മുഴുവൻ സുഖവും ആസ്വദിച്ചു കൂടേ?
വൃദ്ധനു കോപം വന്നു. 'നിങ്ങൾക്കൊന്നും അറിയില്ല. നിങ്ങൾ ഈ ലോകത്തിലല്ല'. വൃദ്ധൻ വേഗത്തിൽ അവിടം വിട്ടു.
അപ്പോൾ അയാൾക്കരുകിൽ രണ്ടു മധ്യവയസ്കകൾ വന്നു നിൽക്കുന്നതു കണ്ടു. അവർ അയാളെ ശ്രദ്ധിക്കാതെ എന്തോ ഗൗരവത്തിൽ സംസാരിക്കുന്നുണ്ടായിരുന്നു. ഒരുവൾ അപറയോടു പറഞ്ഞു: 'കണ്ടില്ലേ, കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്ന ആ കിഴവൻ കമ്പനി പ്രസിഡന്റ് ഇന്നലെ ആ കാബറെ നർത്തകിയുടെ പിറകെ തെണ്ടിനടന്നത്? നാണമില്ലാത്ത മനുഷ്യൻ!'
അയാൾ അവരെ നോക്കി. വളരെ പണിപ്പെട്ട് മേക്കപ്പും നടത്തിയിരിക്കുന്നു, വിലകൂടിയ ആഭരണങ്ങളും വസ്ത്രങ്ങളും ധരിച്ചിരിക്കുന്നു. എന്തിനാണ് അവർ ആ നല്ല നിമിഷങ്ങൾ വഷളാക്കുന്നതെന്ന് അയാൾക്കു മനസ്സിലായില്ല. മറ്റുള്ളവരെ അവരുടെ വഴിക്കു വിട്ടുകൂടേ? പകയും വിദ്വേഷവും എന്തിനു മനസ്സിൽ സൂക്ഷിക്കുന്നു? അകലെ മറയാൻ തിരക്കു കൂട്ടുന്ന സൂര്യനെ നോക്കി അയാൾ ചിന്തയിൽ മുഴുകി.
രാത്രിയിൽ കാലാവസ്ഥ മാറിയതു പെട്ടെന്നാണ്. കോളുകൊണ്ട ആകാശവും പ്രക്ഷുബ്ധമായ കടലും യാത്രക്കാരെ ഭയപ്പെടുത്തി. മുന്നോട്ടുള്ള പ്രയാണത്തിൽ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഏറെക്കഴിയുന്നതിനു മുമ്പ് വലിയൊരു പൊട്ടിത്തെറി, കപ്പൽ എവിടെയോ തട്ടിത്തകരുന്നതുപോലെ. യാത്രക്കാർ നിലവിളിച്ചു. കപ്പിത്താന്റെ വാക്കുകൾ മുഴങ്ങി. 'ആരും പരിഭ്രാന്തരാവുന്നത്. കപ്പൽ ഒരു ദ്വീപിൽ ഇടിച്ചു. എല്ലാവരും ദ്വീപിലേക്കിറങ്ങിക്കൊള്ളുക. താമസിയാതെ കപ്പൽ കടലിൽ താഴും.'
യാത്രക്കാർ ജീവനുവേണ്ടി മത്സരിച്ചോടി. ഓട്ടത്തിൽ പലർക്കും പരിക്കേറ്റു. ഒടുവിൽ എല്ലാവർക്കും ദ്വീപിൽ അഭയം തേടാൻ കഴിഞ്ഞു. കുറെ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും ജോലിക്കാർ കപ്പലിൽനിന്നു വീണ്ടെടുത്തു. എല്ലാവരും ദ്വീപിൽ സഹായം കാത്ത് കഴിഞ്ഞുകൂടി.
നേരത്തെ സംസാരിച്ച വൃദ്ധനെ അയാൾ കണ്ടു. കോട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന കത്തിയും തോക്കും അയാളെ കാണിച്ചുകൊണ്ട് വൃദ്ധൻ പറഞ്ഞു: 'ഇത് അവനുവേണ്ടി കരുതിയിട്ടുള്ളതാണ്.'
അടുത്തദിവസം തൊപ്പിക്കാരന്റെ ജഡം ദ്വീപിൽ കണ്ടെത്തി. വെടിയുണ്ടയേറ്റാണ് മരിച്ചതെന്നു വ്യക്തമായിരുന്നു. ആരാണ് കൊന്നത്തെന്ന് മനസ്സിലായില്ല. മത്സ്യങ്ങളെ കുരുക്കുവാനുള്ള തിടുക്കത്തിൽ ക്യാപ്റ്റനോ മറ്റു ജോലിക്കാർക്കോ കുറ്റവാളിയെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.
പിന്നീട് കായ്കനികൾ തേടി അയാൾ കാട്ടിൽ അലയുകയായിരുന്നു. അപ്പോൾ കൈയിൽ വടികളുകമായി പണ്ടത്തെ മധ്യവയ്സകകൾ കാട്ടിൽ നിന്നു തീരത്തേക്കു വരുന്നതയാൾ കണ്ടു: അയാളെ അവർ കണ്ടില്ല. അവർ വടികൾ കാട്ടിലെറിഞ്ഞിട്ട് നടന്നകന്നു. അവർ പോയപ്പോൾ അയാൾ ആ വടികളെടുത്തു നോക്കി. അവയിൽ രക്തക്കറ ഉണ്ടായിരുന്നു.
അയാൾ ഭക്ഷണം തേടി കാടിന്റെയുള്ളിലേക്കു നടന്നു. അകലെയല്ലാതെ ആരോ മരിച്ചുകിടക്കുന്നതയാളുടെ ശ്രദ്ധയിൽപ്പെട്ടു. അയാൾ അടുത്തുചെന്നു നോക്കി. അത് കപ്പലിലെ കാബറെ നർത്തകിയായിരുന്നു.