Followers

Wednesday, August 5, 2009

സാമൂഹ്യപാഠം-രാജീവ്‌ ജി.ഇടവ





കഥ
സാമൂഹ്യപാഠം
രാജീവ്‌ ജി.ഇടവ
മദ്യത്തിന്റെയും പാൻപരാഗിന്റെയും മറ്റെന്തൊക്കെയോ ലഹരി പദാർത്ഥങ്ങളുടെയും സമ്മിശ്രഗന്ധം ജീപ്പ്പിനുള്ളിലെ യാത്രയെ അലസോരപ്പെടുത്തുന്നുണ്ടായിരുന്നു. കരിമ്പടംപോലെ കിടന്ന ഇരുട്ടിന്‌ ആശ്വസമായത്‌ ജീപ്പ്പിന്റെ ഹെഡ്ലൈറ്റുകളുടെ പ്രകാശംമാത്രമായിരുന്നു. ഇരുട്ടിന്റെ ജഠരത്തിൽ പ്രകാശം വീഴുമ്പോഴുള്ള ദൃശങ്ങൾ ശിഖരങ്ങൾ താഴ്ത്തി നിൽക്കുന്ന വൻമരങ്ങളും നിഴലുകളും മാത്രമായിരുന്നു.
മണിക്കൂറുകൾക്ക്‌ മുമ്പ്‌ തുടങ്ങിയതാണ്‌ ഈ യാത്ര. അതിനിടയിൽ മുൻസീറ്റിലുണ്ടായിരുന്ന ആൾമാത്രം ഡ്രൈവറോഡ്‌ ഒച്ചതാഴ്ത്തി സംസാരിക്കുകയും ഉച്ചത്തിൽ ചിരിക്കുകയും ചെയ്തു. അയാളുടെ തല ഒരു പഞ്ഞിക്കെട്ടുപോലെയായിരുന്നു. ജീപ്പ്പിനുള്ളിലെ ആളെണ്ണമത്രയെന്ന്‌ കയറുമ്പോൾ വ്യക്തമായിരുന്നെങ്കിലും ഇടയ്ക്കുള്ള യാത്രക്കാരെയെടുപ്പിൽ തിട്ടംവിട്ടിരുന്നു. ഇങ്ങനെയുള്ള യാത്രകളിലെ വൈഷമ്യങ്ങൾ അനുഭവിക്കുമ്പോൾ കമ്പനി അവനെതന്നെ തെരഞ്ഞെടുക്കുന്നതിൽ അവന്‌ അമർഷമുണ്ടായിരുന്നു.
ഇനിയും ഒരുപാട്‌ ദൂരമുണ്ട്‌ വനമേഖലയിലെത്താൻ. അതുകൊണ്ടാകും ആദിവാസികൾക്കിടയിൽ ഇങ്ങനെയൊരു പ്രോജക്ടിന്റെ ആവശ്യകതയെന്തെന്ന്‌ അവൻ ചിന്തിച്ചതു. കുറച്ച്‌ കാലം മുമ്പ്‌ ആദിവാസികൾക്കിടയിൽ നിന്ന്‌ വലിയ ഒച്ചപ്പാടുകൾ ഉയർന്നിരുന്നു. അവരുടെ ആവശ്യങ്ങൾക്കായി സമരമുറകളുമായി സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ്ണകൾ നടത്തി. തുടർന്നെന്തോ അതൊക്കെ നിശ്ശേഷം കെട്ടടങ്ങുകയാണുണ്ടായത്‌. അതോ അടിച്ചമർത്തിയതോ? പിന്നോക്ക സമുദായ നേതാക്കന്മാരെന്നൊക്കെ പറഞ്ഞ്‌ ഭരണകൂടത്തെയും സവർണ്ണരെയും നിശിതമായി വിമർശിച്ചുകൊണ്ട്‌ മുന്നോട്ട്‌ വന്നവരൊക്കെ ഇപ്പോൾ നിശ്ശബ്ദരാണ്‌. അല്ലെങ്കിൽ വനങ്ങൾ വെട്ടിമാറ്റി, ആദിവാസി കുടിലുകൾ പൊളിച്ചടുക്കി കമ്പനിയുടെ പ്രോജക്ട്‌ നിർമ്മാണം തുടങ്ങുമായിരുന്നോ.
വനപ്രദേശത്തേക്കുള്ള യാത്ര തീരദേശം വഴിയായിരുന്നു. ഇനിയും മണിക്കൂറുകൾ ബാക്കിയാണ്‌. തീരദേശം അവസാനിക്കുന്നടത്ത്‌ ഒരു കരിങ്കൽ മടയുണ്ട്‌. അവിടെനിന്നാണ്‌ വനപ്രദേശത്തേക്കുള്ള വഴി മുറിയുന്നത്‌. കല്ലുംകുണ്ടും നിറഞ്ഞതും,വൻമരങ്ങൾകൊണ്ടും ദുർഘടമാണ്‌ വഴിയെന്നും സൂക്ഷിക്കണമെന്നും ഓഫീസിലുള്ള സഹപ്രവർത്തകർ മൂന്നാര്റിയിപ്പു തന്നിരുന്നു. ഇപ്പോൾ വല്ലാത്തൊരു വിജനതയിലൂടെയാണ്‌ ജീപ്പ്പ്‌ സഞ്ചരിക്കുന്നത്‌. ജീപ്പ്പിനുള്ളിലെ ദുർഗ്ഗന്ധത്തിനിപ്പോൾ കട്ടി കൂടിയതുപോലെ തോന്നി. അതിനെക്കാളേറെ അസ്വസ്ഥമാകുന്ന തണുത്തുറഞ്ഞൊരു നിശ്ശബ്ദത അതിനുള്ളിൽ തങ്ങിനിന്നിരുന്നു. ഇവർക്കൊക്കെയൊന്ന്‌ മിണ്ടിയും പറഞ്ഞും ഇരുന്നുകൂടെയെന്ന്‌ അവന്‌ അവരോട്‌ ചോദിക്കണമെന്നുണ്ടായിരുന്നു. ഇടയ്ക്കതിനു മുതിർന്നതാണ്‌. പക്ഷേ പാളിപ്പോയി.
എനിക്ക്‌ മുമ്പുതന്നെ നാലുപേർ ജീപ്പ്പിൽ കയറി കൂടിയിരുന്നു. ഗുസ്തിക്കാരെപ്പോലെ തോന്നിച്ച അവർക്കിടയിൽ അൽപം അകലം വിട്ടാണ്‌ അവൻ ഇരുന്നത്‌. മാംസം ചീഞ്ഞതുപോലൊരു ദുർഗ്ഗന്ധം ജീപ്പ്പിനുള്ളിൽ തങ്ങിനിന്നിട്ടും അറിഞ്ഞഭാവം പോലും നടിക്കാതിരിക്കുന്ന അവരെ ഒട്ടൊരത്ഭുതത്തോടെയാണ്‌ അവൻ കണ്ടത്‌.
ഒന്നാമൻ
കറുത്ത കാപ്പിരിച്ചുണ്ടുള്ള അയാൾ ക്ലീൻഷേവ്‌ ചെയ്ത്‌ കൃതാവിറക്കിയിരുന്നു. ആസനത്തിൽ പഞ്ഞിയുള്ള സിഗററ്റിന്റെ പുകവലയിൽ കണ്ണഞ്ചാതെ നോക്കിയിരിക്കുന്ന അയാളുടെ കഴുത്തിൽ കുരിശുകോർത്ത കനമുള്ളൊരു വെള്ളി ചെയിനുണ്ടായിരുന്നു. അയാൾ വലിക്കുന്ന സിഗററ്റിന്‌ മഞ്ഞനിറമാണെന്നുള്ളത്‌ അവൻ പ്രത്യേകം ശ്രദ്ധിച്ചു. അപ്പോഴാണ്‌ അവൻ തന്റെ മറവിയെക്കുറിച്ചോർത്തത്‌. ബാഗിന്റെ സിബ്ബ്‌ തുറന്ന്‌ ഒരു വിൽസ്ഫിൽട്ടറെടുത്ത്‌ അവൻ കത്തിച്ചു വലിക്കാൻ തുടങ്ങി.
രണ്ടാമൻ
യുവത്വത്തെ അവഗണിച്ച കഷണ്ടി അയാളെ ആക്രമിക്കാൻ തുടങ്ങിയിരുന്നു. കനത്ത കൺപോളകൾക്കും ഇടതൂർന്ന പുരികങ്ങൾക്കും കീഴെയുള്ള അപ്രാപ്യമായ നോട്ടത്തിൽ വല്ലാത്തൊരു ദുരൂഹതയുണ്ടെന്ന്‌ അവനുതോന്നി. അവൻ ഊതി വിടുന്ന സിഗററ്റ്‌ പുകയോട്‌ അയാൾക്കെന്തോ ഇഷ്ടക്കേടുള്ളതുപോലെ അവനെ സൂക്ഷിച്ചുനോക്കി. ആ നിമിഷം അയാൾക്കുനേരെ അവൻ സൗഹൃദപൂർവ്വം മന്ദഹസിച്ചു.- രൂക്ഷമായൊരു നോട്ടമായിരുന്നു പ്രതികരണം.
മൂന്നാമൻ
ഹിന്ദി സിനിമയിലെ വില്ലന്മാരെപോലെയായിരുന്നു അയാൾ. നീട്ടിവളർത്തിയ തലമുടി ഒരു ചുവന്ന റിബൺകൊണ്ട്‌ പിന്നിൽ കെട്ടിയിട്ടിരുന്നു. കാതിലണിഞ്ഞിരുന്ന വളയം വെളുപ്പുള്ള അയാളുടെ ബോധം ഉടഞ്ഞിരിക്കുകയാണെന്ന്‌ അയാളുടെ പകുതിയടഞ്ഞ കണ്ണുകളിൽ നിന്നും ഊഹിക്കാനായി.
ഈ വിധം ശ്വാസം പിടിച്ചിരിക്കുന്നവർക്കൊപ്പമാണല്ലോ തന്റെ യാത്രയെന്നോർത്ത്‌ അവൻ നിരാശയോടെ നിശ്വസിച്ചു. മൗനം കനപ്പിച്ച അന്തരീക്ഷത്തെ ഇരുട്ട്‌ പൂർണ്ണമായും-കൈയടക്കിയപ്പോൾ ഒന്നും വ്യക്തമാകാത്ത ഒരു ഇരുൾ ഗർത്തത്തിൽ അകപ്പെട്ട പ്രതീതിയുണ്ടായി. സിഗററ്റുകൾ പുകച്ചുതള്ളി മ്ലാനത കലർന്ന ഒരശ്രദ്ധയിൽ പുറത്തേക്ക്‌ നോക്കിയിരിക്കുമ്പോഴാണ്‌ അവൻ അവനെ അത്ഭുതപ്പെടുത്തികൊണ്ട്‌-നിശ്ശബ്ദതയുടെ ലോഹപാളികൾ ഉടച്ചെറിഞ്ഞത്‌.
"എണ്ണിനോക്കിയിരുന്നോ?"
"നാലായി ഭാഗിച്ചിട്ടുണ്ട്‌."
"എങ്കിൽ തന്നേക്ക്‌."
ബിസ്കറ്റ്‌ നീളമുള്ള ഒരു പൊതി മൂന്നാമൻ കൈമാറി.
"ആദിവാസികളായിട്ടും അവരുടെ അഹങ്കാരം...?"
"കൊരക്കുന്നവരുടെയൊക്കെ നാവടക്കാൻ നമ്മളെ പോലുള്ളവർ തന്നെ വേണം."
"ഇവരെയൊക്കെ ഉയർത്തിക്കൊണ്ട്‌ വരുന്നവരൊക്കെത്തന്നെയാണ്‌ ഇല്ലാതാക്കുന്നതും."
"എന്തിനാ ഇവരൊക്കെ വേണ്ടത്ത പൊല്ലാപ്പിന്‌ ഇറങ്ങി പുറപ്പെടുന്നത്‌."
"സെക്രട്ടറിയേറ്റിനു മുന്നിൽ എന്ത്‌ ആവേശമായിരുന്നു. അവൾക്ക്‌"
"ഒരു സ്ത്രീയാണെന്ന യാതൊരു പുളിപ്പുമില്ലാതെയല്ലേ അവളുടെ പ്രകടനം."
അവൾ വിളിച്ചു പറഞ്ഞതൊക്കെ സത്യമാണെന്നാണ്‌ എന്റെ വിശ്വാസം."
"സത്യമൊക്കേതന്നെ. എന്നിട്ടെന്തു ഫലം."
"ഇവറ്റകളുടെയൊക്കെ അവസാനം ഇങ്ങനെയൊക്കെ തന്നെയാണ്‌."
"പാവങ്ങൾ. അന്ധമായി വിശ്വസിച്ചുപോകുന്നു."
അവരുടെ സംസാരത്തിന്‌ തടസ്സമിട്ടുകൊണ്ട്‌ വല്ലാത്തൊരു മുരൾച്ചയിൽ ജീപ്പ്പ്‌ നിന്നു. അവരുടെ സംസാരത്തിൽ വലിയൊരു ദുരൂഹത ഒളിഞ്ഞിരിക്കുന്നുണ്ടെന്ന തോന്നലാണ്‌, അപാരമായ ക്ഷമയുള്ളവനായിട്ടും ചോദിക്കാണ്ടായെന്ന്‌ വിചാരിച്ചതു തന്നെ അവന്റെ നാവിൽ തുമ്പിലെത്തിയത്‌.
"ഏത്‌ ആദിവാസിപ്പെണ്ണിന്റെ കാര്യമാണ്‌ നിങ്ങൾ..."
ഇരയെ കണ്ട വ്യാഘ്രത്തെപോലെയാണ്‌ ഏട്ട്‌ കണ്ണുകൾ അവനു നേരെ തുറിച്ചുവന്നത്‌. ചോദ്യം തുടർന്നാൽ കടിച്ചുകീറലാകുമെന്ന്‌ അവരുടെ തീക്ഷ്ണനേത്രങ്ങളിൽ നിന്ന്‌ മനസ്സിലായപ്പോൾ, വലിയൊരു ഞെട്ടൽ അനുഭവിച്ചു കഴിഞ്ഞതിന്റെ പതർച്ചയിൽ നിന്ന്‌ അവൻ കണ്ണുകൾ തിരിച്ചെടുത്തു.
ആരൊക്കെയോ അവിടെ നിന്ന്‌ വീണ്ടും ജീപ്പ്പിലേക്ക്‌ കയറി. അതിലൊരുവൻ ഡ്രൈവർക്കരുകിലാണെന്ന്‌ അവന്റെ ഉച്ചത്തിലുള്ള സംസാരത്തിൽ നിന്ന്‌ മനസ്സിലായി. പാദസര കിലുക്കത്തിലും, മുല്ലപ്പൂവിന്റെ സുഗന്ധത്തിലും കയറിയവരിൽ ഒരു സ്ത്രീ കൂടിയുണ്ടെന്ന്‌ അവർ തീർച്ചപ്പെടുത്തി. വിമ്മിട്ടപ്പെടുത്തുന്നൊരു ഞെരുക്കത്തിലാണ്‌ ഇപ്പോൾ യാത്ര. അവിടെ നിന്ന്‌ കയറിയവരും നിശ്ശബ്ദരായിരുന്നു. ജീപ്പ്പിനുള്ളിൽ ആളനക്കമുണ്ടെന്ന്‌ തോന്നിച്ചതു അവളുടെ പാദസര കിലുക്കം മാത്രമായിരുന്നു. ദുർഗ്ഗന്ധം അധികമായപ്പോൾ അവന്‌ മനംപുരട്ടലുണ്ടായി. മുല്ലപ്പൂഗന്ധവും, ശരീരഗന്ധവുമായി ഇഴുകിചേർന്ന പൂശു ഗന്ധവും ജീപ്പ്പിൽ തങ്ങിനിന്നിരുന്ന ദുർഗ്ഗന്ധവുമായി ചേർന്നപ്പോൾ അവന്റെ ഉദരത്തിൽ നിന്ന്‌ പുതിയൊരു അസ്വസ്ഥത അവന്റെ തൊണ്ടയോളം വന്നുനിന്നു. അതിലേറെ അവനെ അസ്വസ്ഥനാക്കിയത്‌ അവളുടെ പാദസരകിലുക്കമായിരുന്നു. പുരുഷന്മാർക്കിടയിലാണെന്ന വിചാരംപോലുമില്ലാതെ ഒരു പ്രത്യേക താളക്രമത്തിലുള്ള അവളുടെ പാദസരകിലുക്കം ഇരുട്ടിലേയൊരു കളങ്കമാണ്‌ അവളെന്ന്‌ തോന്നിപ്പിച്ചു.
മുഷിച്ചിൽ അധികമായപ്പോൾ ഒരു സിഗററ്റിനു കൂടി അവൻ തീ കൊടുത്തു. അതിന്റെ ലഹരി ആസ്വദിക്കുമ്പോഴാണ്‌ നേർത്തതും, ചൂടേറിയതുമായൊരു പുരുഷ നിശ്വസം അവന്റെ മുഖത്തടിച്ചതു. അതിനൊപ്പം പാദസര കിലുക്കവും കൈകൾവേഗത്തിൽ ചലിപ്പിക്കുമ്പോഴുണ്ടാകുന്ന വളകിലുക്കവും. അവർക്കിടയിൽ എന്താണ്‌ നടക്കുന്നതെന്ന്‌ വ്യക്തമല്ലെങ്കിലും അൽപനേരം തുടർന്നുനിന്ന ആ പ്രവൃത്തി നിശ്ശേഷം നിലച്ചതിന്റെ നിശ്വാസങ്ങളും കാറ്റുപോയ ഒരു ബലൂൺപോലെ അരുകിലിരുന്നവൻ ചുരുളുന്നതും അവനറിഞ്ഞു.
കുളിരുള്ള കാറ്റ്‌ ജീപ്പ്പിലേക്കടിച്ചുകയറി. തിരമാലകൾ പാറകളിലടിക്കുന്നതിന്റെ ഇരമ്പം കാതിലെത്തിയപ്പോൾ തീരദേശത്തിന്റെ തുടക്കമായിട്ടുണ്ടെന്ന്‌ ഊഹിക്കാനായി. സ്ട്രീറ്റുലൈറ്റുകൾ ചിമ്മിനിവെട്ടത്തെക്കാൾ ദയനീയമായി പ്രകാശിക്കുന്നുണ്ടായിരുന്നു. പാലം കടക്കുന്ന ഒച്ചയുടെ അന്ത്യത്തിൽ ഒരു മൂന്നാര്റിയിപ്പുമില്ലാതെ ജീപ്പ്പ്‌ ഒരിക്കൽ കൂടി മുരണ്ടുകൊണ്ട്‌ നിന്നു.
എന്താണുണ്ടായത്‌? ഇനിയും യാത്രക്കാരെ കുത്തിനിറക്കാനുള്ള പുറപ്പാടാണോ? അവൻ സന്ദേഹത്തോടെ അവ്യക്തമായി ചലിക്കുന്ന രൂപങ്ങളിലേക്ക്‌ നോക്കി. വിജനമായ തീരദേശത്ത്‌ ജീപ്പ്പിലുണ്ടായിരുന്ന ആ സ്ത്രീയും അവൾക്കൊപ്പമുണ്ടായിരുന്നവരും ഇറങ്ങുന്നതു കണ്ടപ്പോൾ അവൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു. സ്ട്രീറ്റ്ലൈറ്റിന്റെ വെളിച്ചത്തിൽ അവൻ ആ സ്ത്രീയെയാണ്‌ ശ്രദ്ധിച്ചതു. വിയർപ്പുതുള്ളികൾ പൊടിഞ്ഞ അവളുടെ മുഖപേശികളിൽ ക്ഷീണമുണ്ടായിരുന്നു. എന്തോ വില കുറഞ്ഞ ലിപ്സ്റ്റിക്‌ കൊണ്ടാണ്‌ അവൾ തന്റെ അധരം ചുവപ്പിച്ചിരുന്നത്‌. അവളുടെ കണ്ണുകൾ ഇരുട്ടിൽ രണ്ട്‌ മുട്ടകൾപോലെ മുഴച്ചുനിന്നിരുന്നു. നേരത്തെ നിശ്ചയിച്ചുറപ്പിച്ചതുപോലെ അവർ പടർന്നു പന്തലിച്ചു കിടന്ന കുറ്റിക്കാട്ടിലൂടെ പാലത്തിന്‌ താഴേക്കിറങ്ങി മറയുന്നതു കണ്ടപ്പോൾ അവൻ അവജ്ഞയോടെ മുഖംതിരിച്ചു.
ദുർഗ്ഗന്ധം സഹിച്ചുള്ള യാത്രയിൽ നിന്നിറങ്ങി അവൻ മൂരി നിവർത്തി. ബാഗ്‌ തോളിൽ തൂക്കി മൊബെയിൽ ഫോണെടുത്ത്‌ നോക്കി. നാശം ഇവിടെയും റെയ്ഞ്ചില്ല. ഇതുപോലുള്ളയിടങ്ങളിൽ റെയിഞ്ചുകൂടി ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകളെ പഴിച്ചുകൊണ്ട്‌ അവൻ കടൽക്കരയിലേക്ക്‌ നടന്നു. അപ്പോഴും നാൽവർ സംഘം ജീപ്പ്പിൽത്തന്നെ ഇരിക്കുകയായിരുന്നു. അവരുടെ സഹനശക്തി അഭിനന്ദനാർഹമാണെന്ന്‌ അവനുതോന്നി. സമുദ്രത്തുമ്പ്‌ തല്ലുന്ന പാറയിടുക്കിൽ ഇതുവരെ സഹിച്ചിരുന്ന കനപ്പിനെ അവൻ സ്വാതന്ത്ര്യമായി നെടുതായി നിശ്വസിച്ചു. നീണ്ട യാത്രകളിൽ ഇങ്ങനെയുള്ള ഇടവേളകൾ ആവശ്യമാണെന്ന്‌ അവനു തോന്നി.
ഇരുട്ട്‌ പുണർന്ന കടലിന്റെ അപാരതയിലേക്ക്‌ അധികനേരം നോക്കി നിൽക്കാതെ അവൻ സുഖകരമായ കാറ്റിനെ ഉപേക്ഷിച്ച്‌ റോഡിലേക്ക്‌ മടങ്ങി. അപ്പോഴാണ്‌ ജീപ്പ്പിനരുകിൽ തെളിഞ്ഞ ടോർച്ച്‌ വെട്ടത്തിൽ വൻമരങ്ങളുടെ നിഴലുകൾപോലെ ചില രൂപങ്ങൾ ചലിക്കുന്നത്‌ അവൻ കണ്ടത്‌.
അവർ നാൽവരായിരുന്നു. അവർക്കൊപ്പം ടോർച്ച്‌ തെളിച്ചുകൊണ്ട്‌ ഡ്രൈവറും. അവർ ജീപ്പ്പിൽ നിന്ന്‌ നീണ്ടൊരു പായ്ക്കെട്ട്‌ വലിച്ചിറക്കുകയായിരുന്നു. ഇങ്ങനെയൊരു കെട്ട്‌ ജീപ്പ്പിനുള്ളിൽ എവിടെയാണ്‌ ഒളിപ്പിച്ചിരുന്നതെന്നോർത്ത്‌ അവൻ അതിശയപ്പെട്ടു.
അവളുടെ രൂപഭാവങ്ങളിൽ നിന്ന്‌ തുടക്കത്തിലെ അവർ സാധാരണക്കാരല്ലെന്നും അപകടകാരികളാണെന്നും ആശങ്കയുടേതായൊരു കരിനിഴൽ അവനെ പുണർന്നിരുന്നെങ്കിലും ഇപ്പോൾ വിശ്വാസിക്കാൻ അവൻ നിർബന്ധിതനായി. സമാഗതമായ ഈ അപകടാവസ്ഥയിലേക്ക്‌ ഇപ്പോൾ കടന്നു ചെല്ലുന്നത്‌ അതിബുദ്ധിയായിരിക്കുമെന്ന്‌ അവനുതോന്നി. ഇരുട്ടിൽ ചലിക്കുന്ന രൂപങ്ങളെ നോക്കി അവൻ അവിശ്വസനിയതയിൽ നിന്നു. അവർ കെട്ട്‌ ചുമലിലേറ്റി വരുന്നത്‌ ടോർച്ച്‌ വെളിച്ചത്തിൽ കണ്ടപ്പോൾ അവൻ വേഗം പാറയിടുക്കിന്റെ മറവിലേക്ക്‌ മാറി.
അവർ കടൽക്കരയിലെത്തിനിന്നു. കുറെനേരത്തേക്ക്‌ നിഴലുകളുടെ രൂപവ്യന്യാസങ്ങൾ മാത്രം അവർ കണ്ടു. കണ്ണുകളെ നിഗോ‍ൂഢമായൊരു മൗനത്തിൽ നിർത്തി ആകാംക്ഷയോടെ അവൻ നിന്നു. ഒന്നും വ്യക്തമാകാതെ നിൽക്കുമ്പോഴാണ്‌ അവർക്കിടയിൽ ടോർച്ച്‌ മിന്നിയത്‌. ആ നിമിഷം അവന്റെ സാമാന്യബോധത്തിലേക്ക്‌ ഭയം ഉൽക്കകളായി പെയ്തു. നായ്ക്കളെപോലെ കിതച്ചുകൊണ്ട്‌ കുഴിവെട്ടുന്ന അവർ വലിയൊരു കിടുക്കമായി അവനു മുന്നിൽ നിന്നു. ഒരിക്കലും വിചാരിക്ക കൂടി ചെയ്യാത്ത ആ രംഗം കണ്ട്‌ എന്തൊക്കെയോ വിളിച്ചു പറയണമെന്നും കുതിച്ച്‌ ചെന്ന്‌ അവരുടെ ദൗത്യം പൊളിക്കണമെന്നും ഉഗ്രമായി അവൻ ആഗ്രഹിച്ചു. പക്ഷേ കടൽക്കാറ്റിന്റെ തുളഞ്ഞു കയറുന്ന തണുപ്പിൽ ഉമിനീര്‌ വറ്റി തൊണ്ടയിൽ കുരുങ്ങിപ്പോയ ശബ്ദത്തെ അഴിച്ചെടുക്കാനാകാതെ വിമ്മിട്ടപ്പെട്ടു നിൽക്കാനെ അവനു കഴിഞ്ഞുള്ളു.