Followers

Wednesday, August 5, 2009

വീണയുടെ മുഴക്കം -പി.രവികുമാർ


മഹാസംഗീതജ്ഞനായ കെ.എസ്‌.നാരായണസ്വാമി എത്രയോകാലം ഈ തിരുവനന്തപുരം നഗരത്തിൽ താമസിച്ചിരുന്നു എന്ന കാര്യം എനിക്ക്‌ അറിയില്ലായിരുന്നു. ഇരുപതുവർഷം മുമ്പാണ്‌ ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്നത്‌. അന്ന്‌ അദ്ദേഹത്തിന്‌ ഏതാണ്ട്‌ 75 വയസ്സുണ്ട്‌.
തൈക്കാട്‌ ശാസ്താക്ഷേത്രത്തിനടുത്ത്‌ തിരക്കു കുറഞ്ഞ ഒരിടത്താണ്‌ അദ്ദേഹം താമസിച്ചിരുന്നത്‌.
വീടിന്റെ മുൻവശത്ത്‌ ഒരു കൊട്ടിയമ്പലമാണ്‌. കൊട്ടിയമ്പലം തുറന്ന്‌ ഒരുപാടു പടികളിറങ്ങി വേണം വീടിന്റെ മുറ്റത്തെത്താൻ.
മുറ്റത്തു നിറയെ കൃഷ്ണതുളസിയും മുല്ലപ്പടർപ്പുകളും. ഓടുമേഞ്ഞ, വെള്ളപൂശിയ ചെറിയ വീട്‌. വളരെ പഴയത്‌. വൃത്തിയും വെടിപ്പുമുള്ളത്‌. നടയിൽ കോലമിട്ടിരിക്കുന്നു. അകത്തുനിന്ന്‌ അദ്ദേഹം വന്നു. പിതൃതുല്യമായ വാത്സല്യത്തോടെ ഒരുപാടുനേരം സംസാരിച്ചിരുന്നു.
ശബ്ദജാലങ്ങളിൽ നിന്നും ദ്രുതവേഗങ്ങളിൽ നിന്നും മുഖംതിരിച്ച്‌ നാദത്തിന്റെ സൂക്ഷ്മലോകങ്ങളിലേക്ക്‌ സഞ്ചരിച്ച ആ നാദയോഗി പാലക്കാട്ടെ കൊടുവായൂർ എന്ന ഗ്രാമത്തിലേക്കും ബാല്യത്തിലേക്കും സംഗീതത്തിന്റെ വഴികളിലേക്കുമൊക്കെ പതിഞ്ഞ കാലത്തിൽ നടന്നുപോയി.
വായ്പ്പാട്ടായിരുന്നു പഠിച്ചു തുടങ്ങിയതെങ്കിലും കൗമാരത്തിൽ ശബ്ദത്തിന്‌ പൊടുന്നനെയുണ്ടായ തകർച്ച നിമിത്തം വീണയിലേക്ക്‌ തിരിഞ്ഞതിനെക്കുറിച്ച്‌.
ടൈഗർ വരദാചാരി, സഭേശയ്യർ, തഞ്ചാവൂർ, പൊന്നയ്യാപിള്ളെ, ദേശമംഗലം സുബ്രഹ്മണ്യയ്യർ തുടങ്ങിയ ആചാര്യന്മാരെക്കുറിച്ച്‌, അവരുമായുള്ള നിത്യസമ്പർക്കത്തെക്കുറിച്ച്‌.
ടൈഗറും സഭേശയ്യരും പൊന്നയ്യാപിളൈയും വായ്പ്പാട്ടിൽ നൽകിയ ശിക്ഷണത്തെക്കുറിച്ച്‌.
പൊന്നയ്യാ പിളൈ മൃദംഗത്തിലൂടെ തനിക്കു പകർന്നുതന്ന ലയജ്ഞാനത്തെക്കുറിച്ച്‌-
നിരന്തരമായ സാധനകളെക്കുറിച്ച്‌, അതിന്റെ സംഘർഷങ്ങളെക്കുറിച്ച്‌-
അരുണാചലകവി, ഗോപാലകൃഷ്ണ ഭാരതി, നീലകണ്ഠശിവൻ, സ്വാതിതിരുനാൾ എന്നിവരുടെ കൃതികൾ സ്വരപ്പെടുത്തിയതിനെക്കുറിച്ച്‌-
പോയ്മറഞ്ഞ ആ വിശുദ്ധമായ കാലത്തെക്കുറിച്ച്‌-നാദത്തിന്റെ സൂക്ഷ്മാനുഭൂതികളെക്കുറിച്ച്‌ അദ്ദേഹം സംസാരിച്ചുകൊണ്ടേയിരുന്നു...
അന്ന്‌ അവിടെ നിന്നിറങ്ങുമ്പോൾ സമയം നട്ടുച്ചയായിരുന്നു. കൃഷ്ണതുളസിയും മലർപ്പടർപ്പുകളും പിന്നിട്ട്‌, ചെറിയ പടികൾ കയറി, കൊട്ടിയമ്പലം തുറന്ന്‌ വഴിയിലെത്തുമ്പോൾ പൊള്ളുന്ന ചൂട്‌. കഴിഞ്ഞു പോയ ഒരു മഹാകാലത്തിന്റെ സുഖസ്മരണകളിലൂടെ നടക്കുമ്പോൾ ആ ഉച്ചവെയിൽ അറിഞ്ഞതേയില്ല.
ആറേഴുമാസം കഴിഞ്ഞ്‌ വീണ്ടും അദ്ദേഹത്തെ കാണാൻ പോയി.
മൂന്നാമത്തെ സന്ദർശനം ഏതാണ്ട്‌ ഒമ്പതുവർഷം കഴിഞ്ഞായിരുന്നു.
1997-ൽ ആയിരുന്നു അത്‌.
നീണ്ട ഒമ്പതുവർഷം കഴിഞ്ഞതുകൊണ്ടാവാം പെട്ടെന്ന്‌ അദ്ദേഹത്തിന്റെ വീടു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അത്രമാത്രം ആ വഴിയും പരിസരവും മാറിപ്പോയിരുന്നു. എല്ലായിടത്തും ആധുനികമായ വലിയ വീടുകൾ നിരന്നു കഴിഞ്ഞിരുന്നു.
നാരായണസ്വാമി സാറിന്റെ വീടിന്റെ കൊട്ടിയമ്പലം കാണുന്നേയില്ല.
അടുത്തു കണ്ട ഒരു കടക്കാരനോട്‌ തിരക്കി.
"വീണ സ്വാമിയുടെ വീടോ? ആത്‌ ആ പഴയ സ്ഥലത്തുതന്നെ. ആ കൊട്ടിയമ്പലം കാണുന്നില്ലേ?" എന്നു ചോദിച്ചുകൊണ്ട്‌ കടക്കാരൻ കൊട്ടിയമ്പലം ചൂണ്ടിക്കാട്ടി.
പുതിയ പടുകൂറ്റൻ വീടുകളുടെയിടയിൽ ആ പഴയ കൊട്ടിയമ്പലം ആരുടെയും ശ്രദ്ധയിൽപ്പെട്ടെന്നു വരില്ല.
കൊട്ടിയമ്പലം തുറന്ന്‌ പടിക്കെട്ടുകൾ ഇറങ്ങി. തുളസിയും മുല്ലപ്പടർപ്പുകളും കോലവുമെല്ലാം പഴയതുപോലെ.
മുൻവശത്തെ ചുവരിൽ പഴയ പടങ്ങൾ പഴയപടി തൂങ്ങുന്നു. ടൈഗർ വരദാചാരിയുടെ ചിത്രം. നാരായണസ്വാമിസാർ 'സംഗീതകളാണിധി' സ്വീകരിക്കുന്ന ചിത്രം.
എല്ലാം പഴയതുപോലെ.
ഒന്നും മാറിയിട്ടില്ല.
നാരായണസ്വാമിസാർ വല്ലാതെ അവശനായിരിക്കുന്നു. എങ്കിലും പ്രജ്ഞയ്ക്ക്‌ ഒരു തേമാനവും വന്നിട്ടില്ല.
തെളിഞ്ഞ ഓർമ്മകൾ.
വീണയുടെ മുഴക്കം പോലെ...
അവസാന സന്ദർശനം 1999 ജൂൺ നാലിനായിരുന്നു. നാരായണസ്വാമി സാർ തിരുവനന്തപുരത്തുനിന്ന്‌ താമസം മാറി, തമിഴ്‌നാട്ടിലെ തിരുവാൺമിയൂരിലുള്ള മകന്റെ വീട്ടിലേക്കു പോവുകയാണ്‌.
ഇനി ഈ നഗരത്തിലേക്കില്ല.
കൊട്ടിയമ്പലം
പടിക്കെട്ടുകൾ
കൃഷ്ണതുളസി
മുല്ലപ്പടർപ്പുകൾ
കോലം
ചുവരിലെ ചിത്രങ്ങൾ
- എല്ലാം അതേ പോലെ.
ഒന്നും മാറിയിട്ടില്ല. നാരായണസ്വാമി സർ തീർത്തും അവശനായിരിക്കുന്നു. വയസ്സ്‌ 85 ആകുന്നു. എങ്കിലും പ്രജ്ഞയ്ക്ക്‌ മങ്ങളില്ല. തെളിഞ്ഞ ഓർമ്മകൾ...വീണയുടെ മുഴക്കംപോലെ...
മൈസൂർ വാസുദേവാചാർ
ബുധലൂർ കൃഷ്ണമൂർത്തി ശാസ്ത്രികൾ
മഴവരായനേന്തൽ സുബ്ബരാമഭാഗവതർ
പാപനാശം ശിവൻ
...സംഗീതത്തിലെ മഹാപ്രതിഭകളെക്കുറിച്ചും അവരുടെ ശൈലികളെക്കുറിച്ചും അദ്ദേഹം അന്നു സംസാരിച്ചു.
ഗോപാലകൃഷ്ണ ഭാരതിയുടെയും നീലകണ്ഠശിവന്റെയും രചനയിലെ സമാനതകൾ-
പി.സാംബമൂർത്തിയുടെ പുസ്തകങ്ങൾ-പുസ്തകജ്ഞാനവും പ്രായോഗിക ജ്ഞാനവും തമ്മിലുള്ള അന്തരം-
ഭൈരവിയുടെ അഖണ്ഡാനുഭൂതിയെ ദാട്ടുവരിശകളും ജണ്ടസ്വരങ്ങളും മുറിപ്പെടുത്തുന്നതിനെക്കുറിച്ച്‌-
ഭൈരവിയും മാഞ്ചിയുമായുള്ള സൂക്ഷ്മ വ്യത്യാസങ്ങളെക്കുറിച്ച്‌-
മാഞ്ചിയുടെ നാടോടി സ്വരൂപത്തെക്കുറിച്ച്‌ -
മാളവശ്രീ എന്ന രാഗത്തെക്കുറിച്ച്‌ -
എം.ഡി.രാമനാഥൻ ചിത്തഭ്രമത്തിലായിരുന്ന ആ ഇരുണ്ട നാളുകളെക്കുറിച്ച്‌-
ചിദംബരം ക്ഷേത്രത്തിൽ ഏകകാലത്തു തന്നെ നടരാജമൂർത്തിയും ഗോവിന്ദരാജനും ദർശനം നൽകുന്നതിനെക്കുറിച്ച്‌-
വിറയാർന്ന സ്വരത്തിൽ അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു.
എല്ലാം തെളിഞ്ഞ ഓർമ്മകൾ...
വീണയുടെ പ്രാചീനമായ മുഴക്കംപോലെ...
യാത്ര പറയാൻ നേരത്ത്‌ ഞാൻ ആ പാദങ്ങൾ തൊട്ടു നമസ്കരിച്ചു.
"നന്നായി വരൂ" വിറയ്ക്കുന്ന വിരലുകൾ അദ്ദേഹം എന്റെ ശിരസ്സിൽ തഴുകി അനുഗ്രഹിച്ചു.
കോലവും കൃഷ്ണതുളസിയും മുല്ലപ്പടർപ്പുകളും പടിക്കെട്ടുകളും പഴയകൊട്ടിയമ്പലവും പിന്നിട്ട്‌, ശബ്ദമുഖരിതമായ വഴിയിലെത്തുമ്പോൾ, അത്ഭുതത്തോടെ, അഭിമാനത്തോടെ, ആഹ്ലാദത്തോടെ, തെല്ലൊരു ഞെട്ടലോടെ, സംഭ്രാന്തിയോടെ ഞാനോർത്തു:
ഒരു മഹാകാലത്തിന്റെ, ഒരു മഹാവിശുദ്ധിയുടെ, ഒരു മഹാസാന്നിദ്ധ്യത്തിന്റെ മുന്നിലായിരുന്നല്ലോ ഇത്രയും നേരം ഈ ചെറിയ ഞാൻ !
ഇടവത്തിലെ ആ നല്ല ദിവസത്തിൽ മേഘങ്ങൾ മാറി വെയിൽ തെളിഞ്ഞു.
1999 ഡിസംബർ ഒമ്പതാംതീയതി നാരായണസ്വാമിസാർ തിരുവാൺമിയൂരിൽ മകന്റെ വസതിയിൽ വച്ചു മരിച്ചു.
നാരായണസ്വാമിസാർ മരിക്കുന്നതിന്റെ തലേന്നാൾ-ഡിസംബർ എട്ടാംതീയതി-അദ്ദേഹത്തെ കാണാനായി തിരുവാൺമിയൂരിലെത്തിയ ശിഷ്യ ജയശ്രീ അരവിണ്ട്‌ എഴുതി:
"....നാരായണസ്വാമിസാറിനെ അവസാനമായി സന്ദർശിച്ചതു ഞാനാണെന്നു തോന്നുന്നു. ഞാൻ യാത്ര പറഞ്ഞ്‌ ഇറങ്ങാൻ തുടങ്ങവേ, അദ്ദേഹം തന്റെ വീണയെടുത്തുകൊണ്ടുവരാൻ എന്നോടു പറഞ്ഞു. ഞാൻ അകത്തുനിന്ന്‌ വീണയെടുത്തുകൊണ്ടുവന്ന്‌ അദ്ദേഹത്തിന്റെ മുന്നിൽവച്ചു. അദ്ദേഹം മണിരംഗ്‌ രാഗത്തിൽ 'മാമവ പട്ടാഭിരാമ' എന്ന കീർത്തനം വായിക്കാൻ തുടങ്ങി. പൊടുന്നനെ മദ്ധ്യമാവതി രാഗത്തിൽ മംഗളം വായിച്ച്‌ വീണാവാദനം അവസാനിപ്പിച്ചു. ഇത്‌ അദ്ദേഹത്തിന്റെ അവസാനത്തെ മംഗളം പാടലായിരുന്നു എന്ന്‌ അപ്പോൾ ഞാൻ അറിഞ്ഞതേയില്ല..."
മരണത്തിനു തൊട്ടുമുമ്പ്‌ മദ്ധ്യമാവതി രാഗം വായിച്ച്‌ മംഗളം പാടിയ കെ.എസ്‌.നാരായണസ്വാമി എന്ന മഹാസംഗീതജ്ഞൻ ഇപ്പോൾ എന്റെ ഓർമ്മയിൽ നിറയുന്നു...
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ പാലക്കാട്ടെ ഒരു കുഗ്രാമത്തിൽ ജനിച്ചു വളർന്ന്‌, ടൈഗർ വരദാചാരിയുടെയും സദേശയ്യരുടെയും തഞ്ചാവൂർ പൊന്നയ്യാപിളൈയുടെയും ദേശമംഗലം സുബ്രഹ്മണ്യയ്യരുടെയും കീഴിൽ സംഗീതം പഠിച്ച്‌, എം.എസ്‌.സുബ്ബലക്ഷ്മിയെപ്പോലുള്ളവർക്കു പോലും ഗുരുവായി പല തലമുറകളെ സംഗീതം പഠിപ്പിച്ച്‌, അരുണാചലകവി, ഗോപാലകൃഷ്ണഭാരതി, നീലകണ്ഠശിവൻ, സ്വാതിതിരുനാൾ തുടങ്ങിയ വാഗ്ഗേയകാരന്മാരുടെ കൃതികൾ സ്വരപ്പെടുത്തി, സ്വദേശത്തും വിദേശത്തും വീണക്കച്ചേരികൾ നടത്തി, സംഗീതത്തിൽ ഒരിക്കൽപ്പോലും ഒരു തരത്തിലുള്ള ഒത്തുതീർപ്പും നടത്താതെ, കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുവിൽ, മദ്ധ്യമാവതി രാഗത്തിൽ മംഗളം പാടി കടന്നുപോയ കെ.എസ്‌.നാരായണസ്വാമി കർണ്ണാടക സംഗീതത്തിലെ പാരമ്പര്യത്തിന്റെയും സാമ്പ്രദായശുദ്ധിയുടെയും പ്രതീകമാണ്‌. ഒരു നൂറ്റാണ്ടിന്റെ ജ്വലിക്കുന്ന പ്രതീകം.
ഇങ്ങനെയൊരാൾ വളരെക്കാലം ഏറെപ്പേരൊന്നും അറിയാതെ, തിളക്കുന്ന പുറംമോടികളിലൊന്നും ആസക്തനാവാതെ, ആരവങ്ങളിൽ നിന്നകന്ന്‌, നിശ്ശബ്ദനായി, തിരുവനന്തപുരത്തെ തൈക്കാട്ടുള്ള തന്റെ ചെറിയ പഴയവീട്ടിൽ താമസിച്ചിരുന്നു. ഇക്കാലത്ത്‌ ഒരിക്കലെങ്കിലും ഈ മഹാസംഗീതജ്ഞനെ കേരളത്തിലെ പുതിയ തലമുറയിൽപ്പെട്ട ഏതെങ്കിലും ഒരു സംഗീതജ്ഞൻ ചെന്നു കണ്ടതായോ, കഴിഞ്ഞ നൂറ്റാണ്ടിന്റെ ഈ സാക്ഷിയിൽ നിന്ന്‌ അക്ഷയമായ അനുഭവങ്ങൾ അറിഞ്ഞതായോ ഞാൻ കേട്ടിട്ടില്ല.
പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ആഴങ്ങൾ തേടിയുള്ള അശാന്തമായ സഞ്ചാരത്തിനിടയിലാണ്‌ പ്രതിഭകൾ പിറക്കുന്നത്‌. തീവ്രമായ സാധനയുടെയും അനുസ്യൂതമായ ധ്യാനത്തിന്റെയും അഗ്നിയിലുരുകിയാണ്‌ പ്രതിഭകൾക്ക്‌ തിളക്കമുണ്ടാകുന്നത്‌.