Followers

Monday, August 3, 2009

ഇല പറയുന്നത്‌.... -ബൃന്ദ



ഒരു ഇല സാധാരണയായി
എന്താണു പറയുക?
തിരയേറ്റു വിങ്ങുന്ന കടൽപ്പാലങ്ങളുടെ
വിതുമ്പലുകളെപ്പറ്റി?
ഓരോ വഴിയാത്രക്കാരനും
വെളിച്ചത്തിന്റെ
തണുത്ത ചുംബനം നൽകുന്ന
വിളക്കുമാടങ്ങളെപ്പറ്റി?
സമുദ്രത്തിന്റെ വിഹ്വലതകൾ
ഒരിലയ്ക്കല്ലാതെ മറ്റാർക്കാണ്‌
അറിയാൻ കഴിയുക
അതിനാൽ അത്‌
ഉപ്പുകാറ്റുകളെയും
അലിഞ്ഞുതീർന്ന
ഐസ്ക്രീമുകളെക്കുറിച്ചും പറയുന്നു.
ഒരു മഞ്ഞുതുള്ളിക്ക്‌
ഇലയോട്‌ പറയാനാകാത്തത്‌
ഉപ്പിനെക്കുറിച്ചു മാത്രമാണ്‌.
ഒരില അസാധാരണമായി
ഒന്നും പറയുന്നില്ല.
മുറിച്ചുവച്ച കയ്പ്പും
കടുത്ത മധുരവും
തീരാത്ത ഉപ്പും
കയ്യിട്ടുവാരാത്ത അടച്ച മൺകുടത്തെ
അത്‌ ഒളിപ്പിച്ചു വയ്ക്കുന്നുണ്ട്‌
ഒരില
തണുത്തു വിറങ്ങലിച്ച കരമാണ്‌.
നാം ഒരേ ഓർമ്മകളുടെ
വിളർത്ത മേനിയിൽ
പരതി നടക്കുവോർ എന്ന്‌
അത്‌ കുറിച്ചു വയ്ക്കുന്നു.
അശാന്തമായ
അഗാധതകളെ
നേർത്ത ഞരമ്പുകളിൽ
സൂക്ഷിക്കുന്നു.
ഓരോ ഇലയും
നിന്നെ മുറകെപ്പിടിക്കുന്ന
വേരാണ്‌.
നക്ഷത്രങ്ങളിലേക്കുള്ള ദൂരം
അതിൽ
അടയാളപ്പെടുത്തിയിട്ടുണ്ട്‌
കിളിവാതിലിനു പിന്നിൽ
മറഞ്ഞു കിടക്കുന്ന മുഖത്തിനെ
അത്‌ കാട്ടിത്തരുന്നു.
എല്ലാവരും മറന്നുപോയ
ചില വാക്കുകൾ
ആരും കേൾക്കാതെ ഉച്ചരിക്കുന്നു.
കാലം വിറങ്ങലിച്ച
ചീനഭരണിക്കുള്ളിലെ
കറുത്തു പഴകിച്ച ഇരുട്ടിൽ നിന്നു
ഒരില രക്ഷപ്പെട്ടു വന്ന്‌
എന്തായിരിക്കും പറയുക ?