Followers

Monday, August 3, 2009

അഭിമുഖം-എം. കെ ഹരികുമാര്‍/ ഗണേഷ് പന്നിയത്ത്


സാഹിത്യം ഒരു യാഥാസ്ഥിതികത്വമായി
ചോ: താങ്കള്‍ ഓരോ വ്യക്തിയേയും " അക്ഷര ജാലകം" എന്ന കോളത്തിലൂടെ
വിമര്‍ശിക്കുന്നു. വാസ്‌തവത്തില്‍ ഇത്‌ താങ്കള്‍ക്ക്‌ പോപ്പുലാരിറ്റിയുടെ
കാര്യത്തില്‍ വലിയ നഷ്‌ടക്കച്ചവടമുണ്ടാക്കില്ലേ?
ഉ :വ്യക്തിയുടെ കാര്യത്തില്‍ നേരിയ തോതില്‍ പ്രതീക്ഷകള്‍
സ്ഥിരനിക്ഷേപമായി സൂക്ഷിക്കേണ്ടതുണ്ടോ? ഞാന്‍ ഒരു പാട്‌ പേരെ കുറിച്ച്‌
എഴുതിയിട്ടുണ്ട്‌. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഞാന്‍ പലരേയും
പ്രശംസിച്ചത്‌ ശരിയായിരുന്നില്ലെന്ന്‌ ഇന്ന്‌ തോന്നുന്നുണ്ട്‌. ഞാന്‍
ചിന്താപരമായി വലിയൊരു കുതിച്ചു ചാട്ടം നടത്തിയത്‌ കഴിഞ്ഞ ഏതാനും
വര്‍ഷങ്ങളിലെ വായനയുടേയും ചിന്തയുടേയും ഫലമായാണ്‌. എഴുത്ത്‌ എന്ന
പ്രക്രിയ ഇവിടെ നടന്നുപോരുന്നത്‌ എത്രയോ നിശ്‌ചലമായ ഒരു
ബോധപരിസരത്തിലാണെന്ന്‌ ഞാന്‍ ഞെട്ടലോടെ തിരിച്ചറിയുകയായിരുന്നു. അത്‌
പറഞ്ഞില്ലെങ്കില്‍ എഴുതിയിട്ടെന്തു കാര്യം? ഇക്കാര്യത്തില്‍
വ്യക്തികള്‍ക്ക്‌ എന്നെയോ , എനിക്ക്‌ അവരേയോ സഹായിക്കുന്നതിനു
പരിമിതിയുണ്ട്‌. ഒരു നല്ല വാക്യം പോലുമില്ലാത്ത ആഖ്യാനപരമായി അനുഭവപരമായി
പുതിയൊരു ദിശാബോധം തരാത്ത കഥകളെ കഥാകൃത്തിനു വേണ്ടി പ്രശംസിച്ചു
കൊണ്ടിരുന്നാല്‍ എന്താണ്‌ പ്രയോജനം? കുറേക്കഴിയുമ്പോള്‍ ഞാനാരേയാണോ
പ്രശാംസിച്ചത്‌ അയാള്‍ തന്നെ എന്നെ വെറുക്കും. കാരണം എന്നും അയാള്‍ക്ക്‌
അയാളുടെ ഇഷ്‌ടംപോലെ പ്രശംസ ചൊരിഞ്ഞുകൊണ്ടിരിക്കാന്‍ എനിക്കു
കഴിയില്ലല്ലോ.....

ചോ: അതുകൊണ്ടാണോ കവിത വെറും അനിഷ്‌ഠാനമാണെന്ന് പറഞ്ഞത്‌?
ഉ: കവിത മരിക്കുകയാണ്‌. വിദേശരാജ്യങ്ങളില്‍പോലും കവിതകള്‍ക്ക്‌
മാര്‍ക്കറ്റില്ല. കവികള്‍ തന്നെയാണ്‌ കവിതയുടെ വായനക്കാര്‍.
മറ്റുള്ളവരുടെ കവിതകള്‍ ചില കവികള്‍ വായിക്കുന്നത്‌ എന്തെങ്കിലും
മോഷ്‌ടിക്കുവാന്‍ പറ്റുമോ എന്ന്‌ നോക്കാനാണെന്ന്‌ ഒരു നൈജീരിയന്‍ കവി
പറഞ്ഞതോര്‍ക്കുന്നു. പലരും ഉപയോഗത്തിന്‌ ഭാഷയും തുരുമ്പെടുത്ത
പ്രയോഗങ്ങളും അന്തസ്സില്ലാതെ ആവര്‍ത്തിച്ചു കൊണ്ടിരിക്കയാണ്‌. കവികള്‍
അവരുടെ പരമ്പരാഗത ബിംബങ്ങളെല്ലാം നിറം കെട്ടു. നിലാവും ആതിരയും എല്ലാം
മനുഷ്യചിന്തയില്‍ തന്നെ നശിച്ചുകഴിഞ്ഞു. അതിനൊന്നും അര്‍ത്ഥോല്‍പ്പാദന
ശേഷിയില്ല. ജ്ഞാനവുമായി ഒരു ബന്ധവുമില്ല ഇന്നത്തെ കവിതക്ക്‌. ഒരു കവി
എഴുതുന്ന അമ്പതോ നൂറോ വാക്യങ്ങള്‍ വായിക്കു. അതിന്‍റെ സാരം എന്നത്‌ ഒരു
പത്താംക്ളാസ്സുകാരന്‍റെ ചിന്തയിലും ബുദ്ധിയിലും താഴെയായിരിക്കും. വെറുതേ
തല്ലിക്കൂട്ടുന്നതാണ്‌ കവിത. കവിത എന്ന മാധ്യമം കഴിഞ്ഞ കാലങ്ങളില്‍
നേടിയെടുത്ത പ്രത്യേകമായ പദവിയില്‍ ജീവിച്ചുപോരുകയാണ്‌ പലരും. ഇന്നത്തെ
ഒരു വരിയും ആരേയും സ്പര്‍ശിക്കുന്നില്ല. ചിലര്‍ ഓരോ വരിയില്‍ നിന്നും
മനുഷ്യവികാരങ്ങളെ വാറ്റിക്കളയുന്നു. സചേതനമായ യാതൊന്നുമില്ലാത്ത പുക പടലം
മാത്രമായി കവിത അവസാനിക്കുന്നു. ഇന്നത്തെ കവികളെ ഒരു പ്രത്യേകം
മനശ്ശാസ്‌ത്രം പിടികൂടിയിരിക്കുകയാണ്‌.. അവര്‍ക്കു്‌ എഴുതുക എന്ന
ലഹരിയില്ല. ചിലര്‍ ദു:ഖോപാസനയിലും കരച്ചിലിലും തന്നെ
കെട്ടിക്കിടക്കുകയാണ്‌. ഭൌതിക ജീവിത സുഖങ്ങള്‍ക്കു പിന്നാലെയുള്ള
പാഞ്ഞുപോക്കിനിടയില്‍ ഒരു സാന്‍ഡ്‌ വിച്ച്‌ തിന്നാനായി
മാറിനില്‍ക്കുന്നതുപോലെയാണ്‌ പലരും കവിതയെ സമീപിക്കുന്നത്‌. ചിലര്‍
വേദത്തിലും ഉപനിഷത്തിലും പറഞ്ഞതെല്ലാം പിന്നെയും പിന്നെയും കവിതകളായി
അവതരിപ്പിക്കുന്നു. മറ്റു ചിലര്‍ ചങ്ങമ്പുഴയും വള്ളത്തോളും എഴുതിയതൊക്കെ
വീണ്ടും എഴുതി കാണിക്കുന്നു. എന്തിന്‌? നാലാം തരം വരികള്‍ക്ക്‌ വലിയ
അവാര്‍ഡുകള്‍ നല്‍കിയാല്‍ മഹത്തരമാവില്ല.








ചോ: സാഹിത്യം അവസാനിക്കാറായെന്നാണോ താങ്കള്‍ പറയുന്നത്‌?

ഉ: നമ്മുടെ സമൂഹത്തില്‍ സാഹിത്യമുണ്ടെന്ന്‌ താങ്കള്‍
തെളിയിക്കാമോയെന്ന്‌ ഞാന്‍ തിരിച്ചുചോദിക്കുകയാണ്‌. മലയാള സാഹിത്യത്തില്‍
പതിറ്റാണ്ടുകളായി ഒരു പുതിയ സ്വരവും കേള്‍ക്കാനില്ല. പലരും
മുന്‍തലമുറയിലെ എഴുത്തുകാരെ അന്ധമായി പിന്‍തുടരുന്നവരായി മാറി. ഒരു ഹോം
വര്‍ക്കില്ല പഠനമില്ല . സ്വന്തം മാധ്യമത്തിന്‍റെ സാധ്യതയറിയാത്തവര്‍
എഴുത്തുകാരനാവുമോ? നോവല്‍ എന്ന നിലയില്‍ ഇവിടെ ഉണ്ടാകുന്നതൊക്കെ
രണ്ടാംതരം ഉല്‍പ്പന്നങ്ങളാണ്‌. സാഹിത്യം എന്ന മുന്‍ധാരണയില്‍ ഒന്നും
ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. എഴുതുന്ന ഒരാള്‍ കണ്ടെത്തേണ്ട
വന്‍കരയാണത്‌. ഇന്ന്` ഒരു വന്‍കരയും ആരും കണ്ടെത്തുന്നില്ല.
ചെറുപ്പക്കാരുടെ പോലും നോവല്‍ ശില്‍പ്പങ്ങള്‍ എത്ര വിരളമാണ്‌.
എം.മുകുന്ദന്‍റെ 'പ്രവാസം' ഒരു കലാസൃഷ്‌ടിയെന്ന നിലയില്‍ വന്‍
പരാജയമാണ്‌. പിന്നെ ഏതാണ്‌ വിജയിക്കുന്നത്‌? സാഹിത്യം ഒരു
യാഥാസ്ഥിതികമായി.

ചോ: അനുഭവങ്ങളും കഥാപാത്രങ്ങളും മനുഷ്യവ്യക്തിയും മരിച്ചുവെന്ന്‌
താങ്കള്‍ എഴുതിയല്ലൊ. സര്‍വ്വത്ര നിരാശയാണോ താങ്കള്‍ പകരുന്നത്‌?
ഉ: എനിക്കു നിരാശയില്ല. ഞാന്‍ ഓരോ മനുഷ്യനേയും പുതിയ പ്രതീക്ഷയായാണ്‌
കാണുന്നത്‌. എനിക്കു പ്രാദേശിക ,ജാതി, മത, വര്‍ഗ്ഗ, താല്‍പ്പര്യങ്ങളോട്‌
വെറുപ്പാണ്‌. അനുഭവം മരിച്ചു എന്ന്‌ പറഞ്ഞത്‌ , പുതിയ അനുഭവങ്ങള്‍
ഉണ്ടാകുന്നില്ല എന്ന അര്‍ത്ഥത്തിലാണ്‌. എല്ലാവരും ജീവിച്ച അതേ
കാല്‍പ്പാടുകളിലൂടെയാണ്‌ നം പോകുന്നതെങ്കില്‍ നാം എന്താണ്‌ നേടുക?
കാല്‍പ്പാടുകളെ പൂജിക്കുന്ന സംസ്ക്കാരമാണല്ലൊ നമ്മുടേത്‌. ഈ പൂജ
മാത്രമേയുള്ളു മിച്ചം. നമുക്ക്‌ പുതിയതായൊന്നും എത്തിപ്പിടിക്കാനാവില്ല.
അനുഭവങ്ങള്‍ ഇങ്ങനെ കുരുന്നിലേ ഇല്ലാതാവുകയാണ്‌. കഥാപാത്രങ്ങള്‍
മരിച്ചത്‌ മനുഷ്യര്‍ക്ക്‌ സ്ഥിരം മാനസികാവസ്ഥ ഇല്ലെന്ന പുതിയ
തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലാണ്‌. ഒരു മനുഷ്യനും സ്ഥിരം വ്യക്തിയല്ല.
അയാള്‍ മാറുന്നു, മാറണം . അതുകൊണ്ട്‌ അയാള്‍ക്ക്‌ സ്വത്വം ഇല്ല.
ഉണ്ടെന്ന്` പറയുന്നത്‌ അര്‍ത്ഥശൂന്യമാണ്‌. കഥാപാത്രങ്ങള്‍ ജീവിതത്തില്‍
നിന്നാണ്‌ ഉണ്ടാകുന്നതെങ്കിള്‍ ജീവിതം ഒരു കള്ളമായിത്തീരും ഏതൊരു
സ്ഥിരചിത്തനായ കഥാപാത്രവും ജീവിതത്തിനെതിരേയുള്ള ക്രൈമാണ്‌.

മനുഷ്യവ്യക്തി മരിക്കുന്നത്‌ നാം എന്നും കാണുന്നതല്ലേ? ഇന്നു
പറയുന്നത്‌ നാളെ മാറ്റിപ്പറയുന്നത്‌ ഒരു ആചാരമായി തീര്‍ന്നിരിക്കുന്നു.
ചതി നല്ല ഒരു അലങ്കാരമാണ്‌. ഏത്‌ വേളയിലും ഏറ്റവും അടുത്തുള്ളവന്‍റെ
പോലും ക്രൂരമായ ചതി പ്രതീക്ഷിക്കാതിരിക്കാന്‍ പറ്റുമോ? ഇതെല്ലാം
നിരാശപ്പെടുത്തുമെങ്കിലും ഞാന്‍ നേരെ വരുന്ന ഓരോ വ്യക്തിയേയും
പ്രതീക്ഷയോടെ നോക്കുകയാണ്‌. ഒരു ദയാലു, ശ്രദ്ധാലു, ജ്ഞാനി,......

ചോ: ഇത്രയും ഭീഷണമായ ഒരു സാഹിത്യ സ്‌തംഭനാവസ്ഥ മുന്നില്‍ വന്നിട്ട്‌
നമ്മുടെ വിമര്‍ശകര്‍ താങ്കളെപ്പോലെ ഇതിനെ എതിര്‍ക്കുന്നില്ലല്ലൊ?

ഉ: അത്‌ അവരുടെ നയമായിരിക്കാം. അവര്‍ മിണ്ടാതിരുന്ന്‌
രക്ഷപ്പെടുകയുമാവാം. നമ്മുടെ ആധുനികതാ വിമര്‍ശകരും പിന്നീടു വന്ന
നിരൂപകരും ചെയ്‌ത ഏറ്റവും വലിയ കുറ്റം അവര്‍ കഴിഞ്ഞ ഇരുപതു
വര്‍ഷത്തിനിടയില്‍ അരങ്ങു വാണ ക്ഷുദ്രകൃതികള്‍ക്കെതിരെ ഒന്നും
മിണ്ടിയില്ല എന്നതാണ്‌. ഈ നിശ്ശബ്‌ദതയില്‍ ഒരു പതിറ്റാണ്ടിലേറെ കാലം മോശം
രചനകള്‍ തുടര്‍ച്ചയായി കേന്ദ്ര സാഹിത്യ അകാദമിയുടെ അവാര്‍ഡുകള്‍
തട്ടിയെടുത്തുകൊണ്ടിരുന്നു. ഏറ്റവും വലിയ ആദര്‍ശം പറയുന്നവര്‍ തന്നെ
പ്രവൃത്തിയിലതു കാണിക്കില്ല സ്വന്തക്കാര്‍ എന്ന ചിന്ത പല
അക്കാദമിക്കാരേയും അവാര്‍ഡ്‌ ഉടമകളേയും ഭ്രാന്ത്‌
പിടിപ്പിച്ചിരിക്കുകയാണ്‌. ഒരു കാര്യം ഞാന്‍ പറയാം ഇന്ന് നാം
കൊട്ടിഘോഷിച്ചു കൊടുത്തുകൊണ്ടിരിക്കുന്ന പല അവാര്‍ഡുകളും
അര്‍ത്ഥശൂന്യമാണെന്നറിഞ്ഞ്‌ പിന്നീട്‌ മലയാളികള്‍ക്ക്‌ വിലപിക്കേണ്ടി
വരും.
ചോ: എന്താണ്‌ ഇന്നത്തെ സാംസ്ക്കാരിക പ്രതിസന്ധി?

ഉ: ഒരു നവീനമായ ആശയവും കാണാനില്ല. രാഷ്‌ട്രീയക്കാര്‍പോലും
അരാഷ്‌ട്രീയതയില്‍ അഭിരമിക്കുന്നു. പ്രത്യക്ഷത്തില്‍ പ്രയോജനമില്ലാത്ത
ചര്‍ച്ചകളും വാക്ക്‌പയറ്റുകളുമാണ്‌ അവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നത്‌.
മാധ്യമങ്ങളും ഈ വഴുയെ തന്നെ പോകുന്നു. രാഷ്‌ട്രീയം ഒരു പരിഷ്‌കൃത
യാഥാസ്ഥിതികത്വമായി തീര്‍ന്നിരിക്കുന്നു. സാഹിത്യകാരന്‍മാര്‍ക്ക്‌
സ്വന്തം സ്ഥാനവും അവാര്‍ഡുകളുമാണ്‌ വലുത്‌. അതിനായി അവര്‍ എത്രകാലം
വേണമെങ്കിലും നിശ്ശബ്‌ദത പാലിക്കും. അക്കാദമികള്‍ പോലെയുള്ള സ്ഥാപനങ്ങള്‍
സ്ഥാപിത താല്‍പ്പര്യത്തിനു വേണ്ടി മാത്രമായി. കവിത ,കഥ, പോലുള്ള
പരമ്പരാഗത മാധ്യമങ്ങള്‍ ഒന്നും ആവിഷ്‌ക്കരിക്കാനില്ലാതെ പൊള്ളയായി .
ഒരിടത്തു കണ്ടു മടുത്ത ദൃശ്യം പിന്നേയും പിന്നേയും കാണിക്കുന്ന
പ്രവര്‍ത്തനത്തിനുള്ള വിളിപ്പേരാണ്‌ സാംസ്ക്കാരിക കലാവതരണം. ഇത്‌
സാംസ്ക്കാരിക തനിയാവര്‍ത്തനമാണ്‌. ഒരു വരി പോലും ഇപ്പോള്‍ നമ്മുടെ
ഭാഷയില്‍ ഉണ്ടാകുന്നില്ല. കൃതികളും അവാര്‍ഡുകളും ഈ ശൂന്യതയെ
മറച്ചുപിടിക്കാനാണ്‌ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത്‌.

ചോ: താങ്കളുടെ 'അക്ഷരജാലകം' (കലാകൌമുദി) പ്രൊഫ; എം. കൃഷ്‌ണന്‍നായരുടെ
സാഹുത്യത്തെ പിന്തള്ളി എന്ന്‌ അഭിപ്രായമുണ്ടോ?


ഉ: എനിക്കു ഒരു മത്സരത്തിനു താല്‍പ്പര്യമില്ല. ഞാന്‍ ഒരു
പ്ണ്ഡിതനുമല്ലല്ലൊ.? കൃഷ്‌ണന്‍നായരുടെ കോളത്തേക്കാള്‍ ലൈവാണ്‌
അക്ഷരജാലകമെന്ന്‌ എത്രയോ എഴുത്തുകാര്‍ എന്നോട്‌ പറഞ്ഞിട്ടുണ്ട്‌.
കൃഷ്‌ണന്‍നായര്‍ ക്ളാസ്സിക്കല്‍ സാഹിത്യത്തിന്‍റെ അനുയായി
ആയിരുന്നുവല്ലൊ. അദ്ദേഹം സാഹിത്യത്തിന്‍റെ നവീനതകളെ
ഇഷ്‌ടപ്പെട്ടിരുന്നില്ല. ഞാന്‍നവീകരണത്തിലാണ്‌ പ്രധാനമായും
ശ്രദ്ധിക്കുന്നത്‌. പിന്നെ പുതിയ പുസ്‌തകങ്ങള്‍
പരിചയപ്പെടുത്തുന്നതിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രത്യേകത
കണ്ടിരുന്നത്‌. പുതിയ കൃതികളെ പരിചയപ്പെടാന്‍ ഇന്ന്‌ ധാരാളം
മാര്‍ഗ്ഗങ്ങളുണ്ട്‌. അതിനു വേണ്ടി മാത്രം എഴുതുന്നവര്‍ തന്നെയുണ്ട്‌. ഒരു
കോളമിസ്‌റ്റ്‌ പുതിയ പുസ്‌തകങ്ങളെ പരിചയപ്പെടുത്തുന്നത്‌ ഒരു ചുമതലയായി
കാണേണ്ട കാര്യമില്ല. ജര്‍മ്മന്‍ ഉത്തര- ഉത്തരാധുനിക ചിന്തകനായ റിയോള്‍
ഈഷല്‍മാന്‍ എന്‍റെ കോളത്തിലേക്ക്‌ ലോകത്തിലെ പത്തു നോവലുകള്‍
തിരഞ്ഞെടുത്തയച്ചിരുന്നു. അക്ഷരജാലകത്തിന്‍റെ ഇംഗ്ളീഷ്‌ തര്‍ജ്ജമയോട്‌
അദ്ദേഹം പ്രതികരിക്കുകയും ചെയ്‌തു. അദ്ദേഹം ഇങ്ങനെ പറഞ്ഞു.
"ഹരികുമാറിന്‍റെ നിരീക്ഷണങ്ങള്‍ നമുക്ക്‌ അപ്രാപ്യമായ
ആത്മീയകേന്ദ്രങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ ഉള്‍ക്കൊള്ളുന്നതാണ്‌.
"ഈഷല്‍മാന്‍റെ കമന്‍റ്‌ (www.newsmk-harikumar.blogspot.com )എന്‍റെ
ബ്ളോഗില്‍ ലഭ്യമാണ്‌. ഇതിനേക്കാള്‍ വലിയ അംഗീകാരം എനിക്ക്‌ കിട്ടാനില്ല.
ചോ: ഇന്നത്തെ സാഹിത്യ വിമര്‍ശനത്തില്‍ കാണുന്ന മുഖ്യ ദോഷം എന്താണ്‌?

ഉ: ഗദ്യത്തില്‍ ഒരു ഫീല്‍ തരാന്‍ കഴിവുള്ള ഒരു ഗദ്യമെഴുത്തുകാരനും
പുതിയ തലമുറയിലില്ല. എല്ലാവരും എം.എ. മലയാളത്തിനു പഠിച്ചതു
ഛര്‍ദ്ദിക്കുകയാണ്‌. എത്ര നിര്‍വ്വികാരമാണ്‌ ഇവരുടെ ഭാഷ. പാറക്കെട്ടുകള്‍
പോലും ഇവരേക്കാള്‍ ഹൃദയാലുക്കളായിരിക്കും. ഈ വിമര്‍ശകര്‍ക്ക്‌ ഒന്നിനോടും
എതിര്‍പ്പില്ല. അവര്‍ ചിലരെപ്പറ്റി ഒരു കണ്ടെത്തലുമില്ലാതെ
എഴുതുക്കൊണ്ടിരിക്കുകയാണ്‌. സാഹിത്യ പഠനം എന്ന ആശയം തന്നെ
പഴഞ്ചനാണിപ്പോള്‍. എന്താണ്‌ ഇത്ര പഠിക്കാനുള്ളത്‌? സമകാല വിജ്ഞാനത്തില്‍
നിന്ന്‌ വളരെ പിറകില്‍ പോയ ഒരു വ്യവഹാരലോകമാണ്‌ പൊതുവേ സാഹിത്യം.
നിരൂപകര്‍ക്ക്‌ ഇത്‌ മനസ്സിലായിട്ടില്ല. അവര്‍ കുറേ ചത്തുവീണ ഉത്തരാധുനിക
സിദ്ധാന്തങ്ങളുമായി റോന്തു ചുറ്റുകയാണ്‌. ഒരു ഫലവുമില്ല. ഗദ്യത്തിലെ ഈ
അനുസരണയുള്ള കുട്ടികള്‍ വാശിയോടെ ഏര്‍പ്പെട്ടിരിക്കുന്നത്‌. എല്ലാവരും
മറന്നു കളഞ്ഞ ചില പൂര്‍വ്വകാല ചിന്തകളെ പൊടി തട്ടിയെടുത്ത്‌
പ്രദര്‍ശിപ്പിക്കുന്നതിലാണ്‌.

[കടപ്പാട്: വര്‍ത്തമാനം ആഴ്ചപ്പതിപ്പ്]