കീര്‍ക്കഗോറിനെപ്പോലെയോ സാര്‍ത്രിനെപ്പോലെയോ നിഷയെപ്പോലെയോ
ബാര്‍ത്തിനെപ്പോലെയോ ചോംസ്ക്കിയെപ്പോലെയോ ഉള്ള ഒരു ദാര്‍ശനികനല്ല
വിജയന്‍. വിജയന്‍റെ ദര്‍ശനം എന്ന് പറയുമ്പോള്‍ അദ്ദേഹം ഏതെങ്കിലും
തത്വചിന്താപരമായ സ്ക്കൂളിന്‍റെ ഉപജ്ഞാതാവാണെന്ന് അര്‍ത്ഥമാക്കേണ്ടതില്ല.
ദര്‍ശനം ജീവിതത്തെക്കുറിച്ചുള്ള പുതിയൊരു നിലപാടും കാഴ്ചയുമാണ്
അവതരിപ്പിക്കുന്നത്. തീര്‍ച്ചയായും വിജയന്‍ തന്‍റെ മൌലികമായ
കാഴ്ചകള്‍കൊണ്ട് പുതിയ യാഥാര്‍ത്ഥ്യവും ജീവിതവും നമുക്ക്
കാണിച്ചുതന്നിട്ടുണ്ട്.
മനുഷ്യരേയും പ്രകൃതിയേയും സ്വകീയമായ ആന്തരികാനുഭവത്തിലൂടെയാണ് വിജയന്‍
ഉല്‍പ്പാദിപ്പിക്കുന്നത്. ദൈനംദിന കാഴ്ചകളിലെ മനുഷ്യരേയും പ്രകൃതിയേയും
അതേപടി അദ്ദേഹം പകര്‍ത്തുന്നില്ല. മറിച്ച്, വിജയന്‍ താന്‍ അനുഭവിച്ച
മനുഷ്യനേയും അവന്‍റെ സിദ്ധികളേയുമാണ് പിന്‍തുടര്‍ന്നത്. പ്രകൃതിയും
പ്രപഞ്ചവുമെല്ലാം ഇതേ രീതിയിലുള്ള യാഥാര്‍ത്ഥ്യങ്ങളാണ് അദ്ദേഹത്തിന്.
ഓരോ അന്വേഷണവും അദ്ദേഹത്തിനു പ്രഹേളികയായി മാറുന്നതും ഇതുകൊണ്ടാണ്.
ഏതെങ്കിലും സ്ഥാപിത ശാസ്ത്രത്തിന്‍റെയൊ മതത്തിന്‍റെയൊ സഹായത്തോടുള്ള
അന്വേഷണമായിരുന്നില്ല വിജയന്‍റേത്. അതായിരുന്നെങ്കില്‍ തൃപ്തികരമായ
ഉത്തരങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടില്ലാത്തതുകൊണ്ട് പ്രഹേളികകള്‍
ഉണ്ടാകുമായിരുന്നില്ല . എന്നാല്‍ വിജയന്‍ തന്‍റെ സ്വന്തം അനുഭവത്തില്‍
നിന്നാണ് തന്‍റെ യാഥാര്‍ത്ഥ്യബോധത്തെ വിപുലീകരിച്ചത്. അത് തീര്‍ത്തും
നിരാസ്പദമായ തേടലുകളായിരുന്നു. മനുഷ്യ സിദ്ധികളിലും അദ്ദേഹം തന്‍റേതായ
സമീപനങ്ങളാണ് സ്വീകരിച്ചത്. ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയാല്‍
പണ്ഡിതനും സാധാരണക്കാരനും തോന്നുന്നത് ഒരേ വികാരമായിരിക്കുമെന്ന്
പ്രവാചകന്‍റെ വഴിയില്‍ അദ്ദേഹം കുറിച്ചിടുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനം
ഇതാണ്, അതായത് ശാസ്ത്രത്തേയൊ വിജ്ഞാനത്തേയൊ പോലും മനുഷ്യനും തന്‍റെ
സിദ്ധികളുടെ സാദ്ധ്യതകളിലൂടെ മൌലികമായി സമീപിക്കാമെന്ന് അര്‍ത്ഥം
വരുന്നു.
വിജയന്‍റെ ദര്‍ശനം ഒരു ഭാഷ മാത്രമല്ല , ഒരാഖ്യാനകലയും പ്രപഞ്ച
വീക്ഷണവുമാണ്. ഭാഷയിലും ആഖ്യാനകലയിലും പ്രപഞ്ച വീക്ഷണത്തിലും വിജയന്‍
ഇതുവരെ കാണാതിരുന്ന ഒരു വാസ്‌തവികത സൃഷ്‌ടിച്ചു എന്നതാണ് പ്രധാന സംഗതി.
മനസിന്‍റെ ചിന്തകളേയും വിചാരസാദ്ധ്യതകളേയും വല്ലാതെ അനുഭവപ്പെടുത്തുന്ന
ഭാഷയിലൂടേയും വിവരണ കലയിലൂടേയും പ്രകൃതിബോധത്തിലൂടേയും വിജയന്‍ ഇതര
ലോകത്തിന്‍റെ വഴികളില്‍ നിന്ന് വ്യത്യസ്‌തമായ പാത സ്വീകരിക്കുകയാണ്
ചെയ്‌തത്. നമുക്കു കിട്ടിയിട്ടുള്ള തത്വസംഹിതകളും മതങ്ങളും
പ്രത്യയശാസ്ത്രങ്ങളുമെല്ലാം വിജയന് വെറും അസംസ്കൃത വസ്തുക്കളാണ്.
അവയെല്ലാം പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ വിജയന്‍ തന്‍റെ ദര്‍ശനത്തെ
ആവിഷ്ക്കരിക്കാനുള്ള ഉപാധികളും ഉപകരണങ്ങളുമാക്കി മാറ്റി. അതുകൊണ്ട്
വിജയന് പേരിട്ടുവിളിക്കാന്‍ ഒരു തത്വചിന്തയില്ലായിരിക്കാം എന്നാല്‍
വിജയന്‍ വളരെ വ്യത്യസ്‌തമായ ഈ ഭാവത്തെ ഒരു ദര്‍ശനമായി അനുഭവിക്കുകയാണ്.
ചെയ്‌തത്. ചില വാക്കുകളുടെ സംയോജനങ്ങളില്‍, കഥാപാത്രങ്ങളുടെ
ചിത്രീകരണത്തില്‍, ശാസ്ത്രീയവും മതപരവും ആയ ആശയങ്ങള്‍ക്ക് ബദലായി
കണ്ടെത്തുന്ന പ്രാപഞ്ചികമായ വൈകാരികാനുഭവങ്ങളില്‍ എല്ലാം വിജയന്‍ സ്വന്തം
ദര്‍ശനമാണ് പകരാന്‍ ശ്രമിച്ചത്. വിജയന്‍റെ കൃതികളിലാകട്ടെ ആ ദാര്‍ശനിക
ഭാവം പ്രാപിച്ചു നില്‍ക്കുകയാണ്.
അറിവിന്‍റെ അവസാനം
" ഈശാവാസ്യമായ ഈ
പ്രപഞ്ചത്തിലാകമാനം
എന്‍റെ അറിവ് പടരുക
യാല്‍ ഞാന്‍ വീണ്ടും ഒന്നുമറി
യാത്തവനായിത്തീരുന്നു. "
ഇത് വിജയന്‍റെ സവിശേഷമായ ഒരു മനോനിലയായി അദ്ദേഹത്തിന്‍റെ
കൃതികളിലാകെയുമുണ്ട്. വിജയ ദര്‍ശനം രൂപപ്പെട്ടതിന്‍റെ ഒരു വഴി ഇതാണ്.
പ്രപഞ്ചത്തെ താന്‍ എങ്ങനെയൊ ഉള്‍ക്കൊള്ളുന്നതായി അദ്ദേഹത്തിനു
ബോധ്യമുണ്ട്. എന്നാല്‍ അത് ഈശാവാസ്യമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ഈ വാക്ക് അദ്ദേഹം ബോധപൂര്‍വ്വം ഉപയോഗിക്കുന്നതാണ്. ധര്‍മ്മപുരാണത്തില്‍
സിദ്ധാര്‍ത്ഥനോട് പരാശരന്‍ പറയുന്ന വാക്യമാണിത്. ഇതില്‍ വിജയ
ദര്‍ശനമുണ്ട്. ഈശാവാസ്യം എന്ന വാക്ക് വെറും ഉപനിഷത് ആവര്‍ത്തനമല്ല.
അത് വിജയന്‍റെ സാധാരണമായ രചനാരീതിയുടെ ഭാഗമാണ്. ഇത്തരം
സന്ദര്‍ഭങ്ങളിലാണ് എഴുത്തുകാരന് വാക്കുകളുടെ ശുദ്ധിയില്‍ വിശ്വസിച്ചു
നീങ്ങേണ്ടി വരുന്നത്. ഈശാവാസ്യം എന്ന വാക്കിനെ അതിന്‍റേതല്ലാത്ത ഒരു
പശ്ചാത്തലത്തില്‍ കൊണ്ടുവന്ന് മറ്റൊരു ആശയലോകത്തിനായി
പുനര്‍നിര്‍മ്മാണപ്രക്രിയയില്‍ ഉപയോഗിക്കുകയാണ്. ഈശാവാസ്യം എന്ന വാക്കു
കണ്ട് ഉടനെ അദ്ദേഹം ഹൈന്ദവമത വിശ്വാസത്തില്‍ കുറേക്കൂടി
അമര്‍ന്നുപോയിയെന്ന് വിലയിരുത്തിയാല്‍ ആകെ പാളിപ്പോവും. വിജയന്‍റെ
ദാര്‍ശനികമായ ജീവിത ചിന്ത മനസ്സിലാക്കാന്‍ അത് തടസ്സമായിത്തീരുകയും
ചെയ്യും. വാക്കുകളുടെ പ്രയോഗം എഴുത്തുകാരന്‍റെ വിധിയാണ്. അയാള്‍
വാക്കുകളിലൂടെ ദര്‍ശനം ആവിഷ്ക്കരിക്കുന്നു. ഈശാവാസ്യമായ പ്രപഞ്ചം എന്നത്
അദ്ദേഹത്തിന്‍റെ വിനീതവും വിശാലവും ആയ ഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ഈ
പ്രപഞ്ചത്തിലാകെ തന്‍റെ അറിവ് പടരുന്നതായി പരാശരന്‍ പറയുന്നത്
വിജയന്‍റെ കൂടി നിലപാടാണ്. അറിവുകളെ പറ്റിയുള്ള സ്ഥാപന വല്‍കൃത
സങ്കല്‍പ്പമല്ല ഇതിലുള്ളത്. സ്വതന്ത്രമായ ആദ്ധ്യാത്മിക അറിവുകളുടെ സ്വയം
സമ്പൂര്‍ണ്ണതയില്‍ നിന്നാണ് പ്രാപഞ്ചികതയുടെ നേര്‍ക്ക് അന്വേഷണം
നീളുന്നത്. എല്ലാ അറിവും വിലപ്പെട്ടതാണ്. എന്നാല്‍ അതേ സമയം എല്ലാ
ദു:ഖകരവും അര്‍ത്ഥശൂന്യമായിത്തീരുന്നു. ഇതാണ് ഈശാവസ്യമായ പ്രപഞ്ചത്തില്‍
അറിവ് പടര്‍ന്നുപോകയാല്‍ വീണ്ടും ഒന്നുമറിയാത്തവനായി തീരുന്നതായി
പരാശരന്‍ പറയുന്നത്. അതായത് പരാശരന്‍ നേടിയ അറിവുകളൊന്നും അയാളുടെ
സ്വന്തമല്ല. അയാള്‍ പ്രപഞ്ചത്തില്‍ നിന്നെടുത്തു അത് പ്രപഞ്ചത്തിലേക്കു
തന്നെ തിരിച്ചുപോകുന്നു. അതോടെ അറിവുകളുടെ ഉപയോഗശൂന്യത അയാള്‍ക്കു
ബോധ്യമാവുകയാണ്. അറിവുകളെ സംബന്ധിച്ച ഈ ദര്‍ശനം വിജയന്‍റെ "അരിമ്പാറ,
എണ്ണ, എട്ടുകാലി, മറുകുകള്‍" തുടങ്ങിയ കഥകളില്‍പ്പോലുമുണ്ട്. ഇത്
പരമമായ നിസ്വസത്വത്തിന്‍റെ ആവിഷ്ക്കാരമാണ്. സ്വന്തമായി ഒന്നും സംഭരിച്ചു
വെക്കേണ്ടതില്ലെന്ന മഹാകാഴ്ചപ്പാടിന്‍റെ ഭാഗവുമാണ്. പൊതുവേ പ്രപഞ്ച
വീക്ഷണത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ ചെന്നുനില്‍ക്കുന്നത് ഭൌതിക
വസ്‌തുക്കളോടുള്ള സമീപനത്തിലാണ്. സമ്പത്തുമായി ബന്ധപ്പെട്ടതാണ്
സ്വാര്‍ത്ഥത കടന്നുവരുന്നത്. എന്നാല്‍ പരമ്പരാഗതമായ ഈ വീക്ഷണത്തെയാണ്
വിജയന്‍ മറികടക്കുന്നത്. അദ്ദേഹം ഭൌതികതയോടുള്ള നിലപാടിനപ്പുറം പോയി
എല്ലാത്തരം അറിവുകളോടുമുള്ള സ്വാര്‍ത്ഥത കൈവെടിയുന്നു. അറിവുകളുടെ
ഭാരമുള്ള ഒരു മനുഷ്യന്‍ അവയെല്ലാം പ്രപഞ്ചത്തിലേക്ക് തിരികെ നല്‍കി
നിസ്വനായിത്തീരുന്നു. ദു:ഖത്തിന്‍റെയും വിരക്തിയുടേയും പരമമായ
നിസ്സഹായതയിലും സ്വാത്വികതയിലുമാണ് വിജയന്‍ സ്പര്‍ശിക്കുന്നത്. സകല
അറിവുകളേയും പ്രപഞ്ചത്തില്‍ ലയിപ്പിച്ചതിനു ശേഷമുള്ള നിര്‍വ്വേദമാണിത്.
. ഇത് പരമ്പരാഗതമായ ദര്‍ശനമല്ല. അതില്‍നിന്നുള്ള സാഹിത്യപരമായ
വേര്‍പിരിയലും സ്വാതന്ത്ര്യവും പ്രഖ്യാപിക്കുന്ന ദര്‍ശനമാണ്.
അറിവുകളില്‍ നില നില്‍ക്കാന്‍ മനുഷ്യന് ആത്യന്തികമായി ,
സാദ്ധ്യമല്ലെന്ന് മറ്റൊരു സൂചനയിലൂടെ വ്യക്തമാക്കുകയാണ്.
വഴികളുടെ സമസ്യ
"പക്ഷികളുടെ വഴി അദൃശ്യങ്ങളും സൌമ്യങ്ങളുമായി പിരിഞ്ഞു. അവ പിരിയുന്നേടം
സ്നേഹത്തിന്‍റെ സുഗന്ധിയായ തളംകെട്ടി".
പ്രവാചകന്‍റെ വഴിയില്‍ നാരായണന്‍റെ ഗൃഹാതുരത്വമുണര്‍ത്തുന്ന ചിന്ത
അവസാനിക്കുന്നിടത്താണ് വിജയന്‍ ഇങ്ങനെ കുറിക്കുന്നത്. ഇതും വിജയന്‍റെ
ദര്‍ശനം തന്നെയാണ്. ഇങ്ങനെയൊക്കെയാണ് വിജയന്‍ സാഹിത്യ ,പ്രാപഞ്ചിക
വ്യഥകളെ ആവിഷ്ക്കരിക്കുന്നത് തത്വചിന്തയുടെ ഏറ്റവും സുഗമമായ അനുഭവവും
പ്രകടനവും നാം കാണുന്നത് വിജയന്‍റെ ഭാഷയിലാണ്. തത്വചിന്ത എന്ന
ചിന്താപദ്ധതിയല്ല ഇത്. അതിന്‍റെ സത്ത മറ്റൊരു ഭാവാത്മകതയില്‍ പുറത്തു
വരുകയാണ്. 'പാതകള്‍ അങ്ങനെ സഞ്ചരിച്ചു' എന്ന പുതിയതിനു പിന്നാലെയാണ്
വിജയന്‍ പക്ഷികളുടെ വഴികളെപ്പറ്റി സംസാരിക്കുന്നത്. പാതകള്‍
തുടങ്ങുന്നത് ലളിതമായാണ്. യുക്തിയിലൂടെ അത് ഒരു ലക്ഷ്യം
പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വഴിയിലൂടെ
സഞ്ചരിക്കുന്നതോടെ പാതകള്‍ സഞ്ചാരിയെ ഏകാകിയാക്കി മാറ്റുന്നു. പാതകള്‍
നല്‍കിയ ഏകാന്തത സഞ്ചാരിയെ നിസ്വനാക്കുകയും സഞ്ചാരത്തെ സമസ്യയാക്കുകയും
ചെയ്യുന്നു. ഇത് മനസ്സില്‍ വെച്ചുകൊണ്ടാണ് പക്ഷികളുടെ വഴികള്‍
അദൃശ്യങ്ങളും സൌമ്യങ്ങളുമായി പിരിഞ്ഞതെന്ന് വിജയന്‍ അറിയിക്കുന്നത്
പക്ഷികള്‍ക്ക് വഴികള്‍ നിശ്ചിതമല്ല. അവയ്ക്ക് വഴികള്‍ അനിശ്ചിതമാണ്. .
അല്ലെങ്കില്‍ അവയ്ക്ക് വഴികളെപ്പറ്റി ഉല്‍ക്കണ്‌ഠപ്പെടേണ്ടതില്ല.
പക്ഷികളുടെ വഴികള്‍ പ്രഹേളികകളാവുന്നില്ല. ആ വഴികള്‍ അവയ്ക്ക് ഏകാന്തത
നല്‍കുന്നില്ല. വഴികളെപറ്റിയുള്ള ചിന്തയും ഏതു തിരഞ്ഞെടുക്കണമെന്ന
സംശയവും അവയെ വഴിയുടെ അര്‍ത്ഥശൂന്യതയിലേക്ക് നയിക്കുന്നില്ല അതുകൊണ്ട്
പക്ഷികള്‍ക്ക് എല്ലാ വഴികളും സ്വന്തമാണ്. വഴികള്‍ നഷ്‌ടമായ മനുഷ്യനെ
അത് വെല്ലു വിളിക്കുന്നുപോലുമുണ്ട്. നിശ്ശബ്ദമായി. പക്ഷികളുടെ
വഴികള്‍ക്ക് മനുഷ്യന്‍റെ വഴികളേക്കാള്‍ വിസ്‌തൃതിയുണ്ട്. അതുകൊണ്ട്
അവയ്ക്ക് ആ വഴികള്‍ പിരിയാനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടിയാണ്. അവയുടെ
വഴികള്‍ ഉണ്ടാകുമ്പോള്‍ തന്നെ വേര്‍പിരിയുന്നു. എന്നാല്‍ ആ വഴികളുടെ
വേര്‍പിരിയലില്‍ 'സ്നേഹത്തിന്‍റെ സുഗന്ധിയായ ദു:ഖം തളംകെട്ടിയ'തായി,
എല്ലാ അറിവുകളും ഒഴുകിപ്പരന്നിട്ടും ജ്ഞാനിയായ വിജയന്‍ കുറിക്കുന്നു.
ഇങ്ങനെയാണ് വിജയദര്‍ശനം രൂപപ്പെടുന്നത്. പക്ഷികളുടെ വഴികളിലൂടെ മനുഷ്യ
ഭാവനയെ ഒരു പരീക്ഷണ പറക്കലിനു വിജയനെ നിയോഗിക്കുന്നുണ്ടെന്ന്
തോന്നുന്നു. വഴികളും അവയുടെ വേര്‍പിരിയലും സര്‍വാതിശായിയായ ദു:ഖമല്ല
അവശേഷിപ്പിക്കുന്നത്. അതിലുമുപരി അത് അപരിമേയമായ സ്നേഹവും അതിന്‍റെ
സുഗന്ധിയായ ദു:ഖവുമാണ്‌പകരുന്നത്. ഇത് പ്രകൃതിയെ നിരീക്ഷിച്ചുകൊണ്ട്
വിജയന്‍ എത്തിച്ചേരുന്ന സ്വകാര്യമായ അനുഭവമാണ്. മനുഷ്യാനുഭവത്തിനും അതീത
മനുഷ്യാനുഭവത്തിനുമിടയിലെവിടെയൊ ഈ നോവലിസ്റ്റ് തന്‍റെ വ്യതിരിക്തമായ
ആവിഷ്ക്കാരമേഖല ആരായുന്നുണ്ട്. ജൈവ പരമ്പരയുടെ കൂടിച്ചേരലും
വേര്‍പിരിയലും അതീതമായ ഭാവനയോടെ നോക്കി കാണുകയാണ്. എന്നാല്‍ അത്
ആശാവേശത്തിന്‍റേയൊ തൃഷ്‌ണയുടെ നിരാസത്തിന്‍റെയൊ ധ്വനിപോലും
ഉണര്‍ത്തുന്നില്ല. അത്രമേല്‍ സ്വതന്ത്രമാണത്.
സ്ഥാവരങ്ങളുടെ പ്രയാണം
" ഞാറ്റുപുര തുറന്ന് അകത്തു കടന്നൌ നിന്നപ്പോള്‍ ഒരു ജന്‍മം കഴിഞ്ഞപോലെ
രവിക്കു തോന്നി. കാലാന്തരത്തിലെവിടേയൊ കാലു വെയ്ക്കുകയാണെന്നു തോന്നി.
കടലാസ്സും പുസ്‌തകങ്ങളും മഷിക്കുപ്പിയും , ഷെയ്‌വിങ്ങ് സെറ്റും
ചായപ്പാത്രവുമെല്ലാം താന്‍ വെച്ചിരുന്നേടത്തു തന്നെയിരിക്കുന്നു. ആ
ദിവസങ്ങളിലൂടെയത്രയും ഉതിര്‍ന്ന പൊടിമാത്രം അവയുടെ മേലെ
തിണര്‍ത്തുനിന്നു. ഒരു മണം , അതെന്തെന്ന് രവി ഓര്‍ത്തുനോക്കി.
പ്രയാണത്തിന്‍റെ ഗന്ധമാണ്. കാലത്തിലൂടെ സ്ഥാവരങ്ങളുടെ പ്രയാണം .
ചൂലെടുത്തു പൊടി തട്ടിയ രവി ആ പ്രയാണം ഭഞ്ജിച്ചു.
വിജയന്‍റെതുമാത്രമായ ഒരു നിത്യ ചിന്ത പ്രശ്‌നമാണിത്. അദ്ദേഹം ഓരോന്നിലും
ഓരോ നിമിഷത്തിലും പ്രപഞ്ചത്തിലെ അനെകം പ്രയാണങ്ങള്‍ കാണുന്നു. പ്രപഞ്ച
നൈരന്തര്യത്തിന്‍റെ അലകള്‍ കാണുകയാല്‍ ക്ഷണികതയെപറ്റിയുള്ള ബോധം
വികസ്വരമാവുകയാണ്. എല്ലാം മനുഷ്യരുടേതാണെന്ന ധാരണക്ക് തീരെ
വിലയില്ലാതാവുന്നു. അതു തന്നെയാണ് സംഭവിക്കേണ്ടതും ഇത് വിജയന്‍
യാഥാര്‍ത്ഥ്യമാക്കിയ സാഹിത്യാന്തരീക്ഷമാണ്. ഇതിനു മുമ്പ് ഇങ്ങനേയൊരു
നിരീക്ഷണം നമ്മുടെ ഗദ്യത്തില്‍ ഉണ്ടായിട്ടില്ല. ഖസാക്കിന്‍റെ
ഇതിഹാസത്തിലെ ഇരുപത്തിയൊന്നാം അദ്ധ്യായത്തിന്‍റെ അവസാന വാക്യങ്ങളാണ്
മേല്‍ ഉദ്ധരിച്ചത്. കാലാന്തരത്തിലെവിടേയൊ കാല് വെയ്ക്കുകയാണെന്ന്
തോന്നി. കാലത്തിലൂടെ സ്ഥാവരങ്ങളുടെ പ്രയാണം എന്നീ വാക്യങ്ങളെല്ലാം
വിജയന്‍റെ ദര്‍ശനം പല രീതിയില്‍ ഉള്‍ക്കൊള്ളുന്നവയാണ്.
കാലാന്തരത്തിലാണ് ഓരോ നിമിഷവും ജീവിക്കുന്നതെന്ന് അദ്ദേഹം
ദാര്‍ശനികമായി അറിയുന്നു. ഓരോ നിമിഷത്തിലും പരമാവധി ജീവിക്കുന്ന
ഒരാള്‍ക്കേ ഇങ്ങനെ എഴുതാന്‍ പറ്റു. മലയാളത്തിനു തീര്‍ത്തും അപരിചിതമായ
ദര്‍ശനമായി ഇതിനെ കാണുന്നതില്‍ അപാകതയില്ല. കാരണം ഒരു കഥാപാത്രം താന്‍
നിത്യേന ഇടപഴകുന്ന വസ്തുക്കളില്‍പോലും ഇത്ര ശ്രദ്ധാലുവാകുന്നത് പുതിയ
അനുഭവമാണ്. മനുഷ്യരുടെ പ്രയാണത്തേക്കാള്‍ നിരന്തരമായി സ്ഥാവരങ്ങളും
നീങ്ങുന്നു. ചൂലെടുത്ത് പൊടി തട്ടിയതിനെ വിജയന്‍ സ്ഥാവരങ്ങളുടെ പ്രയാണം
ഭഞ്ജിച്ചതായി വിലയിരുത്തുന്നു. പ്രയാണത്തിന്‍റെ ഗന്ധം
അനുഭവിച്ചറിയുന്നത് സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ഒരു ദര്‍ശനമാണ്'.
വലിയ തത്വചിന്ത എന്ന നിലയിലല്ല വിജയന്‍ സ്ഥാവരങ്ങളുടെ പ്രയാണത്തെ
കൊണ്ടുവരുന്നത്. എല്ലാം പ്രയാണം ചെയ്‌തത് രൂപം മാറുകയൊ
അപ്രത്യക്ഷമാവുകയൊ ചെയ്യുന്നു. ഒന്നിനും സ്ഥായിയായ നിലനില്‍പ്പില്ല.
എങ്കിലും രവി ആ പ്രയാണം ഭഞ്ജിക്കാന്‍ ശ്രമിക്കുന്നു. അതിനു യാതൊരു
അര്‍ത്ഥവുമില്ലെന്നറിഞ്ഞുകൊണ്ടു തന്നെ. ഇതു തന്നെയല്ലെ ജീവിതത്തിന്‍റെ
ആകെത്തുകയും , അര്‍ത്ഥശൂന്യമെന്ന് അറിഞ്ഞുകൊണ്ടുതന്നെ നാം സാഹസികമായ
സ്ഥാവരങ്ങളുടെ പ്രയാണത്തില്‍ ഇടപെടുന്നു. ചിലപ്പോള്‍ അതിന്‍റെ
ഭാഗമാകുന്നു
. അഴിയുന്ന പഞ്ചഭൂതങ്ങള്‍
" രവി ഉറങ്ങാന്‍ കിടന്നു. ജനാലയിലൂടെ ആകാശം മിന്നുന്നു. തുടിക്കുന്നു.
ഈശ്വരാ , ഒന്നുമറിയരുത് ഉറങ്ങിയാല്‍ മതി. ജന്‍മത്തില്‍ നിന്ന്
ജന്‍മത്തിലേക്ക് തല ചായ്ക്കുക. .... അനന്തരാശിയില്‍ നിന്ന് ഏതോ
സാന്ദ്രതയുടെ കിനിവുകള്‍ അയാളുടെ നിദ്രയിലിറ്റു വീണു. അവ ആ മനുഷ്യനെ
സ്‌നാനപ്പെടുത്തി"
ഖസാക്കിലെ ഇരുപത്തിരണ്ടാം അദ്ധ്യായത്തിലെ അവസാന വാക്യങ്ങളാണിവ. മനുഷ്യ
ശരീരത്തിന്‍റെ ഘടകങ്ങളായ പഞ്ചഭൂതങ്ങള്‍ അവയുടെ കാലത്തിലൂടെ
പൂര്‍വ്വാപരങ്ങളിലേക്ക് മടങ്ങിപ്പോകുന്നതിന്‍റെ മറ്റൊരു ദര്‍ശനവും
വിജയന്‍റെ കൃതികളിലുണ്ട്. ജന്‍മത്തില്‍ നിന്ന് ജന്‍മത്തിലേക്ക് തല
ചായ്ക്കുക എന്ന് വ്യക്തമായിത്തന്നെ വിജയന്‍ എഴുതുന്നുണ്ട്. ഇത് സകല
പരമ്പരാഗത ദര്‍ശനങ്ങളെ കൈവിട്ട ശേഷം സ്വന്തം അനുഭവങ്ങളുടെ അന്തര്യാമിയായ
സത്യത്തിലേക്കുള്ള എഴുത്തുകാരന്‍റെ മടങ്ങിപ്പോക്കാണ്. ദു:ഖത്തിന്‍റെ
ഹൃദ്യത എന്നും സ്‌നിഗ്ദ്ധതയുടെ വാള്‍മുന എന്നും വിജയന്‍ എഴുതുന്നതിനു
കാരണം ഇതാണ്. വിജയന്‍റെ ഭാഷയില്‍ പ്രസരിച്ചു നില്‍ക്കുന്നത് ഇത്തരമൊരു
ദര്‍ശനമാണ്. അത് വൈരുദ്ധ്യങ്ങളെ , പഞ്ചഭൂതങ്ങളുടെ അഴലില്ലാതാകലിലൂടെ
കിട്ടുന്ന കാഴ്ചയിലൂടെ , മറി കടക്കുന്നു. അതുകൊണ്ട് ദൃശ്യവും
സ്‌പര്‍ശിയുമായ ലോകത്തെ നിരാകരിച്ചുകൊണ്ടല്ല അതിനെ ആഴത്തില്‍
അറിഞ്ഞുകൊണ്ടു തന്നെ അദ്ദേഹം ജീവിതത്തിന്‍റെ അയഥാര്‍ത്ഥ്യം
അനുഭവിക്കുന്നു. 'ആ അനന്തരാശിയില്‍ നിന്ന് ഏതോ സാന്ദ്രത ' എന്നുള്ള
വിജയന്‍റെ ഭാഷ. ലോകത്തിന്‍റെ നഗ്‌നതക്കപ്പുറമുള്ള അപരിമേയതയെ
എത്തിപിടിക്കാന്‍ ശ്രമിക്കുകയാണ്. മനുഷ്യനും ജീവജാലങ്ങള്‍ക്കും കാരണമായ
പ്രാപഞ്ചിക ശക്തികള്‍ കാലഗതിയില്‍ അഴിയുകയും മറ്റൊരു രൂപത്തില്‍
ക്രമീകരിക്കപ്പെടുകയും ചെയ്യുന്നത് വിജയന്‍റെ അസ്വസ്ഥതയുടെ
പ്രശ്‌നമായിരുന്നിട്ടുണ്ട്. തലമുറകള്‍ വരേയുള്ള കൃതികളില്‍ ഇത്
വ്യക്തമാണ്. ഒരു ജന്‍മത്തില്‍ ഒരു അനുഭവത്തില്‍ അനേകം ധാതുക്കളുടെ
പ്രയാണം സംഭവിക്കുന്നുണ്ട്. മനുഷ്യ കാമനകളും സഞ്ചാരികളാണ്. , ലോകം
ഏല്‍പ്പിക്കുന്ന ഭാരത്തേയും ക്രൌര്യത്തേയും മറി കടക്കുന്നതിനാണ് വിജയന്‍
എഴുതിയത്. അംഗീകൃതമായ തത്വശാസ്ത്രങ്ങളുടെ ആവര്‍ത്തനമല്ല വിജയന്‍റെ
ദര്‍ശനം
നൈമിഷികത്വം
'ഇപ്പോള്‍ ഞാറ്റുപുര ഒരു തീവണ്ടിമുറിയാണ്. പെട്ടെന്ന് പുറത്തെ
ഇരുട്ടിനെക്കുറിച്ച് ഓര്‍ത്തുപോവുകയാണ്. താനിപ്പോള്‍ എവിടെയാണ്?
ഇരുവശവും ഇരുട്ടിന്‍റെ തരിശുകളിലൂടെ തിരിവിളക്കുകള്‍ നീങ്ങിമറഞ്ഞു.
യാത്രയ്ക്കിടയിലൊരിക്കല്‍ , എങ്ങു നിന്നോ മറ്റൊരു തണ്ടുവള്ളം
പാഞ്ഞടുത്തു. മറ്റൊരു പ്രയാണം , കര്‍മ്മബന്ധത്തിന്‍റെ ഞൊടി നേരത്തെ
പരിചയം. ചക്രങ്ങള്‍ക്കിടയില്‍ ഒരു നൊടി മാത്രം. താളംകൊട്ടിക്കൊണ്ട് അതു
വീണ്ടുമകന്നു.
ഇവിടേയും വിജയന്‍റെ ദര്‍ശനം പ്രത്യക്ഷമാവുകയാണ്. പ്രയാണത്തിന്‍റെ
ശാശ്വതത്വവും ജീവന്‍റെ നൈമിഷികതയും ചേര്‍ത്തുവെച്ചുകൊണ്ടാണ് വിജയന്‍ ഓരോ
വാക്കിനേയും പരിശോധിക്കുന്നത്'. വിജയന്‍റെ പദസംയോജനത്തിന്‍റെ അടിസ്ഥാന
തത്വശാസ്ത്രം ഇതാണ്. ഏത് സാഹിത്യകാരനും നിലവിലുള്ള തത്വശാസ്ത്രങ്ങളെ
വെല്ലു വിളിക്കണം. എങ്കിലേ അയാള്‍ക്കു് സ്വന്തം ഭൂമിയിലേക്ക് മടങ്ങാന്‍
പറ്റു. വിജയനു മുമ്പില്‍ എല്ലാ തത്വങ്ങളുമുണ്ട്. പക്ഷേ അദ്ദേഹം അതൊന്നും
തൊടുകയില്ല. താന്‍ കാണുന്നതും , അറിയുന്നതുമാണ് വിജയനു
സാഹിത്യദര്‍ശനമായിത്തീരുന്നത്. എന്നാല്‍ അത് ഏകപക്ഷീയതയെ കടന്ന്
പ്രാപഞ്ചികതയുടെ അറിയപ്പെടാത്ത വാസ്‌തവമായിത്തീരുന്നു.
[മള്‍ബറി പ്രസിദ്ധീകരിച്ച 'വിജയന്‍ എന്ന പ്രവാചകന്‍ ' എന്ന പുസ്തകത്തില്‍ നിന്ന്]