Followers

Monday, August 3, 2009

ശില്പം.-ശ്രീദേവിനായര്‍


ദേവദാരുമരത്തിന്റെ മുന്നില്‍
പ്രതിഷ്ഠിച്ചിരുന്ന നഗ്നസ്ത്രീയുടെ ശില്പം
കാണാന്‍ തിരക്കേറുകയാണ്.

നഗ്നത ആകര്‍ഷണമാണോ?
ശില്പിയ്ക്ക് നഗ്നതയോടാണിഷ്ടം.
അവയവങ്ങളെല്ലാം അളന്നു
വാര്‍ത്തെടുത്തതാണ്.


ശില്പത്തിനു കാമം വേണ്ട.
കാണികള്‍ക്ക് മതി.
ശില്പം രതിയുടെ അനുഭവത്തിനായി,
ഇടയ്ക്കിടെ ആഞ്ഞെങ്കിലും
ശില്പി ,തടയുകയാണുണ്ടായത്.


ശില്പി പറഞ്ഞു;
നീ, വെറും പ്രതിമയാണ്.
നിന്റെ മുഖവും,മുലയും,
ഉടലുമെല്ലാം കാണികള്‍ക്കാണ്.
നീ വെറുതെ നിന്നാല്‍ മതി,
കാണാന്‍ വരുന്നവര്‍ ഏതുവേണമെന്ന്
നിശ്ചയിച്ചുകൊള്ളും.
നിനക്ക് രതി വിധിച്ചിട്ടില്ല.



നീ കണ്ണുകള്‍ തുറക്കണമെന്നില്ല.
പരാമാവധി രതിജനിപ്പിക്കാനായി
ചായുകയോ,ചരിയുകയോ ചെയ്യാം.
വീണുകിടന്നാലും കുഴപ്പമില്ല.



ശില്പം പറഞ്ഞു;
രതി എന്താണെന്നറിയാന്‍
എത്രനാള്‍ കാത്തിരിക്കണം?
ശില്പി പറഞ്ഞു;
കാത്തിരിക്കേണ്ട
കാത്തിരുന്നാല്‍ നീ മനോരോഗിയാകും.

നിനക്ക് നിന്റെ രതിയില്‍,അധികാരമില്ല.
നീ വെറും കാഴ്ച്ച വസ്തുവാണ്.
നിന്റെ ഉടലില്‍,
തീ പിടിക്കുന്നതുകാണാന്‍
മന്ത്രിയും അക്കാദമി പ്രസിഡ്ന്റുമെല്ലാം
വരുന്നുണ്ട്,
നീ അവരെ തീപിടിപ്പിക്കണം.

ശില്പം അതുകേട്ട് ഭയന്നു വിറച്ചു.
ആ വിറയലില്‍ നിന്ന്
എങ്ങനെയോ തീ പടര്‍ന്നു.
ആ തീയില്‍,
ശില്പം വെന്തുവെണ്ണീറായി.