Followers

Monday, August 3, 2009

അഭിമുഖം/എം.കെ.സാനു

മനുഷ്യന്റെ പെരുമാറ്റം യാന്ത്രികമല്ലേ ഇന്ന്‌?
മനുഷ്യന്റെ ഏറെയും സാഹചര്യത്തിന്റെ സന്താനമാണ്‌. സാഹചര്യം ഏൽപിക്കുന്ന ആഘാതത്തെ അതിജീവിക്കാനോ അതിലംഘിക്കാനോ ചുരുക്കംപേർക്കു മാത്രമേ കഴിയൂ. ഇന്ന്‌ ശാസ്ത്ര സാങ്കേതിക വിദ്യ സമൂഹജീവിതത്തിൽ ആധിപത്യം ചെലുത്തിയിരിക്കുന്നു എന്നതാണ്‌ പ്രബലമായ വാസ്തവം. ആ സാഹചര്യം മനുഷ്യനെയും ണല്ലോരു അളവോളം യാന്ത്രിക സ്വഭാവങ്ങൾക്ക്‌ വിധേയനാക്കുന്നു. മാനുഷിക ഭാവങ്ങൾ അവിടെ പരിക്ഷീണമാകാതെ നിവൃത്തിയില്ല.
ആഗോളവത്കരണം എങ്ങനെയാണ്‌ മനുഷ്യരുടെ പെരുമാറ്റങ്ങളെ മാറ്റിമറിക്കുന്നത്‌?
ആധുനിക ജീവിത സാഹചര്യത്തിന്റെ മറ്റൊരു ഘടകം ആഗോളവത്കരണം തന്നെയാണ്‌. കഴിഞ്ഞ പുരുഷാന്തരം അതിൽ സമത്വം എന്നത്‌ മാനുഷിക വീക്ഷണത്തിന്റെ സജീവ ഘടകമായിരുന്നു. സമത്വ സുന്ദരമായ ഭാവി എന്ന പല്ലവി അന്ന്‌ ആവർത്തിക്കപ്പെട്ടുപോന്നു. സംഘടനങ്ങൾക്കും മത്സരത്തിനും പകരം സൗഹൃദവും സഹകരണവും പുലരുന്ന ഒരു വ്യവസ്ഥിതിയാണ്‌ മുൻതലമുറകൾ സ്വപ്നം കണ്ടിരുന്നത്‌. അവരുടെ സ്വപ്നങ്ങൾ പാടെ തകർന്നുപോയത്‌ ആഗോളവത്കരണത്തിന്റെ ആവിർഭാവത്തോടെയാണ്‌. നില നിൽപ്പിനു വേണ്ടി മത്സരിക്കുക, അർഹതയുള്ളതു മാത്രം അവശേഷിക്കുക എന്നീ പരിണാമ നിയമത്തിനാണ്‌ ആഗോളവത്കരണം പ്രാമുഖ്യം നൽകിയത്‌. ബലഹീനർക്കോ നിസ്സാഹായർക്കോ അവിടെ പരിഗണനയില്ല. അതിന്റെ ഫലമായി വെട്ടിപ്പിടിക്കലിന്റേതായ ഒരു മനോഭാവം സർവസാധാരണമായിത്തീർന്നിരിക്കയാണ്‌. അതും മനുഷ്യത്വത്തെ തളർത്തുകയേ ഉള്ളു.
അപ്പോൾ നാം ആരും ആഗ്രഹിക്കാത്ത തരത്തിൽ രൂപം പ്രാപിച്ചിരിക്കുന്ന മനുഷ്യത്വം പാടേ നശിച്ചുപോകുമെന്നാണോ പറയേണ്ടത്‌?
എന്ന്‌ ഞാൻ പറയില്ല. മനുഷ്യന്റെ നാളിതുവരെയുള്ള ചരിത്രം ഏത്‌ സാഹചര്യങ്ങളെയും കാലാകാലങ്ങളിൽ മറികടക്കുന്നതിന്റെ ചരിത്രമാണ്‌. അതു കൊണ്ടാണ്‌ ജോർജ്‌ ഓർവെല്ലിന്റെ 1949 എന്ന കൃതിയിലെ പ്രവചനം യാഥാർത്ഥ്യമാകാതെ പോകുന്നത്‌. മനുഷ്യന്റെ ഈ രീതിയിലുള്ള ഇച്ഛാശക്തി ഇനിയും കെട്ടടങ്ങിയിട്ടില്ല. ഏകാകികളായ അനേകംപേരിലും ചെറിയ ചെറിയ സംഘങ്ങളിലുംകൂടി ആ ഇച്ഛാശക്തി ഇന്നും നിലനിൽക്കുകയോ ഊർജ്ജസ്വലതയെ പ്രാപിക്കുകയോ ചെയ്തുകൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ നിലനിൽപ്പും വികാസവും അവരെയാണ്‌ ആശ്രയിച്ചിരിക്കുന്നത്‌. ചെറിയ ചെറിയ സംഘങ്ങൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മൂല്യസംരക്ഷണത്തിനായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നാൽ ഇന്നത്തെ ജീർണ്ണതയെ അതിജീവിക്കാൻ മനുഷ്യരാശിക്ക്‌ കഴിയുമെന്നാണ്‌ എനിക്കു തോന്നുന്നത്‌.
മൂല്യം എന്ന വാക്കിനുതന്നെ അർത്ഥശോഷണം സംഭവിച്ചില്ലേ?
മൂല്യങ്ങൾ എന്ന പദത്തിനു വ്യക്തവും അവ്യക്തവുമായ അർത്ഥങ്ങളിൽ അതിനു സ്നേഹം, സൗഹൃദം, കാരുണ്യം എന്നീ മുഖങ്ങളാണ്‌ തെളിഞ്ഞുവരുന്നത്‌. കാരുണ്യത്തിൽ നിന്നുണ്ടാകുന്ന ദീനാനുകമ്പ സാഹോദര്യത്തിന്റെ സഹജഭാവമാണ്‌. അവയിൽ കേന്ദ്രീകൃതമായ പ്രവർത്തനശൈലി സ്ഥാപകമാക്കാൻ അധികാരത്തിൽ നിന്നും ആർഭാടങ്ങളിൽ നിന്നും നേട്ടങ്ങളിൽ നിന്നും അകന്നു കഴിയാൻ സന്നദ്ധരാകുന്ന ചില വ്യക്തികൾക്കും സംഘങ്ങൾക്കും മാത്രമെ സാധിക്കുകയുള്ളു. വഴിയരികിൽ പിച്ചതെണ്ടുന്ന വൃദ്ധസ്ത്രീയിൽ സ്വന്തം അമ്മയെ അവർ ദർശിക്കുന്നു. പിച്ചതെണ്ടുന്ന കുഞ്ഞുങ്ങളിൽ സ്വന്തം മക്കളെയും.അതോടെ അവരുടെ സ്വസ്ഥത കെടുന്നു. അവർ ദൈവികമായ അസ്വസ്ഥതയ്ക്ക്‌ വിധേയരാകുന്നു. ആ അസ്വസ്ഥത അനുഭവിക്കുന്ന അനേകം ഹൃദയങ്ങൾ നമ്മുടെ മധ്യത്തിലുണ്ട്‌. അവരാണ്‌ ഭാവിയുടെ വാഗ്ദാനങ്ങൾ. അവർക്ക്‌ ഇന്നല്ലെങ്കിൽ നാളെ അതാവിഷ്കരിക്കാനുള്ള മാർഗവും ലഭിക്കാതെ നിവൃത്തിയില്ല. നിലനിൽപ്പിന്റെ നിയമം അതാണ്‌. അവയുടെ സമഹൃതശേഷിയിൽ നിന്നായിരിക്കും പുതിയ ലോകത്തിന്റെ മാനവ നീതി സാക്ഷാത്കൃതമാകുക. തത്വപരമായ ഈ നിലപാടില്ലാതെ മറ്റെന്താണ്‌ ഈ പ്രശ്നത്തിൽ അവലംബിക്കുക എന്ന്‌ എനിക്കു നിശ്ചയമില്ല.
രാഷ്ട്രീയ പാർട്ടികളുടെ നിലപാടിൽ എന്ത്‌ മാറ്റമാണ്‌ ഉണ്ടാകേണ്ടത്‌?
ആതുരസേവനം രാഷ്ട്രീയപ്പാർട്ടികളുടെ പ്രധാന പ്രവർത്തനമാകണം. റാലികൾക്കും പ്രകടനങ്ങൾക്കും സ്നേഹകാരുണ്യ പ്രവർത്തനങ്ങൾക്ക്‌ ഊന്നൽ നൽകിയാൽ രാഷ്ട്രീയ പാർട്ടികളുടെ പൊതുവായ വീക്ഷണത്തിൽ വലിയ മാറ്റമുണ്ടാകും.
പൊതുജീവിതം വല്ലാതെ പേടിപ്പിക്കുന്നതായി അനുഭവപ്പെടുന്നുണ്ടോ?
പൊതുജീവിതത്തെപ്പറ്റിയുള്ള സ്വപ്നം തകർന്നു. എല്ലാവർക്കും ഭക്ഷണം, പാർപ്പിടം എന്നിവ ലക്ഷ്യമല്ലാതായി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ്‌ കൂടി. ശമ്പളത്തിലുള്ള വൻ വിടവ്‌ ജീവിത വീക്ഷണത്തെ തകർക്കുക തന്നെ ചെയ്യും. സമത്വബോധം ഇല്ലാതായി. അഞ്ച്‌ ലക്ഷം കിട്ടുന്നവനും രണ്ടായിരം രൂപ കിട്ടുന്നവനും ഈ സമൂഹത്തിൽ ഒരുമിച്ച്‌ എങ്ങനെ ജീവിക്കും. തത്വവും പ്രയോഗവും തമ്മിലുള്ള വൈരുദ്ധ്യമാണിത്‌. സുരക്ഷിതത്വമുള്ളതുകൊണ്ട്‌ ആരും അടിമയെപ്പോലെ പെരുമാറും. സ്വന്തം സുരക്ഷിതത്വം നോക്കാത്തവരാണ്‌ ഈ ലോകത്ത്‌ എന്തെങ്കിലും മാറ്റങ്ങളുണ്ടാക്കിയത്‌.

എം.കെ.സാനു വായനയ്ക്കായി തിരഞ്ഞെടുത്ത 15 മലയാള കൃതികൾ.

1. അദ്ധ്യാത്മ രാമായണം -തുഞ്ചത്ത്‌ എഴുത്തച്ഛൻ
2. ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു - ബഷീർ
3. നളിനി - കുമാരനാശാൻ
4. ചെമ്മീൻ - തകഴി
5. വിട - വൈലോപ്പിള്ളി
6. സ്വരരാഗസുധ - ചങ്ങമ്പുഴ
7. കണ്ണീരും കിനാവും - വി.ടി.ഭട്ടതിരിപ്പാട്‌
8. ഭാരതപര്യടനം - കുട്ടികൃഷ്ണമാരാർ
9. ഓടയിൽ നിന്ന്‌ - കേശവദേവ്‌
10. ഖസാക്കിന്റെ ഇതിഹാസം - ഒ.വി.വിജയൻ
11. ഗോത്രായനം - അയ്യപ്പപ്പണിക്കർ
12. അമ്പലമണികൾ - സുഗതകുമാരി
13. കാലം - എം.ടി.വാസുദേവൻനായർ
14. മാളവിക - ഒ.എൻ.വി.കുറുപ്പ്‌
15. ഇനി ഞാൻ ഉറങ്ങട്ടെ - പി.കെ.ബാലകൃഷ്ണൻ

[കടപ്പാട്: ഗോകുലംശ്രീ]