Followers

Showing posts with label jayadev nayanar. Show all posts
Showing posts with label jayadev nayanar. Show all posts

Sunday, June 2, 2013

ഉടുപ്പ്

ജയദേവ് നായനാർ

അഴിച്ചാലുമഴിച്ചാലുമഴിയാത്ത
ഒന്ന്, ഉടുപ്പെന്നോ വിളിക്കുക?

.............

കാറ്റുകളുടെ പുസ്തകത്തിൽ
കാണാനാവുമോ, ഇല്ല കാണില്ല,
പുഴയുടെ പുസ്തകത്തിലേത് പോലെ
നനഞ്ഞു കുതിർന്ന് ,
വായിക്കാൻ പറ്റാത്ത ഏടുകൾ.
വെള്ളത്തിലെഴുതിയതാണെങ്കിലും
പുഴ വായിച്ചെടുക്കുന്ന വരികൾ.
എന്നാലും, കാറ്റേ കാറ്റേ
നീ ഒളിച്ചുപിടിക്കുന്നതെന്ത്
എന്ന് ചോദിക്കാറില്ല ഇലപ്പച്ച.
നനവിനെക്കുറിച്ചുള്ള കാറ്റിന്റെ
പ്രാർത്ഥനകളെ അത്
കേൾക്കുന്നുണ്ട്, തീര്ച്ച.
അത് തലയിളക്കുന്നത്
ഒരിക്കലും വെറുതെയാവില്ല.
കാറ്റ് കടന്നുപോകുമ്പോൾ
ഇലപ്പച്ച എടുത്തുടുക്കുന്നുണ്ട്
ശൈത്യം.പോലും
തണുത്തുപോകുന്ന
മറ്റാരുമറിയാത്ത ഒന്ന്.
കാണിച്ചുതരില്ല
ഞാനെന്ന പുസ്തകം.
ഇലക്കാടായി പൂത്തുനിൽക്കുന്ന
നിനക്ക്, ഒരിക്കലുമെ.

Tuesday, April 2, 2013

കളി

ജയദേവ് നായനാർ 
താഴത്തു തന്നെയിരുന്നു
കളിക്കാന്‍ പറഞ്ഞാല്‍
കേള്‍ക്കില്ല, നടക്കാന്‍
പഠിച്ചുവരുന്നതേയുള്ളൂ
എന്നാലും മുകളിലേക്കു തന്നെ
പിടിച്ചുകയറണം,
ഗോവണിക്കുഞ്ഞിന്.

Saturday, March 2, 2013

മരിച്ചവരുടെ പുസ്തകം



ജയദേവ് നായനാര്‍ 


മയില്‍‌പ്പീലിയെ കാണിക്കാതെ,
വെയില് കാണിക്കാതെ
നീയൊളിപ്പിച്ചുവച്ചിരുന്ന
ആകാശമെന്നിട്ടും
ഇപ്പൊഴുമൊട്ടും വളര്‍ന്നില്ല.
പുസ്തകത്താളും കവിഞ്ഞ്.
അതില്‍ ഏതോ കിളി ചിറകൊച്ച
മടക്കിവച്ചിരിക്കുന്നു .
ഈറന്‍ മേഘം നനഞ്ഞുനനഞ്ഞു
കരിമ്പനടിച്ചുപോയിരിക്കുന്നു
കൂട്ടക്ഷരങ്ങളൊക്കെ.
കൊടുങ്കാറ്റുകളുടെ
തൊണ്ടയടച്ചുതുറക്കുകയാണ്
ഓരോ താള്‍ മറിക്കുമ്പോഴും .

Wednesday, February 1, 2012

വിരലെഴുത്ത്


വി.ജയദേവ്


ആരുടേയോ മനസില്‍ നിന്നടര്‍ന്നുവീണ വേവലാതിയുടെ ഒരു തരിയുണ്ടാവും നാമറിയാതെ. പൂക്കാടുകളെ കരിയാതെ നിര്‍ത്തുന്ന പേരറിയാത്ത ഏതോ പൂമ്പൊടിയുടെ മണമതിലുണ്ടാവും. നാമറിഞ്ഞ്, ഓര്‍ക്കാപ്പുറത്തു വിളിച്ചുണര്‍ത്തുന്ന അക്ഷരങ്ങളുടെ നിലവിളികളത്രയും വിരല്‍ത്തുമ്പത്തു തഴമ്പുകെട്ടിക്കിടക്കും. ഇടയ്ക്കിടെ അസ്വസ്ഥതകളെ ഓരോന്നായി ഓര്‍മിപ്പിച്ചുകൊണ്ടും വേദനകളില്‍ വിങ്ങിനിറഞ്ഞും. കാണെക്കാണെ, കണ്ണുകളെ കൊത്തിവലിക്കുന്നൊരു കൊള്ളിയാന്‍ തീത്തിരി കത്തിച്ച് എന്നും മുന്നിലുണ്ടാവുമെന്നു നാമറിയും. തീയിഴയുന്ന അക്ഷരവഴികളില്‍ നിന്നു പൊള്ളുന്ന സ്പര്‍ശനങ്ങളെ വിരല്‍ത്തുമ്പ് എന്തിനുവേണ്ടിയാണു വഴിനീളെ ചേര്‍ത്തുപിടിക്കുന്നതെന്നാവാം നമ്മള്‍ ആലോചിക്കുന്നുണ്ടായിരിക്കുക. എങ്കിലും, ഈ ചെന്തീയെ തൊടാതിരിക്കാനാവില്ല എന്നു തിരിച്ചറിയുമ്പോഴേക്കും അക്ഷരങ്ങളെല്ലാം അര്‍ഥങ്ങളുടെ കൊളുത്തും പിടിയും അഴിഞ്ഞു പൊള്ളയായ വെറും ആവരണങ്ങള്‍ മാത്രമായിക്കഴിഞ്ഞിരിക്കും. വാഴ്വിന്‍റെ മേല്‍വിലാസങ്ങളറ്റിരിക്കും. നമ്മള്‍ സ്വയം തീയ്ക്ക് വെളിച്ചപ്പെടുകയാവുമപ്പോള്‍..