Followers

Wednesday, February 1, 2012

വിരലെഴുത്ത്


വി.ജയദേവ്


ആരുടേയോ മനസില്‍ നിന്നടര്‍ന്നുവീണ വേവലാതിയുടെ ഒരു തരിയുണ്ടാവും നാമറിയാതെ. പൂക്കാടുകളെ കരിയാതെ നിര്‍ത്തുന്ന പേരറിയാത്ത ഏതോ പൂമ്പൊടിയുടെ മണമതിലുണ്ടാവും. നാമറിഞ്ഞ്, ഓര്‍ക്കാപ്പുറത്തു വിളിച്ചുണര്‍ത്തുന്ന അക്ഷരങ്ങളുടെ നിലവിളികളത്രയും വിരല്‍ത്തുമ്പത്തു തഴമ്പുകെട്ടിക്കിടക്കും. ഇടയ്ക്കിടെ അസ്വസ്ഥതകളെ ഓരോന്നായി ഓര്‍മിപ്പിച്ചുകൊണ്ടും വേദനകളില്‍ വിങ്ങിനിറഞ്ഞും. കാണെക്കാണെ, കണ്ണുകളെ കൊത്തിവലിക്കുന്നൊരു കൊള്ളിയാന്‍ തീത്തിരി കത്തിച്ച് എന്നും മുന്നിലുണ്ടാവുമെന്നു നാമറിയും. തീയിഴയുന്ന അക്ഷരവഴികളില്‍ നിന്നു പൊള്ളുന്ന സ്പര്‍ശനങ്ങളെ വിരല്‍ത്തുമ്പ് എന്തിനുവേണ്ടിയാണു വഴിനീളെ ചേര്‍ത്തുപിടിക്കുന്നതെന്നാവാം നമ്മള്‍ ആലോചിക്കുന്നുണ്ടായിരിക്കുക. എങ്കിലും, ഈ ചെന്തീയെ തൊടാതിരിക്കാനാവില്ല എന്നു തിരിച്ചറിയുമ്പോഴേക്കും അക്ഷരങ്ങളെല്ലാം അര്‍ഥങ്ങളുടെ കൊളുത്തും പിടിയും അഴിഞ്ഞു പൊള്ളയായ വെറും ആവരണങ്ങള്‍ മാത്രമായിക്കഴിഞ്ഞിരിക്കും. വാഴ്വിന്‍റെ മേല്‍വിലാസങ്ങളറ്റിരിക്കും. നമ്മള്‍ സ്വയം തീയ്ക്ക് വെളിച്ചപ്പെടുകയാവുമപ്പോള്‍..