ബി.ഷിഹാബ്
വിളവ് തിന്നുന്നത് കണ്ടുവോ? നീ.
തണലേകുവാന്‍ നട്ട തണല്‍മരങ്ങള്‍ സ്വയം
ഇലപൊഴിച്ച് ദാരുവായി.
ഇലപൊഴിക്കാത്ത മരങ്ങളില്‍ കാക്ക കൂടു കൂട്ടി.
തണല്‍തേടി വരുവോരുടെ തലയില്‍ കാഷ്ഠിച്ചു.
രാജവീഥിയ്ക്കിരുപുറവും
പാഴ്മരങ്ങളുടെ പടയാണ്.
ആലുമാഞ്ഞിലിയുമില്ല
പ്ലാവും, മാവും തേനുലാവുന്ന വരിക്കകളെങ്ങുമില്ല!
നാം നട്ടുവളര്‍ത്തുന്നതോ? വിവിധ നേരങ്ങളില്‍
വിവിധ നിറങ്ങള്‍ കാട്ടുന്ന പാഴ്മരങ്ങളെ!
പാതയോരങ്ങളിലെത്തിപ്പെട്ടാല്‍
പാഴ്മരങ്ങളുടെ വിത്തില്‍ ചവുട്ടി വഴുക്കി വീഴാം.
വിപ്ലവകവിയുടെ പ്രതിമയില്‍
കാക്ക കാഷ്ഠിച്ചു പറന്നു പോയി.
കാക്ക കാഷ്ഠിച്ച് കാഷ്ഠിച്ച്
ഗാന്ധി പ്രതിമയ്ക്ക്
മുഖം നഷ്ടമായി.
രാജപാതയില്‍ നിന്നാല്‍ കൊട്ടാരമൊരു കാട്ടിലാണെന്നു തോന്നും
കാടുമൊരു നാട്
കാട്ടിലെ നിയമങ്ങളില്‍ കടുത്ത നീതിയുണ്ടല്ലൊ?
കൊട്ടാരം കഴിഞ്ഞാല്‍, കാണാന്‍ ചേലൊത്ത,
കാടുനാടുമല്ലാത്ത, കഥയൊട്ടുമില്ലാത്ത
പാഴ്മരങ്ങളുടെ വിചിത്രദേശങ്ങള്‍ കാണാം.