Followers

Thursday, August 2, 2012

ഓണനിലവിളി

എൻ.ബി.സുരേഷ്


പൂവുനുള്ളാൻ പോയ മകൾ
ഇതുവരെ മടങ്ങിവന്നില്ല.
മഞ്ഞുകണങ്ങൾക്ക് പകരം
പുകപടർന്ന ആകാശത്തിനു ചുവട്ടിലേയ്ക്ക്
അവൾ ഇറങ്ങിപ്പോയിട്ട്
നാഴികകൾ എത്രയോ ആയി.
പോകുന്നതിനുമുൻപ്
തുമ്പപ്പൂവിനോളം നേർത്ത ഒരുമ്മ
അവളെന്റെ നെറുകയിൽ വച്ചു.
പോകുന്ന വഴിയിൽ
അയൽഫ്ലാറ്റുകളുടെ വാതിലുകളിൽ
അവൾ മുട്ടിവിളിക്കുന്ന നേർത്ത ഒച്ച
എന്റെ ബ്ലാങ്കറ്റിനുള്ളിലേയ്ക്ക്
ഒളിച്ചു കടക്കുന്നുണ്ടായിരുന്നു.
ആരും അവളോടൊപ്പം
പോയിരിക്കാനിടയില്ല.
അത്തം പിറന്നിട്ടും അവൾ വന്നില്ല.
ഏതു വേലിപ്പടർപ്പിൽ കുരുങ്ങിയാവോ?
പുഴയോരത്തൊന്നും അവളുടെ കാല്പാടില്ല.
കാടിന്റെ ഹൃദയത്തിൽ കയറിയൊളിച്ചോ?
കറുകനാമ്പ് തപസ്സ് ചെയ്യുന്ന
വയൽ‌വരമ്പ് വഴിപറഞ്ഞു തന്നില്ല
ആഴക്ക് മൂഴക്ക് പൂവിറുക്കാൻ
അവൾ എത്ര കാതം നടന്നിരിക്കണം.
ഫ്ലാറ്റായ ഫ്ലാറ്റുകളിലൊക്കെ
ഓണം വന്ന ഒച്ച ചാനലുകളിൽ
പൂവിളിയുമായെത്തി.
മകൾ അപ്പോഴും വന്നിട്ടില്ല.
ഒരുമയുടെ ഏതെങ്കിലും ദേശം
ഒരു പൂക്കളമാക്കിതീർത്തിരിക്കുമോ?
അവൾ
ഒരു തകർന്ന പൂക്കളമായ് മാറുമോ?
ആരോട് ചോദിക്കാൻ.
കുട്ടികൾ പ്രകൃതിയുടെ ഹരിതകം
നിറഞ്ഞ ജീവിതത്തിലേക്ക് പോകുന്ന
വഴിയേതാണ്?
ദയവായ് ഒന്നു പറഞ്ഞുതരൂ.
ഇറങ്ങിപ്പോയ കുട്ടികൾ
മടങ്ങിവന്ന ചരിത്രം പറയുന്ന
ഗ്രന്ഥമേതാണ്?
കുട്ടികൾക്ക് കണ്ണുതെളിയുമ്പോൾ
മനസ്സ് കുരുടിയവർ അന്ധരാവും
എന്ന ചൊല്ല് നേരോ മാലോകരേ?
ആരാണ് ഉത്തരം ചൊല്ലുന്നത്....
പറയൂ
ഓരോ വീടും ഉച്ചത്തിൽ
കരഞ്ഞാർക്കുന്നത് കേൾക്കുന്നില്ലേ?