Followers

Thursday, August 2, 2012

ആസ്വാദനത്തിന്റെ അദ്ധ്യായങ്ങള്‍


 ശ്രീജിത്ത് മൂത്തേടത്ത്  
ഞ്ഞുവീണു കുതിര്‍ന്ന അക്കേഷ്യാമരങ്ങളുടെ അരിവാളുപോലെ വളഞ്ഞ സ്വര്‍ണ്ണ ഇലകള്‍ വിരിച്ച മെത്തയിലൂടെ അവര്‍ നടന്നു. അധികം അകലെയല്ലാതെ ടാര്‍പാതയ്ക്കരികിലെ പാര്‍ക്കിംഗ് ഏരിയ ലക്ഷ്യമാക്കി. പിന്നില്‍ പഴയതെങ്കിലും പ്രൗഡി നഷ്ടപ്പെട്ടിട്ടില്ലാത്ത ബിര്‍ളാബംഗ്ലാവ് അഴിമുഖത്തേക്കുറ്റുനോക്കിനിന്നു. ഉപ്പുകാറ്റേറ്റ് നിറംമങ്ങിയതെങ്കിലും ബംഗ്ലാവിന് ഒരു പ്രണയനായകന്റെ ചുറുചുറുക്കുണ്ടായിരുന്നു. അവിടെ ചുറ്റിത്തിരിഞ്ഞ ഇളംകാറ്റിന് പ്രണയത്തിന്റെ മദഗന്ധവും. ആ ഗന്ധത്തിന്റെ ലഹരിയില്‍ അക്കേഷ്യാഇലകള്‍ വളഞ്ഞുചൂളികൂര്‍ത്തു. കുറ്റിത്തെച്ചിച്ചെടികളില്‍ ചുവപ്പും, മഞ്ഞയും പൂക്കള്‍ ചിരിച്ചു. എല്ലാറ്റിലും ഋതുമതിയുടെ നനവ് പറ്റിച്ചേര്‍ന്നിരുന്നു. ഉരുളന്‍വെള്ളാരങ്കല്ലുകള്‍ വിരിച്ച മുറ്റത്തിനതിരിട്ട് മനോഹരമായി വെട്ടിനിര്‍ത്തിയ ആഫ്രിക്കന്‍ബുഷ്. അതിനുപിന്നില്‍ കൂറ്റന്‍ സിമന്റുചട്ടികളില്‍ പ്രായത്തിന്റെ ഖിന്നതപൂണ്ട ഉടലോടെങ്കിലും, തളിരിട്ട പൂക്കള്‍ നിറഞ്ഞ ബോഗന്‍വില്ലകള്‍. അതിനും പിന്നിലായി മെലിഞ്ഞുനീണ്ട അക്കേഷ്യാമരങ്ങള്‍. മരങ്ങള്‍ക്കിടയില്‍ അവിടവിടെയായി ചില കരിങ്കല്‍ശില്‍പ്പങ്ങളും സിമന്റുബെഞ്ചുകളും. സ്ഥിരസന്ദര്‍ശകരില്ലാത്തതിനാല്‍ മിക്കതും പൂപ്പല്‍ ഉണങ്ങിപ്പിടിച്ച് തവിട്ടുനിറമാര്‍ന്നിരുന്നു.
 
                         തലേന്നത്തെ ആഘോഷങ്ങള്‍ കണ്ട് മരവിച്ചെന്നപോലെ തനിക്ക് ടിപ്പായിക്കിട്ടിയ രണ്ട് നൂറുരൂപാനോട്ടുകളില്‍ വിശ്വാസംവരാതെ തെരുപ്പിപ്പിടിച്ച്, അവരെത്തന്നെനോക്കി ബംഗ്ലാവിന്റെ മുറ്റത്ത് നിന്നിരുന്ന വയസ്സന്‍ കാവല്‍ക്കാരന്‍ പൊടുന്നനെ എന്തോ ഓര്‍ത്തിട്ടെന്നവണ്ണം തിടുക്കപ്പെട്ട് അകത്തേക്ക്പോയി തീന്‍മേശമേല്‍ നിരന്നിരുന്ന എച്ചില്‍പ്പാത്രങ്ങളും, ഭക്ഷണാവശിഷ്ടങ്ങളും മദ്യക്കുപ്പികളും നീക്കി മുറിവൃത്തിയാക്കാനും കിടപ്പുമുറിയിലെ ഉലഞ്ഞ ബെഡ്ഷീറ്റ് മാറ്റാനും തുടങ്ങി. ബംഗ്ലാവ് വൃത്തിയായും വെടിപ്പായും സൂക്ഷിക്കേണ്ടത് തന്റെ കടമയായി അയാള്‍ കരുതുന്നുണ്ടാവണം. മതില്‍ക്കെട്ടിനോട് ചേര്‍ന്ന് കൂറ്റന്‍ കരിങ്കല്‍ബ്ലോക്കുകളില്‍ തലതല്ലിയാര്‍ക്കുന്ന തിരമാലകളുടെ അലറല്‍ അവിടുത്തെ മറ്റേത് ശബ്ദത്തേയും പോലെ, അവരുടെ നേര്‍ത്ത സംസാരശകലങ്ങളേയും മുക്കിക്കളഞ്ഞു. അക്കേഷ്യാമരങ്ങള്‍ കഴിഞ്ഞ് ടാര്‍റോഡിലേക്ക് പ്രവേശിച്ച അവരുടെ ശരീരങ്ങള്‍ അപ്പോഴും പരസ്പരം ഒട്ടിപ്പിടിച്ചിരുന്നു. വരയന്‍കുതിരകളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിരുന്ന ഷാള്‍ സ്ഥാനം മാറിക്കിടന്നിരുന്നു.
                  "നമ്മള്‍ എന്നും ഇതുപോലെയായിരുന്നുവെങ്കില്‍...”
                ദീപക്കിന്റെ ചുണ്ടുകളില്‍ വിരല്‍ചേര്‍ത്ത് നിശ്ശബ്ദനാക്കി സുധാകര്‍ പറഞ്ഞു. -
                  “നമ്മള്‍ എന്നും ഇതുപോലെയായിരിക്കും.”
                   അയാളുടെ തണുത്ത് മരവിച്ചതുപോലുള്ള വിരലുകള്‍ വിറക്കുന്നുണ്ടായിരുന്നു. വീശിത്തുടങ്ങിയ കടല്‍ക്കാറ്റിന്റെ മദഗന്ധമാര്‍ന്ന ഉപ്പ് അവരുടെ വിയര്‍പ്പിലലിഞ്ഞുചേര്‍ന്നിരുന്നു.
സാന്റ് ബാങ്ക്സിലെ കരിങ്കല്‍ ബ്ലോക്കുകളിട്ട് വേര്‍തിരിച്ച പഞ്ചാരമണല്‍ത്തീരത്തിനുമപ്പുറത്ത് മുക്കുവന്‍മാരുടെ കലപിലക്കൂട്ടം. ചെറുവഞ്ചികളിലെത്തിയ കല്ലുമ്മക്കായകളെയും, കൊഞ്ചുകളേയും മറ്റുചെറുമീനുകളേയും മെടഞ്ഞ ഓലക്കൂടകളില്‍ വാങ്ങി, പെണ്ണുങ്ങള്‍ നിരയായി പട്ടണത്തിലേക്ക് നീങ്ങുന്നു. മുകളില്‍ വട്ടമിട്ട്പറക്കുന്ന കാക്കകളും, പിന്നാലെ കുണുങ്ങി നടക്കുന്ന പൂച്ചകളുമൊക്കെയായി                                   
      "മീനേക്കൂയ്” 
വിളികളോടെ ഘോഷയാത്രയായാണവരുടെ പോക്ക്.
           “ഹയ് ഗൈ.... ഡോണ്ട് ബി സില്ലി...”
           ദീപക്കിന്റെ കണ്ണില്‍നിന്നും പൊടിഞ്ഞ നീര്‍ക്കണം ഊതിയകറ്റി സുധാകര്‍ പറഞ്ഞു.
               "നീയെന്തിനാണ് വിഷമിക്കുന്നത്? നമ്മുടെ സ്നേഹം, ഇഷ്ടം, വികാരങ്ങള്‍... എല്ലാമിന്ന് നിയമവിധേയമാണ്. ബി കൂള്‍...”
                 സ്ത്രൈണത മുറ്റിനിന്ന ദീപക്കിന്റെ ശരീരത്തെ വികാരവായ്പ്പോടെ ചേര്‍ത്തുപിടിച്ച് സുധാകര്‍ കാറിന്റെ ഫ്രണ്ട് ഡോര്‍ തുറന്നു.
                    “മൈ അഡോറബിള്‍ ഡാര്‍ളിംഗ്...”  
               മൈക്കല്‍ ജാക്സന്റെ ത്രസിപ്പിക്കുന്ന സംഗീതത്തില്‍ മുഴുകി ഒരു മൂളിപ്പാട്ടോടെ കാറോടിച്ചിരുന്ന സുധാകര്‍ ഇടക്കിടെ ദീപക്കിനെ പാളിനോക്കുന്നുണ്ടായിരുന്നു. അയാളുടെ ചുണ്ടുകളില്‍ സംതൃപ്തി തത്തിക്കളിച്ചു. റോഡിന്നിരുവശത്തേയും തെങ്ങുകളും മരങ്ങളും വീടുകളും ചെറുപീടികകളും പിന്നോക്കം കുതിച്ചു. ഞായറാഴ്ച്ചയായതുകൊണ്ടാവാം റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നു.
                 ദീപക്കിന്റെ കണ്ണുകള്‍ അതിവേഗം കാറിന്നടിയിലേക്ക് പാഞ്ഞടുക്കുന്ന ടാര്‍റോഡിന്നു നടുവിലെ വെളുത്തവരകളോടൊപ്പം പിന്നോക്കം പാഞ്ഞു. ചുണ്ടുകളില്‍ ഒരു വ്രണിതമന്ദസ്മിതം പറ്റിപ്പിടിച്ചുകിടന്നിരുന്നു. അയാളുടെ മനസ്സ് തലേന്ന് പകല്‍ ഫ്ലാറ്റില്‍ പൊട്ടിയ അഗ്നിപര്‍വ്വതാവശിഷ്ടങ്ങളില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു. വിവാഹജീവിതത്തിന്റെ രണ്ടാം പിറന്നാളായിരുന്ന ഇന്നലെ നീതുവിന് സമ്മാനിച്ച ആളുന്ന തീയ്യുടെ നിറമുള്ള സാരി സൃഷ്ടിച്ച തീയ്യ് അയാളില്‍ പുകനിറച്ചിരുന്നു. ഒരു ടിയര്‍ഗ്യാസ് ഷെല്‍ പൊട്ടിയപോലെയുയര്‍ന്ന ആ പുകയില്‍ കണ്ണുകള്‍ വീര്‍ത്തുനീറി, ശ്വാസംമുട്ടിപ്പോയ ഇന്നലെയുടെ ഓര്‍മ്മകളാവണം ഇപ്പോഴും ദീപക്കിന്റെ കണ്ണുകളെ ഈറനണിയിപ്പിക്കുന്നത്.
                       രണ്ട് യുഗങ്ങള്‍ പോലെ കഴിഞ്ഞുപോയ വഴുവഴുപ്പന്യമായ രാത്രികളുടെ ശൂന്യതയില്‍ നിന്നും പതച്ചുയര്‍ന്ന അവളുടെ രോഷത്തിന്റെ ലാവാസ്ഫോടനത്തില്‍ ഉരുകിയലിഞ്ഞില്ലാതാവുകയായിരുന്നു താന്‍... ദീപക് ഓര്‍ത്തു. അരിച്ചുകയറുന്ന ഉള്‍ഭയത്തോടെ കറുപ്പ് കനംവച്ചുവരുന്ന രാത്രികളില്‍ ഏറെപ്പണിപെട്ട് മദ്യത്തിന്റെയും, വികല സങ്കല്‍പ്പനങ്ങളുടെയും ബലത്തില്‍ വിജൃംഭിച്ചുനിര്‍ത്താറുള്ള പൗരുഷം അവളുടെ സ്പര്‍ശനമാത്രയില്‍ മുള്ളുകൊണ്ടബലൂണുപോലെ ചുങ്ങിച്ചുരുങ്ങി മടങ്ങിയടങ്ങുന്നതിന്റെ നിസ്സഹായതയുടെ വിയര്‍പ്പുഗന്ധം മുറ്റിനിന്ന കിടപ്പുമുറിയിലെ വിഴുപ്പിന്റെ നൈരന്തര്യങ്ങള്‍.
                   “യൂ ഗറ്റ് ലോസ്റ്റ് വിത്ത് യുവര്‍ ഡേര്‍ട്ടി ഡെവിള്‍ ഗിഫ്റ്റ്.... ലീവ് മീ എലോണ്‍...”
               കരഞ്ഞലറിയ നീതുവിന്റെ മുന്നില്‍നിന്നും തലകുമ്പിട്ടിറങ്ങിപ്പോരുമ്പോള്‍ എന്തുചെയ്യണമെന്നൊരു രൂപവുമില്ലായിരുന്നു ദീപക്കിന്. അഭയം പ്രാപിച്ച ബാറിലെ ഇരുണ്ടവെളിച്ചത്തില്‍ മദ്യക്കുപ്പികളുടെ പശ്ചാത്തല സംഗീതത്തില്‍ സൂഹൃത്തായ സുധാകരനുപറയാനുണ്ടായിരുന്നത് മറ്റൊന്നായിരുന്നു. - നിവര്‍ത്തിക്കാട്ടിയ ന്യൂസ് പേപ്പറിന്റെ തലക്കെട്ട്-
                “സ്വവര്‍ഗ്ഗാനുരാഗം നിയമവിധേയമാക്കുന്നു.”
                 “ലീവിറ്റ് യാര്‍ നമുക്കിതാഘോഷിക്കണം.”-                   
              നേരമിരുട്ടിത്തുടങ്ങിയപ്പോള്‍ നേരത്തെ ഫോണ്‍ചെയ്ത് ബുക്കുചെയ്ത സാന്റ്ബാങ്ക്സിലെ ബിര്‍ളാ ഹൗസിലേക്ക് പുറപ്പെടുമ്പോഴും മനസ്സ് ശാന്തമായിരുന്നില്ല. എവിടെയോ ഒരു കുറ്റബോധം ഉടക്കിക്കിടന്നിരുന്നു.
                 ഈ കുറ്റബോധം ദീപക്കില്‍ സ്ഥായിയായിരുന്നുവെന്നു വേണമെങ്കില്‍ പറയാം. സാധാരണ ദിവസങ്ങളില്‍ വര്‍ക്കിന്നിടയിലൊപ്പിച്ചെടുക്കുന്ന ഇടവേളകളില്‍ ജോലിചെയ്യുന്ന ഹോട്ടലിലെ സീനിയര്‍ റൂം ബോയ് ആയ സുധാകറുമൊത്ത് ഏതെങ്കിലും ഒഴിഞ്ഞ മുറികളില്‍ തലേന്നുരാത്രി തണുത്തുറഞ്ഞുപോയ ശരീരം സ്പര്‍ശവേഗത്തിന്റെ മാസ്മരികതയില്‍ തിരയടിച്ചുയരുന്ന വികാരവേലിയേറ്റത്തില്‍ ചൂടുപിടിച്ചു വിയര്‍ത്തൊഴുകുമ്പോഴെല്ലാം ഈ കുറ്റബോധം വിടാതെ അയാളുടെ മനസ്സിന്റെ അകക്കോണുകളിലെവിടെയോ തങ്ങിനിന്നിരുന്നു. ദ്വന്ദയുദ്ധത്തിന്നന്ത്യത്തിലെന്നവണ്ണം തളര്‍ന്ന് കിതച്ച് ശരീരങ്ങള്‍ വിശ്രമാലംബരായി കിടക്കുമ്പോള്‍... പ്രജ്ഞ ആസ്വാദനങ്ങളില്‍ പുത്തന്‍ അദ്ധ്യായങ്ങള്‍ രചിക്കുമ്പോള്‍... എല്ലാം അതിന്റെ കരിഞ്ഞ ഗന്ധം ശ്വാസനാളികളെ മടുപ്പിച്ചിരുന്നു.
                    റോഡില്‍ വാഹനങ്ങളുടെ എണ്ണം കൂടിവരുന്നു. പത്രം, പാല്‍ വില്പനക്കാരുടെയും, നഗരം ശുചിയാക്കുന്ന യൂണിഫോമിട്ട പെണ്ണുങ്ങളുടെയും തിരക്ക്. 'സൗഗന്ധികം' എന്നുബോര്‍ഡുവച്ച 'സുഗന്ധമറ്റ' ഫ്ലാറ്റിനുമുന്നില്‍ ഡ്രോപ്പുചെയ്ത സുധാകറിനോട് "ബൈ” പറഞ്ഞ് ലോണിലെ ചെടികള്‍ക്ക് നനച്ചുകൊണ്ടിരുന്ന സെക്യൂരിറ്റിക്കാരനെ ശ്രദ്ധിക്കാതെ നേരെ ലിഫ്റ്റില്‍ കയറിപ്പറ്റി നിലവിട്ട് മുകളിലേക്കുയരുമ്പോള്‍ നെഞ്ച് പെരുമ്പറകൊട്ടി. ശീതീകരണിയില്‍നിന്നും പുറപ്പെട്ട വശ്യമായ സുഗന്ധം പോലും അയാളറിഞ്ഞില്ല.
സെവന്‍ത് ഫ്ലോര്‍”- സംഗീതസാന്ദ്രമായ അറിയിപ്പില്‍ ഞെട്ടി പുറത്തേക്കിറങ്ങി സ്വന്തം ഫ്ലാറ്റിലേക്ക് നടന്നടുക്കുമ്പോള്‍ സ്വന്തം ഹൃദയത്തിന്റെ ഭാരം തനിക്ക് താങ്ങാന്‍ കഴിയുന്നില്ലെന്ന് ദീപക്കിന് തോന്നി. ഇത്തിരിവെള്ളം കിട്ടിയിരുന്നെങ്കില്‍... അയാള്‍ നാവുകൊണ്ട് വരണ്ട ചുണ്ടുകളെ നനച്ചു. വാതില്‍ പുറത്തുനിന്നും പൂട്ടിക്കിടക്കുന്നു. വിറയാര്‍ന്ന കയ്യുകളോടെ അയാള്‍ ഒന്നുകൂടെ ഉറപ്പുവരുത്തി. വിയര്‍ത്തൊഴുകിയ കിതപ്പ് ആകാംക്ഷക്ക് വഴിമാറി.
പിന്നില്‍നിന്നും ഒരുവട്ടംകൂടെ സംഗീതം മുഴക്കി തുറന്നടഞ്ഞ ലിഫ്റ്റില്‍ നിന്നും ഇറങ്ങിവരുന്ന നീതു! തന്നെക്കണ്ടാവണം ഒന്നുപരുങ്ങിയെങ്കിലും ഉടനെയതുമറച്ചുവച്ചു സങ്കോചമില്ലാതെയവള്‍ വാതില്‍തുറന്നകത്തുകയറുന്നു
                അവളുടെ ചുണ്ടുകളില്‍ സംതൃപ്തിയുടെ മന്ദഹാസം തളിരിലപോലെ പറ്റിപ്പിടിച്ചിരുന്നു. ഒന്നും മിണ്ടാതെ ഉറക്കച്ചടവാര്‍ന്ന കണ്ണുകളോടെ, ബെഡിലിരിക്കുന്ന അവളുടെ കണ്ണുകള്‍ ദീപക്കിന്റെ കണ്ണുകളുമായി ഇടഞ്ഞു. അതില്‍ തലേന്നത്തെ കനലടങ്ങി പകരം മറ്റൊരു വേലിയേറ്റം തിരയടിക്കുന്നതയാള്‍ കണ്ടു. അവളുടെ വസ്ത്രങ്ങള്‍ ഉലഞ്ഞിരുന്നതും ഒരന്യഗന്ധം അവളുടെ ശരീരത്തില്‍നിന്നും വമിക്കുന്നതും ദീപക് കൗതുകത്തോടെ മനസ്സിലാക്കി. ആശങ്കയുടെ കിതപ്പ് പാടെയൊടുങ്ങി ആശ്വാസത്തിന്റെ ഒരു നനവ് തന്റെ ഹൃദയത്തില്‍ പടരുന്നതയാള്‍ അറിഞ്ഞു.