Followers

Thursday, August 2, 2012

ഒരു മൗലിക ദർശനത്തിന്റെ പിറവി




മീരാകൃഷ്ണ

ഭക്ഷണം വിശപ്പിനെയല്ല സംസ്കാരത്തെയാണ്‌ ലക്ഷ്യം വയ്ക്കുന്നത്‌. അത്‌
സാങ്കേതികമായി ചരക്കുവൽക്കരിക്കപ്പെട്ട, കലാപരമായി നിർമ്മിക്കപ്പെട്ട
സംസ്കാരമാണ്‌. (എം. കെ. ഹരികുമാർ)


ആധുനികതയെയും  ഉത്തരാധുനികതയെയും  ഉത്തരാധുനികതക്കുശേഷമുള്ള സാഹിത്യ
സാംസ്കാരിക വ്യതിയാനങ്ങയെയും  രേഖപ്പെടുത്തുന്ന പുസ്തകമാണ്‌ എം. കെ.
ഹരികുമാറിന്റെ 'ഉത്തര- ഉത്തരാധുനികത'[ആല്ഫാ വൺ പബ്ലിഷേർസ്, കണ്ണൂർ.],
പാശ്ചാത്യ ചിന്തകന്മാരുടെ  ഉത്തര-ഉത്തരാധുനികമായ ചിന്തകളോടൊപ്പംഅദ്ദേഹത്തിന്റെ നവാദ്വൈതവും പരിചയപ്പെടുത്തുന്നു.

ഉത്തരാധുനിക ചിന്തകനും ഡിജിമോഡേണിസത്തിന്റെ വക്താവുമായ അലൻ കിർബിയുടെ ദർശനങ്ങളിലൂടെയാണ്‌ ഉത്തരാധുനിക സൈദ്ധാന്തിക പഠന പര്യടനം തുടങ്ങുന്നത്‌. ആധുനികതയിലും ഉത്തരാധുനികതയിലും\ഉത്തര -ഉത്തര ആധുനികതയിലും ഓരോ വ്യക്തിയും ഓരോ വസ്തുവും എന്തായി മാറുന്നുഎന്ന്‌ ഈ ചിന്തകൻ വിലയിരുത്തുന്നു. പെണ്ണിനെപ്പറ്റി,
ഫോട്ടോഗ്രാഫിയെപ്പറ്റി , ചികിത്സയെപ്പറ്റിയൊക്കെ പുതിയ ദർശനിക
ചിന്തകളാണ്‌ പടർത്തുന്നത്‌. ഉപരിപ്ലവമായ ആശയങ്ങളിൽ നിന്ന്‌ വായനക്കാരെ
അടർത്തി മാറ്റി സാഹിത്യത്തിന്റെ ആഴങ്ങളിലേക്ക്‌ ഇറക്കിക്കൊണ്ടു
പോവുകയാണ്‌ ഹരികുമാറിന്റെ ഉത്തര- ഉത്തരാധുനികത. മലയാളത്തിൽ
ഉത്തരാധുനികതക്കുശേഷമുള്ള സാഹിത്യ സാംസ്കാരിക മാറ്റങ്ങളെക്കുറിച്ച്‌
സമഗ്രമായ അറിവുപകരുന്ന ആദ്യത്തെ പഠനഗ്രന്ഥമാണിത്‌. ഫെഡറിക്‌ ജയിംസൺ,
വിക്ടർ പെർവിൻ, ലൂഡ്മിലാ യൂലിറ്റ്സ്കായ, പ്രോമൈക്ക്‌ ഫെദർസ്റ്റോൺ, ഇഷെൽ
മാൻ, അലൻ കിർബി, ലിപോവെറ്റ്സ്കി, സ്ലേദ്‌, സെൽഫ്‌റിഡ്ജ്‌ ,നിക്കോളാസ്‌
ബോറിയാ, വിക്ടർ സേഗാലൻ ,മൈക്ക്കെല്ലി, മൗറിസിയോ കാറ്റലൻ,
റിർതിക്ക് തിരവനിജ , കെല്ലിവാക്കർ, ഗബ്രിയേൽ ഒറോസ്കോ, ഡൊമനിക്‌ ഗോൺ സെൽവസ്‌ ഫോയസ്റ്റർ, പിയറി ഹ്യൂഖ്‌, ലിൻഡാ ഹച്ചിയോൺ, ചാൾസ്ജൻസ്‌, ക്രസ്റ്റർ ലാഷ്‌, അലൻബ്ലും,
ഫ്രെഡറിക്‌ ജയിംസൺ, വിറ്റ്ജൻസ്റ്റീൻ, സ്റ്റീവ്‌ എഡ്വേഡ്സ്‌, എസ്റ്റൻ
ഹർട്ടിൽ, മാർക്വേസ്‌, വില്യം ഫൊക്നർ, മൗറിസിയോ കാറ്റലൻ, സി. ജി. യൂങ്ങ്‌,
ഡേവിഡ്ബേറ്റ്‌, എമ്മാനുവൽ ലെമിനാസ്‌, യൂഡിക്ക്‌ ബട്ളർ, റോബർട്ട്‌ സാമുവൽ,
ജയിൻ ഓസ്റ്റിൻ, ജോൺ ബാർത്ത്, ജോർജ്‌ എലിയട്ട്‌, ചാൾസ് ഡിക്കൻസ്  മുതലായ
അൻപതിൽപരം ചിന്തകരെ,  ഹരികുമാർപരിചയപ്പെടുത്തുന്നുണ്ട്‌. പെർഫോമാറ്റിസം,പോസ്റ്റ് മോഡേണിസം, ഡിജിമോഡേണിസം,പോസ്റ്റ്‌  സ്ട്രക്ചറിലിസം, ആൾട്ടർ മോഡേണിസം, ഓട്ടോമോഡേണിസംഎന്നിവയെക്കുറിച്ചുള്ള സജീവമായ ചർച്ചകൾ ഈ കൃതിയിലുണ്ട്‌. നിക്കോളാസ്‌ബോറിയാ, അലൻ കിർബി, റയോൽ ഇഷൽമാൻ, റോബർട്ട്‌ സാമുവൽ
മുതലായവരുമായിട്ടുള്ള ഇ-മെയിൽ സംഭാഷണം അപൂർവ്വമായ അനുഭവം തരുന്നു..  അതോടൊപ്പം  ശൈലേഷ്‌തൃക്കളത്തൂരുമായി ഹരികുമാർ തന്റെ നവാദ്വൈത ദർശനം പങ്കവയ്ക്കുകയും
ചെയ്യുന്നുണ്ട്‌. ഈ പുസ്തകത്തിലെ പല ചിന്തകന്മാരുടെയും  നിരീക്ഷണങ്ങൾ
പലപ്പോഴായി കലാകൗമുദിയിലെ 'അക്ഷരജാലക'ത്തിൽ ഹരികുമാർ ചെറുതായെങ്കിലും
അടയാളപ്പെടുത്തിയിട്ടുള്ളതുമാണ്
.



ഉത്തര-ഉത്തരാധുനികത
[സിദ്ധാന്തം]
എം.കെ.ഹരികുമാർ
ആല്ഫാ വൺ
കണ്ണൂർ
rs 100/
pho.0497 2713737
95447004339544700435
എന്റെ ജ്ഞാനമുകുളങ്ങൾ
[സൂക്തങ്ങൾ]
എം.കെ.ഹരികുമാർ
ഗ്രീൻ ബുക്സ്
85/
pho.0487 2422515



മറവിയുടെ നിർമ്മാണം
[നിരൂപണ സിദ്ധാന്തം]
എം.കെ.ഹരികുമാർ
എസ്.പി.സി.എസ്
കോട്ടയം
rs 80/



എന്റെ മാനിഫെസ്റ്റോ
[തത്ത്വചിന്ത]
എം.കെ.ഹരികുമാർ
ഗ്രീൻ ബുക്സ്
തൃശൂർ
വില 85/
pho.0487 2422515

 ഈ കൃതി, ഓരോ ചിന്തകന്റെയും  ദർശനങ്ങളുടെ അടിസ്ഥാനത്തിൽ ,
സ്വന്തം നിരീക്ഷണങ്ങളെ അതിനോടു കോർത്തിണക്കി
 സാഹിത്യത്തിനു നൽകുന്ന മഹത്തായ സംഭാവനയാണ്‌. വിപുലമായ സാഹിത്യ
സാംസ്കാരിക സംഘാരവങ്ങൾക്കിടയിൽ ഏറെ തനിമയുള്ള ശബ്ദമാണ്‌
ഹരികുമാറിന്റേതെന്ന്‌ ഈ പുസ്തകം വായിക്കുമ്പോൾ മനസ്സിലാകും. തുടക്കത്തിൽ
തന്നെ പറയുന്നു, ആധുനികത എന്ന വാക്ക്‌ ഏതു ചർച്ചയിലും പ്രസക്തമായി വരുന്ന
പദമാണ്‌. പുതിയത്‌ എന്നു പറയാൻ പൊതുവെ ആധുനികം ഉപയോഗിക്കുന്നു.  ഒന്നാം
ലോകമഹായുദ്ധത്തിനുശേഷം വന്ന പ്രവണതകളെ പൊതുവെ ആധുനികത (മോഡേണിസം) എന്നും,രണ്ടാംലോക മഹായുദ്ധത്തിനുശേഷം ഉണ്ടായ ചിന്താ വ്യതിയാനത്തെ
ഉത്തരാധുനികതയെന്നും (പോസ്റ്റ്മോഡേണിസം) വിളിക്കുന്നു. ആധുനികതയിൽ നാലു
വ്യത്യസ്ത വീക്ഷണങ്ങളാണുള്ളത്‌- സറിയലിസവും, ഇംപ്രഷനിസവും,
എക്സ്പ്രഷണിസവും, അബ്സേർഡിസവും . യുക്തിയുള്ള മനസ്സിന്‌ കണ്ടെത്താൻ
കഴിയാത്ത ഒരു വസ്തുവിന്റെ ആന്തരികസഖ്യങ്ങൾ സറിയലിസം പകർത്തുന്നു.
എക്സ്പ്രഷണിസം  ആന്തരിക  യാഥാർത്ഥ്യം തേടുമ്പോൾ വ്യക്തി സ്വീകരിക്കുന്ന
വൈകാരികമായ കാഴ്ചപ്പാടിന്‌ മുൻതൂക്കം നൽകുകയാണ് ഇംപ്രഷണിസം . അബ്സേർഡിസം
എല്ലാവിധ ജീവിത ദുരന്തങ്ങളെയും  ജീവിതത്തിനെതിരായ തെളിവുകളാക്കി
മാറ്റുന്നു. പക്ഷെ, ഇന്നത്തെ ഡിജിറ്റൽ സാംസ്കാരിക പശ്ചാത്തലത്തിൽ ഇതൊന്നും
സംഗതമല്ല എന്നാണ്‌  ഹരികുമാർ പറയുന്നത്‌; ഉദാഹരണങ്ങളിലൂടെ തെളിയിക്കുകയും
ചെയ്യുന്നു. സാഹിത്യ കലാരചനകൾക്ക്‌ ,പൂർണ്ണമായും പരസ്പര ബന്ധമുള്ള ഒരു വലിയ
സത്യത്തെ, സൗന്ദര്യത്തെ ഉൾക്കൊള്ളാൻ കഴിയില്ല. കാരണം,കലാസൃഷ്ടികളൊന്നും
ഇന്നു 'സൃഷ്ടി'കളല്ല. യന്ത്ര സാങ്കേതികതയുടേ വളർച്ചയിൽ കലാകാരൻ
സാംസ്കാരിക തൊഴിലാളിയായി മാറുന്നു. സിനിമയിലും ടെലിവിഷനിലും
പ്രത്യക്ഷപ്പെടുന്നത്‌ പരമ്പരാഗതകലയുടെ അംശങ്ങൾ ഉപയോഗിച്ചുണ്ടാകുന്ന  kitsch  ആർട്ടാണ്‌ . ഇതൊരു പുതിയതരം സംഘാടനമാണെന്ന്‌ അദ്ദേഹം പറയുന്നു.

സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകത്ത്‌ സാംസ്കാരികമായ സ്വത്വമോ
പിൻതുടർച്ചയോ ഭാവുകത്വമോ ഇല്ല എന്ന്‌ അദ്ദേഹം നിരീക്ഷിക്കുന്നു. ആഖ്യാന
ഭാഷയിൽ ചിഹ്നങ്ങളും പ്രതീകങ്ങളും  ആധിപത്യം നേടുന്നു. സംസാര ഭാഷയെ അമിതമായി
ആശ്രയിച്ചുകൊണ്ട്‌ ഭാഷ രൂപപ്പെടുന്നില്ല എന്നു കണ്ടെത്തുന്നു. ഭാഷാ
മൗലികവാദത്തിന്റെ അർത്ഥം നഷ്ടപ്പെടുന്നു. ഭാഷയെ ഭാഷയ്ക്കുവേണ്ടി
കൊത്തിയെടുക്കുന്നില്ല. സാഹിത്യം ഭാഷയല്ല. ഭാഷ ഒരുപകരണം മാത്രമാണന്നാണ്‌
ഹരികുമാർ പറയുന്നത്‌. മറ്റു വസ്തുക്കളെപ്പോലെ ഉപയോഗിക്കുന്ന ഒരുപകരണം.

ഉത്തരാധുനികതയുടെ സകല ആശയ സങ്കൽപങ്ങളേയും തകർത്തത്‌, 1990-കളിലും
2000-ലും ഉണ്ടായ സാങ്കേതികവിദ്യയായ മൊബൈൽ ഫോൺ,  കമ്പ്യൂട്ടർ,  ഇ-മെയിൽ ,ഇന്റർനെറ്റ്‌
മുതലായവയാണ്‌. ആധുനികതയും ഉത്തരാധുനികതയും
റൊമാന്റിസിസത്തിലെന്നപോലെ എഴുത്തുകാരന്‌ വലിയ പ്രാധാന്യം നൽകി എന്നും
എഴുത്തുകാരന്റെ ഇമേജ് ഇല്ലാതായി എന്നു പ്രഖ്യാപിച്ചപ്പോഴും  മറിച്ചൊന്നും
സംഭവിച്ചില്ല എന്നും കിർബി പറയുന്നു. ഇന്നത്തെ സംസ്കാരത്തിൽ പാഠത്തിന്റെ,
സ്ക്രിപ്റ്റിന്റെ സ്വീകർത്താവിന്‌ കലയിൽ അല്ലെങ്കിൽ അവതരണത്തിൽ  വലിയ റോൾ ലഭിക്കുന്നു.
ചിലപ്പോൾ അയാളാണ്‌ പാഠത്തിന്റെ രചയിതാവുപോലും. ഇതാണ്‌ സംസ്കാരത്തിന്റെ
പുതിയ ജനാധിപത്യം. ബിഗ്ബ്രദർ ടെലിവിഷൻഷോ യാഥാർത്ഥ്യമാകണമെങ്കിൽ കാണികൾ
ഫോൺ ചെയ്യണം. വാർത്താധിഷ്ഠിത പരിപാടികളും എസ്‌.എം.എസ്‌, ഇ-മെയിൽ
എന്നിവയിലൂടെ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ടിരിക്കും .ഇതാണ്‌ ഉത്തര
ആധുനികതയുടെ പ്രത്യക്ഷത. ഒരു പ്രോഗ്രാമിന്റെ ഉള്ളടക്കെ
തീരുമാനിക്കുന്നത്‌ കാണി അല്ലങ്കിൽ വായനക്കാരനാകുന്നു. ഉത്തരാധുനികത
അസംഖ്യം ചിഹ്നങ്ങൾ സൃഷ്ടിച്ച്‌ വായനക്കാരനെ നിത്യനരകത്തിലേക്ക്‌
തള്ളിവിടുകയാണന്ന്‌ പെർഫോമാറ്റിസം എന്ന ഗ്രന്ഥം എഴുതിയ റയോൾ ഇഷൽമാൻ
പറയുന്നു. വായനക്കാരന്‌ രക്ഷപ്പെടാൻ കഴിയാത്ത കെണിയാണിതെന്ന്‌ ഇഷൽമാൻ
വിശ്വസിക്കുന്നു. ഹൈപ്പർ മോഡേണിറ്റിയുടെ സിദ്ധാന്തത്തെപ്പറ്റി സൂചിപ്പിച്ചുകൊണ്ട് ഹരികുമാർ
പറയുന്നു,എല്ലാത്തരം വിലകൂടിയ വസ്തുക്കളുടെയും സുഖം ആളുകളുടെ
അടുത്തേയ്ക്ക്‌ ചെല്ലുകയാണെന്ന്. വാങ്ങിയാൽ ജീവിത വിജയം അല്ലെങ്കിൽ പരാജയം.
മാനസികമായ എല്ലാ പ്രശ്നങ്ങളും ഉപഭോക്തൃതലത്തിൽ പരിഹരിക്കപ്പെടുന്നു എന്ന
നിരീക്ഷണമാണ്‌ നമ്മൾ ഉദാഹരണ സഹിതം കാണുന്നത്‌. ഇഷ്ടപ്പെട്ട
ടി.വി.ചാനൽ കിട്ടാത്തതിനും ക്യാമറയുള്ള മൊബെയിൽ ഫോൺ കൊടുക്കാത്തതിനും
എത്രയോ കുട്ടികൾ ആത്മഹത്യ ചെയ്തു. ഇത്‌ ഹൈപ്പർ മോഡേണിറ്റിയുടെ
പ്രത്യക്ഷതക്ക്‌ ഉദാഹരണമാണെന്ന്‌ സമകാലപ്രശ്നങ്ങളെ പാശ്ചാത്യ നിരൂപകരുടെ
ദർശനങ്ങൾ ഉദാഹരിച്ചുകൊണ്ട് ഹരികുമാർ  സാക്ഷ്യപ്പെടുത്തുന്നു.


ലിപ്പോവെറ്റ്സ്ക്കിയുടെ Hyper Modern Times  എന്ന പുസ്തകത്തിൽ
ഹൈപ്പർ മോഡേണിറ്റിയുടെ ആവിർഭാവത്തെപ്പറ്റി പറയുന്നുണ്ട്‌ .വ്യക്തി എന്ന
നിലയിൽ സ്വതന്ത്രമായി ജീവിക്കാനുള്ള ആവേശമാണ്‌ ഫാഷനും ഉപഭോക്തൃരംഗവും
നൽകുന്നത്‌. പാരമ്പര്യത്തിന്റെ ലോകത്തുനിന്ന്‌ രക്ഷപ്പെട്ട്‌
വർത്തമാനത്തെ സാമൂഹ്യപ്രാധാന്യത്തോടെ ആഘോഷമാക്കാനുള്ള യത്നമാണ്‌
ഫാഷനെന്ന്‌ ഹരികുമാർ തുറന്നെഴുതുന്നു. ഉത്തര - ഉത്തരാധുനികതയിൽ
വൈരുദ്ധ്യമെന്ന്‌ തോന്നുന്ന രണ്ടു ഘടകങ്ങളിലൊന്ന്‌ വ്യക്തികൾക്ക്‌
സ്വായത്തമാവുന്ന സ്വയം ഭരണമാണ്‌. രണ്ടാമത്തേത്‌ പരാശ്രയത്വമാണ്‌. ഈ
ദ്വന്ദാത്മകത ആശയക്കുഴപ്പം സൃഷ്ടിക്കും. ഒരു വശത്ത്‌ സ്വാതന്ത്ര്യവും
മറുവശത്തു ഭയവും. വ്യക്തിവാദം വൈരുദ്ധ്യാത്മകമാണ്‌. ഭക്ഷണത്തിന്റെ കാര്യം
നോക്കുമ്പോൾ മതപരമോ പാരമ്പര്യമോ ആയ വിശ്വാസങ്ങൾ ഇന്ന്‌ ആളുകളെ
ഭക്ഷണത്തിൽനിന്ന്‌ അകറ്റുന്നില്ല. സസ്യാഹാരത്തിന്റെയും
മാംസാഹാരത്തിന്റെയും പ്രശ്നം വ്യക്തിപരമാണ്‌. ജീവിതത്തിന്റെ എല്ലാ
ഇടങ്ങളും ഹരികുമാർ പരിചയപ്പെടുത്തുന്നുണ്ട്‌. അവ ഇന്നലെ എന്തായിരുന്നു,
ഇന്നെന്താണ്‌ ,നാളെയെന്താകും?. ഇതുവരെ നാം അറിഞ്ഞുവച്ചതിനപ്പുറത്തേക്കുള്ള
അറിവുകളാണ്‌ ഹരികുമാർ തന്റെ നിരീക്ഷണത്തിലൂടെ
വായനക്കാരനിലെത്തിക്കുന്നത്‌.

മനുഷ്യൻ ആശുപത്രി എങ്ങിനെ പ്രയോജനപ്പെടുത്തുന്നു എന്നുള്ള
സൂക്ഷ്മനിരീക്ഷണം-സകല ചിലവുകളും വഹിക്കാൻ ഇൻഷ്വറൻസ്‌ സംവിധാനം ഉള്ളപ്പോൾ
ആശുപത്രികളിൽ പോകുന്നത്‌ രോഗം വന്നതുകൊണ്ടല്ല എന്ന അവസ്ഥ വന്നു.
ശരീരത്തിലെ രാസ പദാർത്ഥങ്ങളുടെ താൽക്കാലികമായ കയറ്റിറക്കങ്ങളെ രോഗമായി
വ്യാഖ്യാനിക്കുന്ന പ്രവണത ഇന്ന്‌ വർധിച്ചിരിക്കുമ്പോൾ ആശുപത്രിയിലെ
നൂതനമായ പരിശോധനകളും ഉപകരണങ്ങളും രോഗമുണ്ടന്നു
സംശയിക്കുന്നവർക്കുള്ളതാണ്‌ എന്നു ഹരികുമാർ പറയുന്നു. ഇവർ യഥാർത്ഥ
രോഗികളെ ആശുപത്രിയിൽ നിന്ന്‌ ഓടിച്ചുവിട്ട്‌ ആധിപത്യം ഉറപ്പിക്കുന്ന കാലം
വിദൂരമല്ല. നീതിയോ ധർമ്മമോ ഇല്ലാത്ത അത്യുപഭോഗത്തിനെയാണ്‌ ഹരികുമാർ
സാക്ഷിപ്പെടുത്തുന്നത്‌. അത്യുപഭോഗം വ്യക്തി സ്വാതന്ത്ര്യം
വർദ്ധിപ്പിച്ചെങ്കിലും വ്യക്തികൾ തമ്മിലുള്ള ബന്ധമില്ലാതാക്കി.
സ്കൂളുകളിലും കോളേജുകളിലും പഠിപ്പിക്കാത്ത ഒരു വിദ്യാഭ്യാസരീതിയെ
പരിചയപ്പെടുത്തുന്നുണ്ട്‌- വിപണി സാക്ഷരത എന്നാണ്‌ ഹരികുമാർ അതിനെ
വിളിക്കുന്നത്‌. വിപണിയുടേത്‌ ഒരു കലാശാലയാണെന്നും ഇലക്ട്രോണിക്‌
പ്രിന്റ്‌ മീഡിയകളിലെ പ്രത്യേകമായ പരസ്യ പാക്കേജുകൾ വായിച്ച്‌ നല്ല അറിവു
നേടിയവർക്കേ ഉപഭോഗ രംഗത്ത്‌ നല്ലതു തിരഞ്ഞെടുക്കാൻ കഴിയൂ എന്നും വിശദീകരിക്കുന്നുണ്ട്.
അമേരിക്കൻ ഫ്രീലാൻസ് എഴുത്തുകാരനായ ജിൽസ്ലേദിന്റെ Made  To Break:Technology And Obsolescence In America എന്ന കൃതിയെപ്പറ്റിയും ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന സംസ്കാരമാണ്‌ കഴിഞ്ഞ നൂറ്റാണ്ടിൽനിന്ന്‌ ഈ നൂറ്റാണ്ടിനെ വ്യത്യസ്തമാക്കുന്നത്‌. ഇവിടെ
വേഗതയാണ്‌  കാലത്തെ നിയന്ത്രിക്കുന്നത്‌ . കാര്യങ്ങൾ വേഗത്തിൽ
സംവദിക്കുകയും അതിവേഗം തീരുമാനമെടുക്കുകയും ചെയ്യുമ്പോൾ മൂല്യത്തകർച്ചയാണ്‌
രേഖപ്പെടുത്തുന്നത്‌. ആഴങ്ങളിലുള്ള ബന്ധങ്ങളില്ല എന്നാണ്‌ ഹരികുമാർ
പറയുന്നത്‌. ചക്കപ്പുഴുക്കിൽ നിന്നു പിസയിലേക്കുള്ള പരിവർത്തനം രുചിയുടെ
ബ്രാൻഡിങ്ങും ഷോപ്പിംഗുമാണ്‌ ലക്ഷ്യം വയ്ക്കുന്നത്‌. സ്വന്തം രുചി
പ്രഖ്യാപിക്കുന്ന ഭക്ഷണരീതി ഇന്നത്തെ സാംസ്കാരിക  പ്രവർത്തനമായി ഹരികുമാർ
കാണുന്നു. കാഴ്ച ഇന്നു കേവലമായ അനുഭവമല്ല. എല്ലാ അനുഭവങ്ങളും
സിനിമാറ്റിക്‌ ആകുന്നു. പുതിയതരം ക്യാമറകളാണ്‌ ഒരാളെ ഇന്ന്‌
ഫോട്ടോഗ്രാഫറാക്കുന്നത്‌. സമകാലീന കലയുടെ സ്വഭാവം അസ്ഥിരതയാണ്‌.
കലാചരിത്രം ലോകത്തോടുള്ള ബന്ധത്തിന്റെ ചങ്ങലയാണ്‌ എന്നും
നിരീക്ഷിക്കുന്നു. നിക്കോളാസ്‌ ബോറിയയുമായുള്ള ഇ-മെയിൽ സംഭാഷണത്തിൽ
നൈസർഗ്ഗികതയുടെ കാലം കഴിഞ്ഞു എന്ന്‌ തെളിയിക്കുന്നുണ്ട്‌. സൗന്ദര്യ
ശാസ്ത്രം കാഴ്ചയുടെ താത്വിക വ്യവഹാരമാണെന്ന്‌ ബോറിയാ പറയുന്നു. അലൻ
കിർബിയുമായുള്ള ഇ-മെയിൽ സംഭാഷണത്തിൽ സാഹിത്യത്തിന്റെ ക്ലാസിക്കൽ കാലം
അവസാനിച്ചു എന്നാണ് മുന്നറിയിപ്പു നൽകുന്നത്.

പോസ്റ്റ്‌സ്ട്രേക്ചറലിസത്തിന്റെ വരവോടെ എഴുത്തുകാരൻ ഇല്ലാതായി. ഈ
എഴുത്തുകാരനെ തിരിച്ചുകൊണ്ടു വരവാണ്‌ ഡിജിമോഡേണിസം.
 ഡിജിമോഡേണിസ്റ്റ്‌ എഴുത്തു വ്യക്തിത്വം ഏതെങ്കിലും ഏകാന്ത,
അഭൗമ വ്യക്തിയുടെ കീഴ്‌വഴക്കമല്ല. അതു ബഹുസ്വഭാവമുള്ളതും സംഘാത്മകവും
അജ്ഞാതവുമാണ്‌.  അത് സാമൂഹികമല്ല; പലതലങ്ങളിൽ അതു വിന്യസിക്കപ്പെടുന്നു. അനേകം
പേർ സംഭാവനകൾ നൽകുന്ന ഒരിടത്തും ഒതുക്കാനാവാത്ത സർഗ്ഗാത്മകതയും ഊർജ്ജവും
പ്രവഹിക്കുകയാണ്‌. ഉത്തരാധുനിക പ്രതി യാഥാർത്ഥ്യങ്ങൾ പഴഞ്ചനായി. അതിന്റെ
ആശയ ബാങ്ക്‌ തകർച്ച ഭീതിതമാണ്‌ എന്നു അലൻ കിർബി പറയുന്നു. സാംസ്കാരിക
ഉത്തരാധുനികത, പോസ്റ്റ് സ്ട്രക്ചറലിസവുമായുള്ള പരസ്പര ബന്ധത്തിലൂടെയോ
താത്വികമായോ ആശ്രയിച്ചതു ഭാഷയെ സംബന്ധിച്ച്‌ സങ്കൽപ്പത്തിലൂന്നിയാണ്.
ഉത്തരാധുനികതയ്ക്കപ്പുറം പോകുന്നതിന്‌ ഭാഷയുമായി നിലനിൽക്കുന്ന സങ്കൽപത്തെ
മറ്റൊരിടത്തേക്ക്‌ വികസിപ്പിക്കേണ്ടതുണ്ടെന്ന്‌ അലൻ കിർബി പറയുന്നു.
ബഹുസ്വരത, ഇഷൽമാന്റെ നിരീക്ഷണത്തിൽ ഉത്തരാധുനികതയുടെ വളരെ
പ്രിയപ്പെട്ട ഒരാശയമായിരുന്നു . മറ്റുള്ളവരുടെ ശബ്ദങ്ങൾക്ക്‌ ഉത്തരം നൽകുകയോ  അവരെ വായിക്കുകയോ ചെയ്തുകൊണ്ട്‌ വ്യക്തി സ്വയം രൂപീകരിക്കുന്നതാണ്‌ അവിടെ ബഹുസ്വരതയായി മാറുന്നത്‌.
പെർഫോമാറ്റിസത്തിൽ വ്യക്തി അവന്റേതായ അതിജീവന തന്ത്രമാണ്‌
കണ്ടെത്തുന്നത്‌ .റയോൾ ഇഷൽമാനുമായുള്ള ഇ-മെയിൽ സംഭാഷണത്തിൽ പറയുന്നത്,
ജീവിതവും പെർഫോമാറ്റിസത്തിന്‌ സമമാകുമെന്നാണ്. ഇത്‌ ഓരോ ഘട്ടത്തിലുമുണ്ടാകുന്ന
മതിഭ്രമമാണത്രെ.പെർഫോമാറ്റിക്‌ ജീവിത വീക്ഷണം
തത്വചിന്തകന്മാർ പറയാറുള്ള നിർമ്മാണാത്മകത്വമാണ്.


റോബർട്ട്‌ സാമുവലുമായുള്ള അഭിമുഖത്തിൽ, ദ്രുതകാലത്തെ മാത്രം
കണ്ടുകൊണ്ടല്ലാതെ ക്ലാസിക്കുകൾ വീണ്ടും വായിക്കുകയോ പുനർചിന്തക്ക്‌
വിധേയമാക്കുകയോ ചെയ്യുന്നതു നല്ലതാണെന്നു സൂചിപ്പിക്കുന്നു. ആധുനികത ഊന്നിയത്‌
ശാസ്ത്രത്തിന്റെ മേധാവിത്വം, ജനാധിപത്യം, വ്യക്തിസമത്വം ,വ്യക്തിവാദം,
സഹിഷ്ണത ,അന്യവൽക്കരണം ,സാമ്രാജ്യത്വം തുടങ്ങിയ ആശയങ്ങളിലായിരുന്നുവെങ്കിൽ,
ഉത്തരാധുനികത വിവിധ സാമൂഹ്യ പ്രസ്ഥാനങ്ങൾ, ഉന്നതമായ സാമൂഹ്യനീതി,
സമത്വം, രാഷ്ട്രീയമായ ലക്ഷ്യങ്ങളെ മുൻനിർത്തിയുള്ള അക്കാഡമിക്‌
കലാപ്രതിനിധികളുടെ സാംസ്കാരിക സംഘർങ്ങൾ എന്നിവയുടെ  ബഹുസ്വരങ്ങൾക്കും
സ്വത്വങ്ങൾക്കും വേണ്ടിയാണ്‌ വാദിച്ചത്. ഹരികുമാർ അടക്കമുള്ള
ചിന്തകന്മാരുടെ നിരീക്ഷണങ്ങളുടെ സംക്ഷിപ്തരൂപമായി ഉത്തര - ഉത്തരാധുനിക തത്വ
വാക്യങ്ങൾ (അഫോറിസം) രേഖപ്പെടുത്തിയിരിക്കുന്നു. ഡേവിഡ്‌ ബേറ്റിന്റെ
നിരീക്ഷണങ്ങളിലൂടെ ഫോട്ടോഗ്രാഫിയിലെ പ്രതിച്ഛായയെപ്പറ്റി
വെളിപ്പെടുത്തുന്നു. ആധുനികതയും ഉത്തരാധുനികതയും ഉത്തര- ഉത്തരാധുനികതയും
എന്താണ്‌ എന്ന്‌ ഹരികുമാർ അറിയിക്കുന്നു. ഇങ്ങനെയുള്ള സാഹിത്യ
സാംസ്കാരിക മണ്ഡലങ്ങളിലെ അനുഭവ വ്യത്യാസങ്ങൾക്കൊടുവിൽ നവാദ്വൈത
ദർശനത്തിലാണ്‌ ഗ്രന്ഥകാരൻ എത്തുന്നത്‌. നാം നമ്മെ തന്നെ നിർവ്വചിച്ചാൽ
പിന്നെ അതായിരിക്കാനേ കഴിയൂ. സ്വയം നിരസിച്ചുകൊണ്ടാണ്‌ ഓരോ വസ്തുവും
വിഭിന്ന ആശയ ലോകങ്ങളെ സമന്വയിപ്പിക്കുന്നത്‌. കലയിലും ടെക്നോളജിയിലും
ചിന്തയിലുമുള്ള ഈ നിരാസത്തെ ഗ്രന്ഥകാരൻ വിലയിരുത്തുന്നു. സ്വയം നിരാസം
അവസാനിക്കാത്ത നിർമ്മാണം കൂടിയാകുന്നു. അങ്ങിനെ മറ്റൊന്നായി
മാറുന്നതിന്റെ പ്രവാഹം;ആ അദ്വൈതമാണ്‌ ഹരികുമാറിന്റെ നവാദ്വൈതം.
അദ്ദേഹത്തിന്റെ 'എന്റെ മാനിഫെസ്റ്റോ' എന്ന കൃതിയിലാണ്‌ 'നവാദ്വൈതം' എന്ന ആശയം
ആദ്യം അവതരിപ്പിച്ചത്. നവാദ്വൈതം എന്ന കൃതിയിലും ഈ ആശയം മുന്നോട്ടുവച്ചു.

 സ്ഥിരമായ ഐഡന്റിറ്റി എന്നത്‌ ജഡാവസ്ഥയാണ്‌ ;അതു സ്തംഭനമാണ്‌ . ഐഡന്റിറ്റി ഒരാളെ സ്വയം ബന്ധനസ്തനാക്കുന്നു.ഇതിനെ ഭേദിക്കുകയാണ്‌ ആധുനിക സംസ്കാരത്തിന്റെ സ്വഭാവവും രീതിയും എന്നു
അദ്ദേഹം പറയുന്നു. ജീവിച്ചിരിക്കെ തന്നെ ഓർമ്മയായി മാറുന്ന ചരിത്രമെന്നാണ്‌
പുനസംപ്രേക്ഷണമില്ലാത്ത ലൈവ്‌ ഷോകളെപ്പറ്റി ഹരികുമാർ വീക്ഷിക്കുന്നത്‌.
ഇതിലൂടെ അചരിത്രവൽക്കരണം എന്ന പുതിയപദം സാഹിത്യത്തിനു സംഭാവന ചെയ്യുന്നു.
ചരിത്രത്തിലേക്കു പോകാനനുവദിക്കാതെ വർത്തമാനകാലം കൊണ്ടുതന്നെ
ഉപയോഗിച്ചുതീർത്തു വിസ്മൃതമാക്കിക്കളയുന്ന പ്രക്രിയയെ
അചരിത്രവൽക്കണമെന്ന്‌ പേരുചൊല്ലി വിളിക്കുന്നു. ശൈലേഷ്‌
തൃക്കളത്തൂരുമായുള്ള അഭിമുഖത്തിൽ നവാദ്വൈതസിദ്ധാന്തം വീണ്ടും വിശദീകരിക്കുന്നുണ്ട്.

 സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ ചലനങ്ങൾ
ഉൾക്കൊള്ളാൻ കഴിയുന്ന എഴുത്തിന്റെ തത്വചിന്തകനായ എം. കെ. ഹരികുമാർ
ഭാഷയ്ക്കു നൽകിയ പുതിയ സൗന്ദര്യ ശിക്ഷണ സിദ്ധാന്തമാണ്‌ ഉത്തര - ഉത്തര
ആധുനികത. മലയാളത്തിലാദ്യമായി മനഃശാസ്ത്രത്തിന്റെ മരണം പ്രഖ്യാപിച്ചു
കഴിഞ്ഞു ഹരികുമാർ (കലാകൗമുദി- അക്ഷരജാലകം - മെയ്‌). വസ്തു നിഷ്ഠമായ
അടിത്തറയിൽ നിന്നുകൊണ്ട്‌ സാഹിത്യ സാംസ്കാരിക രംഗത്ത്‌ തന്റെ ചിന്തകളുടെ
പുതിയ മാനിഫെസ്റ്റോയുമായി വളരെ മുന്നിൽ നിൽക്കുകയാണ്  ഈ നവാദ്വൈത
ദാർശനികൻ. സർഗ്ഗസാഹിത്യത്തിനു പിന്നിൽ നിൽക്കാതെ, സമകാല സാഹിത്യത്തിന്റെ
മുന്നിൽ വഴികാട്ടിയായി സഞ്ചരിക്കാൻ ഹരികുമാറിന്റെ ദർശനങ്ങൾക്കു
കഴിയുന്നുണ്ട്‌ എന്നുള്ളതിന്റെ തെളിവാണ്‌ ഉത്തര -ഉത്തരാധുനികത എന്ന
സൈദ്ധാന്തിക പഠനഗ്രന്ഥം.
                   


ഉത്തര - ഉത്തരാധുനികത
[സൈദ്ധാന്തിക  പഠന ഗ്രന്ഥം]
എം. കെ. ഹരികുമാർ
ആല്ഫാ വൺ പബ്ലിഷേഴ്സ് ,കന്നൂർ, വില :100/
ഫൊ04972713737