ജ്യോതിദാസ് നാരയണൻ
മൌനമേ____
ഒരു നീണ്ട പകല്‍..
പെരുവഴി നടന്നൊടുക്കമീരാവ് ...
ഇന്നു നെഞ്ചകം വിങ്ങി നീ
മുട്ടി വിളിക്കുമീ വിളി
എന്‍ കര്‍ണ്ണ പുടങ്ങളില്‍
മുഴക്കമായ് വന്നലയ്ക്കുന്നു...
ആകാശക്കീറില്‍ മുഖം നോക്കി..
മുങ്ങിയമര്‍ന്നു കടല്‍ത്തിരകളില്‍..
അലഞ്ഞശാന്തമായ് കാറ്റിലും..
മണ്ണില്‍ മുളപൊട്ടി മഴയിലും...
എന്‍ ജീവതാളങ്ങളില്‍
മുഖമമര്‍ത്തി തേങ്ങി
മൌനമേ, നിന്‍ തുടിപ്പുകള്‍....
മുറിവേറ്റ സ്വത്വവും സ്വപ്നങ്ങളും
തളര്‍ന്നറ്റ സമരവും സഹനങ്ങളും
മറന്നിട്ട സ്നേഹവും സത്യങ്ങളും
മരിക്കാത്ത മനസ്സുമായ് നാമും...
മറക്കാത്ത പാട്ടുകള്‍,
മൂളി തളരാത്ത ചുണ്ടുകള്‍...
ഒന്നും മറക്കാതെ നാമും...
തോളോട് തോള്‍ ചാഞ്ഞ്
പാടീ മനുഷ്യന്‍റെ പാട്ടുകള്‍...
"മറന്നോ സുഹൃത്തേ..."
മൌനത്തിലെല്ലാം മറച്ചിന്നു നില്‍ക്കവേ
ചോദിപ്പു വീണ്ടും
സ്മരണകളിരമ്പി വന്നെത്തുമൊരു
വസന്ത സുസ്മിതം...
മൌനം രക്ഷയെന്ന്,
മൌനം ഭയമെന്ന്,
മൌനം വ്യാമോഹമെന്ന്,
മൌനം മരണമെന്ന്...
മൌനത്തിനും മീതെ
ചീറ്റി തെറിക്കുമൊരു
രക്തക്കുഴല്‍ പ്പാടിപ്പറന്നകലുന്നു,
വീണ്ടും പതിഞ്ഞ താളത്തിലൊരു
പഴയ വിപ്ലവഗീതം കൂടി...
മൌനമേ...
മുറിവുകളില്‍ നിന്നുയിര്‍ക്കുമൊരു
മുറിവായ് നിറഞ്ഞിന്നു
നെഞ്ചകം വിങ്ങി നീ
മുട്ടി വിളിക്കുമീ വിളി
എന്‍ കര്‍ണ്ണ പുടങ്ങളില്‍
മുഴക്കമായ് വന്നലയ്ക്കുന്നു...
വ്യാജ മുഖങ്ങളില്‍
തിളങ്ങുന്ന ചായക്കോപ്പുമായ്
വികൃത വേഷങ്ങള്‍
നിന്നാടി തിമിര്‍ക്കവേ
മൌനം... നീണ്ട മൌനമായ്,
ചോദിച്ചു പോയ്...
"എവിടെ മനുഷ്യന്‍..?
കണ്ടില്ലല്ലോ, നീ പാടിയ മനുഷ്യനെ..?"
നിരര്‍ഥ സാക്ഷ്യമായ്
അനാഥ സാക്ഷികള്‍...
മൂകമൊന്നു തേങ്ങിയോ,
രക്തസാക്ഷി തറകള്‍..?
മൌനമേ...
ഞാന്‍ വഴിമുട്ടിയ യാത്രികന്‍
വെളിച്ചമണഞ്ഞ പാതയില്‍
ഇരുളിന്‍ കനല്‍ കണ്ണില്‍ കുത്തി
കാഴ്ച യോട് ചോദിക്കുന്നു,
കണ്ടുവോ,
നീയൊരു ശബ്ദ വീചിയേ..?
ഇടി മിന്നലിന്‍ കീറില്‍
അവന്‍ കാഴ്ചയായ്
ഒരു വേള മിന്നി മറയും...
അരുത്... പറയാതിരിക്കുക...
വാക്കുകള്‍ പിടഞ്ഞു
വിങ്ങിപ്പൊട്ടുകയാവും ഗതി...
എന്‍ നെഞ്ചിന്‍ കൂടു തകര്‍ക്കുമീ
മൌനമൊരുഷ്ണക്കാറ്റായ്
വീശിയകന്നു പോകട്ടെ...
അതിലെന്റെ ആര്ത്തനാദങ്ങളത്രയും
കേള്‍വികള്‍ക്കപ്പുറം മറയട്ടെ...
ഇല്ല വിലാപവാക്യങ്ങള്‍...
ഇല്ല തേങ്ങല്‍, കരച്ചിലും...
ഇല്ല മരണം, ധീര സ്വപ്നങ്ങള്‍ക്ക്...
നീ പടര്‍ത്തിയ വിപ്ലവബോധത്തിനും...
ഉണരുമുജ്ജ്വല കാന്തിയായ്
പടരുമൂഷ്മള സ്നേഹമായ്
കത്തുമോര്‍മ്മയില്‍ ഉയിര്‍ക്കും
എന്നും നീ പ്രിയ സഖാവേ...
(ധീര രക്തസാക്ഷി സഖാവ് ടീപീ ചന്ദ്രശേഖരനോട് മെയ് അഞ്ചിന്റെ അന്ന് സന്ധ്യയില്‍ സഖാവ് സൈമണ്‍ ബ്രിട്ടോ അടക്കമുള്ള സഖാക്കള്‍ സംസാരിച്ചത് ഒരു
നീണ്ട മൌനത്തിലൂടെ ആയിരുന്നു... സഖാവ് ടീപീ രക്ത
പതാകയില്‍ പൊതിഞ്ഞു കിടന്നു... മറ്റുള്ളവര്‍ മൌനത്തിന്റെ അദൃശ്യ നിറമുള്ള പതാകയാലും...മനസ്സുകൊണ്ട് ഒരുപാട് സഖാക്കള്‍ അന്ന് ടീപീയോടൊപ്പം രക്തസാക്ഷികളായി...)