വി.ദത്തൻ
മനസ്സിന്റെ ചക്രവാളത്തിൽ തെളിഞ്ഞ
മഴവില്ലിൽ കരി പുരണ്ടിരിക്കുന്നു.
പറക്കുവാൻ വിടർത്തിയ
പക്ഷങ്ങളിൽ സുഷിരങ്ങൾ!
ചീറുന്ന കാറ്റിലും
ചാറുന്ന മഴയിലും
സ്വപ്നങ്ങൾ ചിറകറ്റു വീഴുന്നു.
അഭയം കൊതിച്ചെത്തിയ
അമ്പലങ്ങൾ ക്കുള്ളിൽ
കൊലവാൾ വീശുന്ന ധർമ്മദൈവങ്ങൾ.
യജ്ഞശാലയിലെ
ബലിക്കല്ലിനു മുമ്പിൽ
നീട്ടിയ തലയറ്റു ബുദ്ധൻ പിടയുന്നു.
രണ്ടു ചെകിട്ടത്തും അടിയേറ്റ്
ക്രിസ്തു പുളയുന്നു.
പ്രത്യയ ശാസ്ത്രത്തിന്റെ
പ്രോഗ്രാമുകളിൽ
പ്രണയ വൈറസ്സിന്റെ
കുരുത്തക്കേടുകൾ.
ശോണപ്രഭാതം കാണാൻ
ഉദയാചലത്തിൽ
ഉറക്കമിളച്ചിരുന്നവർക്കു മുന്നിൽ
കാക്ക കൊത്താത്ത
ബലിപിണ്ഡത്തിന്റെ വിളറിയ വറ്റുകൾ.
