Followers

Thursday, August 2, 2012

ന്യൂയോര്‍ക്കില്‍ ഒരു കുറിക്കല്യാണം


രാംമോഹൻ പാലിയത്ത്


കുട്ടിക്കാലത്തെ ഒരു സമ്മര്‍ വെക്കേഷനാണ് ആദ്യമായും അവസാനമായും ഒരു ചായക്കുറിയില്‍ പങ്കെടുത്തത്. ഗോവിന്ദന്റെ ചായപ്പീടികയിലേയ്ക്കാണ് ആ വൈകുന്നേരം കേശാമ എന്നെ കൊണ്ടുപോയത്. അവിടത്തെ ആടുന്ന ബഞ്ചുകളിലിരുന്ന് ലോകകാര്യങ്ങള്‍ പറഞ്ഞും കേട്ടും കുറേ ആളുകള്‍ പരിപ്പുവടയും ഉഴുന്നുവടയും ചായയും കഴിച്ചു (കുഞ്ഞായിരുന്ന എനിക്ക് പപ്പടവടയും സുഖിയനും വെള്ളച്ചായയും). പിന്നെ ഓരോരുത്തരായി എഴുന്നേറ്റ് ഗോവിന്ദന് പൈസ കൊടുത്ത് സ്ഥലം കാലിയാക്കി. പിശുക്കനായിരുന്ന കേശാമ പൈസ കൊടുക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു - അമ്പതു രൂപ. ബാക്കി വാങ്ങിയുമില്ല. അന്നത്തെ കണക്കിന് ഞങ്ങള്‍ തിന്നതിനും കുടിച്ചതിനും പരമാവധി ഒരഞ്ചു രൂപയേ വിലയാകുമായിരുന്നുള്ളൂ.

പുറത്തിറങ്ങിയ ഉടന്‍ എന്റെ ആകാംക്ഷ പുറത്തു ചാടി - എന്താ അമ്പതു രൂപ കൊടുത്തേ? "അതാണ് ചായക്കുറി. നീ അവടെ മ്മടെ ഊക്കനയ്യപ്പനെ കണ്ടില്ലേ, അയാള്‍ടെ പെര മേയാനായിരുന്നു ചായക്കുറി. എല്ലാവരും കൊടുത്ത പൈസ അയ്യപ്പനുള്ളതാ. ഗോവിന്ദന്റെ വക അയ്യപ്പന് നല്ലൊരു ഡിസ്‌ക്കൗണ്ടും കിട്ടും," കേശാമ പറഞ്ഞു തന്നു. കടമല്ല, തിരിച്ചു കൊടുക്കേണ്ട, ദാനം സ്വീകരിക്കുകയാണെന്ന ദുരഭിമാനവും വേണ്ട. ചായക്കുറി കണ്ടുപിടിച്ചത് ആരാണാവോ? ചായക്കുറികള്‍ ഇന്നുമുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ കുടുംബ ആത്മഹത്യകള്‍ പെരുകുമായിരുന്നോ?

വളരെക്കാലം കഴിഞ്ഞാണ് കേരളത്തില്‍ കുറുമാലിപ്പുഴയ്ക്ക് തെക്കോട്ട് ചായക്കുറി ഇല്ലെന്നറിഞ്ഞത്. മലബാറില്‍ ഇത് പണപ്പയറ്റ്, കുറിക്കല്യാണം എന്നീ പേരുകളിലാണ് അറിയപ്പെടുന്നതെന്നുമറിഞ്ഞു.

2006-ല്‍ ബംഗ്ലാദേശിയായ മുഹമ്മദ് യൂനുസിന് നോബല്‍ പ്രൈസ് കിട്ടിയപ്പോള്‍ വീണ്ടും ആ ചായക്കുറി ഓര്‍ത്തു. ഗ്രാമീണ്‍ ബാങ്ക് എന്ന മൈക്രോഫിനാന്‍സ് പ്രസ്ഥാനം സൃഷ്ടിച്ചതിനാണ് യൂനുസിന് നോബല്‍ ലഭിച്ചത്. 1976-ല്‍ (ഏതാണ്ട് എന്റെയാ ചായക്കുറി സമയത്ത്) 27 ഡോളര്‍ വീതം (1500 രൂപയ്ക്കടുത്ത്) അക്ഷരാഭ്യാസമില്ലാത്ത 42 ബംഗ്ലാദേശി വനിതകള്‍ക്ക് വായ്പ നല്‍കി യൂനുസ് ആരംഭിച്ചതാണ് ഗ്രാമീണ്‍ ബാങ്ക് (അവരിലൊരാള്‍ തുടങ്ങിയ ഒരു ചെറിയ തൈരുകച്ചവടം പില്‍ക്കാലത്ത് ബംഗ്ലാദേശി ഗ്രാമങ്ങളിലെ പോഷകാഹരക്കുറവ് പരിഹരിച്ചുവെന്ന് ഈയിടെ യൂനുസ് പറഞ്ഞു).

ഗ്രാമീണ്‍ ബാങ്കിന്റെ വളര്‍ച്ച അതിശയകരമായിരുന്നു. എന്തിന്, ന്യൂയോര്‍ക്കിലെ പാവങ്ങള്‍ക്ക് ലോണ്‍ നല്‍കുന്നതുവരെ അത് വളര്‍ന്നിരിക്കുന്നു. ഒന്നാലോചിച്ചു നോക്കൂ, അമേരിക്കയിലെ പാവങ്ങള്‍ക്ക് ബംഗ്ലാദേശില്‍ വേരുകളുള്ള ഒരു ബാങ്ക് ലോണ്‍ നല്‍കുന്നു! സംഗതി സത്യമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമാണ് അമേരിക്ക. പക്ഷേ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ അവിടെയുമുണ്ട്. അവര്‍ക്കൊരു ജീവിതം തുടങ്ങാന്‍ ബാങ്കുകള്‍ സഹായിക്കില്ല. വായ്പ തിരിച്ചടയ്ക്കാന്‍ അവര്‍ക്ക് കെല്‍പ്പില്ല എന്നാണ് ബാങ്കുകളുടെ മുന്‍വിധി. നിര്‍ഭാഗ്യവശാല്‍ സ്‌നേഹം പോലെയാണ് പണവും - അതിന് ഏറ്റവും കുറവ് അര്‍ഹതയുള്ളവര്‍ക്കാണ് അത് ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത്. അമേരിക്കയിലെ ഈ സ്‌നേഹ ശൂന്യതയിലേക്കാണ് പാവങ്ങളുടെ ബാങ്ക് കടന്നുചെന്നത്.

ഗ്യാരണ്ടിയോ സെക്യൂരിറ്റിയോ സാക്ഷ്യപത്രങ്ങളോ ആവശ്യമില്ലാത്ത കടമാണ് ഗ്രാമീണ്‍ ബാങ്ക് നല്‍കുന്നത്. പണം ലഭിക്കാനായി യാതൊരു കടലാസിലും ഒപ്പിട്ടു നല്‍കേണ്ടതില്ല. കടമെടുക്കുന്ന അഞ്ചുപേര്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പാകുന്നു. ഓരോരുത്തരുടേയും പേരില്‍ ഗ്രൂപ്പിലെ മറ്റ് നാലുപേര്‍ക്കും സാമ്പത്തിക ബാധ്യതയില്ല. ഗ്രൂപ്പിലെ ഓരോരുത്തരുടെയും മേല്‍ മറ്റു നാലുപേരുടെ ഒരു മേല്‍നോട്ടം - അത്രമാത്രം - ബാങ്ക് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല.

ബംഗ്ലാദേശിലുള്ള 2500-ലേറെ ശാഖകളിലൂടെ 80000-ത്തിലധികം വരുന്ന ഗ്രാമങ്ങള്‍ക്കുള്ള സഹായധനവുമായി വിജയത്തിലേക്കു കുതിച്ച ബാങ്കിന്റെ ഭൂരിഭാഗം ഉപഭോക്താക്കളും സ്ത്രീകളായിരുന്നു. ഇവര്‍ക്ക് കടം കൊടുത്ത തുകയുടെ 97%വും മടക്കിക്കിട്ടിയെന്നത് ബാങ്കുകളുടെ ചരിത്രത്തില്‍ത്തന്നെ ആദ്യത്തേതായി.

സാമ്പത്തികമാന്ദ്യത്തിന്റെ കൊടുമുടിയായിരുന്ന 2009-ലും 53.8 ലക്ഷം ഡോളറിന്റെ അറ്റാദായവും 30 ശതമാനം ഡിവിഡന്‍ഡുമായി ഗ്രാമീണ്‍ ബാങ്ക് വെന്നിക്കൊടി പാറിച്ചു. യാചകര്‍ക്കും വികലാംഗര്‍ക്കുമായി നടത്തുന്ന പലിശരഹിത ബാങ്ക് വായ്പകളാണ് ഗ്രാമീണ്‍ ബാങ്കിന്റെ പ്രധാന സേവനങ്ങളിലൊന്ന്. ഉദ്ദേശം 20,000 യാചകര്‍ ഈ പദ്ധതിയില്‍ അംഗമാവുകയും ബാങ്കിന്റെ സഹായത്തോടെ വീടുവീടാന്തരം കയറിയിറങ്ങി കച്ചവടം ചെയ്യുന്ന തൊഴിലില്‍ ഏര്‍പ്പെടുകയും ചെയ്തുവരുന്നു. ഭിക്ഷാടനം നിര്‍ത്താന്‍ ബാങ്ക് അവരെ നിര്‍ബന്ധിക്കുന്നൊന്നുമില്ല. വരുമാനമുള്ള മറ്റൊരു തൊഴില്‍ മേഖല തിരഞ്ഞെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു എന്നുമാത്രം. ഇതിലുപരിയായി ദരിദ്രര്‍ക്കായുള്ള ഭവനപദ്ധതി, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ വിദ്യാഭ്യാസ ലോണ്‍ ആരോഗ്യരക്ഷാ പദ്ധതികള്‍ എന്നിവയുമുണ്ട്. 2008-ലാണ് ബാങ്ക് അമേരിക്കയില്‍ ശാഖ തുറന്നത്. നാലു വര്‍ഷത്തിനകം അമേരിക്കയിലെ ശാഖകളുടെ എണ്ണം ആറായിരിക്കുന്നു. അമേരിക്കയിലെ ഉപഭോക്താക്കളും കൂടുതല്‍ സ്തീകള്‍ തന്നെ. കൂടുതലും വിവാഹമോചിതരായ അമ്മമാര്‍ . മൈക്രോ ലോണ്‍ എന്ന പേര് സൂചിപ്പിക്കുന്നതുപോലെ  ഏകദേശം 1500 ഡോളറോളം വരുന്ന
ചെറിയ തുകകള്‍ക്കായുള്ള വായ്പകള്‍ .

ഗ്രാമീണ്‍ അമേരിക്കയുടെ ഒരു ശാഖാ
ഉദ്ഘാടനവേളയില്‍ മുഹമ്മദ് യൂനുസ്
നിത്യവരുമാനക്കാരായ ഹെയര്‍ ഡ്രെസ്സര്‍മാര്‍ , ഉന്തുവണ്ടിയില്‍ പഴം കച്ചവടം ചെയ്യുന്നവര്‍ തുടങ്ങി അതി സാധാരണക്കാരും മറ്റു ബാങ്കുകളുടെ യോഗ്യതാപത്രം ലഭിക്കാന്‍ ഒരു തരത്തിലും സാധ്യതയില്ലാത്തവരുമാണ് ഗ്രാമീണ്‍ ബാങ്കിന്റെ ഉപഭോക്താക്കള്‍ . മിക്കവരും തന്നെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ .

കൊക്കിലൊതുങ്ങാത്തതു കൊത്താന്‍ നോക്കുന്ന ഇടത്തരക്കാരന്‍ തിരിച്ചടവുകള്‍ മുടക്കുന്നതുപോലെ ഈ പാവങ്ങള്‍ ബാങ്കിനെ ബുദ്ധിമുട്ടിക്കുന്നില്ല. ഓരോ ഇടപാടുകാരനോടും ബാങ്ക് ശഠിക്കുന്നത് ഒന്നു മാത്രം: ആഴ്ചയില്‍ ഒരിക്കല്‍ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള ഒരു മീറ്റിങ്ങില്‍ പങ്കെടുക്കണം. ഇടപാടുകാരെ ഇവിടെയും ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഗ്രൂപ്പില്‍ ഒരാള്‍ വീഴ്ച വരുത്തിയാല്‍ ഗ്രൂപ്പിനു മൊത്തം ലഭിക്കേണ്ട ലോണ്‍ തുകയ്ക്ക് കുറവു സംഭവിക്കുന്നു. അതോടൊപ്പം ഇടപാടുകാര്‍ക്കെല്ലാം നിര്‍ബന്ധിത സമ്പാദ്യ പദ്ധതികൂടി ഏര്‍പ്പാടാക്കിയിരിക്കുന്നു.

മുഹമ്മദ് യൂനുസിനും വിമര്‍ശകരുണ്ട്. മുഹമ്മദ് യൂനുസിനും പിശകുകള്‍ പറ്റിയിട്ടുണ്ടാവും. അദ്ദേഹത്തിന്റെ രാഷ്ട്രീയം ശരിയല്ലായിരിക്കാം. മൈക്രോഫിനാന്‍സിനും ദുഷിച്ച അവതാരങ്ങളുണ്ടായിട്ടുണ്ടാകും (കൂടുതല്‍ പലിശയാണ് മൈക്രോഫിനാന്‍സ് കമ്പനികള്‍ നല്‍കുന്ന വായ്പകളുടെ ഇക്കാലത്തെ ഒരു പ്രധാന ദൂഷ്യം. മുതല്‍ ചെറുതായതുകൊണ്ട് പലിശനിരക്ക് ഉയര്‍ന്നതാണെങ്കിലും പലിശത്തുക കേട്ടാല്‍ പേടി തോന്നുകയില്ല എന്ന അവസ്ഥയെയാണ് കോര്‍പ്പറേറ്റുകള്‍ മാത്രമല്ല നാട്ടുമ്പുറത്തുകാര്‍ വരെ നടത്തുന്ന മൈക്രോകള്‍ മുതലെടുക്കുന്നത്-രാവിലെ 90 രൂപ പലിശയ്‌ക്കെടുത്തിരുന്ന മീന്‍കാരി വൈകീട്ട് 100 രൂപ കൊടുത്തിരുന്നതും ചായക്കുറിക്കാലത്തെ കേരളത്തില്‍ത്തന്നെ. വാര്‍ഷികമാക്കുമ്പോള്‍ പലിശനിരക്ക് 3600%!).

നമ്മുടെ കുടുംബശ്രീ യൂണിറ്റുകളും സമുദായ സംഘടനകളും വരെ ഇപ്പോള്‍ മൈക്രോഫിനാന്‍സ് നടത്തുന്നുണ്ട്. ദിവസക്കണക്കില്‍ കേട്ടാല്‍ ഞെട്ടാത്ത 3600% പലിശ ഈടാക്കുന്നവര്‍ അവരുടെ കൂട്ടത്തിലും ഉണ്ടായേക്കാം. അതുകൊണ്ട് മുഹമ്മദ് യൂനുസിനല്ല ചായക്കുറി കണ്ടുപിടിച്ചയാള്‍ക്ക് നോബല്‍ സമ്മാനം കിട്ടിയിരുന്നെങ്കില്‍ എന്നാണ് ആഗ്രഹിച്ചുപോകുന്നത്. മലബാറിലെ കുറിക്കല്യാണങ്ങള്‍ മാന്‍ഹട്ടണിലും മൈക്കുവെച്ചിരുന്നെങ്കില്‍ എന്ന് !