Followers

Thursday, August 2, 2012

ഖത്തറിലെ അഞ്ചു തലയുള്ള സര്‍പ്പത്തെ കാണാന്‍ ഒരു യാത്ര ..

ആഷിഖ് തിരൂർദോഹ മൃഗശാലയില്‍ അഞ്ചു തലയുള്ള ഒരു  സര്‍പ്പം ഉണ്ടത്രേ ? ഖത്തറില്‍ എത്തിയത് മുതല്‍ കാണാന്‍ കൊതിച്ച ഒരിടം അതായിരുന്നു "ദോഹ മൃഗശാല". 42 ഏക്കറില്‍ പടര്‍ന്നു പന്തലിച്ച വിശാലമായ പച്ച പുതച്ച ഒരു കൊടും കാട്. മനസിനും ശരീരത്തിനും കുളിരുമാത്രം പകര്‍ന്ന ഗ്രാമീണ ജീവിതത്തില്‍ നിന്നും ഒളിച്ചോടിയ പ്രവാസിക്ക് അറബി കടലിന്റെ തീരത്ത് ഖത്തര്‍ ഒരുക്കി വെച്ച ഒരു കൊച്ചു സമ്മാനം.ചുട്ടു പൊള്ളുന്ന ഈ മരുഭൂമിയില്‍ നട്ടു പിടിപിച്ച ഈ വിശാലമായ പച്ചപ്പ്‌ നിങ്ങള്‍ അനുഭവിച്ചറിഞ്ഞില്ല എങ്കില്‍ അത് ഒരു തീരാ നഷ്ട്ടം തന്നെ ആയിരിക്കും.  


ഖത്തറിലെ ഒരേ ഒരു മൃഗശാല അതാണ് DOHA ZOO.ദോഹയില്‍ നിന്നും ഏകദേശം 20 KM  അകലെ സല്‍വ റോഡിലാണ് മൃഗശാല സ്തിഥി ചെയ്യുന്നത്.ഫുറോസിയ സ്ട്രീറ്റില്‍ എത്തുബോഴേക്കും റോഡരികുകളെല്ലാം മനോഹരമായ പൂന്തോട്ടങ്ങൾ നിർമ്മിച്ച് അൽങ്കരിച്ചിരിക്കുന്നു കൂടാതെ വലതു വശത്തായി മൃഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ കൂറ്റന്‍ മതിലുകള്‍ കാണാം. കുറച്ചു ദൂരം കൂടി യാത്ര ചെയ്‌താല്‍ മൃഗശാലയുടെ വലിയ ഗൈറ്റിനു മുന്നില്‍ നമുക്ക് എത്താം. ആവിടെയാണ് ടിക്കറ്റ്‌ കൌണ്ടര്‍. ഞങ്ങള്‍ എത്തുമ്പോള്‍ ഒരു വലിയ ക്യു തന്നെ ഉണ്ടായിരുന്നു. ഒരാള്‍ക്ക് അഞ്ചു റിയാല്‍ ആണ് പ്രവേശന ഫീസ്‌. ടിക്കറ്റെടുത്ത് ഞങ്ങള്‍ ആവേശത്തോടെ മൃഗശാലയുടെ കൂറ്റന്‍ ഗൈറ്റ്‌ കടന്നു ഉള്ളില്‍ എത്തി.


Doha Zoo - Entrance

ഇവിടം സന്ദര്‍ശികുന്നതിന് മുന്നേ ഒരു കാര്യം പ്രതേകം ശ്രദ്ധിക്കുക. വ്യാഴം ,വെള്ളി ,ശനി എന്നീ ദിവസങ്ങളില്‍ ഫാമിലിക്ക് മാത്രമാണ് പ്രവേശനം. ചൊവ്വാഴ്ച സ്ത്രീകള്‍ക്ക് മാത്രമേ സന്ദര്‍ശനം അനുവദിക്കുകയുള്ളൂ. സാധാരണ ദിവസങ്ങളില്‍ രാവിലെ  9 AM മുതല്‍ വൈകീട്ട് 6 .30 PM വരെയാണ് സന്ദര്‍ശന സമയം. വെള്ളിയാഴ്ച ഉച്ചക്ക് 1 .30 PM മുതല്‍ വൈകീട്ട് 6 .30 PM വരെയും. എന്നിരുന്നാലും അധികൃധര്‍ പലപ്പോഴായി സമയത്തില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്താറുണ്ട്.  ഫോണ്‍ നമ്പര്‍ 44 682610.

നോക്കെത്താ ദൂരം വരെയുള്ള  പുല്‍ തകിടും തജ്മഹല്‍ പുന്തോട്ടത്തിന്റെ മാതൃകയില്‍ പണിത പടര്‍ന്നു പന്തലിച്ച പൂന്തോട്ടവുമാണ് ഞങ്ങളെ മൃഗശാലയിലേക്ക് സ്വാഗതം ചെയ്യ്തത്‌ . ഗൈറ്റിനു തൊട്ടരികില്‍ തന്നെ യാത്രക്കാരെ കൊണ്ടു പോകാനായി മനോഹരമായ ഒരു കൊച്ചു ട്രെയിന്‍ റെഡി ആയിട്ടുണ്ട്‌. അഞ്ചു മിനിറ്റു കൂടുമ്പോള്‍ ട്രെയിന്‍ വീണ്ടും എത്തും. ഞങ്ങള്‍ അവിടെ എത്തുമ്പോഴേക്കും മുതിര്‍ന്നവരും കുട്ടികളും അടങ്ങിയ ഒരു യാത്ര സംഘം ആദ്യമേ അതില്‍ സീറ്റ്‌ ഉറപ്പിച്ചതിനാല്‍ ഞങ്ങള്‍ മൃഗശാല നടന്നു കാണാന്‍ തന്നെ തീരുമാനിച്ചു.

Qatar Zoo
Doha Zoo Garden
Doha Zoo Train
മൃഗശാല ചുറ്റികാണാന്‍ ദിശാ സൂചികകള്‍ ഞങ്ങള്‍ തിരഞ്ഞെങ്കിലും വ്യക്തമായി എവിടെയും ഉണ്ടായിരുന്നില്ല. വരുന്നവര്‍ എല്ലാം നടന്നു കാണട്ടെ എന്ന് പാവം അറബി കരുതി കാണും. ഏതു വശത്ത് നിന്ന് തുടങ്ങണം എന്നത് ഞങ്ങളെ ശരിക്കും കണ്‍ഫ്യൂഷന്‍ ആക്കി .എന്തൊക്കെയായാലും ഞങ്ങള്‍ ഇടതു വശം വഴി മൃഗ ശാല ചുറ്റി കാണാന്‍ തീരുമാനിച്ചു കാരണം ഇവിടെ എല്ലാം ഇടതു വശത്ത് നിന്നാണല്ലോ തുടങ്ങുന്നത് !!!

രണ്ടടി നടന്നപ്പോള്‍ ഒരു വലിയ ഗര്‍ജനം കേട്ടു. എല്ലാവരും അങ്ങോട്ട്‌ ഓടുന്നുണ്ടായിരുന്നു. ഞങ്ങളും കുതിച്ചു പാഞ്ഞു . ഒരു വലിയ ജനകൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നു. ഞങ്ങളും തിക്കി തിരക്കി അങ്ങോട്ടെത്തി .ഒരു വലിയ വരയന്‍ കടുവ. കാണികളുടെ ശബ്ദ കോലാഹലം കേട്ടു മയക്കത്തില്‍ നിന്നും ഉണര്‍ന്ന കടുവ അതിന്റെ ശൌര്യം തീര്‍ക്കുകയായിരുന്നു.ഇരുമ്പ് അഴികളില്‍ നിന്നും കുതിച്ചു ചാടുന്ന കടുവയുടെ നേരെ ക്യാമറ കണ്ണുകളില്‍ നിന്നും ഫ്ലാഷുകള്‍ തുരു തുരാ മിന്നി. പാവം കടുവ ഇരുമ്പ് അഴികളില്‍ കടിച്ചു അവന്‍ ദേഷ്യം തീര്‍ത്തു.

z
Doha Zoo
Doha Zoo
Doha Zoo
Doha Zoo

അല്‍പ്പം ദൂരം നടന്നാല്‍ നമുക്ക് ആനയെ കാണാം. പാവം ഒറ്റക്കാണ് നില്‍പ്പ്. മരുഭൂമിയിലെ ചൂട് അവനു അത്ര പിടിച്ചില്ല എന്ന് ഒറ്റ നോട്ടത്തില്‍ നിന്ന് 
തന്നെ മനസിലായി. കാണികളെ തുമ്പി കൈ ആട്ടി അവന്‍ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. വിശാലമായ കിടപ്പറ തന്നെയാണ് ആനയ്ക്ക് ഒരുക്കിയിരിക്കുന്നത്. അവിടെ നിന്നും ചിമ്പാന്‍സി കളുടെയും സിംഹവാലന്‍ കുരങ്ങുകളുടെയും സാമ്രാജ്യത്തിലെക്കാണ് യാത്ര .കാണികളില്‍ ആരോ എറിഞ്ഞു കൊടുത്ത അപ്പിളിനായി കടി പിടി കൂടുന്ന കുരങ്ങുകളുടെ കുസൃതിത്തരം ആരെയും ഒന്ന് ചിരിപ്പിക്കുകയും  ചിന്തിപ്പിക്കുകയും ചെയ്യും . അതിനു തൊട്ടടുത്ത്‌ തന്നെ ഒരു ചെറിയ ഐസ് ക്രീം പാര്‍ലര്‍  ഉണ്ട് . ഐസ് ക്രീം നുണഞ്ഞു കൊണ്ടായിരുന്നു പിന്നീടുള്ള ഞങ്ങളുടെ യാത്ര.

തൊട്ടടുത്തായി തന്നെ മൃഗശാലയുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായ പക്ഷികളുടെ കൊട്ടാരം. വളഞ്ഞു പുളഞ്ഞു കിടക്കുന്ന  വിശാലമായ   അരുവിയില്‍ നീന്തി  തുടിക്കുന്ന പക്ഷി കൂട്ടങ്ങള്‍ ആരുടേയും ശ്രദ്ധ ആകര്‍ഷിക്കും. വിവിധ വര്‍ണങ്ങളിലുള്ള കൊക്കുകളും നീര്‍പക്ഷികളും ഇടകലര്‍ന്ന തൂവലുകളുള്ള ആഫ്രിക്കന്‍ പക്ഷികള്‍, നാട്ടു പിടിപ്പിച്ച മരങ്ങളില്‍ കല പില കൂട്ടുന്ന ദേശാടനകിളികള്‍ , അവരുടെ കൂടുകള്‍ എല്ലാം കാണികളുടെ മനം കവരും..ലക്സാണ്ട്രിയന്‍ തത്തകള്‍,നാട്ടുതത്ത,പൂന്തത്ത,കൃഷ്ണപരുന്ത്, ചക്കിപരുന്ത്,വ്യത്യസ്ത ഇനങ്ങളില്‍പെട്ട ലവ്ബേര്‍ഡ്സ്, ആഫ്രിക്കന്‍ തത്തകള്‍,മലമുഴക്കി വേഴാമ്പല്‍ എന്നിവയേയും കാണുവാന്‍ സാധിക്കും.
Doha Zoo
കുറച്ചു ദൂരം നടന്നാല്‍ മയിലുകളുടെ കൂടിനരികിലെത്താം .സാധാരണ മയിലുകള്‍ക്കൊപ്പം വിശ്രമിക്കുന്ന വെള്ളമയിലാണ് പ്രധാന ആകര്‍ഷണ കേന്ദ്രം. തൊട്ടരികില്‍ തന്നെ കുറച്ചു ആള്‍കൂട്ടം കണ്ടു ഞങ്ങളും അങ്ങോട്ട്‌ കുതിച്ചു . ദൈവത്തിനു സ്തുതി .. കഥകളിലും വാര്‍ത്തകളിലും വായിച്ചറിഞ്ഞ മയിലമ്മ മയില്‍ പീലി വിടര്‍ത്തി ആടുന്നു . ആകാശത്തെ മഴ മേഘങ്ങള്‍ ഇതൊന്നു കണ്ടിരുന്നെങ്കില്‍ എന്ന് എനിക്ക് ചെറിയ പരിഭവം തോന്നി .കുട്ടികാലത്ത് പുസ്തക താളുകളില്‍ ഒളിപ്പിച്ച മയില്‍പീലികള്‍ ഒന്ന് മിന്നി മറഞ്ഞു. ജീവിതത്തിലെ സ്വപ്ന സാഫല്യം പോലെ മയിലമ്മയെ ദര്‍ശിച്ചു. പക്ഷി കാഴ്ചകള്‍ ഇവിടെ അവസാനിക്കുകയാണ്.  


ഇത്തിരി ദൂരം പിന്നിട്ടാല്‍ നമുക്ക് സ്നൈക് പാര്‍ക്കില്‍ എത്താം. ഒരു ഗുഹയുടെ മാതൃകയിലാണ് ഇത് സജീകരിചിരിക്കുന്നത്. വളഞ്ഞു പുളഞ്ഞു കിടക്കുന്ന നീളന്‍ ഗുഹ. ഇത്തിരി വെട്ടം മാത്രംമാണ് ഗുഹകുള്ളില്‍. ഗുഹകുള്ളില്‍ ഇരുവശങ്ങളിലായി വിഷ പാമ്പുകളും സര്‍പ്പങ്ങളും. രാജവെമ്പാല മുതല്‍ നീര്‍ക്കോലി വരെയുള്ള 150ല്‍പ്പരം പാമ്പുകളുടെ വകഭേദങ്ങള്‍ അവിടുണ്ട്. ഖത്തറില്‍ എത്തിയത് മുതല്‍ പലരും ചോദിച്ച ചോദ്യം ഞങ്ങള്‍ പരസ്പരം ചോദിച്ചു. അഞ്ചു തലയുള്ള സര്‍പ്പം നമ്മള്‍ ഇത് വരെ കണ്ടില്ലല്ലോ ആ സര്‍പ്പം എവിടെയാണ്..? ഗുഹകുള്ളില്‍ മൊത്തം പരതിയെങ്കിലും ആ സര്‍പ്പത്തെ മാത്രം ഞങ്ങള്‍ കണ്ടില്ല... സുഹൃത്തുക്കളെ ഇനി നിങ്ങള്‍ ആരെങ്കിലും ഇവിടം സന്ദര്‍ശിക്കുമ്പോള്‍ ആ സര്‍പ്പത്തെ കണ്ടാല്‍ ഞങ്ങളെ അറിയിക്കണേ ...

മരുഭൂമിയെ മലര്‍വാടിയാക്കിയ ഖത്തറിനെ അടുത്തറിയാന്‍ പുതിയ യാത്രകള്‍ക്കായി അടുത്ത ഒഴിവുദിനം ഞങ്ങള്‍ കാത്തിരിക്കുന്നു .. വീണ്ടും വരാം പുതിയ വഴിയോര കാഴ്ചകളുമായി ..

സസ്നേഹം ആഷിക്..