Followers

Showing posts with label surab. Show all posts
Showing posts with label surab. Show all posts

Thursday, June 7, 2012

നവരസങ്ങളിൽ തീ പടരുന്നു

സുറാബ്

എഴുത്തിൽ ഒരു ദാസ്യപ്പണിയുണ്ട്
അക്ഷരങ്ങൾ അരച്ചുകലക്കി
നിന്റെ ഹൃദയത്തിലേക്ക് ഒഴിക്കുക എന്നത്
വേണമെങ്കിൽ ഇതിനെയും പീഡനമെന്ന് പറയാം
വാസ്തവത്തിൽ
രണ്ടുപേർ ചുംബിക്കുമ്പോൾ
ഞാൻ നിന്നെ പീഡിപ്പിക്കുമ്പോഴും ലോകം മാറുന്നുണ്ട്
കല ആസ്വദിക്കപ്പെടുന്നുണ്ട്
ജീവിതം ഒന്നേയുള്ളു
ചെയ്യാത്തതിന്റെ പുറത്ത് കയറിയിരിക്കുക
പക്ഷേ, പേജുകൾ മറിക്കുമ്പോലെ
എളുപ്പം തുണി ഊരരുത്
പതിയെ കല നന്നായിക്കൊള്ളും
പിന്നീട് കാൽ വന്ദിക്കുമ്പോൾ സൂക്ഷിക്കണം
അതൊരു കാലുവാരലാകരുത്
ഇപ്പോൾ നിനക്ക് മനസ്സിലായില്ലേ?
ദാസ്യപ്പണിയും സ്വർണ്ണപ്പണിപോലെ
ഇടയ്ക്ക് തീയൂതണമെന്ന്
എന്നിട്ടും പൊന്നുരുക്കുന്നിടത്താണ്
പല പൂച്ചകളും പതുങ്ങി നിൽക്കുന്നത്

Friday, November 19, 2010

പൊതുയോഗം


surab

ആരെങ്കിലും വിതക്കുന്നുവെങ്കിൽ
അതു കൊയ്തെടുക്കാൻ
അരിവാൾ തന്നെ വേണം
അങ്ങനെ നമ്മൾ കൊയ്യും വയലെല്ലാം
നമ്മുടേതാകും പൈങ്കിളിയേ

2
ഒരു വാദത്തിനു വേണ്ടി പറയുകയല്ല
പ്രത്യക്ഷത്തിൽ
ഭൗതികവാദത്തിനു വേണ്ടി പറയുകയാണ്‌

വൈരുദ്ധ്യാത്മക ഭൗതികവാദം ശ്വസിച്ചവർക്കാണത്രേ
എളുപ്പം ശ്വാസകോശത്തിൽ
അണുബാധയുണ്ടാകുന്നത്
3
രാഷ്ട്രീയത്തിൽ നയം വ്യക്തമാക്കുമ്പോൾ
അന്യായം കുഴിച്ചുമൂടപ്പെടുന്നു
അങ്ങനെ കുഴിച്ചുമൂടിയതാണ്‌
പണ്ടത്തെ വയലുകളും
ഇന്നത്തെ കുന്നുകളും
4
കുതികാൽ വെട്ടിയും
കുതിരകേറിയുമാണ്‌
ഇവിടെവരെയെത്തിയത്
ഇനി അവിടേക്കെത്തണമെകിൽ
ഒന്നുകിൽ കുതിരയെ അഴിച്ചുവിടണം
അല്ലെങ്കിൽ കുതികാൽ പണയപ്പെടുത്തണം
5
കുന്നിടിച്ചിട്ടാണ്‌ വയൽ നികത്തിയത്
വീടുവച്ചത്
ഇന്നിപ്പോൾ
വീടൊഴിഞ്ഞിട്ടാണ്‌ വയലു വാങ്ങിയത്
വിത്തിറക്കിയത്
എന്നിട്ടും വയലും വീടും വഴിയിൽത്തന്നെ