Followers

Thursday, June 7, 2012

നവരസങ്ങളിൽ തീ പടരുന്നു

സുറാബ്

എഴുത്തിൽ ഒരു ദാസ്യപ്പണിയുണ്ട്
അക്ഷരങ്ങൾ അരച്ചുകലക്കി
നിന്റെ ഹൃദയത്തിലേക്ക് ഒഴിക്കുക എന്നത്
വേണമെങ്കിൽ ഇതിനെയും പീഡനമെന്ന് പറയാം
വാസ്തവത്തിൽ
രണ്ടുപേർ ചുംബിക്കുമ്പോൾ
ഞാൻ നിന്നെ പീഡിപ്പിക്കുമ്പോഴും ലോകം മാറുന്നുണ്ട്
കല ആസ്വദിക്കപ്പെടുന്നുണ്ട്
ജീവിതം ഒന്നേയുള്ളു
ചെയ്യാത്തതിന്റെ പുറത്ത് കയറിയിരിക്കുക
പക്ഷേ, പേജുകൾ മറിക്കുമ്പോലെ
എളുപ്പം തുണി ഊരരുത്
പതിയെ കല നന്നായിക്കൊള്ളും
പിന്നീട് കാൽ വന്ദിക്കുമ്പോൾ സൂക്ഷിക്കണം
അതൊരു കാലുവാരലാകരുത്
ഇപ്പോൾ നിനക്ക് മനസ്സിലായില്ലേ?
ദാസ്യപ്പണിയും സ്വർണ്ണപ്പണിപോലെ
ഇടയ്ക്ക് തീയൂതണമെന്ന്
എന്നിട്ടും പൊന്നുരുക്കുന്നിടത്താണ്
പല പൂച്ചകളും പതുങ്ങി നിൽക്കുന്നത്