ഇസ്മയിൽ മേലടി
മരുഭൂമിയ്ക്കും കൂടുവിട്ടവന്റെ മനസ്സിനും
ഒരേ ശൂന്യതയുടെ പരന്നമുഖം
അകത്തും പുറത്തും ഒരേ ജ്വലനം
മണൽക്കുന്നുകളായ് കുമിഞ്ഞുയരാനും
ശൂന്യതയാകാനും ഒരു കാറ്റ് മതി
മറുപ്പച്ചകളുടെ ദൈർഘ്യമാണ്
മരുഭൂമികളുടെ ആകർഷണദുരന്തം
അനന്തമായ് പിടിച്ചുവലിയ്ക്കുന്ന പ്രതീക്ഷ
കൂടുവിട്ടുവന്നവന്റെമുന്നിലേകയർ
കുറ്റിയാകട്ടെ നാട്ടിയേടത്തുതന്നെ
മണ്ണതിനെ വീണ്ടും ആഴത്തിലേയ്ക്ക് വലിയ്ക്കുന്നു
സ്വപ്നവും ദുരിതവും കാറ്റിലേറുമ്പോൾ
മനസ്സിൽ മണൽക്കുന്നുകൾ ഉയരുന്നു
വളർന്ന് വളർന്ന് ശിൽപമാകുന്നു
നരച്ചവശ്യത കൈവരിയ്ക്കുന്നു
ദൂരക്കാഴ്ചയിൽ സർപ്പസുന്ദരിയാകുന്നു
ആഞ്ഞ് തിരിഞ്ഞുവീശുന്നവർഷങ്ങൾ
ജീവിതത്തെ നേർപ്പിച്ച് നേർപ്പിച്ച്
മനസ്സിൽ ചാലിച്ച് നിമിഷങ്ങളോടലിയിക്കുന്നു
മണൽത്തരികളെപ്പോലെ മനസ്സും
കൂടുവിട്ടുപറന്നുയർന്ന് ദിശതെറ്റുന്നു.