Followers

Friday, July 5, 2013

ഒബ്സര്‍വേഷന്‍

ശ്രീജിത്ത് മൂത്തേടത്ത്


     ചുണ്ടുകൂര്‍പ്പിച്ച്, പുക ആഞ്ഞ് അകത്തേക്കുവലിച്ചെടുക്കപ്പെടുന്ന സിഗരറ്റിന്റെ ചാരം ജാലകക്കമ്പികള്‍ക്കിടയിലൂടെ പുറത്തേക്ക് തട്ടിക്കളഞ്ഞ് അടുത്ത പുകയ്ക്കായി വീണ്ടും ചുണ്ടോടുചേര്‍ക്കുമ്പോള്‍ സാംബന്‍ ചോദിച്ചു.
                  “ആ ജനലിനോടുചേര്‍ന്നിരിക്കുന്ന സ്ത്രീ എന്തുജോലിയായിരിക്കും ചെയ്യുന്നുണ്ടാവുകയെന്നു പറയാമോ?”
                      നിരഞ്ജന്‍ തിരിഞ്ഞുനോക്കി. പിന്നിലെ സീറ്റിലിരിക്കുന്ന ചുവപ്പും മഞ്ഞയുമിടകലര്‍ന്ന ബോര്‍ഡറുള്ള പച്ചസാരി ധരിച്ച സ്ത്രീ ഒന്നു വശ്യമായി പുഞ്ചിരിച്ചു. ആ വശ്യത നിരഞ്ജനെ ഒരു ചുഴിയിലേക്കെന്നവണ്ണം ആഞ്ഞുവലിക്കുന്ന തരത്തിലായിരുന്നു. ആകര്‍ഷണപരിധിയില്‍ നിന്നുകൊണ്ടുതന്നെ തനിക്കറിയാവുന്ന ലക്ഷണശാസ്ത്രങ്ങള്‍ അപഗ്രഥിച്ച്, നിര‍ഞ്ജന്‍ മറുചോദ്യം ചോദിച്ചു.
           “ഒരു നാടകനടി?”
            “അല്ല.”
            പുക വളയങ്ങളാക്കി, കമ്പിക്കൂടിനുള്ളിലൊളിപ്പിച്ച ഫാനിനുനേരെ ഊതിവിടാന്‍ ശ്രമിച്ചുകൊണ്ട് സാംബന്‍ തുടര്‍ന്നു.
            “അവര്‍ ഒന്നുകില്‍ ഒരു മ്യൂസിക് ടീച്ചറാണ്. അല്ലെങ്കില്‍ ഒരു നര്‍ത്തകി.”
നിര‍ഞ്ജന്‍ ഒന്നുകൂടെ തിരിഞ്ഞുനോക്കി. ഇപ്പോള്‍ അവര്‍ സൈഡ് വിന്‍ഡോവിലൂടെ പുറത്തേക്ക് കണ്ണും നട്ടിരിപ്പാണ്. കാറ്റില്‍ അവരുടെ മുടിയിഴകള്‍ പിന്നിലേക്കു പറക്കുന്നു. ഒപ്പം കരിഞ്ഞുതുടങ്ങിയ മുല്ലപ്പൂവിന്റെ ഗന്ധവും. കോതിയൊതുക്കാന്‍ മിനക്കെടാതെ മുടിയിഴകളെ സ്വതന്ത്രമായി കാറ്റില്‍ പറക്കാന്‍ അനുവദിച്ചിരിക്കുകയാണെന്നു തോന്നും. ഒരു നര്‍ത്തകിയുടെതായ അംഗലാവണ്യമൊന്നും അവരില്‍ കാണാന്‍ നിര‍ഞ്ജനുകഴിഞ്ഞില്ല. കയ്യിലും കഴിത്തിലുമൊക്കെയായി സ്വര്‍ണ്ണത്തിലും പേളിലുമായ ആഭരണങ്ങള്‍ അണിഞ്ഞിട്ടുണ്ട്. അവര്‍ ധരിച്ചിരുന്ന പച്ച ബ്ലൗസിനും സാരിയുടെ തീ നിറമുള്ള ബോര്‍ഡറിനും അനുയോജ്യമായിരുന്നു അവ. മൂക്കുത്തിയില്‍ ചുവന്ന കല്ലുകള്‍ പതിച്ചിരിക്കുന്നു. സൗന്ദര്യബോധമുള്ള സ്ത്രീയാണ്. മുടിയിഴകള്‍ കാറ്റത്തുപറക്കുകയാണെങ്കിലും ശ്രദ്ധാപൂര്‍വ്വമായ ഒരശ്രദ്ധയാണതു പ്രതിഫലിപ്പിക്കുന്നതെന്നു വ്യക്തം.
                    “നര്‍ത്തകിയുമല്ല, മ്യൂസിക് ടീച്ചറുമല്ല. അവരൊരു ബ്യൂട്ടീഷ്യനാണെന്നാണെനിക്കു തോന്നുന്നത്.”
                     നിരഞ്ജന്‍ നിരീക്ഷണനിഗമനം തുറന്നടിച്ചു.
                   “അതാണുപറഞ്ഞത്. നിനക്ക് ഒബ്സര്‍വ്വേഷന്‍ പവറില്ലെന്ന്. ബ്യൂട്ടീഷ്യനായിരുന്നുവെങ്കില്‍ അവര്‍ ലിപ് സ്റ്റിക്കിട്ടേനെ. വസ്ത്രത്തിനൊത്ത പൊട്ടുകുത്തിയേനെ. മേക്കപ്പ് കൊണ്ട് മുഖത്തെ ചുളിവുകള്‍ തീര്‍ത്തേനെ.അവര്‍ മ്യൂസിക് ടീച്ചര്‍ തന്നെ.”
          സാംബന്‍ എരിഞ്ഞുതീര്‍ന്ന സിഗരറ്റിന്റെ ഫില്‍ട്ടര്‍ ട്രയിനിന്റെ വിന്റോവിലൂടെ പുറത്തേക്കെറിഞ്ഞു. ഛക...ഛക... ശബ്ദം ഉച്ചത്തിലായി. ട്രയിനിപ്പോള്‍ ഏതോ പാളത്തിനുമുകളിലൂടെയാണ് പോകുന്നത്. പുഴയില്‍നിന്നും ഒരു തണുത്ത കാറ്റുവീശി. സാംബന്‍ അടുത്ത സിഗരറ്റിന് തീക്കൊളുത്തി.
                   “പുകയില ശിക്ഷാര്‍ഹം” എന്ന് മലയാളത്തിലും, ഹിന്ദിയിലും, ഇംഗ്ലീഷിലും നല്‍കുന്ന അറിയിപ്പിനുനേരെ അയാള്‍ പുക ഊതിവിട്ടു. സിഗരറ്റിന്റെ അറ്റത്തെ കനല്‍ ഒന്നുകൂടെ എരിയിച്ചുകൊണ്ട് അകത്തേക്കുവലിച്ചെടുക്കപ്പെടുന്ന പുക ശ്വാസകോശത്തിന്റെ അകത്തളങ്ങളിലെവിടെയോ കെട്ടിക്കിടക്കുന്നുണ്ടാവണം. അത് വളരെക്കുറച്ചുമാത്രമേ പുറത്തക്കു വമിച്ചുള്ളൂ. സിഗരറ്റിന്റെ ചാരംമൂടിയ തുമ്പ് വിരല്‍കൊണ്ട് തട്ടിക്കളഞ്ഞ്, തിളങ്ങുന്ന അരികുകള്‍ സസൂഷ്മം നിരീക്ഷിച്ചുകൊണ്ട്, സാംബന്‍ പറഞ്ഞു.
                       “ഒരു ഡിക്ടക്ടീവിനും പോലീസുകാരനും കലാകാരനും, സാഹിത്യകാരനും പിന്നെ നമ്മെപ്പോലുള്ളവര്‍ക്കും ഏറ്റവും അത്യാവശ്യം വേണ്ടതാണ് നിരീക്ഷണപാടവമെന്നത്. നിരന്തരപരീക്ഷണത്തിലൂടെ അതു നേടിയേ മതിയാവൂ. ഒറ്റനോട്ടത്തില്‍ ഒരാളെ മനസ്സിലാക്കാന്‍ കഴിയണം.”
സാംബന്‍ പറയുന്നത് നിരഞ്ജന്‍ ശ്രദ്ധിച്ചുകേട്ടു.
                             “ആ സ്ത്രീ മ്യൂസിക് ടീച്ചറാണെന്ന് ഞാന്‍ പറഞ്ഞത് അവരുടെ വേഷം മാത്രം കണ്ടിട്ടല്ല. അവരുടെ ചേഷ്ടകള്‍..., സംഗീതചിഹ്നങ്ങള്‍ ആലേഖനം ചെയ്യപ്പെട്ട അവരുടെ ബാഗ്.... അങ്ങിനെ പലതു കൊണ്ടും അവര്‍ ഒരു മ്യൂസിക് ടീച്ചര്‍ തന്നെയാവാനാണ് സാധ്യത.”
ഇതിനിടയില്‍ ട്രെയിന്‍ വേഗത തീരെകുറച്ച് നീണ്ട നെടുവീര്‍പ്പോടെ നിന്നു. സ്റ്റേഷനല്ല. ഔട്ടറിലെവിടെയോ പിടിച്ചിട്ടിരിക്കുകയാണ്. പാളത്തിനരികില്‍നിന്നോ അതോ ട്രയിനില്‍നിന്നും തന്നെയോ എന്നറിയില്ല ഒരസഹ്യഗന്ധം മൂക്കിലേക്കടിച്ചുകയറി നിരഞ്ജന്‍ മൂക്കുപൊത്തി. ആ സ്ത്രീ എഴുന്നേറ്റ് ടോയ്‍ലറ്റിനുനേരെ നടന്നു.അവരുടെ നടത്തം ഒരു നര്‍ത്തകിയുടെതായ എല്ലാ അംഗചലനങ്ങളോടും കൂടിയായിരുന്നു. അല്ലെങ്കില്‍ ഒരു നൃത്തലാസ്യ ഗമനം.
                                        “ഞാന്‍ പറഞ്ഞില്ലേ? അവര്‍ ഒരു നര്‍ത്തകി കൂടെയാണ്. സംശയമില്ല.”
സാംബന്റെ നിരീക്ഷണപാടവത്തില്‍ നിരഞ്ജന് അസൂയതോന്നി. സാംബന് ഈ രംഗത്ത് ഏറെക്കാലത്തെ പരിചയ സമ്പത്തുണ്ട്. ഓരോ അസൈന്‍മെന്റിനുശേഷവും ബോസ് പറയാറുള്ളത് നിരഞ്ജന്‍ ഓര്‍ത്തു.
                          “സാംബനെ കണ്ടു പഠിക്കണം. ആളുകളെ മുച്ചൂടും മനസ്സിലാക്കി സമര്‍ത്ഥമായി കൈകാര്യം ചെയ്യാനുള്ള അവന്റെ കഴിവാണ് നമ്മുടെ ഗ്രൂപ്പിന്റെ വിജയരഹസ്യം.”
                              ട്രെയിന്‍ സ്റ്റേഷനിലേക്കെത്തുമ്പോഴേക്കും സ്ത്രീ ടോയ്‍ലറ്റില്‍നിന്നും തിരച്ചെത്തിയിരുന്നു. അവര്‍ സാരിയുടെ മുന്‍ഭാഗം കുടഞ്ഞ്, ഞൊറികള്‍ നേരെയാക്കി, മുടിയിഴകള്‍ കോതിയൊതുക്കി, ഇരുന്നു. മനോഹരമായൊരു കീര്‍ത്തനശകലം മുഴക്കിക്കൊണ്ട് അവരുടെ മൊബൈല്‍ ചിലച്ചു. ഹാന്റ്ബാഗിന്റെ സൈഡ് പോക്കറ്റില്‍നിന്നും ഫോണെടുത്ത് അവര്‍ കാതോടുചേര്‍ത്തു. അവരുടെ മുഖത്തു അതിവേഗം മിന്നിമറയുന്ന വ്യത്യസ്ത ഭാവങ്ങളിലായിരുന്നു സാംബന്റെ ശ്രദ്ധ. അയാള്‍ അതിലേക്ക് കൂപ്പുകുത്തി. സ്റ്റേഷനിലെ തിരക്കിനിടയില്‍നിന്നും, വെള്ളഷര്‍ട്ടും മുണ്ടും ധരിച്ച ഒരാള്‍ ധൃതിയില്‍ കയറിവന്ന് അവരുടെയടുത്ത് ചെന്നിരുന്നു. സ്ത്രീയുടെയടുത്ത് അധികാരഭാവത്തില്‍ വന്നിരുന്ന അയാള്‍ ആരെയോ തിരയുന്ന ഭാവത്തില്‍ ചുറ്റും നോക്കി. ടൗവലെടുത്ത് മുഖം അമര്‍ത്തി തുടച്ച്, സ്ത്രീയോട് എന്തോ സ്വകാര്യം പറഞ്ഞു.
                             “ആ വന്നത് അവരുടെ ഹസ്ബന്റായിരിക്കണം.”
                            സാംബന്‍ പറഞ്ഞു. നിരഞ്ജന്‍ മൂളിക്കേട്ടു. അയാള്‍ പോക്കറ്റില്‍നിന്നും സിഗരറ്റ്പാക്കറ്റെടുത്ത് തിരിച്ചും മറിച്ചും നോക്കി, പോക്കറ്റില്‍ത്തന്നെ നിക്ഷേപിച്ചു. നിരഞ്ജന്‍ സിഗരറ്റ് പാക്കറ്റെടുത്ത് പരിശോധിച്ച് തിരികെ വയ്ക്കുന്നതല്ലാതെ ഒരിക്കല്‍പ്പോലും കത്തിക്കുന്നുണ്ടായിരുന്നില്ല.
                               “നേരത്തെ സംസാരിച്ചുറപ്പിച്ചതനുസരിച്ചാവണം അയാള്‍ ഈ സ്റ്റേഷനില്‍ നിന്നും കയറിയത്.”- സാംബന്‍ തുടര്‍ന്നു.
                              “അയാള്‍ ഒരു രാഷ്ട്രീയക്കാരനാണെന്നു തോന്നുന്നു.”
ചീകിയൊതുക്കിവച്ച ഡൈ ചെയ്തു കറുപ്പിച്ച മുടിയും വെട്ടിനിര്‍ത്തിയ മീശയും ഷേവ്ചെയ്ത് മിന്നുന്ന മുഖവും നോക്കി നിരഞ്ജന്‍ പറഞ്ഞു.
                     “മോസ്റ്റ് പ്രോബബ്ലി.”
                      “നമുക്ക് ഒന്നു പോയി പരിചയപ്പെട്ടോലോ?”
                      “ഓ ഷുവര്‍...”
                       സാംബന്റെ ചുണ്ടില്‍ കുസൃതിച്ചിരി മിന്നിമറിഞ്ഞു. അയാള്‍ സിഗരറ്റ് കുറ്റി പുറത്തക്കു വലിച്ചറിഞ്ഞ് സ്ത്രീയുടെ എതിര്‍ സീറ്റില്‍ ചെന്നിരുന്നു. കൂടെ നിരഞ്ജനും. സ്ത്രീ ഇത്തവണയും അവരെ നോക്കി വശ്യമായി പുഞ്ചിരിച്ചു. സാംബന്‍ അത് അവഗണിച്ചു.
                       “സാറ് എവിടേക്കാ?”
                           സാംബന്‍ അയാളോടായി ചോദിച്ചു.
                      “നെക്സ്റ്റ് സ്റ്റേഷന്‍. എറണാകുളം. നിങ്ങളോ?”
                           “ഞങ്ങള്‍ ട്രിവാന്‍ഡ്രത്തേക്കാണ്. മിസ്സിസ്സാണോ?”
                             സ്ത്രീയെ നോക്കി നിരഞ്ജന്‍ ചിരിച്ചു.
                           “അതെ. ഇവള്‍ ജോലികഴിഞ്ഞു വരുന്ന വഴിയാ. കലാമണ്ഡലത്തില്‍ മ്യൂസിക് പഠിപ്പിക്കുവാ. ഒപ്പം നൃത്തവുമുണ്ട്.”
                      സാംബന്‍ ചെറുചിരിയോടെ നിരഞ്ജന്റെ മുഖത്തേക്കു നോക്കി. നിരഞ്ജന്‍ സര്‍വ്വാത്മനാ കീഴടങ്ങി. സ്ത്രീയുടെ വശ്യമായ മുഖം തന്നെ അവരിലേക്കടുപ്പിക്കുന്നതായി നിരഞ്ജനു തോന്നി. അവര്‍ കലാമണ്ഡലത്തേക്കുറിച്ചും, സമകാലിക രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം ചര്‍ച്ചചെയ്തു. ഇതിനിടയില്‍ സാംബന്‍ ബാഗില്‍നിന്നും ഒരു ബിസ്കറ്റ് കൂടെടുത്ത് പൊട്ടിച്ചു. ശ്രദ്ധയോടെ മുകള്‍ഭാഗത്തുനിന്നും രണ്ടെണ്ണമെടുത്ത് ദമ്പതിമാര്‍ക്കുനേരെ നീട്ടി.
                               “സന്തോഷം”
                             മടികൂടാതെ ബിസ്കറ്റ് വാങ്ങിയ ദമ്പതിമാരെ നോക്കി സാംബന്‍ അനായാസം നേടിയ ഒരു വിജയത്തിന്റെ എരിവുപടര്‍ന്ന ചിരി ചിരിച്ചു. സ്ത്രീയുടെ കഴുത്തിലും കയ്യിലുമുള്ള ആഭരണങ്ങളും ഭര്‍ത്താവിന്റെ വെളുത്ത ഷര്‍ട്ടിന്റെ കീശയില്‍നിന്നും ഉയര്‍ന്നുനിന്നു വീര്‍പ്പുമുട്ടുന്ന തടിയന്‍ പേഴ്സും തന്നെനോക്കി പുഞ്ചിരിക്കുന്നതായി സാംബനു തോന്നി. അയാള്‍ നിരഞ്ജനുനേരെ നോക്കി കണ്ണടച്ചുകാണിച്ചു. ഉറക്കം പിടിച്ചമാതിരി സീറ്റിലേക്ക് ചായ്ഞ്ഞിരിക്കുമ്പോഴും അയാള്‍ ഭര്‍ത്താവിനേയും സ്ത്രീയെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
                                  “ഈ കളിയും ചിരിയുമൊക്കെ അല്‍പ്പസമയത്തേക്കുമാത്രം. സാവധാനം നിങ്ങള്‍ ഉറങ്ങാന്‍ തുടങ്ങും. നിങ്ങള്‍ ഉറങ്ങുകയാണ്... ഉറങ്ങുകയാണ്....”
സാംബന്‍ ഒരു ഹിപ്നോട്ടിസ്റ്റിനെയെന്നപോലെ മനസ്സില്‍ പറഞ്ഞു. ഇതിനിടയില്‍ സ്ത്രീ ഭര്‍ത്താവിന്റെ പോക്കറ്റില്‍നിന്നും പണമെടുത്ത് പാന്‍ട്രി വില്‍പ്പനക്കാരനില്‍നിന്നും ഓരോ കടലമിഠായി വാങ്ങിക്കഴിച്ചു. ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചുകൊണ്ട് അവര്‍ എന്തോ തമാശപറഞ്ഞു. അവര്‍ക്ക് ഒരു മാറ്റവുമില്ലല്ലോ? പഴയതുപോലെ സ്ത്രീ ഭര്‍ത്താവിനോടൊപ്പം വര്‍ത്തമാനം പറഞ്ഞ് കൊഞ്ചിക്കുഴയുന്നതുകണ്ട് സാംബന്‍ അമ്പരന്നു.
                              “ഇനി സാധനം മാറിപ്പോയോ?”
                            സാംബന്‍ സംശയത്തോടെ ബാഗ് തുറന്നുനോക്കി.
                                “ഇല്ല. മാറിയിട്ടില്ല. ശരിയാണ്.''
                                അയാള്‍ സ്ത്രീയുടെ മുഖത്തേക്കു നോക്കി. അവര്‍ സാംബനെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു. ഒന്നു പരുങ്ങിപ്പോയ സാംബനുനേരെ സ്ത്രീ കടലമിഠായി നീട്ടി.
                           “സോറി. നോ താങ്ക്സ്.”
ഒഴിയാന്‍ നോക്കിയെങ്കിലും സാംബനെ അവര്‍ നിര്‍ബ്ബന്ധിച്ചു.
                            “കഴിക്കൂന്നേ...”
                     അവരുടെ വശ്യമനോഹരമായ പുഞ്ചിരിയിലും ലാസ്യചേഷ്ടകളിലും പൊതിഞ്ഞെടുത്ത നിര്‍ബ്ബന്ധത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാംബനുകഴിഞ്ഞില്ല. ഇന്നോളം കഴിച്ചിട്ടുള്ളതില്‍വച്ചേറ്റവും മത്തുപിടിപ്പിക്കുന്ന മധുരം സ്ത്രീയുടെ ചിരിയില്‍മയങ്ങി ആസ്വദിക്കുന്നതിനിടയില്‍ ട്രയിന്‍ അടുത്ത സ്റ്റേഷനിലെ ബഹളത്തിലേക്കും, ദുര്‍ഗന്ധത്തിലേക്കും, തിരക്കിലേക്കും തള്ളിക്കയറിനിന്നു. സ്ത്രീയും ഭര്‍ത്താവും നിരഞ്ജനോടും സാംബനോടും യാത്രപറഞ്ഞിറങ്ങി.
                          “ഇതെന്തൊരു മറിമായം?”
                    സാംബന്‍ നിരഞ്ജന്റെ മുഖത്തേക്കുനോക്കി. ആദ്യമായാണിങ്ങനെയൊരനുഭവം. കയ്യില്‍ വന്നുചേരേണ്ടിയിരുന്ന ആഭരണങ്ങളും പണവും അകന്നുപോവുന്നതുനോക്കി സാംബന്‍ തരിച്ചിരുന്നു. ആഭരണങ്ങളും, പണവും നഷ്ടപ്പെട്ടതിലുപരി, ഓപ്പറേഷന്‍ പരാജയപ്പെട്ടതിലുള്ള ആശങ്കയായിരുന്നു അയാളുടെ മുഖത്ത് കൂടുതല്‍ നിഴലിച്ചിരുന്നത്. സ്ത്രീ എഴുനേറ്റിടത്തുനിന്നും ഒരു പൊതി നിരഞ്ജന്റെ ശ്രദ്ധയില്‍പ്പെട്ടു. അയാള്‍ അതെടുത്തു തുറന്നുനോക്കി. അതില്‍ രണ്ടു ബിസ്കറ്റുകളും ഒരു കുറിപ്പുമുണ്ടായിരുന്നു.
                              “കുട്ടികളേ... നിങ്ങള്‍ക്ക് തെറ്റിപ്പോയി. നിങ്ങള്‍ വിളവിറക്കിയ നിലം പാടേ മാറിപ്പോയി.”
                  വിഷണ്ണനായ നിരഞ്ജനു തുടര്‍ന്നു വായിക്കാന്‍ കഴിഞ്ഞില്ല. സമര്‍ത്ഥമായി കബളിപ്പിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെയൊരു വീഴ്ച ജീവിതത്തില്‍ ആദ്യമായാണ്. തങ്ങളുടെ ഉദ്ദേശ്യം അപ്പോള്‍ അവര്‍ മനസ്സിലാക്കിയിരിക്കുന്നു. അന്ധാളിച്ച സാംബന്‍ പകച്ച് ചുറ്റും നോക്കി. ഒരു അപകടത്തിന്റെ മണം എവിടെയോ പതിയിരിക്കുന്നു. പിന്‍സീറ്റിലിരുന്ന് ഏതോ മാസിക മറിക്കുകയായിരുന്ന കൊമ്പന്‍മീശക്കാരനെ അപ്പോഴാണ് സാംബന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഈ മീശക്കാരനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ? സാംബന്റെയുള്ളില്‍ ഒരു വെള്ളിടി വെട്ടി. സ്പെഷല്‍ സ്ക്വാഡ്? ചുറ്റും ആരൊക്കെയോ പതിയിരുന്നു തങ്ങളെ നിരീക്ഷിക്കുന്നതായി അയാള്‍ക്കുതോന്നി. അയാള്‍ നിരഞ്ജനേയും കൂട്ടി പഴയ സീറ്റില്‍ത്തന്നെ പോയി ഇരുന്നു. നിരഞ്ജന്‍ സിഗരറ്റ് പാക്കറ്റെടുത്ത് തുറന്ന് ഒരെണ്ണമെടുത്ത് ചുണ്ടില്‍വച്ച് തീക്കൊളുത്തി. സാംബന് ഇരിക്കപ്പൊറുതിയുണ്ടായിരുന്നില്ല. അടുത്ത സീറ്റിലിരിക്കുന്നവരിലൊക്കെ എന്തൊക്കെയോ അസ്വാഭാവികതകള്‍! പലരും പുസ്തകങ്ങളും മാസികകളും വായിക്കുകയാണെങ്കിലും അവരൊക്കെ ഗൂഡമായി തങ്ങളെ ശ്രദ്ധിക്കുന്നതായും പലരുടെയും ഒളിക്കണ്ണുകള്‍ തങ്ങളുടെ മേല്‍ പതിക്കുന്നതായും സാംബന്‍ ഉറപ്പിച്ചു. അയാളുടെ ഓരോ രോമകൂപങ്ങളിലും വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞുതുടങ്ങി.
                      “ചൂടുള്ള വാര്‍ത്ത.”
                        സായാഹ്ന ദിനപ്പത്രം വില്‍പ്പനക്കാരന്‍ നിവര്‍ത്തിക്കാണിച്ച വാര്‍ത്താ തലക്കെട്ടില്‍ ഉടക്കിയ സാംബന്റെ കണ്ണുകള്‍ തള്ളിപ്പോയി.
                               “ട്രെയിനിലെ മോഷണം. പ്രതികളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കി.”
                     സാംബന്റെ കണ്ണുകളില്‍നിന്നും ചൂടുള്ള ഒരു എരിവ് സിരകളിലൂടെ തലച്ചോറിലേക്ക് അരിച്ചുകയറി. പത്രം വാങ്ങിവായിച്ചുനോക്കാനുള്ള ധൈര്യം അയാള്‍ക്കുണ്ടായില്ല. പേടിയോടെ പിന്നിലെ സീറ്റിലേക്കു നോക്കി. കൊമ്പന്‍മീശക്കാരന്‍ മാഗസിന്റെയുള്ളില്‍ മറച്ചുവച്ച വെള്ളക്കടലാസില്‍നോക്കി മുടി പറ്റെ ക്രോപ്പുചെയ്തയാളോട് എന്തോ അടക്കംപറയുന്നു. തന്റെ ഓരോ ചലനവും ഒരു ക്യാമറിയിലെന്നവണ്ണം നിരീക്ഷിക്കപ്പെടുന്നതായി സാംബനു മനസ്സിലായി. അല്ലെങ്കില്‍ താനിപ്പോഴിരിക്കുന്നത് അനേകം ക്യാമറാക്കണ്ണുകള്‍ക്കുമുന്നിലാണെന്നു അയാള്‍ക്കു തോന്നി. നിരഞ്ജന്‍ ഇതൊന്നുമറിയാത്തമട്ടില്‍ പുറത്തേക്കു കണ്ണുംനട്ട് സിഗരറ്റ് വലിച്ചൂതിവിടുകയാണ്.
                     “ഇനി ഇവനും?”
                  നിരഞ്ജന്റെ നിസ്സംഗത സാംബനില്‍ എന്നോ പതിഞ്ഞുകിടന്നിരുന്ന സംശയത്തിന്റെ വിത്തിനെ പൊടുന്നനെ മുളപ്പിച്ചു. ഇലകള്‍ പൊട്ടിവിരിഞ്ഞ് അത് നൊടിയിടയില്‍ വളര്‍ന്നു.
                         “ചതിയന്‍.... ഒരുമിച്ചുനിന്ന് കാലുവാരുകയായിരുന്നു അല്ലേ?”
                           നിരഞ്ജന്‍ ഒന്നും മനസ്സിലാവാത്തവനെപ്പോലെ നിഷ്കളങ്കമായി ചിരിക്കുന്നു. ഒരു ചതിയന്, ഒരു ഒറ്റുകാരന് അഭിനയിക്കാന്‍ പറ്റുന്നതിന്റെ പരമാവധി നിരഞ്ജന്‍ അഭിനയിച്ചു ഫലിപ്പിക്കുന്നു. പെട്ടുപോയി. കെണിയില്‍നിന്നും രക്ഷനേടാനുള്ള എന്തെങ്കിലും പഴുതുതേടി വിറയലോടെ സാംബന്‍ എഴുനേറ്റു. ചെരിപ്പില്‍നിന്നും കാലുകള്‍ വഴുക്കുന്നു. സാംബനുപിന്നാലെ പിന്‍സീറ്റിലിരുന്ന കൊമ്പന്‍മീശക്കാരനും മുടി പറ്റെ ക്രോപ്പുചെയ്ത ചെറുപ്പക്കാരനും എഴുനേല്‍റ്റു. അവിടവിടെയായി ആരൊക്കെയോ എഴുനേല്‍ക്കുന്നതായി സാംബന്‍ കണ്ടു. എല്ലാവരും കൂടെ അടുത്തനിമിഷം തന്നെ പിടികൂടും. ഉറപ്പ്. പിടികൂടപ്പെട്ടാല്‍ എല്ലാം ഇതോടുകൂടി അവസാനിച്ചു. എല്ലാം. രക്ഷപ്പെടാനുള്ള അവസാന പഴുതിനായി അയാള്‍ ചുറ്റും പരതി. കൃഷ്ണമണികള്‍പോലും ഏതോ പ്രാകൃതഭയത്താല്‍ ഉറഞ്ഞുപോയിരുന്നു.
                         “പിടിക്കപ്പെട്ടുകൂടാ... രക്ഷപ്പെടണം.”
             കീഴടങ്ങാന്‍ തയ്യാറല്ലാതിരുന്ന അയാളുടെ സാഹസമനസ്സ് മന്ത്രിച്ചു. അടുത്തനിമിഷം അയാള്‍ സര്‍വ്വശക്തിയുമെടുത്ത് കംപാര്‍ട്ടുമെന്റിന്റെ വാതില്‍ക്കലേക്കു കുതിച്ചു. ആരൊക്കെയോ പിന്നാലെ ഓടുന്നു. സാംബന്‍ തിരിഞ്ഞുനോക്കി. കൂട്ടത്തില്‍ നിരഞ്ജനുമുണ്ട്. കൊമ്പന്‍മീശക്കാരനൊപ്പംതന്നെ. ഒറ്റുകാരന്റെ മുഖം അയാളില്‍ പകനിറച്ചു. ആളിക്കത്തുന്ന പക. പകയും ദേഷ്യവും രക്ഷപ്പെടാനുള്ള വ്യഗ്രതയും എല്ലാംകൂടെ അയാളുടെ മനസ്സിനെ മഥിച്ചു. അയാള്‍ കണ്ണുകള്‍ മുറുക്കെ ചിമ്മി. സര്‍വ്വദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ചു. പുറത്തേക്ക് ആഞ്ഞുകുതിച്ചു.
                         ട്രയിനിന്റെ ഛക ഛക ശബ്ദത്തോടൊപ്പം സാംബന്റെ ആര്‍ത്തനാദവും അന്തരീക്ഷത്തിലലിഞ്ഞുചേര്‍ന്നു.
                       

                              സൂഹൃത്തിന്റെ ഭൗതിക ശരീരം സംസ്കരിച്ച ശേഷം സ്വന്തം ഫ്ലാറ്റിലെത്തിച്ചേര്‍ന്ന നിരഞ്ജനില്‍നിന്നും നടുക്കം വിട്ടുമാറിയിരുന്നില്ല. ഇന്നലെ നടന്ന സംഭവത്തിലെ ഓരോ നിമിഷവും അയാളെ വേട്ടയാടി. ഒരുപക്ഷെ ഒന്നുകൂടെ ആഞ്ഞുശ്രമിച്ചിരുന്നുവെങ്കില്‍ തന്റെ സുഹൃത്തിനെ രക്ഷിക്കാനാവുമായിരുന്നു. അയാള്‍ വിമ്മിക്കരഞ്ഞു. സിറ്റൗട്ടിലെ സോഫയിലേക്ക് ചാഞ്ഞിരുന്ന അയാള്‍ പത്രം എടുത്തു നിവര്‍ത്തി. പലവാര്‍ത്തകളുടെയുമിടയില്‍നിന്നും നിരഞ്ജന്റെ കണ്ണുകള്‍ ആ വാര്‍ത്ത കണ്ടെടുക്കുകതന്നെയായിരുന്നു.
                         "ട്രയിനിലെ മോഷണം : ദമ്പതിമാര്‍ പിടിയില്‍.”
                        തലക്കെട്ടതായിരുന്നു. നിരഞ്ജന്‍ വാര്‍ത്തയിലേക്ക് ഊളിയിട്ടു.
                        “ട്രയിനില്‍ മയക്കുമരുന്നു കലര്‍ത്തിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നല്‍കി സഹയാത്രികരില്‍നിന്നും പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന ദമ്പതിമാര്‍ ഏറണാകുളം നോര്‍ത്ത് റയില്‍വേസ്റ്റേഷനില്‍ പിടിയിലായി. പോലീസ് ഇവരുടെ രേഖാചിത്രം തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നു. സംശയംതോന്നിയ യാത്രക്കാരാണ് മോഷകദമ്പതികളെ പോലീസിലേല്‍പ്പിച്ചത്. ഇതിനിടയില്‍ ദമ്പതികളില്‍നിന്നും മയക്കുമരുന്നുകലര്‍ന്ന ഭക്ഷണം വാങ്ങിക്കഴിച്ചുവെന്നു സംശയിക്കപ്പെടുന്ന യുവാവ് സമനിലതെറ്റി ഓടുന്ന വണ്ടിയില്‍നിന്നും പുറത്തേക്കുചാടി ആത്മഹത്യ ചെയ്തു.”