Followers

Friday, July 5, 2013

കാഫ്കയുടെ കത്തുകൾ /പരിഭാഷ: വി. രവികുമാർ

kafka_3

പ്രിയപ്പെട്ട മാക്സ്
...അച്ഛനു നല്ല സുഖമില്ല. അദ്ദേഹം വീട്ടിലുണ്ട്. ഇടതുഭാഗത്ത് പ്രഭാതഭക്ഷണത്തിന്റെ കലപില ശമിക്കുമ്പോൾ വലതുഭാഗത്ത് ഉച്ചഭക്ഷണത്തിന്റെ കലപില തുടങ്ങുകയായി. അവിടെയുമിവിടെയും വാതിലുകൾ വലിച്ചടയ്ക്കുന്നതു കേട്ടാൽ ചുമരുകൾ ഇടിച്ചിടുകയാണെന്നു തോന്നും. ഇതിനൊക്കെ മീതെയായി എന്റെ യാതനകളുടെ കേന്ദ്രബിന്ദുവും: എനിക്ക് എഴുതാൻ പറ്റുന്നില്ല. എന്റേതെന്നു സാക്ഷ്യപ്പെടുത്താവുന്ന ഒറ്റ വരി ഞാൻ എഴുതിയിട്ടില്ല. പാരീസിൽ നിന്നു വന്നതിനു ശേഷം  എഴുതിയതൊക്കെ ഞാൻ തുടച്ചുമാറ്റിക്കളഞ്ഞിരിക്കുന്നു. അതാണെങ്കിൽ അത്രയധികം ഉണ്ടായിരുന്നതുമില്ല. ഓരോ വാക്കെഴുതാൻ നോക്കുമ്പോഴും എന്റെ ശരീരം മുന്നിൽ വന്നുനിന്നു വിലക്കുകയാണ്‌; ഓരോ വാക്കും ഞാൻ അതിനെ എഴുതിവയ്ക്കും മുമ്പ് പരിസരം വീക്ഷിച്ച് ഉറപ്പു വരുത്തുകയാണ്‌. വാചകങ്ങൾ അക്ഷരാർത്ഥത്തിൽത്തന്നെ എന്റെ കണ്മുന്നിൽ പൊടിഞ്ഞുതിരുന്നു; അവയുടെ ഉൾവശം കണ്ണിൽപ്പെടുമ്പോൾ ഞാൻ വേഗം തന്നെ എഴുത്തു നിർത്തുകയുമാണ്‌...
(പ്രാഗ്, 1910 ഡിസംബർ 17)

പ്രിയപ്പെട്ട മാക്സ്,
താൻ എവിടെപ്പോയിക്കിടക്കുന്നു? നീ വരുന്നതും കാത്തു സോഫയിൽ കിടക്കുമ്പോൾ ഞാൻ ഒന്നുറങ്ങാൻ നോക്കി; പക്ഷേ ഉറക്കം വന്നില്ല, നീയും വന്നില്ല. ഇനിയിപ്പോൾ എനിക്കു വീട്ടിൽ പോകാനും നേരമായി. 12 മണി വരെ ഞാൻ ഓഫീസിലുണ്ടാവും. നീ അവിടെ വന്ന് എന്നെ കാണുന്നത് എനിക്കത്ര ഹിതമല്ലെങ്കിലും, നിന്നെ വേഗം കാണാൻ പറ്റുമല്ലോ. അതെന്തായാലും 12 കഴിഞ്ഞാൽ ഞാൻ നിന്റവിടെ വരും. ആ സമയത്തു വീട്ടിലുണ്ടാവാൻ നിനക്കു പറ്റിയാൽ നിന്നെയും കൂട്ടി നമ്മുടെ സൂര്യന്റെ ചുവട്ടിൽ ഞാനൊന്നു നടക്കാൻ പോകും. ഫ്രൌളിൻ ബി. നിനക്ക് തന്റെ വക അന്വേഷണം അറിയിക്കുന്നു; അത് എന്റെ നാവിലൂടെയാവുന്നതിൽ എനിക്കു സന്തോഷമേയുള്ളു.
ഫ്രാൻസ്
(പ്രാഗ്, 1912 ശരത്കാലം)


ഇല്ല ഫെലിക്സ്, ഒന്നും ശരിയാവില്ല; എന്റെ കാര്യത്തിൽ യാതൊന്നും ഒരു കാലത്തും ശരിയാവാൻ പോകുന്നില്ല. ചില നേരത്ത് എനിക്കു തോന്നിപ്പോകാറുണ്ട്, ഞാൻ ഇപ്പോൾ ഈ ലോകത്തല്ലെന്നും, നരകത്തിലെവിടെയോ അലഞ്ഞുനടക്കുകയാണെന്നും. എന്റെ കുറ്റബോധം ഒരൂന്നുവടിയാണെന്ന്, പുറത്തേക്കൊരു വഴിയാണെന്നാണു നീ കരുതുന്നതെങ്കിൽ നിനക്കു തെറ്റി. ഈ കുറ്റബോധം എന്നിലുള്ളതിനു കാരണം, പ്രായശ്ചിത്തത്തിന്റെ ഉയർന്ന രൂപമായി ഞാതിനെ കാണുന്നു എന്നതാണ്‌. പക്ഷേ ഒന്നു സൂക്ഷിച്ചു നോക്കിയാൽ കാണാവുന്നതേയുള്ളു, ഒരു നഷ്ടബോധം മാത്രമാണതെന്ന്. ഇതു കണ്ടെത്തിക്കഴിയേണ്ട താമസം, ആ പ്രായശ്ചിത്തത്തെ പിന്നിലാക്കിക്കൊണ്ട്, അതിനെക്കാൾ ഭയാനകമായും, ഉയർന്നുവരികയായി, താൻ സ്വതന്ത്രനാണെന്ന, മോചിതനാണെന്ന, സംതൃപ്തനാണെന്ന തോന്നൽ...
(ഫെലിക്സ് വെല്ഷിന്‌ റീവയിലെ സാനിറ്റോറിയത്തിൽ നിന്ന് 1913 സെപ്തംബറിൽ എഴുതിയ കത്തിൽ നിന്ന്)