ശീതൾ പി.കെ
ഓര്‍മയുടെ ഇല പൊഴിയുന്ന ശിശിരവും കൈക്കുമ്പിളിലേന്തി ഇതാ ഒരു പുതുവര്‍ഷം കൂടി വരവായ്.........................................................................................
മനസ്സിന്‍റെ പുസ്തകത്താളില്‍ ഇതള്‍ വിരിഞ്ഞ സ്നേഹത്തിന്‍റെ നവവസന്തവുമായ് പുതുവര്‍ഷം പെയ്തിറങ്ങുമ്പോള്‍കാലയവനികയില്‍ പോയ്‌മറഞ്ഞ എല്ലാ സ്വപ്നങ്ങള്‍ക്കും വിട....
ഇന്ന് ഡിസംബര്‍ 23 വെള്ളിയാഴ്ച ...
ഓര്‍മയുടെ മണിചെപ്പില്‍ സൂക്ഷിക്കുവാന്‍ ഒരു നുള്ള് കുങ്കുമം പോലും കിട്ടിയില്ല.... അതാവാം മനസിന്‍റെ ഇടനാഴിയില്‍ നിന്നാരോ ചോദിച്ചത്... , "ബന്ധങ്ങള്‍ക്കൊന്നും ഒരു നീര്‍ക്കുമിളയുടെ ആയുസ്സ് പോലും ഇല്ലാത്ത ഈ കാലത്ത് ഓരോ ദിവസങ്ങളും നിനക്കെന്തു സമ്മാനിക്കാനാണ്?"....
ഇതൊക്കെ നന്നായി അറിഞ്ഞിട്ടും എന്‍റെ കിളിവാതിലിനരികെ കണ്ണുംനട്ട്
ഞാന്‍ അവനായ് കാത്തിരിക്കുകയാണ്...
അവന്‍ എന്‍റെ ആരാണെന്ന ചോദ്യത്തിന് മുമ്പില്‍ ഇപ്പോളും എനിക്ക് ഉത്തരം ഇല്ല. പക്ഷെ ഒന്നെനിക്കറിയാം അവനാണ് എനിക്ക് എല്ലാമെല്ലാം....
ഒരിക്കല്‍ ഇതുപോലൊരു രാത്രിയിലാണ് ആ മേടമാസ നിലാവിനെയും താരാഗണങ്ങളെയും കത്തി നില്‍ക്കുന്ന കല്‍വിളക്കുകളെയും സാക്ഷിയാക്കി അമ്പലനടയില്‍ നിന്നും അവന്‍ എന്‍റെയീ കൈ പിടിച്ചത്...
ഉത്സവത്തിരക്കുകള്‍ക്കിടയിലൂടെ നടക്കുമ്പോളും ആ കൈകളില്‍ ഞാന്‍
സുരക്ഷിതയായിരുന്നു...
ഇപ്പോള്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും ഒരു ചിത്രശലഭത്തെ പോലെ ആ
കൈക്കുടന്നയില്‍ ഒതുങ്ങാനാണ് ഞാന്‍ കൊതിക്കുന്നത്..
അവന്‍റെ തമാശകള്‍ക്കപ്പുറം ആ കണ്ണുനീരിനെ ഞാന്‍ സ്നേഹിച്ചു....
ഓരോ വര്‍ഷവും മറ്റൊരു വര്‍ഷത്തിനായ് വഴി മാറികൊടുക്കുമ്പോള്‍ അറിയാതെ ചോദിച്ചു പോകും ആ വര്‍ഷത്തെ നേട്ടങ്ങളും നഷ്ട്ടങ്ങളും .
2011 എനിക്ക് എന്തൊക്കെ തന്നു ? എന്തെല്ലാം എന്നില്‍ നിന്നും പറിച്ചെടുത്തു?
ഇതിനൊന്നും ഞാന്‍ കണക്ക് സൂക്ഷിച്ചിട്ടില്ല എങ്കിലും 2011 അസ്തമിക്കുമ്പോള്‍ അവനെ എന്നില്‍ നിന്നും അടര്‍ത്തികളയാത്ത കാലത്തോട് ഞാന്‍ നന്ദി പറയുന്നു...................
ഓരോ ഓണനിലാവിലും അരികിലിരുന്നു പാട്ട് പാടിതരാന്‍, എന്‍റെ പരിഭവം കേള്‍ക്കാന്‍, ഒന്നോമനിക്കാന്‍ ,എന്‍റെ അനുവാദം ഇല്ലാതെ എന്നെ കെട്ടിപിടിക്കാന്‍, എന്‍റെ സങ്കടങ്ങളില്‍ ഒന്ന് തഴുകാന്‍, ഓരോ ശാസനത്തിലൂടെയും എന്നെ നേര്‍വഴിക്ക് നടത്താന്‍ എല്ലാത്തിനും എനിക്ക് അവന്‍ തന്നെ വേണം .... അവനു പകരം ഈ ലോകത്ത് മറ്റാരെയും സ്നേഹിക്കാന്‍ എനിക്ക് പറ്റില്ല.
അവന്‍റെ ഓരോ കൊച്ചു പിണക്കങ്ങള്‍ക്കൊടുവിലും ചിണുങ്ങികരയുന്ന എനിക്ക് എങ്ങനെയാ അവനെ മറക്കാന്‍ ആവുക?
ഇതെല്ലം എന്നെക്കാള്‍ നന്നായ് അവനുമാറിയാം എന്നിട്ടും എന്നോടുള്ള സ്നേഹത്തിന്‍റെ മൂടുപടത്തില്‍ ഒരു കൂട് കൂട്ടി അവന്‍ പോയ് ഒളിക്കുമ്പോള്‍ എന്‍റെ സ്നേഹം അറിയാത്തതായ് നടിക്കുമ്പോള്‍ ഇനിയും എന്‍റെയീ മൗനത്തിനുമപ്പുറം നിന്ന് എന്താണ് ഞാന്‍ അവനോടു പറയേണ്ടത്?
ഒരു പക്ഷെ ഇത് തന്നെയാവും നല്ലത്....
മറ്റാരെയും വേദനിപ്പിക്കാതെ, നാളെ ഇതുമൊരു നഷ്ട്ടപെട്ട നീലാംബരിയായ് മാറിടുമ്പോള്‍ ,രാത്രിയെ കാണാന്‍ കൊതിക്കുന്ന പകലിനെ പോലെ ഞാനും ഈ ജന്മം മുഴുവന്‍ അവനെ കാത്തിരിക്കാം...