Followers

Wednesday, April 4, 2012

അപരാഹ്നഗാനം/ബോദ്‌ലെയർ


വിവർത്തനം: വി രവികുമാർ



നിന്റെ കുടിലമായ കൺപുരികങ്ങൾ
മുഖത്തിനൊരു മാരകഭാവം പകരുന്നുവെങ്കിലും,
മാലാഖമാരെ തെല്ലുമോർമ്മിപ്പിക്കല്ലതെങ്കിലും,
കടാക്ഷങ്ങളുടെ വശ്യമെറിയുന്ന മോഹിനീ,

എത്രയാരാധിക്കുന്നു, നിന്നെ ഞാനെന്നോ!
അപായപ്പെടുത്തുന്നൊരുന്മത്തതയോടെ
നിന്റെ മുന്നിലടിപണിയുന്നു ഞാൻ,
പൂജാവിഗ്രഹം നീ, പൂജാരി ഞാൻ.

നിന്റെ മുടിത്തഴപ്പിൽ വാസനിയ്ക്കുന്നു,
മണൽക്കാടുകളും കൊടുങ്കാടുകളും,
നിന്റെ മുഖഭാവങ്ങളിൽ മിന്നിമറയുന്നു
കിഴക്കിന്റെ പ്രഹേളികകൾ.

ധൂപപാത്രത്തെ ചുഴലുന്ന വാസനയെന്നപോലെ
നിന്റെയുടലിലലയുന്നു പരിമളങ്ങൾ,
സന്ധ്യ പോലെ മോഹിപ്പിക്കുന്നു നീ,
തൃഷ്ണകളെ തപിപ്പിക്കുന്നൊരപ്സരസ്സേ.

ഹാ! ഒരു പാനീയത്തിന്റെ വീര്യത്തിനുമാവില്ല,
നിന്റെയലസഭാവം പോലെന്നെയുണർത്താൻ;
നിന്റെ കൈത്തലങ്ങൾക്കു പരിചയമല്ലോ,
ജഡങ്ങൾക്കുയിരു കൊടുക്കുന്ന തലോടലുകൾ!

നിന്റെ ജഘനങ്ങൾ ശൃംഗരിക്കുന്നു,
നിന്റെ മാറിടത്തോടും പുറവടിവിനോടും.
നിന്റെ അലസഭാവത്തിന്റെ പടുതികളിൽ
പ്രണയമറിയുന്നു മൃദുമെത്തകൾ.

ഉള്ളിലാളുന്ന കാമാഗ്നി തണുപ്പിക്കാൻ
ചിലവേളകളിൽ നീ വാരിവിതറുന്നു,
നിന്റെ തൃഷ്ണകൾക്കിരയായവന്റെ മേൽ
ചുംബനങ്ങൾക്കൊപ്പം ദംശനങ്ങളും.

എന്നെക്കടിച്ചുകീറുമ്പോളിരുണ്ട സൗന്ദര്യമേ,
നിന്റെ പരിഹാസച്ചിരിയേറ്റു ഞാൻ പുളയുന്നു,
പിന്നെയൊരു കടാക്ഷമെന്റെ മേൽ പതിയ്ക്കുന്നു,
മൃദുലം, നിലാവിന്റെ കതിരു പോലെ.

നിന്റെ മിനുസ്സമായ പാദരക്ഷകൾക്കടിയിൽ,
നിന്റെയോമനക്കാലടികൾക്കടിയിൽ,
എന്റെയാനന്ദം ഞാനടിയറ വയ്ക്കാം,
എന്റെ പ്രതിഭയും, എന്റെ നിയോഗവും.

എന്റെയാത്മാവിന്റെ മുറിവുണക്കുന്നവളേ,
വർണ്ണവും, വെളിച്ചവും, സംഗീതവും നീ!
എന്റെ സൈബീരിയൻ രാത്രിയിൽ
ഊഷ്മളതയുടെ സ്ഫോടനവും നീ!.