Followers

Wednesday, December 5, 2012

വീസ്വാവ സിംബോഴ്സ്ക / ഭീകരവാദി കണ്ടുകൊണ്ടിരിക്കുന്നു

പരിഭാഷ:വി.രവികുമാർ



പതിമൂന്ന്‌ ഇരുപതിന്‌ ബാറിൽ ബോംബു പൊട്ടും.
ഇപ്പോൾ പതിമൂന്ന് പതിനാറായിട്ടേയുള്ളു.
ഇനിയും സമയമുണ്ട്, ചിലർക്ക് ഉള്ളിലേക്കു പോകാൻ,
ചിലർക്ക് പുറത്തേക്കു വരാനും.

ഭീകരവാദി തെരുവിന്റെ മറുവശമെത്തിക്കഴിഞ്ഞിരിക്കുന്നു.
അകലം അപായത്തിൽ നിന്നയാളെ അകറ്റിയിരിക്കുന്നു,
അവനെല്ലാം കാണാം- സിനിമയിലെന്നപോലെ.

മഞ്ഞ ജാക്കറ്റിട്ട ഒരു സ്ത്രീ, അവർ ഉള്ളിലേക്കു പോവുകയാണ്‌,
കറുത്ത കണ്ണട വച്ച ഒരാൾ, അയാൾ പുറത്തേക്കിറങ്ങുകയാണ്‌.
ജീൻസു ധരിച്ച കൌമാരക്കാർ, അവർ സംസാരിച്ചിരിക്കുകയാണ്‌.
പതിമൂന്നു പതിനേഴും നാലു സെക്കന്റും.
പൊക്കം കുറഞ്ഞ ആയാൾ, അയാൾ ഭാഗ്യവാനാണ്‌,
അയാൾ സ്കൂട്ടറിൽ കയറിപ്പോവുകയാണ്‌.
പൊക്കമുള്ള മറ്റേയാൾ, അയാൾ ഉള്ളിലേക്കു പോവുകയാണ്‌.

പതിമൂന്നു പതിനേഴും നാല്പതു സെക്കന്റും.
ആ പെൺകുട്ടി, മുടിയിൽ പച്ച റിബണും കെട്ടി അവൾ നടന്നുവരികയാണ്‌.
അതാ, ഒരു ബസ് നേരേ മുന്നിൽത്തന്നെ വന്നുനിൽക്കുന്നു.
പതിമൂന്നു പതിനെട്ട്.
പെൺകുട്ടിയെ കാണാനില്ല.
കതേക്കു പോകാനും മാത്രം മണ്ടിയാണോ അവൾ, അതോ അല്ലേ?
ആളുകളെ പുറത്തേക്കെടുക്കുമ്പോൾ നമുക്കതു മനസ്സിലാവും.

പതിമൂന്നു പത്തൊമ്പത്.
എന്തുകൊണ്ടാണെന്നറിയുന്നില്ല, ആരുമിപ്പോൾ അകത്തേക്കു പോകുന്നില്ല.
വേറൊരു ചങ്ങാതി, തടിയൻ, കഷണ്ടിക്കാരൻ,
അയാൾ പുറത്തേക്കിറങ്ങുന്നുണ്ട്.
ഒരു നിമിഷം, പോക്കറ്റിലെന്തോ പരതുകയാണയാൾ,
പതിമൂന്ന് ഇരുപതിന്‌ പത്തു സെക്കന്റുള്ളപ്പോൾ
തന്റെ മുഷിഞ്ഞ കൈയുറയെടുക്കാൻ മടങ്ങിപ്പോവുകയണയാൾ.

കൃത്യം പതിമൂന്ന് ഇരുപത്.
സമയം ഇഴഞ്ഞുനീങ്ങുകയാണല്ലോ.
ഇനി ഏതു നിമിഷവും.
ഇല്ല, ആയിട്ടില്ല.
അതെ, ഇപ്പോൾ.
ബോംബ് പൊട്ടുന്നു.